എല്ലാ ദിനവും നിനക്ക് വനിതാ ദിനം; എല്ലാ ദിനവും നിനക്ക് തൊഴിലാളി ദിനം

Published : Mar 08, 2017, 07:57 AM ISTUpdated : Oct 05, 2018, 03:39 AM IST
എല്ലാ ദിനവും നിനക്ക് വനിതാ ദിനം; എല്ലാ ദിനവും നിനക്ക് തൊഴിലാളി ദിനം

Synopsis

പരിചയമില്ലാത്ത കണ്‍ട്രി കോഡുള്ള നമ്പറില്‍ നിന്ന് രണ്ടു ദിവസം മുന്‍പ് വന്ന വാട്‌സ് ആപ്പ് സന്ദേശം ഇന്നലെ അവധി കിട്ടിയപ്പോഴാണ് നോക്കിയത്. 

'മാം ഇന്ന് നിങ്ങളെക്കുറിച്ചും മൈലാഞ്ചിയിട്ട കൈകള്‍ കൊണ്ട് നിങ്ങള്‍ വിളമ്പുന്ന എരിവുള്ള ബിരിയാണിയെക്കുറിച്ചും വീട്ടുകാരോടു പറയുകയായിരുന്നു ഞാന്‍...'

ആരുടെ സന്ദേശമെന്ന് ഒരു വേള ഓര്‍മ വന്നില്ല. ഒരു കുഞ്ഞുവാവയുടെ മുഖമായിരുന്നു പ്രൊഫൈല്‍ ചിത്രം. 'ലൗലി കിഡ് 'എന്ന് മറുപടി ടൈപ്പ് ചെയ്യുമ്പോഴും ആരാണ് മറുപുറത്ത് എന്ന് എനിക്കത്ര ഉറപ്പില്ലായിരുന്നു. താങ്ക്‌സ് പറഞ്ഞ് ഉടനെ സെല്‍ഫി വന്നു. 

'ഓ! മരിയാ, മറക്കാന്‍ പാടില്ലായിരുന്നു നിന്നെ!' 

ദുബൈ കറാമയില്‍ താമസിച്ചിരുന്ന കെട്ടിടത്തിലെ സലൂണിലെ ജോലിക്കാരിയായിരുന്നു. പാരഗണ്‍, പാരഡൈസ്, പാരമൗണ്ട്, വൈഡ് റേഞ്ച്...എന്നിങ്ങനെ സൗത്ത് ഇന്ത്യന്‍ റസ്റ്ററന്റുകള്‍ക്കെന്ന പോലെ സലൂണുകള്‍ക്കും മസാജ് പാര്‍ലറുകള്‍ക്കും പേരുകേട്ട ഇടമാണ് കറാമ. പാര്‍ക്കിനടുത്തോ മുനിസിപ്പല്‍ ഓഫീസിന് എതിര്‍വശത്തെ പാര്‍ക്കിംഗിലോ വണ്ടിയിട്ട് ഭക്ഷണം കഴിച്ചോ ഷോപ്പിംഗ് കഴിഞ്ഞോ നമസ്‌കരിച്ചോ തിരിച്ചു വരുമ്പോഴേക്ക് കുറഞ്ഞത് പത്തെങ്കിലും മസാജ് പാര്‍ലറുകളുടെ വിസിറ്റിംഗ് കാര്‍ഡുകള്‍ ജനാല ചില്ലുകളില്‍ തിരുകി വെച്ചിരിക്കുന്നതു കാണാം.  

'ഓ! മരിയാ, മറക്കാന്‍ പാടില്ലായിരുന്നു നിന്നെ!' 

ഫിലിപ്പിനോ യുവതികളുടെ മുഖമായിരിക്കും കാര്‍ഡുകളില്‍ ഏറെയും. ഈ പാര്‍ലറുകളില്‍ ജോലി ചെയ്യുന്ന അനേകായിരം ഫിലിപ്പിനികളെക്കൊണ്ട് നിറഞ്ഞു നില്‍ക്കും ഇവിടുത്തെ നിരത്തുകളും ബസ്, മെട്രോ സ്‌റ്റേഷനുകളും. വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ച്, പ്രസരിപ്പോടെ അവരങ്ങിനെ വന്നും പോയിക്കൊണ്ടിരിക്കും. എന്തൊരു സ്പീഡാണ് അവരുടെ നടത്തത്തിനും സംസാരത്തിനും!

