അമേരിക്കയിലെ പൊതുവിദ്യാഭ്യാസം സൗജന്യമാണെന്ന ധാരണ ശരിയല്ല, അതിന് മറ്റ് കുറച്ച് ചിലവുകള്‍ കൂടിയുണ്ടെന്ന് ഗൂഗിൾ എഞ്ചിനീയറുടെ വെളിപ്പെടുത്തല്‍. ചര്‍ച്ചയായി പോസ്റ്റ്. 

അമേരിക്കയിലെ പൊതുവിദ്യാഭ്യാസം സൗജന്യമാണെന്ന ധാരണ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഹൈദരാബാദുകാരനായൊരു ഗൂഗിൾ എഞ്ചിനീയർ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആദിത്യ ഗോയൽ ലിങ്ക്ഡ്ഇന്നിലാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ബെംഗളൂരു പോലുള്ള ഇന്ത്യൻ നഗരങ്ങളിലെ ഉയർന്ന സ്കൂൾ ഫീസിനെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ്, അമേരിക്കയിലെ വിദ്യാഭ്യാസത്തിന്റെ ചില കാണാത്ത ചിലവുകളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.

അമേരിക്കയിൽ സ്കൂൾ വിദ്യാഭ്യാസം സൗജന്യമാണെന്ന് തോന്നുമെങ്കിലും അത് താമസിക്കുന്ന സ്ഥലവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഗോയൽ പറയുന്നത്. കുട്ടികൾ ജനിക്കുന്നതോടെ അമേരിക്കയിലെ താമസം ജോലിയുടേയോ സൗകര്യങ്ങളുടേയോ അടിസ്ഥാനത്തിലല്ല, മറിച്ച് മികച്ച 'സ്കൂൾ ഡിസ്ട്രിക്റ്റുകൾ' നോക്കിയാണ് തീരുമാനിക്കപ്പെടുന്നത്. മികച്ച സ്കൂളുകളുള്ള പ്രദേശങ്ങളിൽ വീടിന്റെ വാടകയും വിലയും സാധാരണ സ്ഥലങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലായിരിക്കും. ഇത്തരം മേഖലകളിൽ വർഷം തോറും $10,000 മുതൽ $15,000 (ഏകദേശം 8 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ) പ്രോപ്പർട്ടി ടാക്സായി മാത്രം നൽകേണ്ടി വരും. 'അവിടെ ഓരോ കുട്ടിക്കുമല്ല ട്യൂഷൻ ഫീസ് ഈടാക്കുന്നത്, മറിച്ച് ഓരോ വീടിനുമാണ്. നിങ്ങൾ സ്കൂൾ ഫീസ് നൽകുന്നത് സിപ്പ് കോഡ് വഴിയാണ്' എന്നും ആദിത്യ ഗോയൽ കുറിച്ചു.

ബെംഗളൂരുവിലെ പ്രൈവറ്റ് സ്കൂളുകളിൽ വർഷം 4,000 മുതൽ 5,000 ഡോളർ വരെയാണ് ഫീസ്. ഐബി സിലബസ് ആണെങ്കിൽ ഇത് ഇരട്ടിയാകും. എന്നാൽ, അമേരിക്കയിൽ നല്ല സ്കൂളിൽ കുട്ടികളെ പഠിപ്പിക്കണമെങ്കിൽ ഇതിലും വലിയ തുക വീടിന്റെ രൂപത്തിൽ ചിലവാക്കേണ്ടി വരുമെന്ന് ​ഗോയൽ കുറിക്കുന്നു. അമേരിക്കയിലെ സിൻസിനാറ്റി, ഫിലാഡൽഫിയ, ഷാർലറ്റ്, ജേഴ്സി സിറ്റി, ഓസ്റ്റിൻ എന്നിവിടങ്ങളിലെ തന്റെ അനുഭവങ്ങൾ മുൻനിർത്തിയാണ് യുവാവിന്റെ പോസ്റ്റ്.

ഗോയലിന്റെ പോസ്റ്റിന് നിരവധിപ്പേർ കമന്റ് നൽകി. അമേരിക്കയിൽ വലിയ വീട് വേണോ അതോ ചെറിയ വീട്ടിലായാലും നല്ല സ്കൂൾ ഡിസ്ട്രിക്റ്റ് വേണോ എന്നത് ഓരോരുത്തരുടെയും മുൻഗണനയാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ ബംഗളൂരു പോലുള്ള നഗരങ്ങളിൽ ഉയർന്ന വീട്ടുവാടകയ്ക്ക് പുറമെയാണ് ഭീമമായ സ്കൂൾ ഫീസ് നൽകേണ്ടി വരുന്നതെന്നും ചിലർ ചൂണ്ടിക്കാട്ടി.