അവനെ പോറ്റിയത് കാട്ടില്‍ മാനുകള്‍, മനുഷ്യര്‍ക്ക് പിടികൊടുക്കാത്ത 'ഗസെല്‍ ബോയ്'

By Web TeamFirst Published Oct 19, 2020, 12:37 PM IST
Highlights

അവൻ കൂടുതലും നാല് കാലിലാണ് നടന്നിരുന്നത്. ചെറിയ ശബ്‌ദം കേൾക്കുമ്പോഴേക്കും അവന്റെ പേശികളും, മൂക്കും, ചെവിയും ശ്രദ്ധകൊണ്ട് വളയുമായിരുന്നു.

കുരങ്ങുകളുടെ കൂടെയും, നായ്ക്കളുടെ കൂടെയും ഒക്കെ വളർന്ന കുട്ടികളുടെ നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ, അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരുന്നു മാനുകൾ വളർത്തിയ ഒരാൺകുട്ടിയുടെ കഥ. അവന്റെ കഥ ഒരേസമയം അവിശ്വസനീയവും വിചിത്രവുമായിരുന്നു.  അവർക്കൊപ്പം ജീവിച്ച വർഷമത്രയും അവൻ പുല്ലുകളും വേരുകളും മാത്രം കഴിച്ചാണ് അതിജീവനം നടത്തിയത് എന്നതാണ് അതിശകരമായ കാര്യം.  

ഗസെൽ എന്ന ഒരിനം മാനുകൾക്കിടയിലാണ് അവൻ ജീവിച്ചിരുന്നത്. അതുകൊണ്ട് തന്നെ അവനെ 'ഗസെൽ ബോയ്' എന്നാണ് വിളിച്ചിരുന്നത്. ജീവിതത്തിന്റെ തുടക്കത്തിൽ പഠിച്ച നിരവധി കാര്യങ്ങൾ അവൻ മറന്നു പോയിരുന്നുവെങ്കിലും, രണ്ട് കാലുകളിൽ നിൽക്കാൻ അവന് കഴിയുമായിരുന്നു. ഏഴ് വയസ്സുള്ളപ്പോഴാണ് അവനെ കാണാതായത്. ചെറുപ്പത്തിൽത്തന്നെ വേർപിരിഞ്ഞത് കാരണം മനുഷ്യരുടെ പെരുമാറ്റങ്ങളൊന്നും അവനറിയില്ലായിരുന്നു. പുല്ലുകൾ തിന്നും മാനുകളുമായി ഓടിക്കളിച്ചും അവൻ അവിടെ ജീവിച്ചു.  

1960 -ൽ നരവംശശാസ്ത്രജ്ഞനായ ജീൻ-ക്ലോഡ് ആഗരാണ് അവനെ ആദ്യമായി കണ്ടെത്തുന്നത്. ഒരുദിവസം അദ്ദേഹം സ്പാനിഷ് സഹാറയിൽ (റിയോ ഡി ഓറോ) ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. ചില നാടോടികൾ അദ്ദേഹത്തോട് മാനുകൾക്കിടയിൽ ജീവിക്കുന്ന ഒരു  മനുഷ്യക്കുട്ടിയെക്കുറിച്ച് പറഞ്ഞുകൊടുത്തു. അടുത്ത ദിവസം, അവർ പറഞ്ഞ സ്ഥലത്തുചെന്ന അദ്ദേഹം ഞെട്ടിപ്പോയി. ചുവന്ന ചക്രവാളത്തിന് താഴെയായി ഒരു നഗ്നബാലൻ മാനുകളുടെ ഒരു വലിയ കൂട്ടത്തിന് നടുവിൽ നിൽക്കുന്നതാണ് അദ്ദേഹം കണ്ടത്.   

മുള്ളുള്ള കുറ്റിക്കാടുകളുടെയും ഈന്തപ്പനകളുടെയും ഇടയിൽ അദ്ദേഹം ക്ഷമയോടെ കാത്തുനിന്നു. മൂന്ന് ദിവസത്തിന് ശേഷം, അദ്ദേഹത്തിന്റെ കാത്തിരിപ്പിന് ഫലം കണ്ടു. പതുക്കെ അദ്ദേഹത്തിന് മൃഗങ്ങളുടെ വിശ്വാസം നേടിയെടുക്കാനായി. അവനും കൗതുകപൂർവ്വം അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് ചെന്നു. “അവന്റെ ഇരുണ്ടതും, ജീവസ്സുറ്റതുമായ കണ്ണുകളിൽ വല്ലാത്ത ശാന്തത ഉണ്ടായിരുന്നു. അവന് ഏകദേശം 10 വയസ്സ് പ്രായമുണ്ടെന്നാണ് തോന്നുന്നത്. അവന്റെ കണങ്കാലുകൾ കട്ടിയുള്ളതും, ശക്തവുമായിരുന്നു. പേശികൾ ഉറച്ചതായിരുന്നു. ശരീരത്തിൽ വടുക്കളും, മുറിവുകളും ഉണ്ടായിരുന്നു. മുള്ളുള്ള കുറ്റിക്കാടുകളോ, മറ്റോ ഉണ്ടാക്കിയ മുറിവുകളായിരിക്കാം" അവനെ കുറിച്ച് അദ്ദേഹം പിന്നീട് ഇങ്ങനെ എഴുതി. 

