ഫൂലൻ ദേവിയുടെ ജീവിതത്തെ മാറ്റിമറിച്ച ആ അഞ്ചു ക്രൂരപീഡനങ്ങൾ

By Web TeamFirst Published Oct 18, 2020, 4:09 PM IST
Highlights

പതിനൊന്നാം വയസ്സിൽ ഭർത്താവിൽ നിന്നേറ്റ ലൈംഗിക പീഡനം മുതൽ, യൗവ്വനത്തിൽ തന്നെ ജയിൽ ഡോക്ടറിൽ നടത്തിയ കൊടിയ ക്രൂരത വരെയുണ്ട് ആ കൂട്ടത്തിൽ.

ഫൂലൻ എന്ന സാധാരണക്കാരിയായ ഗ്രാമീണ പെൺകുട്ടിയെ ഫൂലൻ ദേവി എന്ന ഭയങ്കരിയായ കൊള്ളക്കാരിയാക്കിയത് സമൂഹം അവളുടെ മേൽ അടിച്ചേൽപ്പിച്ച പീഡനങ്ങളാണ്. പതിനൊന്നാം വയസ്സിൽ ഭർത്താവിൽ നിന്നേറ്റ ലൈംഗിക പീഡനം മുതൽ, യൗവ്വനത്തിൽ തന്നെ ജയിൽ ഡോക്ടറിൽ നടത്തിയ കൊടിയ ക്രൂരത വരെയുണ്ട് ആ കൂട്ടത്തിൽ. ഫൂലനെ ഫൂലൻ ദേവി ആക്കുന്നതിൽ ചെറുതല്ലാത്ത പങ്കു വഹിച്ച ആ അഞ്ചു പീഡനങ്ങളെപ്പറ്റി. 

 

"

ആദ്യപീഡനം ഭർത്താവിൽ നിന്ന് 

1963  ഓഗസ്റ്റ് 10 -ന്,  ഉത്തർ പ്രദേശിൽ യമുനാ നദിയുടെ തീരത്തുള്ള 'ഗോർഹാ കാ പുർവാ' എന്ന് പേരുള്ള ഗ്രാമത്തിൽ, ദേവിദീൻ-മൂലാ ദമ്പതികളുടെ മകളായിട്ടാണ്, ഫൂലൻ ജനിക്കുന്നത്. ഫൂലൻ പിറന്നുവീഴുന്നത് തന്നെ ഒരു സ്വത്തുതർക്കത്തിന്റെ നടുവിലേക്കാണ്. ഫൂലന്റെ അച്ഛന്റെ ജ്യേഷ്ഠ സഹോദരൻ ബിഹാരി ലാലും  അയാളുടെ മകൻ മൈയ്യ ദീനും കൂടി, ആധാരത്തിൽ കൃത്രിമം കാട്ടി അവരുടെ കുടുംബസ്വത്തൊക്കെ തട്ടിയെടുത്തിരുന്നു. അച്ഛനെ വഞ്ചിച്ച സ്വന്തം അമ്മാവനെ ഫൂലൻ നേരിട്ടു ചെന്ന് ചോദ്യം ചെയ്യുന്നത് തന്റെ പത്താമത്തെ വയസ്സിലാണ്. അവളുടെ ഈ ഒരു പ്രവൃത്തി, അന്ന് തന്റെ അമ്മാവന്റെ മകൻ മൈയ്യ ദീനുമായുള്ള കയ്യാങ്കളിയിലാണ് ചെന്നവസാനിക്കുനത്. ഒടുവിൽ മയ്യാ ദീൻ ഒരു ചുടുകട്ടയെടുത്ത് ഫൂലന്റെ തലക്കടിക്കുന്നു. അവൾ ബോധം കെട്ടുവീഴുന്നു. 

