പെനാല്‍റ്റി: പ്രപഞ്ചം ഗോളിയിലേക്ക് ചുരുങ്ങുന്ന നേരം

തസ്‌നി സലിം |  
Published : Jul 03, 2018, 06:00 PM ISTUpdated : Oct 02, 2018, 06:41 AM IST
പെനാല്‍റ്റി: പ്രപഞ്ചം ഗോളിയിലേക്ക് ചുരുങ്ങുന്ന നേരം

Synopsis

ലക്ഷ്യം കാണാതെ പോവുന്ന ഓരോ പെനല്‍റ്റിയിലും ഗോളി വിജയിയാവുന്നു.  തസ്‌നി സലിം എഴുതുന്നു

കണ്‍മുന്നില്‍ പാഞ്ഞുവരാന്‍ സാധ്യതയുള്ള ഒരു പന്ത് എപ്പോളുമയാള്‍ തന്റെ പരിമിതമായ ചുറ്റുപാടില്‍ പ്രതീക്ഷിക്കുന്നു.  ആ കാത്തിരിപ്പിലാണ് ഓരോ ഗോളിയും .  എങ്കിലും ഓര്‍മിക്കപ്പെടാനുള്ളതിനേക്കാള്‍ മറക്കപ്പെടാനുള്ള വിധിയാണ് കാവല്‍ക്കാരില്‍ ഭൂരിപക്ഷത്തെയും കാത്തിരിക്കുന്നത്.  മഹാനായ കളിക്കാരന്‍ അടിച്ച ഗോളുകള്‍ അക്കമിട്ടോര്‍ക്കുന്ന കാലം അവരുടെ തടയപ്പെട്ട കിക്കുകളെ സൌകര്യപൂര്‍വ്വം മറക്കുന്നു. അവ തട്ടിയകറ്റിയ പ്രതിഭകളെയും. 

യുദ്ധമാണ്. കാല്‍പ്പന്തിന്റെ അതിഭീകര യുദ്ധം. മൈതാനത്തില്‍ രണ്ട് ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ നടക്കപ്പെടുന്നത് യുദ്ധമല്ലാതെ മറ്റെന്താണ്. പ്രതിരോധിച്ചും ആക്രമിച്ചും കണ്ണഞ്ചിപ്പിക്കുന്ന നീക്കങ്ങള്‍ നടത്തിയും കളിക്കാര്‍ ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ഏറ്റു മുട്ടുമ്പോള്‍ ചിലപ്പോളൊക്കെ  മനസു കൊണ്ടെങ്കിലും നാമോരോരുത്തരും യുദ്ധത്തിലെ പോരാളികളാവുന്നു. യാഥാര്‍ത്ഥ്യത്തിന്റെ നീതിയില്‍ രണാങ്കണം മൈതാനമാവുന്നു,  പോരാളികള്‍ കളിക്കാരാവുന്നു.  ഓരോ കാണിയുടെയും പ്രതിനിധിയായി പത്തു കളിക്കാര്‍.  വലക്ക് കാവലാളായി ഒരു ഗോളി. 

അസാധ്യമായ ഡൈവുകളിലൂടെയും അസാധാരണ ശക്തിയോടെയും ഒരു ദേശത്തിന്റെ മുഴുവന്‍ ശക്തിയും കൈകളിലാവാഹിച്ച് അവര്‍ തട്ടിയകറ്റുന്ന ഓരോ പന്തും എതിര്‍ മുഖത്ത് നിരാശകളുണ്ടാക്കുന്നു, എതിര്‍ടീമിനെ മുഴുവന്‍ മറി കടന്ന് പന്ത് വല ചലിപ്പിക്കുമ്പോള്‍ നിരാശരാവുന്ന ഒരുപാട്  മുഖങ്ങളിലൊന്നായി ഗോളിയുടെ ആ മുഖവും മാറുന്നു. 