അവൻ കൂടുതലും നാല് കാലിലാണ് നടന്നിരുന്നത്. ചെറിയ ശബ്‌ദം കേൾക്കുമ്പോഴേക്കും അവന്റെ പേശികളും, മൂക്കും, ചെവിയും ശ്രദ്ധകൊണ്ട് വളയുമായിരുന്നു. അഗാധമായ ഉറക്കത്തിൽപ്പോലും, അവൻ ജാഗരൂകനായി കാണപ്പെട്ടു. ചുറ്റുമുള്ള മാനുകളെപോലെ ചെറിയ ശബ്ദത്തിന് പോലും അവൻ തലയുയർത്തി നോക്കുമായിരുന്നു. എന്നാൽ, അപ്പോൾ ആഗെർ അവനെ അവിടെ നിന്ന് കൊണ്ടുപോകാൻ ശ്രമിച്ചില്ല. ഒറ്റയ്ക്ക് അത്തരമൊരു ദൗത്യം ഏറ്റെടുക്കാൻ അദ്ദേഹത്തിന് ധൈര്യം വന്നില്ല. അവനെ അവിടെ ഉപേക്ഷിച്ച് സഹാറ മരുഭൂമിയിലെ തന്റെ യാത്ര അദ്ദേഹം തുടർന്നു. രണ്ട് വർഷത്തിന് ശേഷം അദ്ദേഹം അവിടേയ്ക്ക് വീണ്ടും മടങ്ങിവന്നു. ഇപ്രാവശ്യം, ഒരു സ്പാനിഷ് ആർമി ക്യാപ്റ്റനും സഹായികളുമായായിട്ടായിരുന്നു വരവ്. മാനുകൾക്കിടയിൽ മേഞ്ഞുകൊണ്ടിരിക്കുന്ന അവനെ അവർ കണ്ടു. തുടർന്ന്, അവനെ പിടികൂടാനുള്ള ശ്രമങ്ങൾ അവർ നടത്തി. 

അവൻ എത്ര ദൂരം ഓടുമെന്ന് അറിയാൻ ജീപ്പുമായി അവനെ അവർ പിന്തുടർന്നു. എന്നാൽ, അവരെ ഞെട്ടിച്ചുകൊണ്ട് അവൻ അവിശ്വസനീയമാംവിധം 51-55 കിലോമീറ്റർ വേഗതയിൽ ഓടി എന്നാണ് പറയപ്പെടുന്നത്. തുടർച്ചയായി 13 അടി ഉയരത്തിൽ കുതിക്കുകയും ചെയ്‌തു. അവനെ പിടികൂടാൻ ശ്രമിച്ചെങ്കിലും അവനെ പിന്തുടരാൻ അവർക്ക് കഴിയാതെ വരികയും, അവൻ ഓടി മറയുകയും ചെയ്‍തു. പിന്നീട് 1966 -ൽ, അവർ അവനെ വീണ്ടും പിടികൂടാനുള്ള ഒരു ശ്രമം നടത്തി. അതിനായി ഒരു ഹെലികോപ്റ്റർ വഴി വലവിരിക്കുകയും അതിലകപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, ആ പദ്ധതിയും അവസാനം പരാജയപ്പെട്ടു. അവനെ പിന്തുടരാനുള്ള ശ്രമങ്ങൾ എന്തുകൊണ്ടോ അവർ പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.   

എന്നാൽ, ഇങ്ങനെയൊക്കെയാണെങ്കിലും, അവന്റെ കഥ യഥാർത്ഥത്തിൽ നടന്നതാണെന്ന് വിശ്വസിക്കാൻ ഇന്നും പലരും തയ്യാറായിട്ടില്ല. പുല്ലും, മാനിന്റെ പാലും മാത്രം കഴിച്ച് ഒരു മരുഭൂമിയിൽ ജീവിക്കുക എന്നത് അസംഭവ്യമാണെന്നാണ് പലരും പറയുന്നത്. കൂടാതെ ആ കുട്ടിയ്ക്ക് ഇത്രയും വേഗത്തിൽ ഓടാൻ കഴിഞ്ഞു എന്നതും അസാധ്യമായ ഒന്നായിട്ടാണ് പലരും കരുതുന്നത്. എന്നിരുന്നാലും, ആ ഓട്ടത്തിന്റെ ഭാഗമൊഴിച്ചാൽ ബാക്കി എല്ലാം സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തന്നെയാണെന്നാണ് കരുതപ്പെടുന്നത്.  
 

click me!