
ഒരാളും ജനിക്കുന്നത് കുറ്റവാളികളായിട്ടല്ല. സാഹചര്യങ്ങളാണ് അവരെ കുറ്റകൃത്യങ്ങളിലേക്ക് തള്ളിവിടുന്നത്. പറഞ്ഞ് പഴകിയതെങ്കിലും അതൊരു സത്യമാണ്. കൊലപാതകവും കൊള്ളയും തൊഴിലായി സ്വീകരിക്കുന്നവർ മാത്രമല്ല ജയിലിലെത്തുന്നത്. ഒരു നിമിഷത്തിന്റെ നഷ്ടപ്പെടലിൽ, ചിന്തയില്ലായ്മയിൽ പറ്റിപ്പോയ തെറ്റ് മൂലം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നവരുണ്ട്. അങ്ങനെയൊരാളാണ് പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശിയായ സുകുമാരൻ.
ഇരുപത്തിയാറാമത്തെ വയസ്സിലാണ് സുകുമാരൻ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ പോയത്. മൊബൈൽ ടവർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കമായിരുന്നു കൊലപാതകത്തിൽ കലാശിച്ചത്. സുകുമാരന്റെ അച്ഛന്റെ ഏറ്റവും ഇളയ അനിയനായിരുന്നു ഇര, കുറ്റവാളി സുകുമാരനും. 2010 ഒക്ടോബർ 28 നാണ് സഭവം നടന്നത്. സുകുമാരൻ പൊലീസിന് മുന്നിൽ സ്വമേധയാ കീഴടങ്ങി.
ജീവപര്യന്തം തടവിനാണ് കോടതി ശിക്ഷിച്ചത്. പതിനാല് വർഷത്തെ ജയിൽ വാസം സുകുമാരന്റെ മനസ്സിൽ മാറ്റം വരുത്തി. ഒരു പുതിയ മനുഷ്യനായാണ് സുകുമാരൻ ജയിലിൽ നിന്നും പുറത്ത് വന്നത് എന്നതാണ് യാഥാർത്ഥ്യം. ആര്യമഹർഷിയെയും ഭാര്യയെയും കുറിച്ച് വന്ന ഒരു വാർത്താക്കുറിപ്പാണ് സുകുമാരന്റെ ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിച്ചത്. പണം വാങ്ങാതെ തങ്ങളുടെ വൃക്ക ദാനം ചെയ്തവരായിരുന്നു രമണ മഹർഷിയും ഭാര്യയും. ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സ് വരെയെത്തിയിരുന്നു ഇവരുടെ ഈ സദ്പ്രവർത്തി. അവയവദാനത്തിന്റെ മഹത്വം ജയിൽവാസികളിലെത്തിക്കാൻ അവർ ഒരു പരിപാടിയും സംഘടിപ്പിച്ചിരുന്നു.
അങ്ങനെ ജയിലിൽ കഴിയുന്ന സമയത്ത് തന്നെ സുകുമാരന്റെ മനസ്സിൽ തന്റെ വൃക്ക ദാനം ചെയ്യണമെന്ന് ആഗ്രഹമുദിച്ചു. താൻ ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യണമെന്ന് സുകുമാരൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. അറിയാതെ സംഭവിച്ചു പോയൊരു തെറ്റ് കാരണം ഒരു കുടുംബം അനാഥമായി പോയി എന്ന കുറ്റബോധത്തിലായിരുന്നു ഇയാൾ. ജയിലിൽ നിന്നിറങ്ങി ലോട്ടറിക്കച്ചവടം നടത്തിയാണ് സുകുമാരൻ ജീവിതം തുടങ്ങിയത്.
ജയിലിലെത്തി അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് വൃക്ക ദാനം ചെയ്യാൻ ഒരു അവസരം സുകുമാരന് ലഭിക്കുന്നത്. രണ്ട് വൃക്കയും തകരാറിലായി ആശുപത്രിയിൽ കഴിയുകയായിരുന്നു ശ്രീകുമാർ എന്ന ഇരുപത്തിയാറുകാരൻ. ഇതറിഞ്ഞപ്പോൾ തന്റെ വൃക്കകളിലൊന്ന് ശ്രീകുമാറിന് നൽകാം എന്ന് സുകുമാരൻ തീരുമാനിച്ചു. എന്നാൽ ഒരു ജയിൽവാസിക്ക് അവയവം ദാനം ചെയ്യുന്ന കാര്യത്തിൽ നിയമ തടസ്സങ്ങളുണ്ടെന്നായിരുന്നു സംസ്ഥാന ജയിൽ വകുപ്പിന്റെ അറിയിപ്പ്. അതിനാൽ ശ്രീകുമാറിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സുകുമാരന് സാധിച്ചില്ല. അയാൾ ദിവസങ്ങൾക്ക് ശേഷം മരിച്ചു.
