പ്രതിഷേധങ്ങളില്‍ സജീവമായി യുവാക്കള്‍, വരുന്ന തെരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിക്കുമോ?

By Web TeamFirst Published Jun 15, 2020, 4:42 PM IST
Highlights

വിദ്യാര്‍ത്ഥികളായ ജാക്വലിന്‍ ബാലെയ്‍ന്‍ (23), കെറിഗന്‍ വില്ല്യംസ് (22) എന്നിവര്‍ ഓണ്‍ലൈനിലാണ് കണ്ടുമുട്ടുന്നത്. ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ കൊലപാതകം നടന്നതിന് തൊട്ടുപിന്നാലെയായിരുന്നു അത്. അവിടെനിന്നും മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ അവര്‍ ഫ്രീഡം ഫൈറ്റേഴ്‍സ് ഡിസി എന്ന ഒരു ഗ്രൂപ്പ് തുടങ്ങി. ഇപ്പോഴവര്‍ക്ക് 23,000 -ത്തിലധികം ഫോളോവേഴ്‍സുണ്ട് ഇന്‍സ്റ്റഗ്രാമില്‍. 

ജോര്‍ജ് ഫ്ലോയ്‍ഡ് കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെ ഷയ്‍ല അവേറിയെന്ന കൗമാരക്കാരി 2000 മൈല്‍ അകലെ താമസിക്കുന്ന തന്‍റെ സുഹൃത്തിന് ഒരു മെസ്സേജ് അയച്ചു. ഈ വിഷയത്തെ കുറിച്ച് അധ്യാപകര്‍ പോലും ഒന്നും സംസാരിക്കുന്നില്ലെന്ന വേദനിപ്പിക്കുന്ന സത്യം മനസിലാക്കിയതിനു പിന്നാലെയാണ് 'നമ്മള്‍ എന്തെങ്കിലും ചെയ്‍തേ തീരൂ' (We should do something) എന്ന മെസേജ് ആ പതിനാറുകാരി തന്‍റെ സുഹൃത്തിന് അയക്കുന്നത്. അങ്ങനെ അവിടെനിന്നും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവേറിയും അവളുടെ രണ്ട് സ്‍കൂള്‍ സുഹൃത്തുക്കളും ചേര്‍ന്ന് ആസൂത്രണം ചെയ്‍ത് ഒരു പ്രൊട്ടസ്റ്റ് നടത്തി. അവള്‍ ആസൂത്രണം ചെയ്‍തു സംഘടിപ്പിക്കുന്ന ജീവിതത്തിലെ ആദ്യത്തെ പ്രതിഷേധപരിപാടിയായിരുന്നു അത്. നൂറുപേരെങ്കിലും പങ്കെടുത്തേക്കാം എന്നു പ്രതീക്ഷിച്ച 'സ്റ്റാന്‍ഡ് വിത്ത് ബ്ലാക്ക് യൂത്ത്' എന്ന് പേരിട്ട ആ പ്രതിഷേധ പരിപാടിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ''നിങ്ങള്‍ എന്താണ് പറയുന്നത് എന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് തീര്‍ച്ചയുണ്ടെങ്കില്‍, നിങ്ങള്‍ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടെങ്കില്‍ പിന്നെ വേണ്ടത് ഒരു കരുത്തുറ്റ ശബ്‍ദം മാത്രമാണ്.'' - അവേറി പറയുന്നു. 

ഫ്ലോയ്‍ഡിന്‍റെ കൊലപാതകം നടന്ന് മൂന്നാഴ്‍ചകള്‍ക്കുള്ളില്‍ത്തന്നെ ഇതുപോലെയുള്ള യുവാക്കള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധവുമായി സംഘടിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധസ്വരം തന്നെ യുവാക്കള്‍ ഉയര്‍ത്തി. അതില്‍ പലരും ആദ്യമായാണ് അത്തരത്തിലൊരു പ്രതിഷേധ പരിപാടിയുടെ ഭാഗമാവുന്നതുപോലും. ''ഇതുപോലെയുള്ള ചെറുപ്പക്കാര്‍ ഇത്തരം പ്രതിഷേധ പരിപാടികളുടെ ഭാഗമാവുന്നത് കാണുന്നത് കരുത്ത് നല്‍കുന്നതാണ്. ബ്ലാക്ക് യൂത്ത് ആണ് ഭൂരിഭാഗവും അവരുടെ വിഭാഗത്തിനകത്ത് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നതും ആവേശം നല്‍കുന്ന കാര്യമാണെ''ന്ന് അലയന്‍സ് ഫോര്‍ യൂത്ത് ആക്ഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സാറാ ഒഡേലോ പറയുന്നു. അവിടെ അലയടിക്കുന്ന പ്രതിഷേധത്തിലേറിയപങ്കും ജനറേഷന്‍ സെഡ്ഡിന്‍റെ (Gen -Z) നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന പ്രതിഷേധമാണ്. 

വിവരങ്ങള്‍ പെട്ടെന്ന് പങ്കുവെക്കാന്‍ കഴിയുന്നതും ഓണ്‍ലൈന്‍ സാധ്യതകള്‍ ഉപയോഗിച്ച് പരിപാടികള്‍ സംഘടിപ്പിക്കാനാവുന്നതും എല്ലാം യുവാക്കള്‍ സംഘടിപ്പിക്കുന്ന പ്രതിഷേധപരിപാടികള്‍ വിജയിക്കാന്‍ കാരണമാകാറുണ്ട്. ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ടിക്ടോക് തുടങ്ങിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളെല്ലാം ഇതില്‍ പ്രധാന ആയുധങ്ങളായി മാറുന്നു. ടെയ്‍ലര്‍ മാക്ജീ എന്ന ഇരുപത്തിരണ്ടുകാരി മിനയപൊളിസില്‍ വുമണ്‍ ഫോര്‍ പൊളിറ്റിക്കല്‍ ചെയ്ഞ്ചസിനുവേണ്ടി പ്രവര്‍ത്തിക്കുകയാണ്. തന്‍റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആയ ബ്ലാക്ക് ഡിസബിലിറ്റി കളക്ടീവിലൂടെ അവര്‍ പേഴ്‍സണല്‍ പ്രൊട്ടക്ടീവ് എക്വിപ്മെന്‍റും മെഡിക്കല്‍ സഹായങ്ങളും പ്രതിഷേധക്കാര്‍ക്ക് ലഭ്യമാക്കുന്നു. 2014 -ല്‍ ഒരു പൊലീസ് ഷൂട്ടിങ്ങില്‍ പ്രതിഷേധിച്ചതാണ് അവളുടെ ആദ്യ പ്രതിഷേധം. പിന്നീട് നിരവധി പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്ത അവള്‍ ഒരു സംഘാടക കൂടിയായി മാറുകയായിരുന്നു. Gen -Z പ്രതിഷേധം എന്നതില്‍ അതിനെ ഒതുക്കിനിര്‍ത്താനാവില്ലെന്നും ഒട്ടേറെ യുവാക്കള്‍ പ്രത്യേകിച്ച് കറുത്ത വര്‍ഗക്കാരായ യുവാക്കള്‍ സംഘടിപ്പിക്കുന്ന പ്രതിഷേധം സജീവമായിട്ടുണ്ട് എന്നുമാണ് ടെയ്‍ലര്‍ പറയുന്നത്. 

വിദ്യാര്‍ത്ഥികളായ ജാക്വലിന്‍ ബാലെയ്‍ന്‍ (23), കെറിഗന്‍ വില്ല്യംസ് (22) എന്നിവര്‍ ഓണ്‍ലൈനിലാണ് കണ്ടുമുട്ടുന്നത്. ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ കൊലപാതകം നടന്നതിന് തൊട്ടുപിന്നാലെയായിരുന്നു അത്. അവിടെനിന്നും മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ അവര്‍ ഫ്രീഡം ഫൈറ്റേഴ്‍സ് ഡിസി എന്ന ഒരു ഗ്രൂപ്പ് തുടങ്ങി. ഇപ്പോഴവര്‍ക്ക് 23,000 -ത്തിലധികം ഫോളോവേഴ്‍സുണ്ട് ഇന്‍സ്റ്റഗ്രാമില്‍. വാഷിംഗ്‍ടണ്‍ ഡിസിയില്‍ അവര്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ രണ്ടായിരത്തിലധികം ആളുകള്‍ പങ്കെടുത്തിരുന്നു. ''ഞങ്ങളിത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. 12 പേര്‍ വരുമെന്നും ഞങ്ങളുടെ കൂടെ മാര്‍ച്ച് ചെയ്യുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍, ശനിയാഴ്‍ച നൂറുകണക്കിന് പേര്‍ വരുമെന്ന് പോലും കരുതാത്തിടത്ത് ആയിരക്കണക്കിനുപേരാണ് അവിടെയുണ്ടായിരുന്നത്'' ലാബെയ്‍ന്‍ പറയുന്നു. ഒപ്പം തന്നെ സംഭാവനകളും സന്നദ്ധസേവകരും ഈമെയിലുകളും എല്ലാം അവരെത്തേടിയെത്തി. നേരത്തെ പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തിരുന്നുവെങ്കിലും ആ ഏഴംഗ സംഘം ആദ്യമായിട്ടാണ് ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുന്നത്. തങ്ങള്‍ക്ക് മുന്നേ നടന്നുപോയ സ്വാതന്ത്ര്യസമര പോരാളികളാണ് തങ്ങള്‍ക്ക് ആവേശമായത് എന്നും അവര്‍ പറയുന്നു. 

 

Gen Z ആക്ടിവിസ്റ്റുകളില്‍ ചിലര്‍ പറയുന്നത് ആഞ്ചലാ ഡേവിസ്, ഷാവുന്‍ കിംഗ് തുടങ്ങിയ പ്രധാനപ്പെട്ട ആക്ടിവിസ്റ്റുകള്‍ തങ്ങള്‍ക്ക് പ്രചോദനമായിത്തീര്‍ന്നിട്ടുണ്ട് എന്നാണ്. ഹൈസ്‍കൂള്‍ വിദ്യാര്‍ത്ഥിയും പതിനെട്ടുകാരനുമായ ഒമര്‍ റഷിദ് പറയുന്നത് ജോര്‍ജ് ഫ്ലോയ്‍ഡിനെ കൊല്ലുന്ന വീഡിയോ കണ്ടതുമുതല്‍ അവനെപ്പോലുള്ളവര്‍ പ്രത്യേകിച്ചും ആഫ്രിക്കന്‍-അമേരിക്കക്കാര്‍ വളരെ രോഷത്തിലും വേദനയിലും ഭയത്തിലും ആണെന്നാണ്. ഒരു കറുത്തവനെന്ന നിലയില്‍ തനിക്കറിയാം ഇത് സമയത്തിന്‍റെ കാര്യം മാത്രമാണ് എന്ന്. തന്‍റെ ജീവിതവും ഇങ്ങനെയൊരവസ്ഥയില്‍ ചെന്നുനിന്നേക്കാമെന്നത് തന്നില്‍ വളരെയധികം ഭയമുണ്ടാക്കുന്നതായിരുന്നുവെന്നും അവന്‍ പറയുന്നു. ബാല്‍ത്തിമോര്‍ കൗണ്ടിയിലെ സ്റ്റുഡന്‍റ് ബോര്‍ഡ് മെമ്പറെന്ന നിലയില്‍ ഇതിനുമുമ്പും നിരവധി പ്രതിഷേധങ്ങളില്‍ അവന്‍ പങ്കെടുത്തിട്ടുണ്ട്. അതില്‍ ബ്ലാക്ക് ലൈവ്സ് മാറ്റര്‍, ക്ലൈമറ്റ് ആക്ഷന്‍, സ്‍കൂള്‍ ഫണ്ടിംഗ്, ഗണ്‍ ബാന്‍ ഇവയെല്ലാം പെടുന്നു. പക്ഷേ, ഇത്തവണ അതുവരെയില്ലാത്ത പ്രതീക്ഷയുണ്ടവന്. ഒരിക്കലും പുറത്തിറങ്ങില്ലെന്നും പിന്തുണക്കില്ലെന്നും കരുതിയവര്‍ പോലും പുറത്തിറങ്ങുകയും പിന്തുണക്കുകയും ചെയ്യുന്നു. ഇപ്പോള്‍ സംഭവിക്കുന്ന ഇത്തരം സംഭവങ്ങളില്‍ യുവാക്കള്‍ അസ്വസ്ഥരാണ്. ഒരുപാടുപേര്‍ വര്‍ണവിവേചനത്തിനെതിരെ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നുവെന്നും അവന്‍ പറയുന്നു. 

കഴിഞ്ഞ കുറച്ച് ആഴ്‍ചകള്‍ അവന്‍റെ ജീവിതത്തിലെ പ്രധാന മാറ്റങ്ങളുണ്ടായ കാലമാണ്. പൊളിറ്റിക്കല്‍ സയന്‍സും എജ്യുക്കേഷനും പഠിക്കുന്നതിനെ കുറിച്ച് അവനിപ്പോള്‍ ചിന്തിക്കുന്നുണ്ട്. ഇന്നത്തെ പ്രതിഷേധക്കാരായിരിക്കാം നാളത്തെ നേതാക്കള്‍. നീതിക്കുവേണ്ടിയുള്ള പോരാട്ടം, സമത്വത്തിനു വേണ്ടിയുള്ള പോരാട്ടം, മാറ്റത്തിനുവേണ്ടിയുള്ള പോരാട്ടം ഇവയൊന്നും തുടങ്ങിയത് നമ്മളല്ല. പക്ഷേ, ഞങ്ങളോടൊപ്പമെങ്കിലും ഇത് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവന്‍ പറയുന്നു. 

കൗമാരക്കാര്‍ അവരുടെ മാതാപിതാക്കളില്‍ നിന്നും വിഭിന്നമായി വ്യവസ്ഥാപിതമായ വംശീയതയെക്കുറിച്ച് അറിയാനും മറ്റുമായി സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നു. അവരുടെ രക്ഷിതാക്കളുടെ തെറ്റായ കാഴ്‍ചപ്പാടുകള്‍ക്കെതിരെ പോലും പലരും കണ്ണീരൊഴുക്കിക്കൊണ്ട് ടിക്ടോക്കിലൂടെ പ്രതികരിക്കുന്നുണ്ട്. 15 വയസുള്ള എമ്മ റോസ് സ്‍മിത്ത് ട്വിറ്ററിൽ കണ്ടുമുട്ടിയ ആളുകളുമായി 'ടീൻസ്4ഈക്വാലിറ്റി' സ്ഥാപിച്ചു. 14-16 വയസുള്ള ആറ് പേരടങ്ങുന്ന സംഘം പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത മാർച്ച് സംഘടിപ്പിച്ചു. സ്‍മിത്ത് പറയുന്നു, അമ്മ തന്നെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, രണ്ട് ദിവസം മുമ്പ് വരെ താൻ ഒരു പ്രതിഷേധം സംഘടിപ്പിക്കുകയാണെന്ന് അവര്‍ക്കറിയില്ലായിരുന്നുവെന്ന്. അടുത്തതായി അവർ ജൂലൈ 4 -ന് ഒരു പ്രതിഷേധം ആസൂത്രണം ചെയ്‍തിട്ടുണ്ട്..

ആദ്യമായി വോട്ട് ചെയ്യാന്‍ പോകുന്ന പലരും ഈ പ്രതിഷേധങ്ങളുടെ ഭാഗമാണ് എന്നതും ശ്രദ്ധേയമാണ്. ഇത് നവംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ സാരമായി തന്നെ സ്വാധീനിച്ചേക്കാം. 2016 -നും 2018 -നും ഇടയില്‍ പ്രതിഷേധത്തില്‍ പങ്കാളികളാവുന്ന  18-24 വയസ്സിനിടയിലുള്ളവരുടെ എണ്ണം 5 മുതല്‍ 15 ശതമാനം വരെ വര്‍ധിച്ചതായി ടഫിസ് യൂണിവേഴ്‍സിറ്റിയിലെ സെന്‍റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഓണ്‍ സിവിക് ലേണിംഗ് ആന്‍ഡ് എന്‍ഗേജ്മെന്‍റ് ഡയറക്ടര്‍ കേയ് കവാഷിമെന്‍ പറയുന്നുണ്ട്. ചെറിയ നഗരങ്ങളില്‍ ജീവിക്കുന്ന സാധാരണക്കാരായ, ഒരിക്കലും ഇത്തരം സമരങ്ങളില്‍ പങ്കാളികളാവുമെന്ന് പ്രതീക്ഷിക്കാത്തവര്‍ പോലും സമരങ്ങളില്‍ പങ്കാളിയായിട്ടുണ്ട് എന്നും അവര്‍ പറയുന്നു. വരുന്ന തെരഞ്ഞെടുപ്പിലും ഇത് പ്രതിഫലിക്കുമെന്ന് തന്നെയാണ് അവരെല്ലാം കരുതുന്നതും. 

click me!