ആദ്യമായി ആഫ്രിക്കയില്‍ ഒരു കാറെത്തിയതിന്‍റെ ചരിത്രം, അതോടിച്ചത് ഇദ്ദേഹമാണ്...

By Web TeamFirst Published Jun 16, 2020, 11:26 AM IST
Highlights

വണ്ടി ഓടിക്കാൻ തുടങ്ങിയപ്പോൾ പക്ഷേ അതൊന്നുമല്ല സംഭവിച്ചത്. ആദ്യമായി ഓടിക്കുന്നത്തിന്റെ ഭയവും പരവേശവും ഒന്നും അദ്ദേഹത്തിനില്ലായിരുന്നു. വണ്ടിയുടെ വേഗത ഓരോ പ്രാവശ്യം കൂട്ടുമ്പോഴും, ഒരു കൊച്ചുകുട്ടിയെ പോലെ അദ്ദേഹം ഊറിച്ചിരിച്ചു.

1889 മുതൽ 1913-ൽ മരണം വരെ എത്യോപ്യ ഭരിച്ചിരുന്ന മെനെലിക് രണ്ടാമൻ ചക്രവർത്തി രാജ്യത്തെ ഭരണാധികാരികളിൽ ഏറ്റവും പ്രമുഖനായിരുന്നു. അദ്വ യുദ്ധത്തിൽ ഫാസിസ്റ്റ് ഇറ്റലിയുടെ ശക്തികളെ അദ്ദേഹം ധീരമായി പോരാടി തോൽപിച്ചു. ഇറ്റാലിയൻ സേനയെ വിജയകരമായി പരാജയപ്പെടുത്തിയ ആ യുദ്ധമായിരുന്നു ഒരു കൊളോണിയൽ ശക്തിക്കെതിരെ ഒരു ആഫ്രിക്കൻ രാജ്യം നേടിയ ആദ്യ വിജയം. 

ഇത് പിന്നീട് മറ്റ് യൂറോപ്യൻ ശക്തികളുമായുള്ള എത്യോപ്യയുടെ നയതന്ത്ര ബന്ധത്തെ ശക്തിപ്പെടുത്തി. കൂടുതൽ പാശ്ചാത്യർ എത്യോപ്യയിലേക്ക് വ്യാപാരത്തിനും, കൃഷിക്കും, വേട്ടയ്ക്കുമായി വരാൻ തുടങ്ങി. ഈ കാലയളവിലാണ് യൂറോപ്പിലെ റോഡുകളിൽ കാറുകൾ കണ്ടുതുടങ്ങിയത്. യൂറോപ്യൻ സാങ്കേതികവിദ്യയും ആധുനികതയും മെനെലിക് രണ്ടാമൻ എത്യോപ്യയിൽ പരിചയപ്പെടുത്താൻ തുടങ്ങി. ആദ്യത്തെ ആധുനിക ബാങ്ക്, ആധുനിക തപാൽ സംവിധാനം, ടെലിഫോൺ, ടെലിഗ്രാഫ് എന്നിവ അദ്ദേഹം തന്റെ രാജ്യത്ത് അവതരിപ്പിച്ചു. വാച്ചുകൾ, തോക്കുകൾ, ഫോണോഗ്രാഫുകൾ എന്നിവ പോലുള്ള യൂറോപ്യൻ ഉൽപ്പന്നങ്ങൾ സ്വന്തമാക്കിയ അദ്ദേഹത്തിന് ഒരു കാറും സ്വന്തമാക്കണമെന്ന് ആഗ്രഹം തോന്നി. 1907-ലായിരുന്നു ഇത്. ഇതറിഞ്ഞപ്പോൾ, അദ്ദേഹത്തിന് ആര് കാർ ആദ്യം വാങ്ങിക്കൊടുക്കും എന്ന മത്സരത്തിലായി പാശ്ചാത്യർ.  

ഒടുവിൽ ബ്രിട്ടീഷ് സൈനികനായ ബെഡെ ബെന്‍റ്‍ലി ആ ദൗത്യം ഏറ്റെടുത്തു. മെനെലികിന് പതിനെട്ട് ഹോഴ്‍സ് പവറുള്ള  ബെന്‍റ്‍ലി തന്നെ നൽകാൻ അദ്ദേഹം തീരുമാനിച്ചു. ഒരു സമ്മാനം കൊടുക്കുമ്പോൾ മോശമാവരുതല്ലോ എന്ന ചിന്തയിൽ കാറിന്റെ പ്രവർത്തനം വിലയിരുത്താൻ പർവ്വതനിരകളിലും, മരുഭൂമിയിലും അദ്ദേഹം ആദ്യം ആ വണ്ടിയൊന്ന് ഓടിച്ചു നോക്കി. വണ്ടിയുടെ കാര്യക്ഷമതയിൽ തൃപ്‍തനായ അദ്ദേഹം പിന്നീട് വണ്ടി എത്യോപ്യയിലെത്തിക്കാനുള്ള വഴി തേടി. എന്നാൽ, ഇത് വളരെ ദുഷ്‌കരമായ ഒരു ജോലിയായിരുന്നു. ഒരു മെക്കാനിക്ക്, സൊമാലിയൻ ഇന്‍റർപ്രെറ്റർ, ഒരു ബുൾഡോഗ് എന്നിവരടങ്ങുന്ന ബെന്‍റ്‍ലിയുടെ സംഘം, ഏഴ് മാസത്തെ നീണ്ട യാത്രക്കൊടുവിലാണ് എത്യോപ്യയിൽ എത്തിയത്. യാത്രക്കിടയിൽ ചൂടും, ദാഹവും, കാട്ടുമൃഗങ്ങളുടെ ശല്യവും, പട്ടിണിയും മൂലം അവർ വലഞ്ഞു. തങ്ങളുടെ വ്യാപാരത്തിന് ഭീഷണായാവുമോ എന്ന് ഭയന്ന ഒരുകൂട്ടം നാട്ടുകാരും ഇവരെ എതിർത്തു. എന്നാൽ, എത്യോപ്യൻ സൈന്യം നൽകിയ സായുധ അകമ്പടിയോടെ അവർ വിജയകരമായി കാർ എത്യോപ്യയിൽ എത്തിച്ചു.  

വണ്ടിയെ വരവേൽക്കാനായി ഇതിനകം തന്നെ തലസ്ഥാനത്തിന് ചുറ്റും നല്ല റോഡുകൾ അദ്ദേഹം നിർമ്മിച്ചിരുന്നു. മെനെലിക് രണ്ടാമൻ ആദ്യമായി തനിക്ക് സമ്മാനമായി ലഭിച്ച കാറിൽ യാത്രപോകാൻ തയ്യാറായി. അദ്ദേഹം തന്റെ വാച്ച് ഉപയോഗിച്ച് യാത്രകൾ ക്രമപ്പെടുത്തി. 1913 -ൽ യാത്ര പുറപ്പെടുന്നതിന് മുൻപ്, ബെന്‍റ്‍ലി ഓട്ടോമൊബൈലിന്റെ പ്രവർത്തനത്തെക്കുറിച്ച് ഒരു ഹ്രസ്വ പ്രഭാഷണം നടത്തി. അതെല്ലാം ശ്രദ്ധിച്ച് കേട്ടതിന് ശേഷം ചക്രവർത്തി ഇങ്ങനെ പറഞ്ഞു: “അതെ, അതെ. എന്നെ കൊല്ലാൻ മാത്രം ഇവനൊരു അരാജകവാദിയല്ലെന്ന് തോന്നുന്നു. കേട്ടപോലെ ഈ യന്ത്രം അത്ര അപകടകാരിയല്ല എന്ന് നാം മനസ്സിലാക്കുന്നു. കഴിഞ്ഞ ഒരു മാസമായി മിക്കവാറും എല്ലാ ദിവസവും ഞാൻ കേൾക്കുന്ന കാര്യം, കാറിൽ ഇരിക്കുന്ന നിമിഷം ഞാൻ പറന്നു പോകുമെന്നാണ്. എന്നാൽ, അത് വെറും വിഡ്ഢിത്തമാണെന്ന് ഇപ്പോൾ മനസ്സിലായി. കാർ ഓടിച്ചവർ അവസാന നിമിഷം കാറിൽ നിന്ന് ചാടാൻ പരിശീലിക്കണമെന്നും എന്നോട് പറഞ്ഞിരുന്നു." എന്നാൽ അത്തരത്തിലുള്ള ഒന്നും താൻ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.  

വണ്ടി ഓടിക്കാൻ തുടങ്ങിയപ്പോൾ പക്ഷേ അതൊന്നുമല്ല സംഭവിച്ചത്. ആദ്യമായി ഓടിക്കുന്നത്തിന്റെ ഭയവും പരവേശവും ഒന്നും അദ്ദേഹത്തിനില്ലായിരുന്നു. വണ്ടിയുടെ വേഗത ഓരോ പ്രാവശ്യം കൂട്ടുമ്പോഴും, ഒരു കൊച്ചുകുട്ടിയെ പോലെ അദ്ദേഹം ഊറിച്ചിരിച്ചു. യുദ്ധഭൂമിയിൽ പോരാടി മുന്നേറുന്ന പടയാളിയെ പോലെ അദ്ദേഹം വീഥികളിൽ വേഗത്തിൽ മുന്നേറി. കാറ്റിൽ അദ്ദേഹത്തിന്റെ മുടിയിഴകൾ പാറിപ്പറന്നു. സന്തോഷം കൊണ്ട് മതിമറന്ന അദ്ദേഹം ലോകം കീഴടക്കി ഒരു ജേതാവിനെ പോലെ തോന്നിച്ചു. അങ്ങനെ കാർ ഓടിക്കുന്ന ആദ്യത്തെ ആഫ്രിക്കക്കാരനായി അദ്ദേഹം. ആ കാർ യാത്ര ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി. എന്നാൽ ആഫ്രിക്കയിലെ റോഡുകളിൽ കാർ പ്രത്യക്ഷപ്പെടാൻ പിന്നെയും ഒരുപാട് കാലം പിടിച്ചു. 1930 -കളോടെ, ചില സമ്പന്ന വ്യക്തികളാണ്, പ്രത്യേകിച്ച് പശ്ചിമാഫ്രിക്കയിലും കിഴക്കൻ ആഫ്രിക്കയിലും, റോഡുകൾ വരുന്നതിന് മുൻപ് തന്നെ കാറുകൾ ഓടിക്കാൻ തുടങ്ങിയതെന്ന് ചില ചരിത്ര രേഖകൾ പറയുന്നു. 
 

click me!