അതോടെ, കുടുംബത്തിലും ഗ്രാമത്തിലും ഒരു പ്രശ്നക്കാരി എന്ന് മുദ്രകുത്തപ്പെട്ട ഫൂലനെ, എത്രയും പെട്ടെന്നുതന്നെ കെട്ടിച്ചുവിടാൻ വേണ്ട ചരടുവലികൾ ബന്ധുക്കൾ മുഖേന ഈ അമ്മാവൻ തന്നെ നടത്തുന്നു. അങ്ങനെ, ഒടുവിൽ 1974 -ൽ, ഫൂലന്റെ പതിനൊന്നാമത്തെ വയസ്സിൽ, അവളുടെ നാലിരട്ടി പ്രായമുള്ള, പുട്ടിലാൽ എന്ന ഒരു വിഭാര്യനുമായുള്ള അവളുടെ വിവാഹം നടക്കുന്നു. ആ ബാലവിവാഹം ആയിരുന്നു ഫൂലന്റെ ജീവിതത്തിൽ അവൾക്കേൽക്കേണ്ടി വന്ന ആദ്യത്തെ പീഡനം. പാവക്കുട്ടികളെയും വെച്ച്  കളിച്ചിരിക്കേണ്ട ആ ചെറു പ്രായത്തിൽ , തന്റെ നാലിരട്ടി പ്രായമുള്ള ഒരു വിധുരന്റെ  രതിവൈകൃതങ്ങൾക്ക് ഇരയാകേണ്ടി വന്നു ഫൂലന്. അതായിരുന്നു ഫൂലന്റെ ജീവിതത്തിൽ അവൾക്കേൽക്കേണ്ടി വന്ന ആദ്യത്തെ പീഡനം 

രണ്ടാമത്തെ പീഡനം പൊലീസുകാരിൽ നിന്ന് 

അമ്മാവന്റെ മകൻ മയ്യാ ദിൻ ഫൂലനെതിരെ പൊലീസ് സ്റ്റേഷനിൽ ഒരു കള്ളക്കേസ് ഫയൽ ചെയ്യുന്നു. ഫൂലൻ ഒരു സംഘം കൊള്ളക്കാരെയും കൂട്ടികൊണ്ട് വന്ന് മയ്യാ ദിന്റെ വീട് കൊള്ളയടിച്ചു എന്നതായിരുന്നു പരാതി. നടക്കാത്ത ആ സംഭവത്തിന് സർപഞ്ചും വേറെ ഒന്നുരണ്ടു സ്ത്രീകളും അടക്കം നാലഞ്ച് പേര് സാക്ഷി പറയുകയും ചെയ്തു സ്റ്റേഷനിൽ ചെന്ന്. മയ്യ ദിന്റെ സഹോദരിയുടെ ഭർത്താവ് മൻസുഖ് ഒരു പോലീസ് ഇൻസ്‌പെക്ടർ ആയിരുന്നു. അയാൾ വഴിയുള്ള സ്വാധീനം ഉപയോഗിച്ചാണ് മയ്യാദിൻ ഫൂലനെതിരെ  ആ കള്ളക്കേസ് നീക്കിയതും, അന്ന് ഫൂലന്റെ അച്ഛനെ അറസ്റ്റു ചെയ്ത് ലോക്കപ്പിൽ  തള്ളിയതും. ഫൂലൻ തന്നെ നേരിട്ട്  പോലീസ് സ്റ്റേഷനിലേക്ക് ചെന്ന് ഹാജരാകാതെ അവളുടെ അച്ഛനെ വിടില്ല എന്ന് അയാൾ പറഞ്ഞു. 

