Latest Videos

അധികാരികളേ നിങ്ങളറിയണം ഈ മനുഷ്യരെ...

By ജൂബി ടി മാത്യുFirst Published Jul 3, 2018, 5:52 PM IST
Highlights
  • എനിക്കും ചിലത് പറയാനുണ്ട്
  • ജൂബി ടി മാത്യു എഴുതുന്നു: 

ചുറ്റുമുള്ളത് കാണുമ്പോള്‍, കേള്‍ക്കുമ്പോള്‍,ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

ഷെര്‍ലക്ക് ഹോംസിന്റെ അന്വേഷണപടുത്വമോ കുശാഗ്രബുദ്ധിയോ, ഡോക്ടര്‍ വാട്‌സന്റെ പരീക്ഷണനിരീക്ഷണങ്ങളോ ആവശ്യമില്ല ഈ പാദുകത്തിന്റെ ഉടമ ആരെന്ന് കണ്ടെത്താന്‍.

ഓരോ ഇന്ത്യക്കാരനും കണ്ണടച്ചുതന്നെ ഒട്ടുമാലോചിക്കാതെ പെട്ടെന്നു പറയാന്‍ കഴിയും, അതൊരു ഇന്ത്യന്‍ കര്‍ഷകന്‍േറതാണെന്ന്.

ശരിയാണ്, പാടത്ത് ഉഴുതുകൊണ്ടിരുന്നപ്പോള്‍ ഇടിമിന്നലേറ്റു തന്റെ കാളകള്‍ക്കൊപ്പം പിടഞ്ഞുവീണു മരിച്ച കര്‍ഷകന്റെ കാലിലണിഞ്ഞിരുന്ന പാദുകമാണത്.

അതൊരു ചെരിപ്പല്ല, പാദുകമാണ്. കാലങ്ങളായി കര്‍ഷകരുടെ പാദങ്ങളെ സംരക്ഷിച്ചുപോന്ന സുവര്‍ണ്ണപാദുകം. അവരുടെ സ്വപ്നങ്ങള്‍ തുന്നിച്ചേര്‍ത്ത അസ്തമിക്കാത്ത പ്രതീക്ഷകളുടെ ബാക്കിപത്രം. തലമുറകളായി അവര്‍ അനുഭവിച്ചുവന്ന യാതനകളുടെ  കണ്ണീരണിയിക്കുന്ന കദനകഥകള്‍ വിളിച്ചുപറയുന്ന കാലത്തിന്റെ മെതിയടിക്കണ്ണാടി.

1947 ലാണ് നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത്. അന്നു മുതലിന്നോളം നോക്കിയാല്‍ നമുക്കു കാണാന്‍ കഴിയും, ഇവിടെ വ്യവസായികള്‍ വളര്‍ന്നു,രാഷ്ട്രീയമേലാളന്‍മാര്‍ വളര്‍ന്നു, ആത്മീയവ്യാപാരികള്‍ വളര്‍ന്നു, ഇടനിലക്കാര്‍ വളര്‍ന്നുപന്തലിച്ചു, ഓഹരിവിപണിസൂചികകള്‍ പതിനായിരങ്ങള്‍ താണ്ടി,അതോടൊപ്പം മാഫിയക്കൂട്ടവും മാനംമുട്ടെ വളര്‍ന്നു. 

എന്നിട്ടും സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും കാലമായിട്ടും, നമുക്ക് അന്നം തരുന്ന കര്‍ഷകര്‍ക്ക് മാത്രം ഒരിഞ്ചുപോലും വളര്‍ച്ച ഇനിയും കൈവരിക്കാനാവാത്ത അവസ്ഥയാണ്. കാര്‍ഷിക രാജ്യമായിട്ടും നമ്മുടെ ബജറ്റുകളെല്ലാം കര്‍ഷകര്‍ക്ക് പുറംതിരിഞ്ഞു നില്‍ക്കുകയായിരുന്നു. ആ ദുരവസ്ഥയുടെ പരിച്ഛേദമോ നേര്‍ക്കാഴ്ചയോ ആണ് ആ സുവര്‍ണ്ണപാദുകം നമുക്കു മുന്നില്‍ തുറന്നു കാട്ടുന്നത്. 

