പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോകുന്നവനെ ഒറ്റ നോട്ടം കൊണ്ട് തിരിച്ചറിഞ്ഞ് കുടുക്കിയ ഉദ്യോഗസ്ഥന്‍

By Web TeamFirst Published Feb 5, 2019, 1:03 PM IST
Highlights

''ആ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ തന്നെ എനിക്കെന്തോ ഒരു അപകടം മണത്തു. അവള്‍ പറഞ്ഞത് അവള്‍ ദില്ലിയിലേക്ക് പോകുന്നുവെന്നാണ്. പക്ഷെ, കൂടെയുള്ള ആളെ കുറിച്ച് അവള്‍ക്ക് യാതൊരു വിധത്തിലുള്ള ഐഡിയയും ഉണ്ടായിരുന്നില്ല. ഞാന്‍ റെയില്‍ വേ പൊലീസിനെ വിവരം അറിയിക്കുകയും കുട്ടിയെ ശിശു ക്ഷേമ വകുപ്പിലെത്തിക്കുകയും ചെയ്തു. റെയില്‍വേ പൊലീസ് വേണ്ട പോലെ വിഷയം കൈകാര്യം ചെയ്തു. കുട്ടിയുടെ കൂടെ ഉണ്ടായിരുന്നയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു'' 

13 വയസ്സ് തോന്നിക്കുന്നൊരു പെണ്‍കുട്ടി ഒരു റെയില്‍ വേ പ്ലാറ്റ്ഫോമില്‍ ഒരു മുതിര്‍ന്ന ആളുടെ കൂടെ ഇരിക്കുന്നു. സാധാരണ നിലയില്‍ ആരും അത് ശ്രദ്ധിക്കില്ല. ആ കുട്ടിയുടെ അച്ഛനോ, അമ്മാവനോ മറ്റ് ബന്ധുക്കളിലാരെങ്കിലുമോ ആകും അതെന്ന് കരുതും. 

പക്ഷെ, കലേശ്വര്‍ മണ്ഡല്‍ അത് ശ്രദ്ധിച്ചു. ഒന്നല്ല, രണ്ട് തവണ നോക്കി. നോക്കുക മാത്രമല്ല, അവിടെ നിന്നും മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 13 വയസുള്ള ആ പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഓഫീസില്‍ സുരക്ഷിതമായി എത്തുകയും ചെയ്തു. കൂടെയുണ്ടായിരുന്ന ആളാകട്ടെ പെണ്‍കുട്ടിയെ കടത്തിയതിന് തടവിലുമായി. 

പല സംസ്ഥാനങ്ങളിലും കുട്ടികളെ കടത്തുന്നതും പീഡിപ്പിക്കുന്നതും കൂടി വരികയാണ്. അതുപോലെതന്നെ നിരവധി കുട്ടികളെ വീട്ടില്‍ നിന്ന് കാണാതാവുന്നതും പതിവാകുന്നു. കലേശ്വര്‍ മണ്ഡല്‍, 'കാമ്പയിന്‍ ഫോര്‍ റൈറ്റ് ടു എജുക്കേഷന്‍' സംസ്ഥാന കോര്‍ഡിനേറ്ററാണ്. കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നയാളും. 

''ആ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ തന്നെ എനിക്കെന്തോ ഒരു അപകടം മണത്തു. അവള്‍ പറഞ്ഞത് അവള്‍ ദില്ലിയിലേക്ക് പോകുന്നുവെന്നാണ്. പക്ഷെ, കൂടെയുള്ള ആളെ കുറിച്ച് അവള്‍ക്ക് യാതൊരു വിധത്തിലുള്ള ഐഡിയയും ഉണ്ടായിരുന്നില്ല. ഞാന്‍ റെയില്‍ വേ പൊലീസിനെ വിവരം അറിയിക്കുകയും കുട്ടിയെ ശിശു ക്ഷേമ വകുപ്പിലെത്തിക്കുകയും ചെയ്തു. റെയില്‍വേ പൊലീസ് വേണ്ട പോലെ വിഷയം കൈകാര്യം ചെയ്തു. കുട്ടിയുടെ കൂടെ ഉണ്ടായിരുന്നയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.'' 