താൻ ഒരു  നിരപരാധിയാണ് എന്ന ബോധ്യം  ഉണ്ടായിരുന്നതുകൊണ്ടാവും സ്റ്റേഷനിലേക്ക് ചെല്ലാൻ ഫൂലന് മടിയൊന്നും തോന്നിയില്ല  അപ്പോൾ.  താൻ ആ കയറിച്ചെല്ലുന്നത് ഒരു പുലിമടയിലേക്കാണ് എന്നും, അവിടെ വെച്ച് താൻ നിർദാക്ഷിണ്യം പിച്ചിച്ചീന്തപ്പെടും എന്നും ഫൂലന് യാതൊരു നിശ്ചയവും ഉണ്ടായിരുന്നില്ല. സ്റ്റേഷനിൽ അപ്പോഴേക്കും ഫൂലനെതിരെ സാക്ഷി പറയാൻ മിയ്യ ദിൻ സർപഞ്ച് അടക്കം നിരവധി പേരെ എത്തിച്ചിട്ടുണ്ടായിരുന്നു. അവർ ഒരേസ്വരത്തിൽ പറഞ്ഞു, രാത്രി കൊള്ളക്കാരെയും നയിച്ചുകൊണ്ട് വന്ന് മിയാ ദിന്റെ വീട്ടിൽ വന്ന്തീവെട്ടിക്കൊള്ള നടത്തിയത് ഫൂലൻ തന്നെയായിരുന്നു എന്ന്. പിന്നീടങ്ങോട്ട് ആ കുറ്റം സമ്മതിപ്പിക്കാൻ വേണ്ടിയുള്ള കൊടിയ മർദ്ദനമായിരുന്നു  ഫൂലന്റെ നേർക്ക്. ലാത്തികൊണ്ട് അവർ ഫൂലന്റെ പുറവും, കണങ്കാലും, കൈകാൽവെള്ളകളും ഒക്കെ അടിച്ചു പൊളിച്ചു. ഒരുപാട് വേദന തിന്നേണ്ടി വന്നിട്ടും, ചെയ്യാത്ത കുറ്റം സമ്മതിക്കാൻ ആദ്യമൊന്നും ഫൂലൻ തയ്യാറായില്ല. അവൾ പിടിച്ചു നില്ക്കാൻ ശ്രമിച്ചു. അമ്മ വക്കീലിനെ വിളിക്കാൻ പോയിട്ടുണ്ടെന്ന അച്ഛന്റെ വാക്കിന്റെ ബലത്തിലായിരുന്നു അത്.

പക്ഷെ, ഒരു ദിവസം കഴിഞ്ഞിട്ടും ഫൂലൻ കുറ്റം സമ്മതിക്കാതിരുന്നത് പൊലീസുകാരെ വല്ലാതെ ചൊടിപ്പിച്ചു. പോലീസിന്റെ പീഡനങ്ങൾ അതോടെ അടുത്ത ഘട്ടത്തിലേക്ക് കടന്നു. അച്ഛന്റെ മുന്നിൽ വച്ചുനടന്ന ആദ്യ സെറ്റ് മർദ്ദനത്തിന് ശേഷം അവർ ഫൂലനെ  ഒറ്റക്ക് വേറെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ മയ്യ ദിന്റെ സഹോദരീ ഭർത്താവായ പോലീസ് ഇൻസ്‌പെക്ടർ മൻസുഖ്, മറ്റേതോ സ്റ്റേഷനിൽ നിന്നും അയാൾ
 കൂട്ടിക്കൊണ്ടുവന്ന അപരിചിതരായിട്ടുള്ള കുറെ പോലീസുകാരോടൊപ്പം അവളെ കാത്തിരിപ്പുണ്ടായിരുന്നു. അയാൾ ഫൂലന്റെ നേർക്ക് ചുഴിഞ്ഞു നോക്കിക്കൊണ്ട് അവരോട് പറഞ്ഞു, " ഇവൾ കൊള്ളക്കാരി ആണെന്ന് കരുതി നിങ്ങളാരും പേടിക്കേണ്ട. ഇവൾ ഒട്ടും അപകടകാരിയല്ല.
 നിങ്ങൾക്ക് ഇവളോട് എന്തൊക്കെ ചെയ്യാൻ തോന്നുന്നുവോ അതൊക്കെ ചെയ്തോളൂ. ഈ തേവിടിശ്ശി എന്തായാലും അതേപ്പറ്റിയൊന്നും പുറത്താരോടും പറയും എന്നുള്ള പേടി വേണ്ട. "  

