
2018 -ൽ സുപ്രീംകോടതി സ്വവർഗബന്ധം നിയമവിധേയമാക്കിയപ്പോൾ, ഇന്ത്യയിലെ എൽജിബിടി കമ്മ്യൂണിറ്റി അഭിമാനത്തോടെയാണ് ആ വിധിയെ ഇരുകൈകളും നീട്ടി സ്വീകരിച്ചത്. ഇന്ത്യയിലെ എൽജിബിടി ആളുകൾക്ക് തങ്ങളുടെ ജീവിതപങ്കാളിയെ ധൈര്യത്തോടെ തെരഞ്ഞെടുക്കാനുള്ള അവകാശം ഇതുവഴി ലഭിച്ചു. എന്നാൽ, അത്തരം ബന്ധങ്ങൾ രാജ്യത്തിന് പുതിയതല്ല. വാസ്‍തവത്തിൽ, വിവിധ പുരാതന ഗ്രന്ഥങ്ങളിൽ പോലും പലപ്പോഴും സ്വവർഗ ബന്ധത്തെക്കുറിച്ച് പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ, ധീരരായ അനവധി ആളുകൾ പതിറ്റാണ്ടുകളായി ആ സമൂഹത്തിനായി പ്രവർത്തിക്കുന്നു. അതിലൊരാളാണ് ഇന്ത്യയിലെ സ്വവർഗ്ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയ രാജകുമാരനായ, ഗുജറാത്തിലെ മാനവേന്ദ്ര സിംഗ് ഗോഹിൽ.
1965 -ൽ ജനിച്ച മാനവേന്ദ്ര സിംഗ് സമ്പന്നമായ ഗുജറാത്തിലെ രാജപിപല രാജവംശത്തിലാണ് ജനിച്ചതും വളർന്നതും. സമൃദ്ധിയുടെ ഇടയിൽ വളർന്ന അദ്ദേഹത്തിന്റെ ജീവിതം പക്ഷേ പ്രശ്‌നങ്ങൾ നിറഞ്ഞതായിരുന്നു. ഗുജറാത്തിലെ രാജ പിപലയിലെ മഹാരാജാവിന്റെ മകനും അനന്തരവകാശിയുമായ ആ രാജകുമാരൻ വർഷങ്ങളായി താൻ ഒരു സ്വവർഗാനുരാഗിയാണ് എന്ന സത്യം മറ്റുള്ളവരിൽ നിന്ന് മറച്ചുവച്ച് ജീവിച്ചു. 1991 -ൽ മധ്യപ്രദേശിൽ ഹാബുവ സ്റ്റേറ്റിലെ രാജകുമാരിയെ വിവാഹം കഴിക്കാൻ അദ്ദേഹം നിർബന്ധിതനായി. സ്വന്തം വ്യക്തിത്വം സമൂഹത്തിന് മുന്നിൽ തുറന്ന് കാണിക്കാനാകാതെ അദ്ദേഹം വല്ലാതെ പ്രയാസപ്പെട്ടു. ഒടുവിൽ മറച്ചുപിടിക്കാനാകാതെ ആ രഹസ്യം അദ്ദേഹം തന്‍റെ ഭാര്യയോട് തുറന്നു പറഞ്ഞു. അങ്ങനെ വിവാഹത്തിന് ഒരു വർഷത്തിനുശേഷം അവർ വിവാഹമോചനത്തിന് അപേക്ഷ നൽകി. വേർപിരിയൽ അക്കാലത്ത് ഇന്ത്യയിൽ കേട്ടിട്ടുപോലുമില്ലാത്ത ഒന്നായിരുന്നു. എന്നിരുന്നാലും സ്നേഹമയിയായ ഭാര്യ അദ്ദേഹത്തിന്‍റെ അവസ്ഥ കണ്ട് ദയ തോന്നി വേർപിരിയാൻ സമ്മതിക്കുകയായിരുന്നു.