ഓരോ വര്‍ഷവും ലക്ഷക്കണക്കിന് കോടി രൂപയുടെ കിട്ടാക്കടങ്ങള്‍ ബാങ്കുകള്‍ എഴുതിത്തള്ളുമ്പോള്‍, പതിനായിരം രൂപ തിരിച്ചടക്കാന്‍ കഴിയാതെ കുടുംബസമേതം കൂട്ട ആത്മഹത്യ ചെയ്യുന്നവര്‍, അവരുടെ പേരത്രെ കര്‍ഷകര്‍. എന്നാണിനി കര്‍ഷകരുടെ  ഈ ദുര്‍വിധി അവസാനിക്കുക? എന്നാണിനി അവര്‍ക്ക് ഈ ദുര്യോഗത്തില്‍ നിന്ന് ശാപമോക്ഷം ലഭിക്കുക?? ആര്‍ക്കാണതു സാദ്ധ്യമാക്കാനാവുക??

ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് ചില അധികാരികള്‍ ഇവരെ പരിഹസിക്കുന്നത് ഇങ്ങനെയൊക്കെയാണ്: കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നത് ഇന്നൊരു ഫാഷനായിരിക്കുന്നു എന്ന്.

ലക്ഷംകോടികള്‍ തട്ടിപ്പു നടത്തി മുങ്ങിയവര്‍ അന്യരാജ്യങ്ങളില്‍ യാതൊരല്ലലുമില്ലാതെ സസുഖം സുഖവാസം അനുഷ്ഠിക്കുമ്പോള്‍ അവര്‍ക്കെതിരെ ഒരു ചെറുവിരല് പോലും അനക്കാനാവാതെ നിസ്സഹായരായി മുട്ടുമടക്കുന്നവര്‍, എല്ലാം നഷ്ടപ്പെട്ടവരെ നോക്കി പരിഹാസവാക്കുകളുതിര്‍ക്കുന്നു. ഇടനിലക്കാരുടെയും കച്ചവടക്കാരുടെയും ചൂഷണങ്ങള്‍ക്ക് വിധേയരായി ദുര്‍വിധിയുടെ അഗ്‌നികുണ്ഡത്തില്‍ ജീവിതം ഹോമിക്കപ്പെട്ട കര്‍ഷകര്‍ക്ക് സര്‍ക്കാരാണ് ഇവിടെ തുണ ആവേണ്ടത്. അവരെ അതില്‍ നിന്നും കൈപിടിച്ച് ഉയര്‍ത്തേണ്ടത്.

അധികാരികളേ, ഇനിയെങ്കിലും നിങ്ങള്‍ കണ്ണുകള്‍ തുറക്കുക.ഈ പാദുകം അതിനൊരു നിമിത്തമാവട്ടെ. ഇതൊരു പ്രതീകമാണ്. ഇന്നത്തെ കര്‍ഷകരുടെ ദയനീയാവസ്ഥയുടെ പ്രതീകം. അവനവന്റെ അന്നവിചാരം മുന്നവിചാരമാവുമ്പോള്‍ അന്നം തരുന്നവരെ നാം ഇങ്ങനെ അവഗണിക്കരുത് എന്നു മാത്രമേ അപേക്ഷയുള്ളൂ.

 

അവര്‍ പറഞ്ഞത്
അനു അശ്വിന്‍: കീറിമുറിക്കുന്ന ആണ്‍നോട്ടങ്ങള്‍ നിര്‍ത്താറായില്ലേ?

ആരതി പി നായര്‍: പ്രണയത്തെ മനസ്സിലാക്കാന്‍  കേരളം എന്ന് പഠിക്കും?​

റഹ്മ സുല്‍ത്താന: നമ്മുടെ ഉള്ളിലെ വംശീയത  അറിയാന്‍ 26 സന്ദര്‍ഭങ്ങള്‍

റസിലത്ത് ലത്തീഫ്: നീനുവിന്റെ ജീവിതം എന്താവണമെന്ന് വിധിക്കാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം?​

അനഘ നായര്‍: പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് നിന്നാല്‍ നിങ്ങള്‍ക്കെന്താണ് പ്രശ്‌നം?

നോമിയ രഞ്ജന്‍: ഈ മനുഷ്യവിരുദ്ധത എന്തിനാണ്  നിങ്ങളിങ്ങനെ ഫോര്‍വേഡ് ചെയ്യുന്നത്?

അനു കാലിക്കറ്റ്: ഈ ഗുണ്ടകളെ ചങ്ങലയ്ക്കിടേണ്ട കാലം കഴിഞ്ഞു!

അനിത: നിര്‍ത്തിക്കൂടേ ഈ താരാരാധന?

സ്വാതി ശശിധരന്‍: ഓണ്‍ലൈനില്‍ പെണ്ണുങ്ങളോട് അടിവസ്ത്രം ചോദിക്കുന്നവര്‍!

വിഷ്ണുരാജ് തുവയൂര്‍: ആണസോസിയേഷനാകണോ  സി.പി.എം?​

click me!