ശരീരത്തിന് നീലനിറവുമായി ജനിക്കുന്ന ആളുകള്‍, ഈ കുടുംബത്തെക്കുറിച്ച്...

By Web TeamFirst Published Jul 4, 2020, 3:08 PM IST
Highlights

അങ്ങനെയിരിക്കെ രണ്ട് ഫ്യുഗേറ്റുകൾ തങ്ങളുടെ നീലനിറത്തിൽ അതൃപ്‍തരായി ചികിത്സതേടി കെന്‍റക്കി സർവകലാശാലയിലെ മെഡിക്കൽ ക്ലിനിക്കിലെ ഹെമറ്റോളജിസ്റ്റ് മാഡിസൺ കാവിനെ സമീപിച്ചു.

1975 -ൽ ബെഞ്ചമിൻ സ്റ്റേസി ജനിച്ചപ്പോൾ നഴ്‌സുമാരും ഡോക്ടർമാരും ഞെട്ടിപ്പോയി. മിക്ക കുഞ്ഞുങ്ങളെയും പോലെ ചുവന്നുതുടുത്ത ഒരു കുഞ്ഞിനെ പ്രതീക്ഷിച്ച നഴ്‍സുമാർ, ഇരുണ്ട നീലനിറമുള്ള ഒരു കുഞ്ഞിനെയാണ് കണ്ടത്. കുഞ്ഞിന്‍റെ നീലനിറം കണ്ട് ഡോക്ടർമാർ വളരെയധികം ആശങ്കാകുലരായിരുന്നു. ബെഞ്ചിയെന്നു വിളിക്കുന്ന ബെഞ്ചമിനെ ജന്മനാട്ടിൽ നിന്ന് 116 മൈൽ അകലെയുള്ള കെന്‍റക്കി യൂണിവേഴ്‍സിറ്റി മെഡിക്കൽ സെന്‍ററിലേക്ക് കൊണ്ടുപോകാനായി ആംബുലൻസ് വന്നു.  

രണ്ട് ദിവസത്തെ പരിശോധനയ്ക്ക് ശേഷവും, കുഞ്ഞ് ബെഞ്ചിയുടെ തൊലി നീലയായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഡോക്ടർമാർക്ക് മനസ്സിലായില്ല. ആകെ ധർമ്മസങ്കടത്തിലായ ഡോക്ടർമാരോട് ബെഞ്ചിയുടെ മുത്തശ്ശി അപ്പോൾ ചോദിച്ചു, “നീല ഫ്യുഗേറ്റുകളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?” ബെഞ്ചിയുടെ പിതാവ് അൽവ ഡോക്ടർമാരോട് വിശദീകരിച്ചു, “എന്റെ അച്ഛന്റെ മുത്തശ്ശിയുടെ ചർമ്മം ഇതുപോലെ നിലനിറമായിരുന്നു." 

കഴിഞ്ഞ 197 വർഷമായി കെന്‍റക്കിയെന്ന സ്ഥലത്ത് ജീവിച്ചിരുന്ന ഫ്യുഗേറ്റ് കുടുംബത്തിലെ അവസാന കണ്ണിയായിരുന്നു ബെഞ്ചി സ്റ്റേസി. അവരെ  'ദി ബ്ലൂ പീപ്പിൾ ഓഫ് കെന്‍റക്കി' എന്നാണ് വിളിച്ചിരുന്നത്. അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെ ഫ്യുഗേറ്റ് 1820 -ൽ കിഴക്കൻ കെന്‍റക്കിയിലെ Troublesome Creek-ൽ സ്ഥിരതാമസമാക്കിയ മാർട്ടിൻ ഫ്യുഗേറ്റ് എന്ന ഫ്രഞ്ചുകാരന്‍ അനാഥനായിരുന്നു. എലിസബത്ത് സ്‍മിത്ത് എന്ന സ്ത്രീയെ അദ്ദേഹം വിവാഹം കഴിച്ചു. വസന്തകാലത്ത് വിരിഞ്ഞുനിൽക്കുന്ന ലോറൽ പൂവ് പോലെ വെളുത്തവളായിരുന്നു എലിസബത്ത്. എന്നാല്‍, അവര്‍ക്ക് ജനിച്ച ഏഴുമക്കളിൽ നാലുപേരും നീല ചർമ്മത്തോടെയാണ് ജനിച്ചത്. അവരുടെ ജീനുമായി ബന്ധപ്പെട്ടാണ് ഇത് സംഭവിച്ചത്. കിഴക്കൻ കെന്‍റക്കിയിലെ ഗ്രാമങ്ങളിൽ അക്കാലത്ത് റോഡുകളൊന്നും ഉണ്ടായിരുന്നില്ല, 1910 -കളുടെ ആരംഭം വരെ റെയിൽ‌വേ സംസ്ഥാനത്തിന്റെ ആ ഭാഗത്തൊന്നും എത്തിയതുമില്ല. തൽഫലമായി, പല ഫ്യുഗേറ്റുകളും തങ്ങളുടെ ബന്ധുക്കളെ തന്നെ വിവാഹം ചെയ്‍ത് അവിടെത്തന്നെ കഴിഞ്ഞുകൂടി. ഇത് നീലനിറത്തിലുള്ള കൂടുതൽ കുട്ടികൾ ജനിക്കാൻ കാരണമായി. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ അവർ അവിടെ അങ്ങനെ കാലം കഴിച്ചു. നാട്ടുകാർക്കെല്ലാം അവർ സ്വീകാര്യരായിരുന്നു.   

