
65 വർഷത്തോളം ഡോ. വി ശാന്തയ്ക്ക് വീടെന്നാൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടായിരുന്നു. രാജ്യത്തെ ഏറ്റവും അറിയപ്പെടുന്ന, പ്രിയപ്പെട്ട ഓങ്കോളജിസ്റ്റ് ജീവിച്ചത് ആശുപത്രിയുടെ മുകളിലത്തെ നിലയിലാണ്. വർഷങ്ങളോളം, അവരുടെ സ്വീകരണമുറിയും, കിടപ്പുമുറിയും, പഠനമുറിയുമെല്ലാം ആ ഒറ്റമുറിയായിരുന്നു. “എനിക്ക് ഇത് തന്നെ ധാരാളം. മുഴുവൻ സമയവും രോഗികളുമായി ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” 2012 -ൽ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ ഒരു അഭിമുഖത്തിൽ അവർ പറഞ്ഞു. കാൻസർ വന്നാൽ മരണം എന്നുറപ്പിക്കുന്ന ഒരു കാലത്തായിരുന്നു അവർ ഈ മേഖലയിലേയ്ക്ക് കാലെടുത്തു വച്ചത്. അതിൽപിന്നെ അവരുടെ ജീവിതവും, കർമ്മപഥവും ഇത് മാത്രമായിരുന്നു. ഒൻപത് പതിറ്റാണ്ടിലേറെയായി കാൻസർ പരിചരണ മേഖലയിൽ പ്രവർത്തിച്ചിരുന്ന ആ 93 -കാരി എന്നാൽ ഇനിയില്ല. അടയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർപേഴ്‌സൺ ആയിരുന്ന ഡോ. വി. ശാന്ത ചൊവ്വാഴ്ച രാവിലെ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു. മരിക്കുന്നതിന്റെ തലേദിവസം പോലും അവർ വൈകിട്ട് അഞ്ച് മണി വരെ ജോലി ചെയ്യുകയായിരുന്നു.
കാൻസർ ചികിത്സ ഒരു വിദൂരസ്വപ്നം മാത്രമായിരുന്ന നമ്മുടെ രാജ്യത്ത് സംഭവിച്ച ഒരു പ്രതിഭാസമാണ് ചെന്നൈയിലെ അഡയാറിലെ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട്. അതിന്റെ ആദ്യദിനം മുതൽ പിന്നീടുള്ള അതിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഡോ. ശാന്ത ഒപ്പമുണ്ടായിരുന്നു. ക്യാൻസറിനുള്ള അത്യാധുനിക ചികിത്സ ഒരു സാധാരണ വ്യക്തിക്ക് താങ്ങാവുന്നതാക്കി മാറ്റുന്നതിൽ അവർ പ്രധാന പങ്കുവഹിച്ചു. 1954 -ൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുമ്പോൾ രണ്ട് ഡോക്ടർമാർ, രണ്ട് നഴ്സുമാർ, 12 കിടക്കകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ഇന്ന് 400 -ലധികം കിടക്കകളുള്ള ഒരു വലിയ ആശുപത്രിയായി അത് മാറി. അതിൽ 300 എണ്ണവും സൗജന്യമാണ്. കാൻസർ രോഗികളുടെ പുരോഗതിക്കായി ജീവിതം സമർപ്പിച്ച ഒരു അപൂർവ വനിതയായിരുന്നു ഡോക്ടർ. ഭയന്ന് വിറച്ച് ദുർബലമായ ശരീരവുമായി രോഗികൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവാടത്തിൽ എത്തുമ്പോൾ, ഒരൊറ്റ മുഖമാണ് അവർ തേടിയിരുന്നത്, അത് ഡോക്ടറുടേതായിരുന്നു.
1927 മാർച്ച് 11 -ന് ചെന്നൈയിലെ മൈലാപ്പൂരിൽ ജനിച്ച ശാന്ത ഒരു വിശിഷ്ട കുടുംബത്തിലാണ് ജനിച്ചത്. അതിൽ രണ്ട് നൊബേൽ പുരസ്കാര ജേതാക്കളും ഉൾപ്പെടുന്നു. പ്രശസ്ത ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനായ സി.വി. രാമൻ അവരുടെ മുത്തച്ഛനും, എസ്. ചന്ദ്രശേഖർ (ജ്യോതിശ്ശാസ്ത്രജ്ഞൻ) അമ്മാവനും ആയിരുന്നു. ചെന്നൈയിലെ നാഷണൽ ഗേൾസ് ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ കുട്ടിക്കാലം മുതൽ ഡോക്ടറാകാൻ ആഗ്രഹിച്ചു. 1948 -ൽ മദ്രാസ് മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് എടുത്ത്, 1952 -ൽ ഡി.ജി.ഒയിലും, 1955 -ൽ പ്രസവചികിത്സയിലും ഗൈനക്കോളജിയിലും എം.ഡി നേടുകയും ചെയ്‌തു. എന്നിരുന്നാലും, പിന്നീട് ഡോ. മുത്തുലക്ഷ്മി റെഡ്ഡി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചപ്പോൾ, ശാന്ത ഓങ്കോളജി രംഗത്ത് ജീവിതം സമർപ്പിച്ചു. 1952 -ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവാണ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപന ചടങ്ങ് നടത്തിയത്. ഓണററി സ്റ്റാഫായി ജോലി ആരംഭിച്ച് മൂന്നു വർഷത്തിനുശേഷം പ്രതിമാസം 200 രൂപയും ക്യാമ്പസിനുള്ളിൽ താമസവും അവർക്ക് ലഭിച്ചു. 1955 ഏപ്രിൽ 13 -ന് കാമ്പസിലേക്ക് താമസം മാറിയ ശേഷം ജീവിതാവസാനം വരെ അവർ അവിടെ താമസിച്ചു.
സ്ഥാപനത്തിന്റെ തുടക്കത്തിൽ ഒരുപാട് പ്രയാസങ്ങൾ നേരിട്ടതായി അവർ പറയുകയുണ്ടായി. രോഗികൾക്കും പരിചരണം നൽകുന്നവർക്കുമുള്ള ഭക്ഷണം ഡോ. മുത്തുലക്ഷ്മി റെഡ്ഡിയുടെ വീട്ടിൽ പാചകം ചെയ്ത് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ വാർധ ജില്ലയിലെ മഹാത്മാഗാന്ധിയുടെ ആശ്രമം കണക്കെ ഒരു കുടിലിലായിരുന്നു ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. രോഗികളെ ചികിത്സിക്കാൻ രണ്ട് മെഡിക്കൽ പ്രൊഫഷണലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. "ഇൻസ്റ്റിറ്റ്യൂട്ടിനായി ഒരു സ്ഥലം ലഭിക്കുന്നതിനും അത് മുന്നോട്ട് കൊണ്ടുപോകുന്നതിനും വേണ്ടി ഡോ. മുത്തുലക്ഷ്മി റെഡ്ഡി നടത്തിയ പോരാട്ടം അസാധാരണമാണ്” ഡോ. ശാന്ത ഒരിക്കൽ പറഞ്ഞു. "അന്നൊക്കെ ക്യാൻസറിനെ ഒരു "കർമ്മവ്യാധി’ (പഴയകാല പ്രവൃത്തികൾ മൂലമുണ്ടായ രോഗം) ആയിട്ടാണ് കണക്കാക്കിയിരുന്നത്. ക്യാൻസർ ഭേദപ്പെടുത്താവുന്നതും തടയാൻ കഴിയുന്നതുമായ ഒരു രോഗമാണെന്ന് സർക്കാരിനെയും കോർപ്പറേറ്റ് സ്ഥാപനങ്ങളെയും പൊതുജനങ്ങളെയും ബോധ്യപ്പെടുത്താൻ ഞങ്ങൾ വളരെ പണിപ്പെട്ടു” ഡോ. ശാന്ത കൂട്ടിച്ചേർത്തു. എന്നാൽ, പിന്നീട് കൂടുതൽ ആളുകൾ ഇതിനെ കുറിച്ച് ബോധവമാരാവുകയും, കൂടുതൽ പൊതുജന പിന്തുണ ലഭിക്കുകയും ചെയ്തു. ഇന്ന് ഇൻസ്റ്റിറ്റ്യൂട്ടിൽ, പ്രതിവർഷം, ഏകദേശം 1,65,202 രോഗികൾ വരുന്നു. പലപ്പോഴും അത്യാധുനിക ചികിത്സ താങ്ങാൻ കഴിയാത്ത പാവപ്പെട്ടവർക്ക് ശാന്ത സൗജന്യമായി ചികിത്സ നൽകുമായിരുന്നു. അവർ ഒരു ഇതിഹാസവും, ദരിദ്രരുടെ രക്ഷകയുമായിരുന്നു.
രാജ്യത്തെ ഏറ്റവും മികച്ച സിവിലിയൻ അവാർഡുകളായ റാമോൺ മഗ്സെസെ അവാർഡ്, പത്മശ്രീ, പത്മഭൂഷൻ, പത്മവിഭുഷൻ എന്നിവ അവർക്ക് ലഭിച്ചിട്ടുണ്ട്. തനിക്ക് കിട്ടിയ അവാർഡുകളേക്കാൾ തന്റെ രോഗികൾ നൽകിയ സ്നേഹമാണ് അവരെ കൂടുതൽ സന്തോഷിപ്പിച്ചിരുന്നത്. “ഡോക്ടർമാർ എന്ന നിലയിൽ, ഓരോ രോഗിയും അവരുടെ ജീവിതമാണ് നമ്മെ ഏൽപ്പിക്കുന്നതെന്ന ഓർമ്മ വേണം. നമ്മൾ ഏറ്റെടുക്കുന്ന ഉത്തരവാദിത്തം എത്ര വലുതാണ് എന്ന് നാം മനസിലാക്കണം” അവർ ഒരിക്കൽ പറഞ്ഞു. എന്നാൽ, അത് മറ്റാരേക്കാളും അധികമായി മനസ്സിലാക്കിയ ആളായിരുന്നു ഡോ. ശാന്ത. ഒരു ഡോക്ടറും രോഗിയുമായുള്ള ബന്ധം പവിത്രവും, ശ്രേഷ്ഠവുമാണ് എന്നവർ തന്റെ ജീവിതത്തിലൂടെ കാണിച്ചു തന്നു.