
അന്നത്തെ ആ രാത്രി ഞാനായിരുന്നു ഡെസ്‌കിലെ രാത്രി കാവല്‍ക്കാരന്‍.
ഇറാഖില്‍ നിന്ന് നഴ്‌സുമാര്‍ തിരികെ ഇന്ത്യയിലേക്ക് പോരുന്ന ആ രാത്രി. നഴ്‌സുമാരുടെ സംഘം അവിടെ നിന്ന് പോരുന്ന ഓരോ നിമിഷവും പുതിയ പുതിയ വിവരങ്ങള്‍ ഞങ്ങള്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടേയിരുന്നു.ഇടയ്ക്ക് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ചാനലുകളിലും നഴ്‌സുമാരുടെ ചില ചിത്രങ്ങള്‍( സ്റ്റില്‍) കാണിച്ചു.
എനിക്കെന്തോ അവരുടെ ദൃശ്യങ്ങള്‍ വേണമെന്ന് തോന്നി.അന്ന് കൂടെയുണ്ടായിരുന്നു വിഷ്വല്‍ എഡിറ്റര്‍ അച്ചു എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു.ഇടയ്‌ക്കെപ്പോഴോ എഫ് ബി വഴി ഒന്ന് ശ്രമിച്ചാലോ എന്ന് തോന്നി.
അല്ലെങ്കിലും ചില നിമിഷാര്‍ത്ഥങ്ങളില്‍ സംഭവിക്കുന്ന ഓരോ തോന്നലുകളാണല്ലോ നമ്മളെ നയിക്കുന്നത്. എഫ് ബിയില്‍ ഗള്‍ഫിലുള്ള കുറേ സുഹൃത്തുക്കള്‍ക്ക് മെസേജ് ചെയ്തു. ഇറാഖിലുള്ള ഏതെങ്കിലും മലയാളികളെ കിട്ടുമോ എന്ന്.
ഇടയ്‌ക്കെപ്പൊഴോ ഒന്ന് മയങ്ങി.
പിന്നെയും അച്ചു വന്ന്, 'ചേട്ടാ ആരെങ്കിലും മറുപടി തന്നോ' എന്ന് നോക്കാന്‍ പറഞ്ഞു.
പിന്നെയും എഫ് ബിയില്‍ കയറി.
ഒരു മറുപടി കിടക്കുന്നു.
സുഹൃത്തായ ബിന്‍സിന്റെ മറുപടി.
അവന്‍ ദോഹയിലുള്ള ഷാജിയുടെ നമ്പര്‍ തരുന്നു. അവിടുന്ന് ഇറാഖിലെ രണ്ട് നമ്പരുകള്‍ കിട്ടി. അതിലൊന്നില്‍ ആളിനെ കിട്ടി.ഒരു സനീഷിനെ.
സനീഷിനെ വിളിച്ചു.സനീഷ് വേറെ രണ്ട് നമ്പരുകള്‍ തന്നു.
ഇതേ നഴ്‌സുമാര്‍ യാത്രയ്ക്ക് തയ്യാറായി നില്‍ക്കുന്ന ഇര്‍ബില്‍ വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന മലയാളി ഹെബിന്റെ നമ്പര്‍.
പിന്നെ ഹെബിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും അവിടുന്ന് നഴ്‌സുമാരുടെ സംഘത്തിന്റെ കുറേയേറെ ചിത്രങ്ങള്‍ എനിക്ക് മെസഞ്ചറില്‍ അയച്ചു തന്നു.
ടെലിവിഷന്‍ ജേര്‍ണലിസ്റ്റ് എന്ന നിലയില്‍ സ്റ്റില്‍സിനേക്കാല്‍ വീഡിയോ ആണല്ലോ എന്റെ ആവശ്യം.ഇക്കാര്യം ഹെബിനോട് പറഞ്ഞു.
'സെക്യൂരിറ്റി പ്രശ്‌നമുണ്ട്. യുദ്ധം നടക്കുന്ന രാജ്യമാണ്.എയര്‍പോര്‍ട്ടിനുള്ളില്‍ വെച്ച് എന്തെങ്കിലും ചിത്രീകരിക്കുന്നത് കണ്ടാല്‍ മൊബൈലും പോകും ചിലപ്പോള്‍ അകത്താവുകയും ചെയ്യും.എന്നാലും നോക്കാം ചേട്ടാ'. എന്ന് പറഞ്ഞ് ഹെബി ഫോണ്‍ വെക്കുമ്പോള്‍ ഒട്ടും പ്രതീക്ഷയുണ്ടായിരുന്നില്ല.
അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മെസഞ്ചറിലേക്ക് ദൃശ്യങ്ങള്‍ വന്നു തുടങ്ങി. നാലു ഫയലുകളായി. എയര്‍ പോര്‍ട്ടില്‍ നഴ്‌സുമാരെയും കൊണ്ട് യാത്രയ്ക്ക് തയ്യാറായി കിടക്കുന്ന വിമാനം.(എയര്‍പോര്‍ട്ടിലേക്ക് നഴ്‌സുമാര്‍ വരുന്ന ദൃശ്യം നേരത്തേ ഏജന്‍സി അയച്ചിരുന്നു.) ഇര്‍ബില്‍ വിമാനത്താവളത്തിന്റെ ദൃശ്യം. എല്ലാം അയച്ചു.
അപ്പോഴും വിഷ്വലിനു വേണ്ടിയുള്ള ഏന്റെ ആര്‍ത്തി തീര്‍ന്നിരുന്നില്ല. ഫ്‌ലൈറ്റില്‍ നഴ്‌സുമാര്‍ ഇരിക്കുന്ന ദൃശ്യം കിട്ടുമോ എന്നായി ഹെബിനോടുള്ള എന്റെ ചോദ്യം. 'നോക്കാം ചേട്ടാ, ഉറപ്പില്ല' എന്ന് പറഞ്ഞ് ആ സംഭാഷണം മുറിഞ്ഞു.
പക്ഷേ എന്നെ അതിശയിപ്പിച്ച് ആ ദൃശ്യങ്ങളും മെസഞ്ചറിലേക്ക് എത്തി.
പുലര്‍ച്ചെയോടെ, വിമാനത്തിനുള്ളില്‍ സമാധാനത്തോടെ ചിരിച്ചുകൊണ്ടിരിക്കുന്ന ആ മാലാഖമാരുടെ എക്‌സ്‌ക്ലൂസീവ് ദൃശ്യങ്ങള്‍!
ഏറെ നാളുകള്‍ക്ക് ശേഷം ഇക്കഴിഞ്ഞ മാസം ടേക്ക് ഓഫിന്റെ എഡിറ്റിങ് ജോലികള്‍ അവസാനഘട്ടത്തിലെത്തിയപ്പോള്‍ സംവിധായകന്‍ മഹേഷ് നാരായണന്റെ അസിസ്റ്റന്റ് ഷാനു എന്നെ വിളിച്ച് ആ ദൃശ്യങ്ങള്‍ കൈവശമുണ്ടോ എന്ന് അന്വേഷിച്ചു. ഷാനുവിന് ആ ദൃശ്യങ്ങള്‍ അയച്ചു കൊടുത്തു.
ടേക്ക് ഓഫ് സിനിമയുടെ അവസാനം ആ റിയല്‍ ഫൂട്ടേജസ് കാണിക്കുന്നുണ്ട്. സ്റ്റില്ലുകളും.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.