സലൂണില്‍ തിരക്കില്ലാത്ത നേരം പുറത്തെ കസാലകളിലോ ഉമ്മറപ്പടിയിലോ ഇരുന്ന് ഫോണ്‍ ചെയ്യുന്നതും സംസാരിക്കുന്നതും ഒക്കെ കാണാം. അത്തരം ഇടവേളകളിലാണ് മരിയയെ പരിചയമാവുന്നത്. കാണുന്നവരോടെല്ലാം  തൊഴിലുടമയോടെന്ന ഭവ്യതയിലാണ് സംസാരിക്കുക. നേരത്തേ ഒരു ഓഫീസിലായിരുന്നു ജോലി. മലയാളിപ്പാരകള്‍ മൂലം അത് ഒഴിവാക്കേണ്ടി വന്ന വേദനയും അവള്‍ പങ്കുവെച്ചിട്ടുണ്ട്.  കാറുകളില്‍ കുത്തിയ കാര്‍ഡുകളില്‍ കണ്ട ചിത്രങ്ങളും അനുകമ്പയോടെയുള്ള പെരുമാറ്റവും കൂട്ടിവായിച്ച് മലയാളി ആണത്തം ഇവരെക്കുറിച്ച് കഥകള്‍ ചമക്കും. ഓഫീസിലും സലൂണിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും റസ്റ്ററന്റുകളിലും ഫ്‌ളയര്‍ വിതരണ സ്ഥലങ്ങളിലുമെല്ലാം ഒരേ  ചൊടിയിലും ചുറുചുറുക്കിലുമാണ് ജോലി ചെയ്യുക. മലയാളി മുതലാളിമാരുടെ സ്ഥാപനങ്ങളില്‍ നാട്ടില്‍ നിന്ന് ജോലിക്ക് വന്ന ബന്ധുവും പരിചയക്കാരും പുലര്‍ത്താത്ത ആത്മാര്‍ഥതയാണ് അവര്‍ കാണിക്കുക. ആത്മാര്‍ഥതയില്‍ തോല്‍പ്പിക്കല്‍ മെനക്കേട് കൂടുതലുള്ള പരിപാടിയായതു കൊണ്ട് അസഹിഷ്ണുക്കളായ മല്ലൂസ്, ഫിലിപ്പീനി പെണ്ണുങ്ങള്‍ 'പോക്കാ'ണെന്നും ഇതൊക്കെ അവളുമാരുടെ വേലകളാണെന്നും അങ്ങ് വിധിച്ച് തോല്‍പ്പിച്ച് കളയും. 

ആരെയെങ്കിലും വശീകരിച്ച് എന്തെങ്കിലും നേടിയെടുക്കാമെന്ന് മോഹിച്ചല്ല അവരിങ്ങനെ മരിച്ചു പണിയെടുക്കുന്നത്. വിദേശത്ത് ജോലിക്ക് പോകുന്നവര്‍ക്ക് പ്രത്യേക പരിശീലനമുണ്ട് അവരുടെ നാട്ടില്‍. ഇംഗ്‌ളീഷ് സംസാരിക്കാനും, അത്യാവശ്യം അറബി വാക്കുകള്‍ തിരിച്ചറിയാനും പെരുമാറ്റ മര്യാദകള്‍ പാലിക്കാനുമെല്ലാം പഠിപ്പിക്കും. മിഡില്‍ ഈസ്റ്റില്‍  അവര്‍ ഇത്രയേറെ സ്വീകാര്യരായിത്തീരുന്നതിന് ഇത് ഏറെ സഹായകമാവുന്നുണ്ട്.  പ്രവാസത്തിന്റെ അര നൂറ്റാണ്ട് പിന്നിട്ടിട്ടും നമ്മള്‍ ശ്രദ്ധിക്കാതെ പോയ നൈപുണ്യ വികസന പരിശീലനം. കിട്ടുന്നതൊക്കെ ഇവിടെ തന്നെ ചിലവഴിക്കും , എത്ര കുറഞ്ഞ ശമ്പളത്തിനും, ഒരു കെ.എഫ്.സി ഡിന്നര്‍ മീലിനു പോലും ജോലി ചെയ്യും. കൂട്ടും കുടുംബവുമൊന്നുമില്ലാത്തതു കൊണ്ടാണ് അവരീ കുറഞ്ഞ കൂലിക്കും ജോലി ചെയ്യുന്നത് എന്ന പറഞ്ഞു കേള്‍വി തന്നെയാണ് ഞാനും വിശ്വസിച്ചിരുന്നത്. 

