എന്താണീ റൈഡര്‍ ബൈക്കുകളിലെ ടാഗുകള്‍ക്കു പിന്നിലെ രഹസ്യം?

By Web TeamFirst Published Oct 30, 2018, 5:41 PM IST
Highlights

മന്ത്രത്തിലെ ‘ഓം’ എന്നത് മാഹാത്മ്യത്തെ സൂചിപ്പിക്കുന്നു. ഗര്‍വ്, അഹംഭാവം എന്നിവയില്‍ നിന്ന് ഇത് മോചനം തരുന്നു എന്നാണ് വിശ്വാസം. വെള്ളയാണ് നിറം. 'മ’ എന്നത് നീതിയാണ്. 

നമ്മുടെ റോഡുകളിലൂടെ ചീറിപ്പായുന്ന ബുള്ളറ്റുകളില്‍ മിക്കതും കാണുന്ന ഒന്നാണ് ടിബറ്റന്‍ ടാഗ്. റൈഡര്‍ ബൈക്കുകളെ എളുപ്പത്തില്‍ തിരിച്ചറിയാനാവും ഇതിലൂടെ. എന്നാല്‍, സത്യത്തില്‍ എന്താണീ ടിബറ്റന്‍ ടാഗ്? എന്താണതിന്‍റെ പ്രത്യേകത?ഒരു ഭംഗിക്കു വേണ്ടി കിടക്കട്ടേ എന്ന് വെക്കുന്ന ഒന്നല്ല ടിബറ്റന്‍ ടാഗ്. ഇതൊരു പ്രാര്‍ത്ഥനാ ടാഗ് ആണ്. 

‘ഓം മണി പദ്‌മേ ഹും’ എന്ന ടിബറ്റന്‍ മന്ത്രമാണത്. ബുദ്ധമതവിശ്വാസികളുടെ ഏറ്റവും പരിപാവനമായ മന്ത്രമാണിത്. ദലൈലാമയോടുള്ള ഭക്തിസൂചകമായും ഈ മന്ത്രം ഉരുവിടാറുണ്ടത്രെ. ‘മണിപദ്‌മേ’ എന്ന വാക്കിന് 'താമരയിലെ രത്‌നത്തെ' എന്നും അര്‍ത്ഥമുണ്ട്. അവലോകിതേശ്വരന്‍റെ മറ്റൊരു വിശേഷണം കൂടിയാണിത്. ദലൈലാമയെ അവലോകിതേശ്വരന്‍റെ അവതാരമായാണ് ബുദ്ധമതക്കാര്‍ കാണുന്നത്. 

മന്ത്രത്തിലെ ‘ഓം’ എന്നത് മാഹാത്മ്യത്തെ സൂചിപ്പിക്കുന്നു. ഗര്‍വ്, അഹംഭാവം എന്നിവയില്‍ നിന്ന് ഇത് മോചനം തരുന്നു എന്നാണ് വിശ്വാസം. വെള്ളയാണ് നിറം. 'മ’ എന്നത് നീതിയാണ്. അസൂയ, ലൗകികമായ ആകാംക്ഷ എന്നിവയില്‍ നിന്നെല്ലാം മോചനം നേടാന്‍ സഹായിക്കുന്ന ഇതിന്‍റെ നിറം പച്ചയാണ്. സഹനശീലത്തേയാണ് ‘ണി’ സൂചിപ്പിക്കുന്നത്. അത്യാസക്തി, തൃഷ്ണ എന്നിവയില്‍ നിന്ന് മോചനം പ്രാപിക്കുന്നു എന്നതാണ് ഇതിന്‍റെ വിശ്വാസം. മഞ്ഞയാണ് ആ നിറം. ‘പദ്’ എന്നാല്‍ ജാഗ്രതയും പരിശ്രമവും. അതിന്‍റെ നിറം നീല. അജ്ഞത, ദുരാഗ്രഹം തുടങ്ങിയവയില്‍ നിന്നാണ് മോചനം നേടുന്നത്. 

'മേ’ എന്നാല്‍ നിരാകരണം. മോചനം നേടുന്നത് ദാരിദ്ര്യത്തില്‍ നിന്നും അധീനതയില്‍ നിന്നും. അതിന്‍റെ നിറം ചുവപ്പും. അവസാന അക്ഷരമായ 'ഹും' ജ്ഞാനത്തേയാണ് സൂചിപ്പിക്കുന്നത്. പ്രകോപനം, വൈരാഗ്യം എന്നിവയില്‍ നിന്നെല്ലാം ഇത് മോചനം തരുന്നു. കറുപ്പാണ് ഇതിന്‍റെ നിറം.
 

click me!