കളിക്കളത്തില്‍ സര്‍വ്വ സ്വാതന്ത്ര്യവും അനുവദിക്കപ്പെട്ടു കൊടുക്കപ്പെട്ട ഏക കളിക്കാരന്‍ ഗോളിയാണ്. എന്നാല്‍ ഗോള്‍വലയുടെ വളരെ ചെറിയ പരിമിതിയില്‍ തളക്കപ്പെട്ടു പോവുന്നു ആ സ്വാതന്ത്ര്യം. പത്ത് കളിക്കാരെയും  അവസാനം ഗോളിയെയും പിന്നിട്ട് പായുന്ന ഗോളില്‍ രാജ്യം നഷ്ടപ്പെട്ടവരായി അവര്‍ മാറുന്നു.  ഓരോ ഗോള്‍വലയും ഓരോ സാമ്രാജ്യമാണ്. കടന്നെത്തുന്ന ഓരോ പന്തും വിജയത്തിന് പുതിയ അവകാശികളെ സൃഷ്ടിക്കുന്നു.  ചില അവസരങ്ങളില്‍ അവരുടെ കൈകള്‍ ആല്‍ബട്രോസ് പക്ഷികളെ പോലെ വിടര്‍ന്ന് ഗോള്‍വലയെ ഒന്നാകെ മൂടുന്നു. അമ്മക്കിളി കുഞ്ഞിനെ ചിറകിനിടയിലൊളിപ്പിക്കുന്നത് പോലെ പന്തിനെ തന്റെ കൈകളിലൊളിപ്പിക്കുന്നു. 

 ഓരോ കാണിയുടെയും പ്രതിനിധിയായി പത്തു കളിക്കാര്‍.  വലക്ക് കാവലാളായി ഒരു ഗോളി.

കളിക്കളത്തില്‍ ഏതൊരു കളിക്കാരനും കാണിക്കുന്ന തെറ്റിന് പരീക്ഷിക്കപ്പെടുക ഗോളിയാണ്. അവിടെ പ്രപഞ്ചം ഒരു കാലിലേക്കും ഒരു പന്തിലേക്കും ഗോളിയിലേക്കും മാത്രമായി ചുരുങ്ങുന്നു. അവിടെ നടക്കുന്നത് ജീവന്‍ മരണ പോരാട്ടമാണ്. ഇടത്തേക്കോ വലത്തേക്കോ തിരിയപ്പെടാവുന്ന ഒരു ചലനം.  കിക്ക് എടുക്കുന്ന ആളുടെ മനസില്‍ ഒരുപാട് തവണ വല കുലുക്കിയ ശേഷം നിറയൊഴിക്കപ്പെടുന്ന ഒരു കിക്ക്. കണക്കുകള്‍ കൂട്ടിയും കിഴിച്ചും നോക്കിയ ശേഷം മാത്രം ഇടത്തേക്കോ വലത്തേക്കോ അല്ലെങ്കില്‍ നിന്ന നില്‍പിലോ എന്ന് തീരുമാനിക്കപ്പെടേണ്ട ഒരു ചലനം.  

കളിക്കാരന്റെ കാലില്‍ നിന്ന് ഒരു ചെറിയ സ്പര്‍ശനം,  ഒരു നിമിഷാര്‍ദ്ധം. ഒരേ സമയം അവിടെ ഒരു ജനത വിജയിക്കപ്പെടുകയും മറ്റൊരാള്‍ പരാജയപ്പെടുകയും ചെയ്യുന്നു. 

പെനാല്‍റ്റിയില്‍ മുഖാമുഖം മാത്രമാണ്. സാധാരണ നിലയില്‍ പിറന്നു വീഴുന്ന ഓരോ ഗോളും കൂട്ടായ മുന്നേറ്റത്തിന്റെ വിജയവും എതിരാളിയുടെ  പ്രതിരോധത്തിന്റെ പാളിച്ചയുമാണെങ്കില്‍ പെനല്‍റ്റിയില്‍ അത് രണ്ടാളുടെ കളിയായി ചുരുങ്ങുന്നു.  അവിടെ മത്സരിക്കുന്ന രണ്ട് ടീമുകളോ അവരുടെ മേല്‍ പ്രതീക്ഷ അര്‍പ്പിച്ച രണ്ട് സമൂഹമോ ഇല്ല.  ആ നിമിഷത്തില്‍ അവര്‍ രണ്ടുപേരും കാല്‍ പന്തും മാത്രം. എതിരാളിയുടെ ചലനം ഗണിച്ചറിയുകയും അതിനനുസരിച്ച് തന്റെ ചലനത്തെ പരുവപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഗോളി വിജയിയാവുന്നു.  ഗോളിയുടെ സങ്കല്‍പത്തെ മറികടക്കുന്ന കളിക്കാരന്‍ തന്റെ ശേഖരത്തില്‍ ഒരു ഗോള്‍ കൂടി എഴുതിച്ചേര്‍ക്കുന്നു. അവിടെ എഴുതപ്പെട്ട നിയമങ്ങള്‍ക്ക് സാധുതയില്ല. 