ആരെയെങ്കിലും വശീകരിച്ച് എന്തെങ്കിലും നേടിയെടുക്കാമെന്ന് മോഹിച്ചല്ല അവരിങ്ങനെ മരിച്ചു പണിയെടുക്കുന്നത്.

സംസാരിക്കാന്‍ സൗകര്യം കിട്ടുമ്പോഴൊക്കെ മക്കളെ കുറിച്ചും നാട്ടിലെ കുടുംബത്തെ കുറിച്ചുമൊക്കെ വിശേഷങ്ങള്‍ തിരക്കും അവള്‍.  പതിവ് കുശലങ്ങള്‍ ഞാനും. മക്കള്‍ അവധി കഴിഞ്ഞ് തിരിച്ചുപോവുന്ന  ദിവസം വീട്ടില്‍ വന്ന് അല്‍പം സൗന്ദര്യ പരിചരണം ചെയ്തു കൊടുക്കും. ആ നേരത്തെല്ലാം വാക്കുകള്‍ കൊണ്ടെങ്കിലും എന്നെയും പരിഗണിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുംചുരുണ്ട സ്പ്രിങ് പോലുള്ള ഈ മുടി സൂപ്പര്‍ബ് , തൂക്കം കുറഞ്ഞ് സുന്ദരിയായിട്ടുണ്ട് എന്നും മറ്റും പറഞ്ഞ്. ഇടക്ക് വാതില്‍ക്കല്‍ വെച്ച് കാണുമ്പോഴും ചില ബ്യൂട്ടി ടിപ്‌സ് ഓര്‍മിപ്പിക്കും. വെച്ചുകെട്ടലുകളൊന്നുമില്ലാത്ത ഒരു കരുതല്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ വളരുന്നത് ഞാനും ആസ്വദിച്ചു. 

ഇടക്ക് സലൂണിന്റെ അടഞ്ഞ വാതില്‍ മുട്ടിവിളിച്ച് വിശേഷങ്ങളും തിരക്കും. ആറുമാസം കൂടി കഴിഞ്ഞാല്‍ നാട്ടില്‍ പോവുമെന്നും പിന്നെ ഏഴോ എട്ടോ മാസം കഴിഞ്ഞാല്‍ ചിലപ്പോള്‍ വേറൊരിടത്ത് മറ്റൊരു ജോലിക്കാവും തിരിച്ചു വരിക എന്നുമൊക്കെ മരിയ ഒരു ദിവസം പറഞ്ഞു. ലുലുവിലും ഡേ റ്റു ഡേ യിലുമൊക്കെ ഓഫറുകളുണ്ട് പക്ഷെ  വാങ്ങി വെക്കുന്നവ സൂക്ഷിക്കാന്‍ താമസിക്കുന്ന മുറിയില്‍ സ്ഥലം കുറവ്  എന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍ ഒരിടം ഓഫര്‍ ചെയ്തു. വല്ലപ്പോഴുമൊക്കെ ഓരോ കവറുകള്‍ അവള്‍ ഏല്‍പ്പിക്കും. അധികവും കളിപ്പാട്ടങ്ങള്‍, കാറും ബൈക്കും പാടുന്ന പാവകളും പിന്നെ കുട്ടിയുടുപ്പുകളും അല്ലറ ചില വീട്ടു സാധനങ്ങളും. ഇത്രയധികം കളിപ്പാട്ടങ്ങങ്ങള്‍ ആര്‍ക്ക് വേണ്ടിയാണ് എന്ന എന്റെ അതിശയത്തിന്, സ്വതവേയുള്ള പ്രസരിപ്പിനെ ഇരട്ടിയാക്കി കൊണ്ട് , കോളേജില്‍ പഠിക്കുന്ന മകനടക്കം ആറ് കുട്ടികളുടെ അമ്മയാണ് ഞാനെന്നായിരുന്നു അവളുടെ മറുപടി. മുന്‍ധാരണയുടെ അഴുകിയ ഒരാവരണം അടര്‍ന്നു വീണു എന്റെയുള്ളിലെപ്പോള്‍. 