അന്ന് ഇന്ത്യയിൽ സ്വവര്‍ഗ വിവാഹം നിയമവിരുദ്ധമായിരുന്നു. വിവാഹമോചനത്തിനുശേഷം വർഷങ്ങളോളം അദ്ദേഹം ഈ രഹസ്യം എല്ലാവരിൽ നിന്നും മറച്ചുവച്ചു. ഭാര്യയും അദ്ദേഹത്തിന് നൽകിയ വാക്കിന്‍റെ പുറത്ത് ഇതാരോടും പറഞ്ഞില്ല. എന്നാൽ, ഇത് എളുപ്പമായിരുന്നില്ല. 2002 -ൽ സമ്മർദ്ദം താങ്ങാൻ കഴിയാതെ മാനവേന്ദ്ര രാജകുമാരന് നാഡീസ്‌തംഭനം സംഭവിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‍തു. അവിടെവച്ചാണ് മനഃശാസ്ത്രജ്ഞൻ അദ്ദേഹം സ്വവർഗ്ഗാനുരാഗിയാണെന്ന് മാതാപിതാക്കളോട് പറയുന്നത്. ഇതറിഞ്ഞ മാതാപിതാക്കൾ ഈ രഹസ്യം ആരോടും പറയരുതെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു. കൗൺസിലിങ് വഴി രാജകുമാരനെ സുഖപ്പെടുത്താൻ അവർ ശ്രമിച്ചു. ഒരു സെഷനിൽ ഡോക്ടർ അദ്ദേഹത്തോട് പറഞ്ഞു, ‘നിങ്ങൾക്ക് ഒരു കുഴപ്പവുമില്ല. നിങ്ങളുടെ ലൈംഗികതയെക്കുറിച്ച് നിങ്ങൾ അഭിമാനിക്കണം.’ ഇതുകേട്ട അദ്ദേഹത്തിന് ജീവിതത്തിൽ ഒരു പുതിയ വെളിച്ചവും, പ്രതീക്ഷയും കൈവന്നു. തന്നെ മനസ്സിലാക്കാൻ ആളുകൾക്ക് കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. അങ്ങനെ തന്റെ വ്യക്തിത്വം ലോകത്തിന് മുന്നിൽ തുറന്ന് കാട്ടാൻ അദ്ദേഹം ധൈര്യപ്പെട്ടു. എന്നാൽ, അതോടെ രാജകുമാരന്റെ ജീവിതം കൂടുതൽ കുഴപ്പത്തിലാവുകയാണ് ഉണ്ടായത്. ഈ വെളിപ്പെടുത്തൽ ഇന്ത്യയിലുടനീളം വാർത്തകളിൽ നിറഞ്ഞു. നാടാകെ ഇളകിമറിഞ്ഞു.
അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനത്ത്, ആളുകൾ രാജകുമാരന്‍റെ കോലം കത്തിച്ചു. ആളുകൾ അദ്ദേഹത്തിന്റെ സ്ഥാനം തിരിച്ചെടുത്ത് അദ്ദേഹത്തെ പുറത്താക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, അതിലും ക്രൂരമായത് സ്വന്തം മാതാപിതാക്കൾക്ക് പോലും അദ്ദേഹത്തെ മനസിലാക്കാൻ സാധിച്ചില്ല എന്നതായിരുന്നു. ഇങ്ങനെ ഒരു മകൻ തങ്ങൾക്ക് ജനിച്ചിട്ടില്ലെന്നും, പൂർവ്വികസ്വത്തിൽ നിന്ന് അവനെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്നും മാതാപിതാക്കൾ പരസ്യമായി പ്രഖ്യാപിച്ചു. 2007 -ൽ ഓപ്ര വിൻഫ്രിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു, “ആളുകൾ വളരെയധികം പ്രകോപിതരായി. രാജകുമാരൻ ഞങ്ങളുടെ പാരമ്പര്യത്തിന് നാണക്കേട് ഉണ്ടാക്കിയെന്ന് അവർ പറഞ്ഞു. വംശപരമ്പരയെത്തന്നെ നാണംകെടുത്തി എന്നവർ കുറ്റപ്പെടുത്തി."
നേരത്തെ രാജാവായി തന്നെ ബഹുമാനിച്ചിരുന്ന ആളുകൾ ഒടുവിൽ തന്‍റെ കോലം കത്തിച്ചുവെന്നും വേദനയോടെ അദ്ദേഹം 2018 -ൽ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. “ഞാൻ വളർന്നുവരുന്നതിനിടയിൽ, എനിക്ക് എന്‍റെ പ്രായത്തിലുള്ള ആൺകുട്ടികളോട് ആകർഷണം തോന്നി. പക്ഷേ, അതിൽ എന്താണ് തെറ്റ് എന്ന് മാത്രം എനിക്ക് മനസിലായില്ല” മാനവേന്ദ്ര പ്രസ്‍താവിച്ചു. മാതാപിതാക്കൾ അത് അംഗീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് അദ്ദേഹത്തെ സുഖപ്പെടുത്താനും ഈ ചിന്ത തിരുത്താനും ഷോക്ക് തെറാപ്പി ഉൾപ്പടെയുള്ളവയ്ക്കും അദ്ദേഹത്തെ വിധേയനാക്കി. അദ്ദേഹത്തെ തിരുത്താൻ ഒരു ശസ്ത്രക്രിയ സഹായിക്കുമെങ്കിൽ അത് ചെയ്യാൻ പോലും അവർ ഒരു ഘട്ടത്തിൽ തീരുമാനിച്ചു.