അങ്ങനെയിരിക്കെ രണ്ട് ഫ്യുഗേറ്റുകൾ തങ്ങളുടെ നീലനിറത്തിൽ അതൃപ്‍തരായി ചികിത്സതേടി കെന്‍റക്കി സർവകലാശാലയിലെ മെഡിക്കൽ ക്ലിനിക്കിലെ ഹെമറ്റോളജിസ്റ്റ് മാഡിസൺ കാവിനെ സമീപിച്ചു. രക്തത്തിൽ അമിതമായ അളവിൽ മെത്തമോഗ്ലോബിൻ ഉണ്ടാകുമ്പോഴാണ് ഇങ്ങനെ രക്തം നീല നിറമാകുന്നത് എന്നദ്ദേഹം വിശദീകരിച്ചു. ഫ്യൂഗേറ്റ് കുടുംബത്തെ സംബന്ധിച്ചിടത്തോളം, അവരുടെ രക്തത്തിലെ അമിതമായ നീല മെത്തമോഗ്ലോബിൻ അവരുടെ ചർമ്മത്തിന്റെ നിറം നീലയാക്കി. അത് അവർക്ക് ശാരീരിക ഉപദ്രവങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും, മാനസികമായി അവരെ വളരെ വേദനിപ്പിച്ചു. 

അസുഖത്തിന്റെ പ്രതിവിധിയായി മെത്തിലീൻ നീല ഡൈ ഡോക്ടർമാർ ടാബ്‌ലെറ്റ് രൂപത്തിൽ അവർക്ക് നൽകി. ഫ്യുഗേറ്റുകൾ ഇത് കഴിക്കുകയും ഏതാനും മിനിറ്റുകൾക്കുള്ളിൽ അവരുടെ ചർമ്മത്തിന്റെ നീലനിറം അപ്രത്യക്ഷമാവുകയും അവരുടെ ചർമ്മം പിങ്ക് നിറമാവുകയും ചെയ്തു. ജനിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ, ബെഞ്ചിയുടെ ചർമ്മത്തിന്റെ നിറവും ഒരു കുഞ്ഞിന്റെ ശരാശരി നിറത്തിലേക്ക് മാറാൻ തുടങ്ങി. ഏഴാമത്തെ വയസ്സായപ്പോൾ, ഈ നീല നിറത്തിന്റെ ഏതാണ്ട് എല്ലാം അദ്ദേഹത്തിന് നഷ്ടമായി. ഇന്ന് ബെഞ്ചിക്കും ഫ്യൂഗേറ്റ് കുടുംബത്തിലെ മിക്കവർക്കും നീലനിറം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും, തണുപ്പോ ദേഷ്യമോ വന്നാൽ അവരുടെ ശരീരം വീണ്ടും നീല നിറമാകാൻ തുടങ്ങും. അതുപക്ഷേ കുറച്ച് സമയത്തിനുള്ളിൽ അപ്രത്യക്ഷമാവുകയും ചെയ്യും. എന്നിരുന്നാലും പ്രയാസങ്ങളുടെയും, ഒറ്റപ്പെടലിന്റെയും, ആ നീല പാരമ്പര്യം നഷ്ടമായ ആശ്വാസത്തിലാണ് ഫ്യുഗേറ്റുകൾ ഇന്ന്. 
 

click me!