അവളോട് ഞാനെന്താണ് പറയേണ്ടത്?

"നിങ്ങളെ പോലെ ഒന്നും രണ്ടും കുഞ്ഞുങ്ങളില്‍ ഒതുങ്ങില്ല ഞങ്ങളുടെ കുടുംബം.  എന്റെ അമ്മയ്ക്കും അമ്മായി അമ്മയ്ക്കും 12 ഉം 13 ഉം വീതമാണ് മക്കള്‍. ഇളയ മകള്‍ക്ക് 2 വയസ്സ് കഴിഞ്ഞപ്പോള്‍ നാട്ടില്‍ നിന്ന് പോന്നതാണ്  ഇപ്പോള്‍ ഒന്നാം ഗ്രേഡുകാരിയായി എന്റെ കുട്ടി".

വിഷാദത്തിന്റെ ഒരു കണികാ പോലും പുറത്ത് കാണിക്കാതെ മൊബൈല്‍ തുറന്ന്  ഫോട്ടോകളൊരാന്നായി കാണിച്ചു. ദൂരെ ഒരു നാട്ടില്‍ ഒരച്ഛനും 6 മക്കളും ഉണ്ണുകയും ടീവി കാണുകയുമൊക്കെ ചെയ്യുന്ന ചിത്രങ്ങള്‍. മൂത്ത മകനെ ബെല്‍ജിയത്തില്‍ പഠിക്കാനയക്കണം. അതിനുള്ള പണം സ്വരൂപിക്കാനാണ് അവധിപോലുമെടുക്കാതെ അവര്‍ ജോലി തുടരുന്നത്.  പിന്നെയും മറിയ ചിത്രങ്ങളയച്ചു. 

എന്തെല്ലാമോ വിശേഷങ്ങള്‍ പറഞ്ഞു. കുട്ടികളുടെ വോയിസ് മെസേജുകളയച്ചു. കാലങ്ങള്‍ക്കു ശേഷം ഒരു ഉറ്റ ബന്ധു വീട്ടില്‍ തിരിച്ചത്തെിയതു പോലെ ഒരു കുളിരു തോന്നി മനസില്‍. അവളോട് ഞാനെന്താണ് പറയേണ്ടത്. വനിതാ ദിന ഗ്രീറ്റിംഗ് ചിത്രങ്ങള്‍ ഒന്നൊന്നായി ഫോര്‍വേര്‍ഡ് ചെയ്തു കൊടുത്തു. എന്തിനെല്ലാമെതിരെയാണ് അവളിലെ വനിത പൊരുതേണ്ടത്...എന്തെല്ലാം കഴിവുകളും അവകാശങ്ങളും നേടിയെടുക്കുമ്പോഴും മുന്‍വിധികളുടെ ക്രൂരമായ ആക്രമണത്തില്‍ നിന്ന് എങ്ങിനെയാണ് അവള്‍ക്ക് രക്ഷ കിട്ടുക.

എന്നും പൊരുതലിന്റെ വനിതാ ദിനമാണ് നിനക്ക്. 
എന്നും വിയര്‍പ്പൊഴുക്കുന്ന തൊഴിലാളി ദിനമാണ് നിനക്ക്.
എന്നും ലംഘിക്കപ്പെടുന്ന മനുഷ്യാവകാശ ദിനമാണ് നിന്‍േറത് 

ചെറുകണ്ണുകളില്‍ ആകാശത്തേക്കാള്‍ വിശാലമായ സ്വപ്നങ്ങള്‍ കാണുന്നവളേ ഞാന്‍ നിന്റെ ഫാനാണ്, കട്ട ഫാന്‍!

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?