അയാൾ ആ പറഞ്ഞത് ശരിയായിരുന്നു എന്ന് തന്റെ ആത്മകഥയിൽ ഫൂലനും സമ്മതിക്കുന്നുണ്ട്. " ആ മുറിയിൽ അടുത്ത മൂന്നു ദിവസം അവർ എന്നോട് ചെയ്തതൊന്നും ഞാൻ ആരോടും പറഞ്ഞില്ല. അവർ എന്നോട് ചെയ്ത കാര്യങ്ങൾ എന്നെ എന്റെ കണ്ണിൽ തന്നെ അധഃപതിപ്പിച്ചു.  അതാരോടെങ്കിലും പറയാൻ പോയിട്ട്, പിന്നീടൊരിക്കൽ ഒന്നോർക്കാൻ പോലും എനിക്ക് ലജ്ജതോന്നി." ആ മുറിയിലെ മൂന്നുദിവസത്തെ നിരന്തരപീഡനത്തിന് ശേഷം, ഫൂലനെ അവർ തിരികെ അച്ഛന്റെ സെല്ലിൽ കൊണ്ട് ചെന്നാക്കി. അവിടെ വെച്ച് സ്വന്തം അച്ഛന്റെ മുന്നിൽ ഫൂലനെ അവർ ഉടുതുണിയില്ലാതെ നിർത്തി.  നാണക്കേടുകൊണ്ട് ഫൂലന്റെ അച്ഛൻ ആകെ ചൂളിപ്പോയി. കണ്ണുകൾ ഇറുക്കിപ്പൂട്ടി അയാൾ തിരിഞ്ഞു നിന്നു. അങ്ങനെ, സ്വന്തം അച്ഛന്റെ മുന്നിൽ പരിപൂർണ നഗ്നയാക്കി നിർത്തിയശേഷം, ആ പോലീസുകാർ വീണ്ടും ഫൂലനോട് ആ പഴയ ചോദ്യം ആവർത്തിച്ചു. "പറ, നീയല്ലേ മിയ്യ ദിന്റെ വീട്ടിൽ കൊള്ളക്കാരെയും കൊണ്ട് ചെന്നത്?" ഇത്തവണ പക്ഷെ, അവർ കേൾക്കാനാഗ്രഹിച്ച ഉത്തരം പറയാനുള്ള ഒരു മാനസികാവസ്ഥയിലേക്ക് ഫൂലൻ എത്തിക്കഴിഞ്ഞിരുന്നു. അവൾ ആ പോലീസുകാർ പറഞ്ഞതെല്ലാം തലകുലുക്കി സമ്മതിച്ചു.

അതായിരുന്നു ഫൂലനോട് സമൂഹം ചെയ്ത രണ്ടാമത്തെ പീഡനം.

മൂന്നാമത്തെ പീഡനം കൊള്ളസംഘത്തലവനിൽ നിന്ന് 

മയ്യ ദിൻ പണം കൊടുത്ത് ഏർപ്പാടാക്കിയ ബാബു സിംഗ് ഗുജ്ജർ എന്ന കുപ്രസിദ്ധനായ ചമ്പൽ കൊള്ളക്കാരന്റെ സംഘം അന്നുരാത്രി തന്നെ ഗോർഹാ കാ പൂർവ ഗ്രാമത്തിലെത്തി ഫൂലനെ തട്ടിക്കൊണ്ടു പോകുന്നു. അങ്ങനെ ഫൂലനെ തട്ടിക്കൊണ്ടുപോയതിനു ശേഷം ഫൂലനെ ഈ ബാബു സിംഗ് ഗുജ്ജർ എന്ന കൊള്ളക്കാരൻ തുടർച്ചയായി രണ്ടുമൂന്നു ദിവസത്തോളം അതിക്രൂരമായി ബലാത്സംഗം ചെയ്യുന്നു. ഫൂലനെ തീർത്തും നിസ്സഹായയാക്കി മാറ്റിയ മൂന്നാമത്തെ സംഭവമായിരുന്നു അത്. അന്ന് ഗുജ്ജറിന്റെ ലൈംഗിക പീഡനങ്ങളിൽ നിന്ന് ഫൂലനെ രക്ഷിക്കുന്നുണ്ട്. ഈ ബാബു സിംഗ് ഗുജ്ജർ എന്ന മേല്ജാതിക്കാരനായ കൊള്ളസംഘത്തലവനിൽ നിന്നേറ്റ ക്രൂര ബലാത്സംഗങ്ങളാണ് ഫൂലന്റെ ജീവിതത്തിൽ അവൾക്കേൽക്കേണ്ടി വരുന്ന മൂന്നാമത്തെ പീഡനം 

