ഒരു മാസം ലഭിക്കേണ്ട പിതൃത്വ അവധി, ക്ലയന്റുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നതിനാൽ കമ്പനി ഒരാഴ്ചയായി വെട്ടിക്കുറച്ചെന്ന് യുവാവ്. അവധി വെട്ടിച്ചുരുക്കിയത് ക്രൂരമാണെന്നും മനുഷ്യത്വമില്ലായ്മയാണ് എന്നും യുവാവ് കുറിച്ചിരിക്കുന്നത് കാണാം. 

കുഞ്ഞു ജനിച്ചതിന് പിന്നാലെ മാതാപിതാക്കൾ പല രാജ്യങ്ങളിലും ലീവ് അനുവദിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, അങ്ങനെ പിതാക്കന്മാർക്ക് ലഭിക്കുന്ന അവധി വെട്ടിക്കുറച്ച കമ്പനിയുടെ നടപടിക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ഒരു കുറിപ്പാണ് ഇപ്പോൾ ചർച്ചയാവുന്നത്. റെഡ്ഡിറ്റിലാണ് യുവാവ് കുറിപ്പ് ഷെയർ ചെയ്തിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

പേപ്പറിൽ ഒരു മാസമുണ്ടെങ്കിലും വെറും ഒരാഴ്ച മാത്രമാണ് പിതൃത്വ അവധി ലഭിച്ചത് എന്നാണ് യുവാവ് പറയുന്നത്. ക്ലയന്റുകളുമായി നേരിട്ട് ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ജീവനക്കാർക്ക് പിതൃത്വ അവധി വെറും ഒരാഴ്ചയായി പരിമിതപ്പെടുത്തിയിരിക്കുകയാണ് എന്നും യുവാവ് പറയുന്നു. കമ്പനി നിയമപ്രകാരം ഒരു മാസത്തെ അവധിക്ക് അർഹതയുണ്ടെങ്കിലും, ക്ലയന്റിന്റെ കലണ്ടർ ചൂണ്ടിക്കാട്ടി അത് ഏഴു ദിവസമാക്കി കുറയ്ക്കുകയായിരുന്നു. ഇതിൽ പകുതിയിലധികം ദിവസങ്ങളും ആശുപത്രിയിലെ നടപടിക്രമങ്ങൾക്കായി ചിലവാകും. നിങ്ങൾ കുഞ്ഞുമായി വീട്ടിലെത്തി കുട്ടിയുടെ ഉറക്കം, ഭക്ഷണം, അമ്മയുടെ ആരോഗ്യം എന്നിവ ശ്രദ്ധിച്ചു തുടങ്ങുമ്പോഴേക്കും അവധി തീർന്നിട്ടുണ്ടാകും എന്നാണ് യുവാവ് കുറിച്ചിരിക്കുന്നത്.

തന്റെ സഹപ്രവർത്തകർ വിനോദയാത്രകൾക്കും വിശ്രമത്തിനുമായി ആഴ്ചകളോളം അവധി എടുക്കുമ്പോൾ ആരും ചോദ്യം ചെയ്യാറില്ലെന്നും, എന്നാൽ മുൻകൂട്ടി അറിയിച്ചിട്ടും തന്റെ പിതൃത്വ അവധി മാത്രം വെട്ടിച്ചുരുക്കിയത് ക്രൂരമാണെന്നും യുവാവ് ആരോപിക്കുന്നു. ഇത് വെറുമൊരു ആനുകൂല്യമല്ല, മറിച്ച് അടിസ്ഥാനപരമായ മനുഷ്യത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് യുവാവിന് പിന്തുണയുമായി എത്തിയത്: വെറും ഒരാഴ്ച എന്നത് അങ്ങേയറ്റം അനീതിയാണ് എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. എന്റെ കമ്പനി നൽകുന്നത് പൂജ്യം ദിവസമാണ് എന്നായിരുന്നു മറ്റൊരു ജീവനക്കാരൻ പഞ്ഞത്. കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും പിതൃത്വ അവധി നൽകേണ്ടത് അത്യാവശ്യമാണെന്നും പലരും ചൂണ്ടിക്കാട്ടി.