160 കിലോയില്‍ നിന്നും സോഭിക് സാഹു എന്ന യുവാവ് 85 കിലോയായി കുറഞ്ഞതിന് പിന്നിൽ ഒരു വേദനിപ്പിക്കുന്ന കഥയുണ്ട്. അമ്മയുടെ മരണശേഷം അന്ത്യകർമ്മങ്ങൾ ചെയ്യാൻ തൻ്റെ അമിതവണ്ണം തടസ്സമായപ്പോൾ എടുത്ത തീരുമാനമാണ് ഈ മാറ്റത്തിന് പിന്നിൽ. വായിക്കാം ആ കഥ. 

ശരീരഭാരം കുറക്കുക എന്നത് ഒരിക്കലും എളുപ്പമുള്ള ഒരു കാര്യമല്ല. കഠിനമായ വ്യായാമങ്ങളും വിട്ടുവീഴ്ചകളും ഒക്കെ അതിനായി വേണ്ടിവരും. ഒരിക്കൽ 160 കിലോഗ്രാം ഭാരമുണ്ടായിരുന്ന സോഭിക് സാഹുവും സ്ഥിരമായ വ്യായാമങ്ങളിലൂടെയും കൃത്യമായ ഡയറ്റിലൂടെയുമാണ് 85 കിലോഗ്രാം ഭാരം കുറച്ചത്. എന്നാൽ, അങ്ങനെ കുറച്ചതിന് പിന്നിലെ കഥയാണ് ഇപ്പോൾ ആളുകളെ സ്പർശിക്കുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ ഒരു വീഡിയോയിൽ, തന്റെ ആ യാത്രയെക്കുറിച്ച് സോഭിക് എന്ന 22 -കാരൻ തുറന്നു പറയുകയായിരുന്നു.

സോഭിക്ക് പറയുന്നത്, ‌'തന്റെ ശരീരത്തേക്കാൾ കൂടുതൽ ഭാരം ഹൃദയത്തിലായിരുന്നു' എന്നാണ്. ഭാരം കൂടിയതിനൊപ്പം ഉയർന്ന രക്തസമ്മർദ്ദം, ടൈപ്പ് 1 പ്രമേഹം, ആസ്ത്മ, ആർത്രൈറ്റിസ് തുടങ്ങിയ അവസ്ഥകളുമായി മല്ലിടുകയായിരുന്നു അവൻ. അമ്മയുടെ മരണത്തോടെയാണ് ജീവിതംതന്നെ മാറ്റിമറിച്ച ആ നിമിഷം ഉണ്ടായതെന്ന് സോഭിക് പറയുന്നു. അന്ന് അവന് ധരിക്കാൻ ലഭിച്ച പിപിഇ സ്യൂട്ട് വളരെ ചെറുതും, ഇറുകിയതും ആയിരുന്നു. അതിനാൽ തന്നെ അവന്റെ തടി കൂടുതലായത് കാരണം, അമ്മയുടെ അന്ത്യകർമങ്ങൾ നടത്താൻ സോഭിക്കിന് അനുവാദം കിട്ടിയില്ല.

എന്നാൽ, വിട്ടുകൊടുക്കാൻ തയ്യാറാവാതെ രണ്ട് പിപിഇ കിറ്റ് ധരിച്ച് അവൻ അമ്മയുടെ അന്ത്യകർമ്മങ്ങൾ ചെയ്തു. 'എന്നാൽ, അന്ന് താൻ ഒരു കാര്യം തീരുമാനിച്ചു, താൻ ഇങ്ങനെ ജീവിക്കില്ല, മാറും, അത് തനിക്ക് വേണ്ടിയും തന്നെ വിശ്വസിച്ച അമ്മയ്ക്ക് വേണ്ടിയും ആണ്' എന്ന് സോഭിക്ക് പറയുന്നു. അങ്ങനെ ഓരോ ചുവടുകൾ വച്ച്, ഓരോ വേദനയും സഹിച്ച് അവൻ തന്റെ യാത്ര തുടങ്ങി. അങ്ങനെയാണ് അവൻ തന്റെ ഭാരം കുറച്ചത്. ഇനി അതിൽ നിന്നും പിന്നോട്ടില്ല എന്നും സോഭിക് പറയുന്നു. 'ഇത് വെറുമൊരു ശരീരഭാരം കുറയ്ക്കൽ മാത്രമല്ല, തന്നെ പോരാളിയായി വളർത്തിയ, തന്നിൽ വിശ്വസിച്ച അമ്മയ്ക്കുള്ള ആദരവ് കൂടിയാണ്' എന്നും അവൻ പറഞ്ഞു.