എന്നാൽ തന്റെ ആഗ്രഹത്തിൽ നിന്ന് പിൻമാറാൻ സുകുമാരൻ തയ്യാറായിരുന്നില്ല. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും തന്റെ ആവശ്യം അറിയിച്ച് സുകുമാരൻ കത്തയച്ചു. നിയമവകുപ്പിലേക്കാണ് ഈ കത്ത് പോയത്. ഒരു കുറ്റവാളിയ്ക്ക് എന്ത് കൊണ്ട് അവയവം ദാനം ചെയ്യാൻ കഴിയില്ല എന്നതിന്റെ കാരണങ്ങളൊന്നും അവർക്ക് പറയാനുണ്ടായിരുന്നില്ല. അവസാനം 2016 ൽ ജയിൽ അന്തേവാസികൾക്കും അവയവം ദാനം ചെയ്യാം എന്ന പുതിയ നിയമം സംസ്ഥാന സർക്കാർ കൊണ്ടുവന്നു.
അങ്ങനെ സുകുമാരന്റെ അഭ്യർത്ഥനയിൽ മേൽ കേരള ഹൈക്കോടതി ജീവപര്യന്തം ശിക്ഷ പത്ത് വർഷമായി കുറച്ചു. തിരുവനന്തപുരത്തെ തുറന്ന ജയിലിലേക്ക് മാറ്റുകയും ചെയ്തു. 2017 ജൂലൈ മാസം ജയിൽ മോചിതനായപ്പോൾ സുകുമാരന്റെ മനസ്സിൽ വ്യക്തമായ പദ്ധതിയുണ്ടായിരുന്നു. നേരേ പോയത് ഗുരുവായൂരിലെ ശാന്തി മെഡിക്കൽ ഇൻഫോർമേഷൻ സെന്ററിലേക്ക്. അവിടെ നിന്നാണ് പ്രിൻസി തങ്കച്ചൻ എന്ന പെൺകുട്ടിയെക്കുറിച്ച് അറിയുന്നത്. അഞ്ച് വർഷത്തിലേറെയാണ് ഇരുപത്തൊന്ന് വയസ്സുകാരിയായ പ്രിൻസി ജീവിക്കുന്നത് ഡയാലിസിസിന്റെ സഹായത്തോടെയാണ്.
തന്റെ അവയവം സ്വീകരിക്കുന്ന വ്യക്തിക്ക്, അത് പുരുഷനായാലും സ്ത്രീയായാലും സുകുമാരന് ഒറ്റക്കാര്യം നിർബന്ധമുണ്ടായിരുന്നു. നിർധനകുടുംബത്തിലെ അംഗമായിരിക്കണം. പ്രിൻസി അങ്ങനെയൊരു കുടുംബത്തിലെ അംഗമായിരുന്നു. പ്രിൻസിയുെടെ പിതാവ് പറയുന്നു, വെറുമൊരു ദാതാവ് മാത്രമായിരുന്നില്ല സുകുമാരൻ. ഓപ്പറേഷന് വേണ്ട പണം സ്വരൂപിക്കാൻ ഓടി നടന്നവരുടെ കൂട്ടത്തിലും അദ്ദേഹമുണ്ടായിരുന്നു. മകൾക്ക് വേണ്ടി മരുന്നും മറ്റ് ആശുപത്രി സൗകര്യങ്ങളും ഒരുക്കിത്തന്നതും അദ്ദേഹമാണ്. യാതൊരു പരാതിയുമില്ലാതെയാണ് അദ്ദേഹം ഞങ്ങൾക്കൊപ്പം നിന്നത്. ഒരു പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണ് സുകുമാരൻ.
സുകുമാരനൊപ്പം ജയിലിൽ കഴിഞ്ഞിരുന്ന ഒരു അന്തേവാസി ജയിൽ മോചിതനായ ഉടൻ രോഗം പിടിപെട്ട് മരിച്ചു. മോഷണക്കേസിൽ പെട്ട് ഭർത്താവ് ജയിലിലായതോടെ ഭാര്യയെ വീട്ടുകാർ പുറത്താക്കിയിരുന്നു. ആരുമില്ലാതായ ആ യുവതിക്കും ഏഴ് വയസ്സുകാരൻ മകനും ഇപ്പോൾ തുണയായിരിക്കുന്നത് സുകുമാരനാണ്. നിയമപ്രകാരം അവർക്കൊപ്പം ഒരു പുതിയ ജീവിതം സുകുമാരൻ ആരംഭിച്ചു കഴിഞ്ഞു. ജയിലിൽ നിന്നും പുറത്തിറങ്ങുന്നവർക്ക് പ്രത്യാശയും ജീവിതത്തോട് സ്നേഹവും ഉണ്ടാകണം. സുകുമാരൻ തന്റെ ജീവിതം കൊണ്ട് തെളിയിക്കുകയാണ്.