നാലാമത്തെ പീഡനം മേൽജാതിക്കാരായ ഠാക്കൂർമാരിൽ നിന്ന് 

1980 ഓഗസ്റ്റ് 13-ന്, ഒട്ടും ഓർത്തിരിക്കാതെ ഒരുദിവസം ആ കൊള്ളസംഘത്തിലെ മേൽ ജാതിക്കാർ ചേർന്ന് വിക്രം മല്ലയെ ഒളിഞ്ഞിരുന്നു വെടിവെച്ചു കൊല്ലുന്നു. അതുവരെ ഫൂലൻ ദേവിയെ ഒരാൾക്കും വിട്ടുകൊടുക്കാതെ, ചേർത്ത് പിടിച്ചു കൊണ്ടുനടന്നിരുന്ന ആൾ, അവളുടെ മെന്റർ -സംരക്ഷണ കവചം അതോടെ ഇല്ലാതെയായി.  അന്ന് വൈകുന്നേരത്തോടെ ശ്രീറാമും, ലല്ലാറാമും ഒക്കെകൂടി തങ്ങളുടെ കയ്യിൽ കിട്ടിയ ഇരയായ ഫൂലൻ ദേവിയെ ഠാക്കൂർമാർക്ക് ഭൂരിപക്ഷമുള്ള ബെഹ്‌മായി എന്ന ഗ്രാമത്തിലേക്ക് കൂട്ടിക്കോണ്ടുപോകുന്നു. ഈ സംഭവം നടക്കുമ്പോൾ ഫൂലന് പ്രായം വെറും പതിനേഴ് വയസുമാത്രമാണ്.

മൂന്നാഴ്ചയോളം ഫൂലനെ അവർ അവിടെ വെച്ച് തുടർച്ചയായ ബലാത്സംഗത്തിനും കൊടിയ മർദ്ദനങ്ങൾക്കും വിധേയയാക്കി. പരിപൂർണ നഗ്നയാക്കിയ ശേഷം ഫൂലനെക്കൊണ്ട് ആ ഗ്രാമത്തിലെ കിണറ്റിൽ നിന്ന് വെള്ളം കോരിച്ചു എന്നും പറയപ്പെടുന്നുണ്ട്. മേൽജാതിക്കാരായ ഠാക്കൂർമാരിൽ നിന്ന് ഏൽക്കേണ്ടി വന്ന മൂന്നാഴ്ചയോളം നീണ്ടുനിന്ന ബലാത്സംഗങ്ങളാണ് ഫൂലന്റെ ജീവിതത്തിലെ നാലാമത്തെ പീഡനാനുഭവം. 