എന്നാൽ, അദ്ദേഹം തന്‍റെ ഐഡന്‍റിറ്റിയിൽ ഉറച്ചുനിന്നു. സമൂഹം നിരാകരിക്കുന്ന തന്നെപ്പോലെയുള്ളവരുടെ വക്താവായി അദ്ദേഹം മാറി. LGBTQ + കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ തുടങ്ങി. എച്ച് ഐ വി / എയ്ഡ്സിനെക്കുറിച്ചും അത് തടയുന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനും ജനങ്ങളെ ബോധവത്കരിക്കുന്നതിനുമായി 2000 -ത്തിൽ രാജകുമാരൻ ലക്ഷ്യ ട്രസ്റ്റ് ആരംഭിച്ചു. തുടർന്ന് ഇന്ത്യയിൽ സ്വവർഗബന്ധം നിയമവിധേയമാക്കുന്നതിനായി പോരാടിയ ‘ഫ്രീ ഗേ ഇന്ത്യ’ കാമ്പെയ്‌നും അദ്ദേഹം ആരംഭിച്ചു.
2018 -ൽ അദ്ദേഹം തന്‍റെ കൊട്ടാരം ഉപേക്ഷിച്ച് ഇതുപോലെ കുടുംബങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ടവർക്കായി ഒരു LGBTQ + കേന്ദ്രം തുറന്നു. ഇത് തുടങ്ങാനുള്ള കാരണം അദ്ദേഹം വിശദീകരിച്ചു, “ഇന്ത്യയിലെ ആളുകൾ അവരുടെ മാതാപിതാക്കളുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു, അവർക്ക് അവരെ കൂടാതെ ജീവിക്കാൻ കഴിയില്ല. എന്നാൽ, ഇത്തരം പ്രശ്‍നങ്ങളിൽ മാതാപിതാക്കൾ കുട്ടികളെ വേണ്ട രീതിയിൽ മനസിലാക്കാതെ നിരസിക്കുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് എവിടെ പോകണമെന്ന് അറിയില്ല. പോകാൻ ഇടമില്ലാതെ ചിലപ്പോൾ അവർ ആത്മഹത്യ ചെയ്യും, അതുമല്ലെങ്കിൽ വിഷാദരോഗത്തിനടിപ്പെടും. ഭവനരഹിതരായിത്തീർന്ന ഈ ആളുകളെ ഞാൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നു. ”
"വിരോധാഭാസമെന്നു പറയട്ടെ, നമ്മുടെ രാജ്യത്ത് ഒരു ഹോട്ടലിൽ ഒരേ ലിംഗത്തിൽ പെട്ടവർക്ക് ഒരു മുറി ലഭിക്കാൻ വളരെ എളുപ്പമാണ്. എന്നാൽ, മുറി വേണമെന്ന് ആവശ്യപ്പെട്ട് ഒരു ആണും പെണ്ണും ചെന്നാൽ അവരെ സംശയത്തോടെയാണ് ആളുകൾ നോക്കുക. സമൂഹം ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാൻ പലപ്പോഴും നമ്മൾ നിർബന്ധിതരാകുന്നു. അതുകൊണ്ടുതന്നെ ഒരു മൂടുപടത്തിന് മറവിൽ ജീവിക്കാൻ ഒരുപാടുപേർ നിർബന്ധിതരാകുന്നു. പക്ഷേ, നിങ്ങളുടെ ജീവിതം ഒരു വലിയ നുണയായി അവശേഷിക്കാതിരിക്കാൻ നിങ്ങൾ നിങ്ങളായി ജീവിക്കുക." അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഒരിക്കൽ തള്ളി പറഞ്ഞ എല്ലാവരും ഇപ്പോൾ അദ്ദേഹത്തിന്റെ കൂടെ ഒരു സെൽഫി എടുക്കാനായി കാത്തു നിൽക്കുന്നു. ലോകമെമ്പാടും ആരാധകരുള്ള വ്യക്തിയാണ് ഇന്നദ്ദേഹം.