മരണത്തിന് മുന്നില്‍ നിന്ന് ജീവിതത്തെ കൈപിടിയിലൊതുക്കുന്ന പോലെയുള്ള  ഒരു നിമിഷം.  കിക്കെടുക്കുന്ന കാലില്‍ നിന്ന് കുതിച്ചുയരുന്ന പന്തിന്  നിസാര ഭാരമല്ല. മറിച്ച് നൂറായിരക്കണക്കിന് ആരാധകരുടെ പ്രതീക്ഷയുടെ ഭാരവും നിറച്ചാണ് അവ പറന്നെത്തുന്നത്.  പെനാല്‍റ്റി ബോക്‌സില്‍ നിന്ന് പന്ത് അന്തരീക്ഷത്തിന്റെ വായുവില്‍ തെന്നി നീങ്ങി തന്റെ  പാത തീരുമാനിക്കുന്നു.  ആ ചലനത്തിന് ജീവിത സമയം കുറവാണെങ്കില്‍ പോലും ആ ഒരു നിമിഷത്തിന് വേണ്ടിയാണ് ഓരോ ആരാധകനും കാത്തിരിക്കുന്നത്. സ്‌ട്രൈക്കര്‍ നഷ്ടപ്പെടുത്തുന്ന ഓരോ കിക്കും ഗോളി നേടിയ വിജയങ്ങളാവുന്നത് അവിടെയാണ്.  

ഒരേ സമയം കളിക്കാരനും കാണിയുമാവുകയാണ് ഗോളി.

കാല്‍പന്തുകളിയില്‍  ഒരേ സമയം കളിക്കാരനും കാണിയുമാവുകയാണ് ഗോളി. തന്റെ ടീമിന്റെ നീക്കം മറുപകുതിയില്‍ നടക്കുമ്പോളും കളിക്കളത്തില്‍ തന്റെ  നേര്‍ക്ക് ഏതു നിമിഷവും പാഞ്ഞടുക്കപ്പെടാവുന്ന പന്തിനായുള്ള കാത്തിരിപ്പിലാണയാള്‍.   

കണ്‍മുന്നില്‍ പാഞ്ഞുവരാന്‍ സാധ്യതയുള്ള ഒരു പന്ത് എപ്പോളുമയാള്‍ തന്റെ പരിമിതമായ ചുറ്റുപാടില്‍ പ്രതീക്ഷിക്കുന്നു.  ആ കാത്തിരിപ്പിലാണ് ഓരോ ഗോളിയും .  എങ്കിലും ഓര്‍മിക്കപ്പെടാനുള്ളതിനേക്കാള്‍ മറക്കപ്പെടാനുള്ള വിധിയാണ് കാവല്‍ക്കാരില്‍ ഭൂരിപക്ഷത്തെയും കാത്തിരിക്കുന്നത്.  മഹാനായ കളിക്കാരന്‍ അടിച്ച ഗോളുകള്‍ അക്കമിട്ടോര്‍ക്കുന്ന കാലം അവരുടെ തടയപ്പെട്ട കിക്കുകളെ സൌകര്യപൂര്‍വ്വം മറക്കുന്നു. അവ തട്ടിയകറ്റിയ പ്രതിഭകളെയും. 

അടിച്ച ഗോളിനെക്കാള്‍ ഗോളി തടഞ്ഞകറ്റിയ സേവുകളായിരുന്നു യഥാര്‍ത്ഥത്തില്‍ ഓരോ കളിയിലും വിജയിയെയും പരാജിതനെയും നിശ്ചയിച്ചത്. അവരായിരുന്നു കളിക്കളം വാണവര്‍.  എ്‌നാല്‍ അവരുടെ അതിര്‍ത്തിക്ക് പരിമിതി കുറവായിരുന്നു. ആ അതിര്‍ത്തിയില്‍ അവരാണ് രാജാക്കന്മാര്‍. എല്ലാ അംഗീകാരത്തിനും നിരാകരണത്തിനുമപ്പുറം അതാണ് കാല്‍പന്തിന്റെ ലോക നീതി. 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

ഞെട്ടിക്കുന്ന വീഡിയോ ; മുതലയുടെ വാലിൽ പിടിച്ച് വലിച്ച് റീൽസെടുക്കാൻ യുവാക്കൾ
കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !