ആരും ക്ഷണിക്കാതെ തന്നെ വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കുകൊണ്ട നായ, അമേരിക്കയിലെ പ്രതിഷേധത്തിന്‍റെ മുഖമായതിങ്ങനെ

By Web TeamFirst Published Jun 4, 2020, 12:32 PM IST
Highlights

പ്രതിഷേധങ്ങളിലുടനീളം, എൽ നീഗ്രോ തന്റെ സുഹൃത്തുക്കളോടൊപ്പം നിന്നു, അവരെ പിന്തുണക്കുകയും അക്രമത്തിൽ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്‍തു.

46 -കാരനായ ജോർജ്ജ് ഫ്ലോയിഡിനെ പൊലീസ് കൊലപ്പെടുത്തിയതിനെത്തുടർന്ന് അമേരിക്കയിലുടനീളം പ്രക്ഷോഭങ്ങൾ നടക്കുകയാണ്. എന്നാൽ, കഴിഞ്ഞ വർഷവും ഇതുപോലെ അനവധി ആഫ്രിക്കൻ അമേരിക്കൻ യുവാക്കൾ പ്രതിഷേധവുമായി തെരുവിലിറങ്ങുകയുണ്ടായി. 2019 ഒക്ടോബറിൽ പൊലീസ് ഒരു ആഫ്രിക്കൻ അമേരിക്കൻ പൗരനെ സബ്‌വേയിൽ വെച്ച് മർദ്ദിച്ചതിനെ തുടർന്നായിരുന്നു സമരം. എന്നാൽ, ആ സമരത്തിന്റെ ഭാഗമായി ഒരു നായയുടെ പോസ്റ്ററുകളും ആനിമേഷനുകളും പ്രതിഷേധത്തിനിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നു. ആ നായ ആരാണ്? ഈ സമരവുമായി അതിനുള്ള ബന്ധമെന്താണ്?

എൽ നീഗ്രോ മാറ്റാപാക്കോസ് എന്നാണ് അവന്റെ പേര്. 2011 -ൽ ചിലിയിൽ വിദ്യാർത്ഥി പ്രക്ഷോഭം നടന്നപ്പോൾ മുൻനിരയിൽ അവനുമുണ്ടായിരുന്നു. രാജ്യത്തെ വിദ്യാഭ്യാസ ചട്ടക്കൂടിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ അന്ന് പ്രതിഷേധം നടത്തിയത്. എൽ നീഗ്രോ മിക്ക പ്രതിഷേധങ്ങളിലും പങ്കെടുത്തിരുന്നെങ്കിലും, അവൻ ഒരിക്കലും ആരെയും വേദനിപ്പിച്ചില്ല, ഭയപ്പെടുത്തിയില്ല. എന്നാൽ, പൊലീസ് വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടപ്പോൾ അവൻ ആദ്യമായി മുരണ്ടു. അപ്പോൾ മാത്രമാണ് അവൻ അക്രമാസക്തനായത്. കറുത്ത വർഗ്ഗക്കാരെ തലങ്ങും വിലങ്ങും അടിച്ചു കൊണ്ടിരിക്കുന്ന പൊലീസുകാർക്ക് നേരെ പല്ലിറുമ്മിക്കൊണ്ടവൻ ചീറിയടുത്തു. അവനെ എല്ലാവരും സ്നേഹത്തോടെ നീഗ്രോ മാറ്റാപാക്കോസ് എന്ന് വിളിക്കാൻ തുടങ്ങി. 'ബ്ലാക്ക് കോപ്പ് കില്ലർ' എന്നാണ് ആ പേരിന്‍റെ അർത്ഥം. പക്ഷേ, ഇങ്ങനെയൊക്കെയാണെങ്കിലും അവൻ ആരെയും ഉപദ്രവിച്ചില്ല.  

പ്രതിഷേധങ്ങളിലുടനീളം, എൽ നീഗ്രോ തന്റെ സുഹൃത്തുക്കളോടൊപ്പം നിന്നു, അവരെ പിന്തുണക്കുകയും അക്രമത്തിൽ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്‍തു. ജലപീരങ്കികളെ ഭയമായിരുന്നിട്ടുപോലും, അവൻ പ്രതിഷേധക്കാർക്ക് വേണ്ടി അതിനെ നേരിട്ടു. മനുഷ്യരെപ്പോലെ ശരിയായ കാര്യങ്ങൾക്കായി ശബ്‌ദമുയർത്താനും, അവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും അവൻ തുനിഞ്ഞു. അങ്ങനെ പ്രതിഷേധത്തിന്റെ വേറിട്ട മുഖമായി അവൻ മാറി.

സാന്‍റിയാഗോ തെരുവുകളിലാണ് അവൻ ജീവിച്ചത്.  2009 -ൽ യൂണിവേഴ്സിറ്റിയുടെ അടുത്ത് താമസിച്ചിരുന്ന മരിയ കാമ്പോസ്, എൽ  നീഗ്രോയെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവൻ അവരുടെ സംരക്ഷണയിൽ കഴിഞ്ഞു. എന്നിരുന്നാലും പകൽ മുഴുവൻ ചുറ്റിത്തിരിയാനുള്ള സ്വാതന്ത്ര്യം അവനുണ്ടായിരുന്നു. അങ്ങനെ പകൽ സമയം എൽ നീഗ്രോ സർവകലാശാല കാമ്പസിൽ ചെലവഴിക്കാൻ തുടങ്ങി. പതുക്കെ അവൻ അവിടത്തെ വിദ്യാർത്ഥികളുമായി ചങ്ങാത്തത്തിലായി. 2011 -ൽ സൗജന്യവും നിലവാരമുള്ളതുമായ പൊതുവിദ്യാഭ്യാസം ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ മാർച്ചുകൾ സംഘടിപ്പിക്കുകയുണ്ടായി. തന്റെ പ്രിയപ്പെട്ടവരെ സമരമുഖത്തിൽ കണ്ട അവനും അവർക്കായി സമരത്തിനിറങ്ങുകയായിരുന്നു. പൊലീസ് ഇവർക്കെതിരെ കണ്ണീർ വാതകവും ജലപീരങ്കികളും ഉപയോഗിച്ചു. എല്ലാ ദിവസവും കാലത്ത് മരിയ കൂടുതുറന്ന് അവനെ പുറത്തുവിടുമ്പോൾ വിദ്യാർത്ഥികളോടൊപ്പം ചേരാൻ ആരും ക്ഷണിക്കാതെ തന്നെ അവൻ ഓടിവരുമായിരുന്നു.  

2017 -ൽ അവൻ വിടവാങ്ങി. പൊലീസുകാർ ഫ്ലോയിഡിനെ കാൽമുട്ട് കഴുത്തിലമർത്തി കൊലപ്പെടുത്തിയതും, അതിനെ തുടർന്ന് അവിടെ നടക്കുന്ന സംഘർഷവും അവന്റെ കഥയെ കൂടുതൽ പ്രസക്തമാക്കുന്നു. കഴിഞ്ഞ ആഴ്ചയിലുടനീളം പൊലീസും പ്രതിഷേധക്കാരും തമ്മിൽ അക്രമാസക്തമായ ഏറ്റുമുട്ടലുകൾ തുടർന്നപ്പോൾ സോഷ്യൽ മീഡിയയിൽ പലരും എൽ നീഗ്രോയുടെ പോസ്റ്ററുകളും ഫോട്ടോഗ്രാഫുകളും കലാസൃഷ്ടികളും പങ്കിട്ടു.  

click me!