എന്തിനാണ് അന്ന് പ്ലേഗ് ഡോക്ടര്‍മാര്‍ പക്ഷികളെപ്പോലെ വേഷം ധരിച്ചത്? എന്തായിരുന്നു പിന്നിലെ വിശ്വാസം?

By Web TeamFirst Published May 6, 2020, 9:52 AM IST
Highlights

അവർ സമൂഹത്തിൽ ബഹുമാനിക്കപ്പെട്ടവരായിരുന്നു എങ്കിലും, സമൂഹം അവരെ ഒറ്റപ്പെടുത്തി. തികഞ്ഞ ഏകാന്തതയിൽ അവർക്ക് കഴിയേണ്ടി വന്നു.

പതിനേഴാം നൂറ്റാണ്ടിൽ യൂറോപ്പ് ഒരു മഹാമാരിയുടെ പിടിയിൽ അകപ്പെട്ടു, ബ്ലാക്ക് ഡെത്ത് എന്ന് വിളിക്കപ്പെട്ട പ്ലേ​ഗ്. മൂന്ന് നൂറ്റാണ്ടുകളിലായി, ഇടയ്ക്കിടെ ബ്ലാക്ക് ഡെത്ത് ലോകത്തെ ആക്രമിച്ചുകൊണ്ടിരുന്നു. മഹാമാരിയുടെ ഓരോ കുതിച്ചുചാട്ടവും നൂറുകണക്കിനല്ല, ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനാണ് അപഹരിച്ചത്. തടുക്കാൻ കഴിയാതിരുന്ന ആ മഹാമാരി, ഒരുകാട്ടുതീ കണക്കെ പടർന്ന് പിടിച്ചു. 

എന്നാൽ, അത്തരമൊരു മഹാമാരിയെ നേരിടാൻ ആവശ്യമായിരുന്ന സജ്ജീകരണങ്ങളൊന്നും അന്നത്തെക്കാലത്ത് ഡോക്ടർമാർക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഡോക്ടർമാരെല്ലാം ചികിത്സിക്കാൻ വിസ്സമതിച്ച് രോഗികളിൽ നിന്ന് അകന്ന് നിന്നു. അന്ന് ശാസ്ത്രം ഇത്രയ്ക്ക് പുരോഗമിച്ചിട്ടില്ല. രോഗാണു സിദ്ധാന്തത്തെയും ബാക്ടീരിയയെയും കുറിച്ച് മനസിലാക്കാതെ ഡോക്ടർമാർ രോഗികളെ ചികിത്സിക്കുന്നതിനും അണുബാധ ഒഴിവാക്കുന്നതിനും അന്ധവിശ്വാസത്തിനെയും പൂർവകാല തെളിവുകളെയും ആശ്രയിച്ചു. അങ്ങനെയാണ് പ്ലേഗിന് ചികിത്സിക്കാൻ നിയോഗിച്ച ഡോക്ടർമാർ പ്ലേഗ് വസ്ത്രം ധരിക്കാൻ തുടങ്ങിയത്.

പതിനേഴാം നൂറ്റാണ്ടിലെ ഭയാനകമായ നിരവധി തൊഴിലുകളിൽ ഒന്നായിരുന്നു വൈദ്യസേവനം. രോഗികളെ ചികിത്സിക്കാൻ അവർക്ക് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് യാത്ര ചെയ്യേണ്ടതായി വന്നു. യൂറോപ്പിലെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും പ്ലേഗ് പകർച്ചവ്യാധികൾ ഉണ്ടായപ്പോൾ അവർക്ക് ഒരുപാട് യാത്രകൾ ആവശ്യമായി വന്നു. സൂക്ഷ്മാണുക്കളെയും ആൻറിബയോട്ടിക്കുകളെയും കുറിച്ച് അറിവില്ലാത്ത ആ കാലത്ത്  രോഗികളുടെ മരണനിരക്ക് കൂടിവന്നു. എപ്പോൾ വേണമെങ്കിലും അണുബാധയോ മരണമോ ഡോക്ടർമാരെ കീഴ്‌പ്പെടുത്താമെന്ന അവസ്ഥയായി. മരിക്കുന്നവരെ നിരീക്ഷിക്കുന്നതിനു പുറമേ, പ്ലേഗ് ഡോക്ടർമാർക്ക് ചിലപ്പോൾ പോസ്റ്റ്‌മോർട്ടങ്ങളിൽ പങ്കെടുക്കേണ്ടതായും വന്നു. രോഗികളെ സുഖപ്പെടുത്തുന്നതിനേക്കാൾ കൂടുതൽ സമയം പോസ്റ്റ്‌മോർട്ടങ്ങളിലും കണക്കുകൾ ശേഖരിക്കുന്നതിനുമായി അവർ ചെലവിട്ടു.  

