വാഷിംഗ്ടൺ ഡിസിയിൽ ഡൊണാൾഡ് ട്രംപിന്റെയും ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെയും 12 അടി ഉയരമുള്ള പ്രതിമ പ്രത്യക്ഷപ്പെട്ടു. ടൈറ്റാനിക് പോസിലുള്ള ഈ ശില്പം, ഇരുവരുടെയും മുൻകാല ബന്ധങ്ങളെയും എപ്‌സ്റ്റീൻ ഫയൽസുമായി ബന്ധപ്പെട്ട വിവാദങ്ങളെയും ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിക്കുന്നു. അജ്ഞാതരായ കലാകാരന്മാരാണ് പ്രതിമ സ്ഥാപിച്ചത്.
യുഎസ്എയെയും യൂറോപ്പിനെയും രാഷ്ട്രീയമായി പിടിച്ച് കുലുക്കിയ എപ്സ്റ്റീൻ ഫയൽസിന്‍റെ അലയൊലികൾ അവസാനിക്കുന്നില്ല. യുഎസ്എ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് എപ്സ്റ്റീൻ ഫയൽസിലുള്ളതെന്ന റിപ്പോര്‍ട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ യുഎസ്എ, ഇസ്രയേലിനൊപ്പം ചേർന്ന് ഇറാൻ ആക്രമണത്തിന് തുടക്കം കുറിച്ചിരുന്നു. പക്ഷേ. അതുകൊണ്ടൊന്നും യുഎസിലെ വിവാദങ്ങൾക്ക് ശമനമില്ല. കഴിഞ്ഞ ദിവസം അജ്ഞാതരായ കലാകരന്മാർ സ്ഥാപിച്ച 12 അടി ഉയരമുള്ള ഡോണൾഡ് ട്രംപും ജെഫ്രി എപ്സ്റ്റീനും ടൈറ്റാനിക്ക് പോസിലുള്ള ശില്പം ഇന്ന് ലോകത്തിന്‍റെ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്.
ലോകത്തിന്‍റെ രാജാവ്
വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ മാളിന് സമീപം രാത്രിയിൽ പ്രത്യക്ഷപ്പെട്ട കലാസൃഷ്ടി പെട്ടെന്ന് തന്നെ വഴിയാത്രക്കാരുടെയും സമൂഹ മാധ്യമ ഉപയോക്താക്കളുടെയും ശ്രദ്ധ ആകർഷിച്ചു. യുഎസ്എ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനൊപ്പം ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനും നിൽക്കുന്ന ആ വലിയ പ്രതിമ, ടൈറ്റാനിക്കിൽ ജാക്കും റോസിന്‍റെയും പ്രശസ്തമായ പോസിനെ അനുകരിച്ചു. ട്രംപിന്‍റെയും ജഫ്രിയുടെയും മുൻകാല ബന്ധങ്ങളെ പരാമർശിക്കുന്ന ആക്ഷേപഹാസ്യ ഫലകങ്ങളും ബാനറുകളും പ്രതിമയോടൊപ്പം ഉണ്ടായിരുന്നു. അജ്ഞാതരായ ഒരു കലാകാരന്മാരുടെ കൂട്ടായ്മയാണ് ശില്പമെന്ന് കരുതുന്നു.
വൈറലായി പ്രതിമ
സ്വർണ്ണ നിറത്തിൽ സ്പ്രേ പെയിന്‍റ് ചെയ്ത പ്രതിമ വാഷിംഗ്ടൺ സ്മാരകത്തിന് അഭിമുഖമായാണ് സ്ഥാപിച്ചത്. ശില്പത്തിൽ, ജാക്കായി ട്രംപും റോസായി ജെഫ്രിയെയുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇരുവരുടെയും വളരെ റൊമാന്‍റിക്കായുള്ള നിമിഷം ചിത്രീകരിക്കുന്നതായി പ്രതിമ. യുണൈറ്റഡ് സ്റ്റേറ്റ്സ് ക്യാപിറ്റോളിൽ നിന്നും കാണാവുന്ന തരത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പ്രതിമയ്ക്കും കാപ്പിറ്റോൾ കെട്ടിടത്തിനും ഇടയിൽ പത്ത് ബാനറുകളും സ്ഥാപിച്ചിരുന്നു. ഓരോ ബാനറിലും ട്രംപും എപ്‌സ്റ്റൈനും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോകൾ പ്രദർശിപ്പിച്ചു. ഒപ്പം "അമേരിക്കയെ വീണ്ടും സുരക്ഷിതമാക്കുക" എന്ന മുദ്രാവാക്യവും രേഖപ്പെടുത്തിയിരുന്നു. ബാനറുകളിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് ചിഹ്നവും ഉണ്ടായിരുന്നു. 2019 ൽ വിചാരണ കാത്തിരിക്കുന്നതിനിടെ ജയിലിൽ വച്ച് കൊല്ലപ്പെട്ടതായി കരുതുന്ന ജഫ്രി എപ്സ്റ്റീൻ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉൾപ്പെടുത്തി വലിയ തോതിലുള്ള ലൈംഗിക കടത്ത് ശൃംഖല നടത്തിയതായി ആരോപണം ഉയർന്നിരുന്നു. ജഫ്രി എപ്സ്റ്റീന്‍റെ അടുത്ത സുഹൃത്തായിരുന്ന ട്രംപും ഇത്തരം കുറ്റകൃത്യങ്ങളിൽ പങ്കാളിയാണെന്നും ആരോപണം ഉയർന്നിരുന്നു.