അഞ്ചാമത്തെ പീഡനം : ജയിൽ ഡോക്ടർ പ്രവർത്തിച്ച ക്രൂരത 

ആദ്യത്തെ നാല് പീഡനങ്ങളും ബലാത്സംഗങ്ങളും മർദ്ദനങ്ങളും ഒക്കെ ഉൾപ്പെട്ടതായിരുന്നു എങ്കിൽ, അഞ്ചാമത്തേത്, പതിനൊന്നു വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ബ്ലീഡിങ് വന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ, പ്രിസൺ ഡോക്ടർ ഫൂലൻ ദേവിയുടെ ഗർഭപാത്രം അവളുടെ സമ്മതം കൂടാതെ നീക്കം ചെയ്ത സംഭവമാണ്. പിന്നീട് പുസ്തകം എഴുതാൻ വേണ്ടി ജയിൽ സന്ദർശിച്ച് അഭിമുഖമെടുത്ത മാല സെൻ ഇതേപ്പറ്റി പ്രിസൺ ഡോക്ടറോട് ചോദിച്ചപ്പോൾ അവർ പറഞ്ഞ തികച്ചും ക്രിമിനൽ ആയ മറുപടി ഇങ്ങനെ,"ഐ ഡോണ്ട് വാണ്ട് ഹേർ റ്റു ബ്രീഡ് എനി മോർ ഫൂലൻസ്"  " ഇനിയും ഇവൾ ഒരു ഫൂലൻ ദേവിയെക്കൂടി ഉത്പാദിപ്പിക്കരുത്, അതുകൊണ്ടാണ് റിമൂവ് ചെയ്തത് യൂട്രസ്"
എന്ന്.  നോ കൺസെന്റ്, നതിങ്. ജസ്റ്റ് ലൈക്ക് ദാറ്റ്.. ഈ ഒരു സംഭവം ഫൂലനെക്കുറിച്ചുള്ള പോപ്പുലർ ആയിട്ടുള്ള കഥകളിൽ എവിടെയും റെക്കോർഡ് ചെയ്യപ്പെടാതെ പോയ ഒരു കാര്യമാണ്. ഒരു  പക്ഷേ, ഫൂലന്റെ ജീവിതത്തിൽ തന്നെ അവളോട് സമൂഹം പ്രവർത്തിച്ചതിൽ വെച്ച് ഏറ്റവും വലിയ അതിക്രമങ്ങളിൽ ഒന്നും ഇതാവും. 

ഫൂലൻ ദേവി എന്ന സാധാരണകാരിയായ പെൺകുട്ടിയെ ഒരു കൊള്ളക്കാരിയാക്കി മാറ്റിയത് അവളുടെ ജീവിതത്തിലെ ദുരനുഭവങ്ങളാണ്. ഫൂലൻ ചെയ്തു കൂട്ടിയ കൊള്ളയ്ക്കും കൊലക്കും പ്രധാന ഉത്തരവാദി ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി അവളെ  കടുത്ത ചൂഷണങ്ങൾക്ക്  വിധേയമാക്കിയ ഈ സമൂഹവും; പീഡിപ്പിക്കപ്പെട്ടു നിസ്സഹായാവസ്ഥയിൽ നിന്നപ്പോൾ അവൾ അർഹിക്കുന്ന നീതി അവൾക്ക് നിഷേധിച്ച, അവളെ കൂടുതൽ പീഡനങ്ങൾക്ക് വിധേയമാക്കിയ പോലീസ് - നീതിന്യായ വ്യവസ്ഥയുമാണ്. പിടിച്ചാൽ പിടികിട്ടാത്ത ഒരു കൊള്ളക്കാരിയോ, ക്രാന്തദർശിയായ ഒരു പാർലമെന്റേറിയനോ അല്ലെങ്കിൽ ആർക്കും പിന്തുടരാൻ പറ്റിയ ഒരു ആദർശ വ്യക്തിത്വം പോലുമോ ആയിരുന്നില്ല ഒരിക്കലും ഫൂലൻ ദേവി.

ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളിൽ അടിപതറി പലവട്ടം വീണിട്ടും, വീണിടത്ത് കിടന്നു ഏങ്ങലടിച്ചു കരയാതെ, എഴുന്നേറ്റ് നടക്കാൻ ശ്രമിച്ച, ജീവിതത്തിന്റെ ഓട്ടത്തിൽ മറ്റാരേക്കാളും മുന്നിലെത്തിയ നല്ല ഉശിരുള്ള ഒരു സ്ത്രീ ആയിരുന്നു എന്തുകൊണ്ടും ഫൂലൻ ദേവി.

click me!