ഈ നഗരത്തിലെ ഓടകളിലെല്ലാം ശുദ്ധമായ, പളുങ്കുപോലുള്ള വെള്ളം, നീന്തിത്തുടിച്ച് അലങ്കാര മീനുകൾ; കാരണമിത്

Web Desk   | others
Published : Apr 08, 2020, 01:27 PM ISTUpdated : Apr 08, 2020, 01:49 PM IST
ഈ നഗരത്തിലെ ഓടകളിലെല്ലാം ശുദ്ധമായ, പളുങ്കുപോലുള്ള വെള്ളം, നീന്തിത്തുടിച്ച് അലങ്കാര മീനുകൾ; കാരണമിത്

Synopsis

ഇന്ന് നൂറുകണക്കിന് മീനുകളാണ് ആ വെള്ളത്തിൽ നീന്തിക്കളിക്കുന്നത്. വിനോദസഞ്ചാരികൾ അവയെ കാണാനും, അവയ്ക്ക് തീറ്റ ഇട്ടുകൊടുക്കാനും തടിച്ചുകൂടുന്നു.

മിക്ക നഗരങ്ങളിളെയും അഴുക്കുചാലുകൾ രോഗങ്ങളുടെ മുഖ്യകേന്ദ്രങ്ങളാണ്. ദുർഗന്ധവും അഴുക്കും കാരണം മൂക്കുപൊത്തിയാണ് നമ്മൾ പലപ്പോഴും അതിനരികിലൂടെ പോകാറുള്ളത്. കറുകറുത്ത ആ വെള്ളത്തിൽ ഈച്ചയും കൊതുകും പെറ്റുപെരുകുന്നു. എന്നാൽ, ഓടകളിൽ കണ്ണാടിപോലെ തിളങ്ങുന്ന വെള്ളവും,  അതിൽ ഓടിക്കളിക്കുന്ന അലങ്കാര മത്സ്യങ്ങളെയും സങ്കൽപ്പിക്കാൻ സാധിക്കുമോ? ഇല്ലെങ്കിൽ ജപ്പാനിലെ ഷിമാബര നഗരത്തിലേക്ക് സ്വാഗതം. അവിടെ തെരുവിന്റെ അരികുകളിൽ ആഴം കുറഞ്ഞ, വൃത്തിയുള്ള ചാലുകൾ കാണാം. പളുങ്കുപോലുള്ള ആ വെള്ളത്തിൽ നൂറുകണക്കിന് അലങ്കാര മീനുകളും കാണാം. എങ്ങനെ ഈ ചാലുകളിൽ ഇത്ര ശുദ്ധമായ വെള്ളമുണ്ടായി എന്നൊരു സംശയം സ്വാഭാവികമായും തോന്നാം. അതിനു പിന്നിലൊരു കാരണമുണ്ട്. 

ഷിമാബര നഗരത്തിന് സമീപമുള്ള സജീവമായ അഗ്നിപർവ്വതമാണ് മൗണ്ട് അൺസെൻ. 1792 ൽ മൗണ്ട് അൺസെൻ പൊട്ടിത്തെറിച്ച് ജപ്പാനിൽ 15, 000 -ത്തോളം ആളുകൾ കൊല്ലപ്പെടുകയുണ്ടായി. 1990 മുതൽ 1995 വരെ അഗ്നിപർവ്വതം വളരെ സജീവമായിരുന്നു, 1991 -ൽ ഒരു വലിയ പൊട്ടിത്തെറിയിൽ, മൂന്ന് അഗ്നിപർവ്വത ശാസ്ത്രജ്ഞർ ഉൾപ്പെടെ 43 പേർ മരിച്ചു. എന്നാൽ, ഈ ദുരന്തം ഷിമാബര നഗരത്തിന് ഒരു വലിയ അത്ഭുതം സമ്മാനിച്ചു.  ഇതിനുശേഷം നഗരത്തിൽ ഡസൻ കണക്കിന് ശുദ്ധജല ഉറവകൾ പൊട്ടിയൊഴുകാൻ തുടങ്ങി. ജപ്പാനിലെ തന്നെ ഏറ്റവും ശുദ്ധമായ നീരുറവകളുള്ള ഒരു നഗരമായി അത് മാറി. ഇന്ന്  “ജലനഗരം” എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഷിമാബാരയിലുടനീളം 60 ശുദ്ധജല ഉറവകളെങ്കിലും ഉണ്ടെന്നാണ് അനുമാനിക്കുന്നത്. അവയിൽ ചിലത് തെരുവുകളുടെ ഓരത്തുള്ള അഴുക്കുചാലുകളിൽ കൂടി ഒഴുകുന്നു. ഇതിൽ ഏറ്റവും രസകരമായ കാര്യം, വെള്ളം വളരെ ശുദ്ധമായതിനാൽ, ഒരു ഘട്ടത്തിൽ അവയിൽ കുറച്ച് കോയി ഫിഷ് എന്നറിയപ്പെടുന്ന അലങ്കാര മത്സ്യത്തെ ഇടാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. ഈ മീനുകളുടെ പ്രത്യേകത, അവയ്ക്ക് വളരെ ഉയർന്ന ഗുണനിലവാരമുള്ള ജലത്തിൽ മാത്രമേ ജീവിക്കാൻ സാധിക്കൂ എന്നതാണ്. അതുകൊണ്ട് തന്നെ ആ പ്രദേശത്തെ ജലത്തിന്റെ പരിശുദ്ധിയുടെ ഒരു യഥാർത്ഥ തെളിവു കൂടിയാണ് ജലത്തിൽ കാണുന്ന ഈ മീനുകൾ.  

ഇന്ന് നൂറുകണക്കിന് മീനുകളാണ് ആ വെള്ളത്തിൽ നീന്തിക്കളിക്കുന്നത്. വിനോദസഞ്ചാരികൾ അവയെ കാണാനും, അവയ്ക്ക് തീറ്റ ഇട്ടുകൊടുക്കാനും തടിച്ചുകൂടുന്നു. മത്സ്യങ്ങൾക്ക് ഭക്ഷണം നൽകരുത് എന്ന് പലയിടത്തും എഴുതിവച്ചിട്ടുണ്ടെങ്കിലും, ആളുകൾക്ക് കൗതുകം അടക്കാൻ കഴിയാതെ പലപ്പോഴും അവയ്ക്ക് തീറ്റ ഇട്ടുകൊടുക്കാറുണ്ട് എന്നതാണ് വാസ്തവം.  അത്രയ്ക്ക് മനോഹരമാണ് ആ കാഴ്ച. വെള്ള, കറുപ്പ്, ചുവപ്പ്, ഓറഞ്ച് എന്നീ നിറങ്ങളിൽ കാണപ്പെടുന്ന അവയ്ക്ക്  70 സെന്റിമീറ്റർ വരെ നീളത്തിൽ വളരാൻ കഴിയും. അവ വെള്ളത്തിൽ നീന്തിക്കളിക്കുന്നത് വേണമെങ്കിൽ മണിക്കൂറുകളോളം നോക്കിയിരിക്കാം. പ്രകൃതിയും മനുഷ്യനും ഇഴചേർന്ന് കഴിയുന്ന ജാപ്പനീസ് സംസ്കാരത്തിന്റെ മനോഹരമായ ഒരു ഉദാഹരണമാണ് ഷിമാബര.

PREV
click me!

Recommended Stories

ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ
190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു