കേള്‍ക്കാനാവില്ല, സംസാരിക്കാനുമാവില്ല, പക്ഷേ, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഈ ചെറുപ്പക്കാരന്‍

By Web TeamFirst Published Feb 10, 2020, 3:29 PM IST
Highlights

ലാലുവുമായി ആംഗ്യഭാഷയിൽ സംവദിച്ച സാമൂഹിക പ്രവർത്തകൻ ജ്ഞാനേന്ദ്ര പുരോഹിത് പറയുന്നത്: തനിക്ക് ആത്മവിശ്വാസമുണ്ടെന്നും, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും ലാലു പറഞ്ഞു എന്നാണ്.

മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് ധൻസാരി ഗ്രാമം സ്ഥിതി ചെയ്യുന്നത്. ആയിരത്തോളം ആളുകൾ അധിവസിക്കുന്ന ആ ഗ്രാമത്തിന് അടുത്തകാലത്തായി ഗ്രാമപഞ്ചായത്ത് പദവി ലഭിച്ചു. വരാനിരിക്കുന്ന ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ഉറ്റുനോക്കിയിരിക്കുകയാണ് ഗ്രാമമിപ്പോൾ. കാരണം, ഒരുപക്ഷേ ഇതിലൂടെ മാറ്റി എഴുതാൻ പോകുന്നത് ഇത്രയും വർഷത്തെ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രം തന്നെയാകും.  

ഗ്രാമപഞ്ചായത്ത് വോട്ടെടുപ്പിനുള്ള തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും പുതുതായി രൂപീകരിച്ച ധൻസാരി പഞ്ചായത്തിലെ ഗ്രാമ തലവൻ്റെ തസ്തിക പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി നീക്കിവച്ചിട്ടുള്ളതാണ്. ഗ്രാമത്തിലെ പട്ടിക വിഭാഗത്തിൽ പെട്ട ഏക വോട്ടറാണ് ലാലു. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിൽ ഗ്രാമമുഖ്യനായി ലാലു തെരഞ്ഞെടുക്കപ്പെടുമെന്ന ഉറപ്പിലാണ് ധൻസാരി നിവാസികൾ. പക്ഷേ, ഒരു സാധാരണ വ്യക്തിയല്ല അദ്ദേഹം. അനാഥനായ, വിദ്യാഭ്യാസമില്ലാത്ത എല്ലാത്തിലുമുപരി ചെവി കേള്‍ക്കുകയോ സംസാരിക്കാനാവുകയോ ചെയ്യാത്ത ചെറുപ്പക്കാരനാണ് ലാലു. ലാലു ഒരുപക്ഷേ ഗ്രാമത്തലവനായാൽ അത് തീർച്ചയായും ചരിത്രത്തില്‍  തങ്കലിപികളാൽ എഴുതപ്പെടും. അങ്ങനെ ഇന്ത്യയിലെ ആദ്യത്തെ സംസാരിക്കാനാകാത്ത, കേള്‍വിയില്ലാത്ത പഞ്ചായത്ത് പ്രസിഡന്റായിത്തീരും ലാലു. 

കുട്ടിക്കാലത്തേ മാതാപിതാക്കൾ മരിച്ച ലാലു കഴിഞ്ഞ 20 വർഷമായി ഗ്രാമത്തിൽ ഒരു കുടുംബത്തോടൊപ്പം താമസിച്ച്, കൃഷി നടത്തുകയാണ്. അവിവാഹിതനായ ഈ ഇരുപത്തിയേഴുകാരൻ തൻ്റെ ഗ്രാമത്തിലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മനസുകൊണ്ട് തയ്യാറായിക്കഴിഞ്ഞു. 

ലാലുവുമായി ആംഗ്യഭാഷയിൽ സംവദിച്ച സാമൂഹിക പ്രവർത്തകൻ ജ്ഞാനേന്ദ്ര പുരോഹിത് പറയുന്നത്: തനിക്ക് ആത്മവിശ്വാസമുണ്ടെന്നും, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും ലാലു പറഞ്ഞു എന്നാണ്. പ്രസിഡന്റാകാനുള്ള ചിന്തയിൽ ആവേശഭരിതനായ ലാലു, കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും, തൻ്റെ ഗ്രാമത്തിൽ പുതിയ റോഡുകൾ നിർമ്മിക്കുന്നതിലൂടെ വികസനത്തിന് വഴിയൊരുക്കുമെന്നും, സംസാരശേഷിയില്ലാത്തവരുടെയും കേള്‍വിയില്ലാത്തവരുടെയും അവകാശങ്ങൾക്കായി പ്രവർത്തിക്കുമെന്നും പറഞ്ഞു. "പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലാലു ജയിച്ചാൽ, ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന രാജ്യത്തെ ആദ്യത്തെ സംസാരശേഷിയില്ലാത്ത, കേള്‍വിയില്ലാത്ത ഗ്രാമത്തലവനാകും. അദ്ദേഹത്തിൻ്റെ വിജയം ഇന്ത്യൻ ജനാധിപത്യത്തിൽ അദ്ദേഹത്തെപ്പോലുള്ളവരുടെ ശബ്‌ദം കുറച്ചുകൂടി ഉയർന്ന് കേൾക്കാൻ കാരണമാകും" ഒരു പ്രവർത്തകൻ പറഞ്ഞു.

ലാലുവിനെ തങ്ങളുടെ പഞ്ചായത്തിൻ്റെ നേതാവാക്കാനുള്ള പ്രചാരണത്തിലാണ് ഗ്രാമവാസികൾ ഇപ്പോൾ. പ്രചാരണ പ്രവർത്തകനായ രാഹുൽ സോംഗാര പറയുന്നത് ഇങ്ങനെയാണ്, "ലാലു ഗ്രാമമുഖ്യനാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അദ്ദേഹം നല്ല വിദ്യാഭ്യാസമുള്ളവനായിരിക്കില്ല, പക്ഷേ അദ്ദേഹത്തിൻ്റെ  സ്വഭാവം വച്ചുനോക്കുമ്പോൾ, ഗ്രാമമുഖ്യൻ എന്ന നിലയിൽ അദ്ദേഹം വികസനത്തിനായി പ്രവർത്തിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്." 

(ചിത്രം പ്രതീകാത്മകം)

click me!