ഇനി ഒരു ഭാര്യ മതിയെന്ന് താലിബാൻ, ആർഭാടകരമായ വിവാഹവും, അഴിമതി ആരോപണവും കാരണങ്ങൾ

By Web TeamFirst Published Jan 18, 2021, 1:09 PM IST
Highlights

തങ്ങളുടെ കമാൻഡർമാരിൽ ആർക്കാണ് ഒന്നിലധികം ഭാര്യമാരുള്ളതെന്ന് ബിബിസി താലിബാനോട് ചോദിച്ചപ്പോൾ അവർ തുറന്നടിച്ചു: 'ആർക്കാണ് ഇല്ലാത്തത്?' എന്നാണ്.

ചില മുസ്‌ലിം രാജ്യങ്ങളിൽ ബഹുഭാര്യാത്വം ഇപ്പോഴും നിയമപരമാണ്. എന്നാൽ, ആർഭാടപൂർവ്വമായ വിവാഹങ്ങൾ ചെലവേറിയതും, അനുയായികൾക്കിടയിൽ നീരസം ഉളവാക്കുന്നതുമായതിനാൽ ഒരു ഭാര്യയെ മാത്രം വിവാഹം കഴിക്കാൻ താലിബാൻ അതിന്റെ നേതാക്കളോട് ആവശ്യപ്പെടുന്നതായി ടെല​ഗ്രാഫ് അടക്കം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാൻ മേധാവി ഹൈബാത്തുള്ള അഖുന്ദ്‌സാദയാണ് ഈ നിർദേശം മുന്നോട്ട് വച്ചത്. ഇങ്ങനെ വലിയ രീതിയിലുള്ള വിവാഹങ്ങൾ മൂലധനം പെട്ടെന്ന് കുറഞ്ഞുപോകാൻ കാരണമാകുന്നുവെന്ന് അവർ ആശങ്കപ്പെടുന്നുവത്രെ.

  

“ഇസ്ലാമിക് എമിറേറ്റ് ഉദ്യോഗസ്ഥരോട് ഇസ്ലാമിക് ശരീഅത്തിന് അനുസരിച്ച് ആവശ്യമില്ലെങ്കിൽ രണ്ടാമത്തെയും മൂന്നാമത്തെയും, നാലാമത്തെയും വിവാഹം ഒഴിവാക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു” മുല്ല ഉത്തരവിട്ടു. അവിടങ്ങളിൽ സ്ത്രീധനമല്ല, മറിച്ച് പുരുഷധനമാണ്. വിവാഹത്തിന് പുരുഷന്മാരാണ് സ്ത്രീകളുടെ കുടുംബത്തിന് പണം നൽകുന്നത്. അഫ്ഗാൻ ആചാരം അനുസരിച്ച്, വിവാഹങ്ങൾ ആർഭാടം നിറഞ്ഞതും, വരന്റെ കുടുംബം വധുവിന്റെ കുടുംബത്തിന് വലിയ തുക വിവാഹധനമായി നൽകുന്നതും പതിവാണ്. ചടങ്ങിൽ 20,000 മുതൽ 70,000 ഡോളർ വരെയാണ് വരൻ വധുവിന്റെ കുടുംബത്തിന് നൽകുന്നത്. ചിലപ്പോൾ ഭാര്യമാരെ പ്രത്യേകം പ്രത്യേകം വീടുകളിൽ പാർപ്പിക്കുകയും ചെയ്യുന്നു. ഇതിനെല്ലാം കൂടി വലിയ തുകയാണ് വരന് ചിലവാകുന്നത്. ഇതിനാവശ്യമുള്ള പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി നേതാക്കൾ കൈക്കൂലി, കള്ളപ്പണവും തുടങ്ങിയ മാർഗ്ഗങ്ങളിലേയ്ക്ക് തിരിയുന്നു എന്ന ആരോപണം ശക്തമായതിനെ തുടർന്നാണ് ഈ തീരുമാനം.  “ആരോപണത്തിനും, അപമാനത്തിനും എതിരെ സ്വയം പരിരക്ഷിക്കാൻ” പ്രസ്ഥാനം നേതാക്കളോട് ആവശ്യപ്പെട്ടു.  

താലിബാന്റെ നിലവിലെ മേധാവിക്ക് രണ്ട് ഭാര്യമാരുണ്ട്. തങ്ങളുടെ മേലുദ്യോഗസ്ഥർ ഉയർന്ന ജീവിതം നയിക്കുന്നുവെന്ന അഭ്യൂഹങ്ങൾ അനുയായികളിൽ നീരസം വർദ്ധിപ്പിക്കുന്നു. തങ്ങളുടെ കമാൻഡർമാരിൽ ആർക്കാണ് ഒന്നിലധികം ഭാര്യമാരുള്ളതെന്ന് ബിബിസി താലിബാനോട് ചോദിച്ചപ്പോൾ അവർ തുറന്നടിച്ചു: 'ആർക്കാണ് ഇല്ലാത്തത്?' എന്നാണ്. അവരുടെ മേധാവിയുടെ ഉത്തരവിൽ ഇങ്ങനെ പറയുന്നു: 'ഇസ്ലാമിക് എമിറേറ്റിലെ നിരവധി ഉദ്യോഗസ്ഥർ ഇടത്തരക്കാരാണ്. അതിനാൽ, കൂടുതൽ ആർഭാടകരമായ വിവാഹങ്ങൾ അവരുടെ അന്തസ്സിനെയും വിശ്വാസ്യതയെയും വ്യക്തിത്വത്തെയും ബാധിച്ചേക്കാം.' അതേസമയം ഇനി മുതൽ ഒന്നിൽ കൂടുതൽ ഭാര്യമാർ വേണ്ടെന്ന് കട്ടായം പറയുകയല്ല അവർ, മറിച്ച് വിവാഹമെന്ന പേരിൽ ലക്ഷക്കണക്കിന് രൂപ ചെലവാക്കുന്നത് നിരുത്സാഹപ്പെടുത്തുകയാണ് താലിബാൻ. കുട്ടികളില്ലാത്ത അല്ലെങ്കിൽ പുരുഷ അവകാശികളില്ലാത്ത കുടുംബസ്വത്ത് ഉള്ള പുരുഷന്മാർക്ക് വീണ്ടും വിവാഹം ചെയ്യാമെന്നും, അത് വേണമെങ്കിൽ വിധവകളായ സ്ത്രീകളെ ആകാമെന്നും താലിബാൻ മേധാവി പറയുന്നു.  


 

click me!