അവർ സമൂഹത്തിൽ ബഹുമാനിക്കപ്പെട്ടവരായിരുന്നു എങ്കിലും, സമൂഹം അവരെ ഒറ്റപ്പെടുത്തി. തികഞ്ഞ ഏകാന്തതയിൽ അവർക്ക് കഴിയേണ്ടി വന്നു. ഫ്രഞ്ച് വൈദ്യനായ ചാൾസ് ഡി എൽ ഓർമ് ഒടുവിൽ പ്ലേഗ് ഡോക്ടർമാർക്കായി പ്രത്യേകം രൂപകല്പന ചെയ്ത ഒരു വസ്ത്രം തയ്യാറാക്കി. എന്നാൽ, അത് കാണാൻ വളരെ വിചിത്രവും ധരിക്കാൻ പ്രയാസമേറിയതുമായിരുന്നു. കൊഴുപ്പോ അല്ലെങ്കിൽ മെഴുകോ ഉപയോഗിച്ചാണ് അതിന്റെ പുറംഭാഗം നിർമ്മിച്ചിരിക്കുന്നത്.  അതിന് താഴെ ലെതർ ഷർട്ടും, പാന്റും, ബൂട്ടും അവർ ധരിച്ചു. തല ലെതർ കൊണ്ടുള്ള മുഖംമൂടി ഉപയോഗിച്ച് മറച്ചു. പക്ഷികളുടേത് പോലുള്ള കൊക്കുകൾ ഡോക്ടർമാരുടെ വായ മൂടുന്നതിനായി ഉപയോഗിച്ചു. ഡോക്ടർമാർ കണ്ണുകളെ സംരക്ഷിക്കാനായി കണ്ണട ധരിച്ചിരുന്നു.  ഇതിനെല്ലാം പുറമെ, അവർ ഒരു വടിയും കൊണ്ടാണ് നടന്നിരുന്നത്. എല്ലാം കൂടി അവരുടെ വസ്ത്രധാരണം കണ്ടാൽ ഏതോ പ്രേതസിനിമയിലെ കഥാപാത്രത്തെ ഓർമിപ്പിച്ചു.  

പക്ഷേ, ഇത്രയൊക്കെ ചെയ്തിട്ടും, രോഗത്തെ തടുക്കാൻ അവർക്കായില്ല. വിഷവായു വഴിയാണ് ഇത് പടരുന്നത് എന്ന് അവർ വിശ്വസിച്ചു. ഈ ദുഷിച്ച വായുവിനെ തുടങ്ങുനിർത്താൻ അവർ കൊക്കുകളിൽ ഔഷസസ്യങ്ങളുടെ ഒരുകൂട്ട് നിറച്ചു. അര അടി നീളമുള്ള കൊക്കിന്റെ രണ്ട് ദ്വാരങ്ങളിലായി ഈ കൂട്ട് അവർ നിറച്ചു. 55 -ലധികം ഔഷധസസ്യങ്ങളുടെ ഈ കൂട്ടിൽ കറുവപ്പട്ട, തേൻ എന്നിവ ഉൾപ്പെടുന്നു. ചില ഫ്രഞ്ച് പ്ലേഗ് ഡോക്ടർമാർ ഈ കൂട്ടിന് തീകൊളുത്തി കൊക്കിനുള്ളിൽ പുക പുറപ്പെടുവിച്ചു.‌ ഈ പുക വായുവിൽ ഉണ്ടാകുന്ന ദുഷിപ്പ് ഇല്ലാതാകുമെന്നു അവർ പ്രതീക്ഷിച്ചു. പക്ഷെ, രോഗത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സാധിക്കാതിരുന്ന ആ കാലത്ത് രോഗബാധിതർക്ക് ഫലപ്രദമായ ചികിത്സ നൽകാൻ കഴിയാതെ അവരുടെ വിശാലമായ വസ്ത്രങ്ങൾ പലപ്പോഴും ഉപയോഗശൂന്യമായി തീർന്നു. അവർ ആ രോഗത്തിന്റെ പിടിയിൽനിന്നും രക്ഷപ്പെട്ടില്ല. എന്നിരുന്നാലും കൊക്ക് മുഖംമൂടി ഇപ്പോഴും ബ്ലാക്ക് ഡെത്തിന്റെ ഒരു പ്രതീകമായി കണക്കാക്കുന്നു.  

click me!