അന്വേഷണത്തില്‍ ഛത്തീസ്ഗഢിലെ ഒരു ജില്ലയില്‍ വെച്ച് ഒരു സ്ത്രീയാണ് കുട്ടിയെ ഗുരുചരണ്‍ സിങ് എന്നയാള്‍ക്ക് കൈമാറിയതെന്ന് മനസിലായി. ദില്ലിയിലെ സംഗം വിഹാര്‍ എന്ന സ്ഥലത്തുള്ളയാളായിരുന്നു ഗുരുചരണ്‍. ദില്ലിയിലേക്ക് പെണ്‍കുട്ടിയെ കടത്താന്‍ ശ്രമിക്കുകയായിരുന്നു അയാള്‍. പിറ്റേന്ന്, ഗുരുചരണിനെ കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയെ ജാഷ്പൂരിലുള്ള സ്വന്തം വീട്ടിലെത്തിക്കാനുള്ള നടപടിയും തുടങ്ങി. കുട്ടിയെ വീട്ടിലെത്തിക്കുന്നതോടൊപ്പം അവളുടെ വീട്ടുകാരെയും ചുറ്റുമുള്ളവരെയും സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള നടപടിയും ചെയ്യുന്നുണ്ടായിരുന്നു. ഏജന്‍റുമാരെയും ഇടനിലക്കാരെയും പൂട്ടാനുള്ള ശ്രമങ്ങളും അതിനൊപ്പം പുരോഗമിച്ചു. 

ഇങ്ങനെ നിരവധി കുട്ടികളാണ് മണ്ഡലിന്‍റെ ഇടപെടലിലൂടെ രക്ഷപ്പെട്ടത്.

കാണാതാവുന്ന കുട്ടികള്‍

വര്‍ഷങ്ങളായി ഝാര്‍ഖണ്ഡിലെ ആദിവാസി മേഖലകളില്‍ നിന്ന് കുട്ടികളെ കാണാതാവുന്നുണ്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ ഔദ്യോഗിക കണക്കുകളനുസരിച്ച് 2016 -ല്‍ തന്നെ 679 കുട്ടികളെ ജാര്‍ഖണ്ഡില്‍ നിന്നും കാണാതായിട്ടുണ്ട്. കണക്കുകള്‍ ഇതിലും വളരെ കൂടുതലായിരിക്കും എന്നാണ് പറയുന്നത്. കാരണം, എവിടേയും രേഖപ്പെടുത്താത്ത എത്രയോ കാണാതാകലുകള്‍ ഇവിടെയുണ്ട്. 

സാക്ഷരത കുറവും മറ്റും കാരണം പല രക്ഷിതാക്കള്‍ക്കും പരാതി കൊടുക്കേണ്ടുന്നതിന്‍റെ ആവശ്യകതയെ കുറിച്ച് അറിയുകയേ ഇല്ല. മാത്രമല്ല, പലര്‍ക്കും നിരന്തരം പൊലീസ് സ്റ്റേഷനില്‍ പോയി വരാനുള്ള പണവും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഇത്തരം മേഖലകളിലെ രക്ഷിതാക്കളെ ബോധവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നും മണ്ഡല്‍ പറയുന്നു. അതിലൂടെ രക്ഷിതാക്കളും നാട്ടുകാരും കുട്ടികളുടെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധാലുക്കളാകുമെന്നും അദ്ദേഹം പറയുന്നു. 

ദാരിദ്ര്യവും തൊഴിലില്ലായ്മയും ചിലപ്പോള്‍ വീട്ടുകാരെ കൊണ്ട് കുട്ടികളെ വില്‍ക്കുന്നതിന് പ്രേരിപ്പിക്കാറുമുണ്ട്. ഏജന്‍റുമാരുടേയും ഇടനിലക്കാരുടേയും സഹായത്തോടെ പല കുട്ടികളും മറ്റ് സംസ്ഥാനങ്ങളിലേക്ക് ഇങ്ങനെ കടത്തുന്നു. ജോലിക്ക് എന്നു പറഞ്ഞാണ് കൊണ്ടുപോവുന്നതെങ്കിലും എന്നത്തേക്കുമായി മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളെ നഷ്ടപ്പെടാറാണ് പതിവ്. പല പെണ്‍കുട്ടികളും ദില്ലി, പഞ്ചാബ്, ഹരിയാന, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് കടത്തപ്പെടുകയും വീട്ടുജോലിക്ക് നിര്‍ത്തുകയോ, സെക്സ് റാക്കറ്റിന്‍റെ കയ്യിലകപ്പെടുകയോ ചെയ്യുകയാണ് മണ്ഡല്‍ പറയുന്നു. 

പഞ്ചായത്ത്, അങ്കണവാടികള്‍ എന്നിവയുടെയെല്ലാം സഹകരണത്തോടെ മണ്ഡലിന്‍റെയും അതുപോലെയുള്ള പ്രവര്‍ത്തകരുടേയും സഹകരണത്തോടെ ബോധവല്‍ക്കരണം നടക്കുന്നുണ്ട്. കൂടാതെ ബാല വിവാഹം പോലെയുള്ളവ തടയാനും സ്കൂളുകളിലടക്കം ശ്രമങ്ങള്‍ നടക്കുന്നു. 

click me!