അമ്മയും അച്ഛനും അവഗണിച്ച കുഞ്ഞ്, അഞ്ചുവര്‍ഷത്തോളം വളര്‍ത്തിയത് നായകള്‍; അവിശ്വസനീയം ഈ ജീവിതം

By Web TeamFirst Published Jul 12, 2020, 12:53 PM IST
Highlights

അവിടെ സാവധാനം അവളെ പുനരധിവസിപ്പിക്കുകയും ചെയ്തു. അവർ അവളെ ഒരു മനുഷ്യനെപ്പോലെ സംസാരിക്കാനും പെരുമാറാനും പഠിപ്പിച്ചു. അവർ അവളെ നിവർന്ന് നടക്കാനും കൈകൊണ്ട് ഭക്ഷണം കഴിക്കാനും ഒരു മനുഷ്യനെപ്പോലെ ആശയവിനിമയം നടത്താനും പരിശീലിപ്പിച്ചു.

ജോൺ ഫാവ്രിയോ സംവിധാനം ചെയ്‍ത 'ദി ജംഗിൾ ബുക്ക്' എന്ന സിനിമ എല്ലാവരും കണ്ടിട്ടുണ്ടാകും. കാട്ടിലെ മൃഗങ്ങൾ വളർത്തുന്ന മൗഗ്ലി എന്ന ഇന്ത്യൻ ബാലന്റെ കഥയാണ് അത്. സിനിമ കണ്ട് പലരും അവനെ പോലെ സ്വതന്ത്രനായി ജീവിക്കാൻ ആഗ്രഹിച്ചു. പക്ഷേ, അതൊക്കെ സിനിമയിലെ നടക്കൂ എന്ന് നമുക്കറിയാമായിരുന്നു. എന്നാൽ, യഥാർത്ഥ ജീവിതത്തിലും മൃഗങ്ങളാൽ വളർത്തപ്പെടുന്ന കുട്ടികളുണ്ട് എന്നത് ഒരു സത്യമാണ്. അവരുടെയൊക്കെ ജീവിതം പക്ഷെ സിനിമപോലെ രസകരമായിരുന്നില്ല. പലപ്പോഴും അവഗണിക്കപ്പെടുകയോ, ദുരുപയോഗം ചെയ്യപ്പെടുകയോ മനുഷ്യസമൂഹം ഉപേക്ഷിക്കുകയോ ചെയ്‍തവരാണ് അവർ. അത്തരം ഒരു സംഭവത്തിൽ പട്ടികളുടെ ഇടയിൽ കിടന്ന് വളർന്ന ഒരു പെൺകുട്ടിയാണ് ഒക്സാന മലയ.  

1994 -ൽ എട്ട് വയസ്സുള്ളപ്പോൾ ഉക്രെയ്നിൽ വച്ചാണ് അവളെ കണ്ടെത്തുന്നത്. നാല് കാലിൽ നടക്കുകയും, പട്ടികളെ പോലെ കുരക്കുകയും ചെയ്‌ത അവളെ ഒരുകൂട്ടം നായ്ക്കളുടെ ഇടയിൽ നിന്നാണ് കണ്ടെത്തിയത്. പെൺകുട്ടി അവളുടെ വീടിനടുത്തുള്ള പട്ടിക്കൂട്ടിലാണ് താമസിച്ചിരുന്നത്. ആരോ അവളെ ശ്രദ്ധിക്കുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്‌തു. എന്നാൽ, അവിടെ ചെന്ന പൊലീസ് കണ്ട കാഴ്‌ച ഞെട്ടിക്കുന്നതായിരുന്നു. പുല്ലിലൂടെ അവൾ നാല് കാലിൽ നടക്കുന്നു. അവളുടെ നാവു വെളിയിലേക്ക് തൂങ്ങിക്കിടന്നു. അവൾ വെള്ളം കുടിക്കുന്നത് ഒരു നായയെ പോലെയാണ്. അവളുടെ കുര വെറുമൊരു അനുകരണമല്ല മറിച്ച്, ശരിയായ, ഉച്ചത്തിലുള്ള ആക്രമണാത്മകമായ കുരയായിരുന്നു. നനഞ്ഞപ്പോൾ അവൾ ഒരു നായയെപ്പോലെ, ശരീരം കുടഞ്ഞു. ഇതെല്ലാം കണ്ട പൊലീസ് അന്താളിച്ചു പോയി. അവളെ അവിടെ നിന്ന് എത്രയുംവേഗം മാറ്റാൻ അവർ തീരുമാനിച്ചു. എന്നാൽ, അപകടം മണത്ത നായ്ക്കൾ അക്രമാസക്തരായി. ഒടുവിൽ ഒരുപാട് പണിപ്പെട്ട് നായ്ക്കളുടെ കൂട്ടത്തിനിടയിൽ നിന്ന് അവളെ പൊലീസ് പുറത്തു കൊണ്ട് വന്നു. എങ്ങനെയാണ് അവൾ അവിടെ എത്തിപ്പെട്ടത്? എന്താണ് അവൾക്ക് സംഭവിച്ചത്?

1983 -ൽ ഉക്രെയ്നിലാണ് ഒക്സാന മലയ ജനിച്ചത്. ഒക്സാനയുടെ മാതാപിതാക്കൾ മദ്യപാനികളായിരുന്നു. അവർ അവളെ വേണ്ടരീതിയിൽ നോക്കിയില്ല. അവളുടെ അമ്മ ഒരു ആൺകുട്ടിയെയാണ് ആഗ്രഹിച്ചത്. പക്ഷേ, ജനിച്ചത് ഒരു പെൺകുട്ടിയും. കേവലം മൂന്ന് വയസ്സുള്ളപ്പോൾ, ഒരു രാത്രി അവളുടെ മദ്യപാനിയായ മാതാപിതാക്കൾ അവളെ അവഗണിക്കുകയും, വീടിന് പുറത്ത് നിർത്തുകയും ചെയ്‍തു. കുഞ്ഞല്ലേ, സ്വാഭാവികമായും, അവൾക്ക് തണുത്തു. ചുറ്റുമുള്ള ഇരുട്ട് അവളെ വല്ലാതെ ഭയപ്പെടുത്തി. ഒടുവിൽ ഒറ്റക്കായ അവൾ കരഞ്ഞ് തളർന്ന് വീട്ടിലെ നായക്കൂട്ടിൽ പോയി കിടന്നു. പതുക്കെ നായ്ക്കൾ അവളുടെ കുടുംബമായിത്തീർന്നു.

ഒക്‌സാന എവിടെയാണെന്ന് ആരും അന്വേഷിച്ചില്ല. അവളുടെ മാതാപിതാക്കൾ പോലും അവളെ ശ്രദ്ധിച്ചില്ല. അവൾ നായ്ക്കളുടെ കൂടെ  താമസിച്ചു. നായ്ക്കൾ കൊണ്ടുവന്നുകൊടുത്ത മാംസക്കഷ്‍ണങ്ങൾ അവൾ കടിച്ചുപറിച്ചു. എങ്ങനെ സംസാരിക്കണമെന്ന് ഒക്സാന മറന്നു. ഒരു മനുഷ്യനെപ്പോലെ ജീവിക്കാൻ മറന്നു. പകരം അവൾ താമസിയാതെ ഒരു നായയെപ്പോലെ പെരുമാറാൻ തുടങ്ങി. അഞ്ച് വർഷത്തിന് ശേഷം, അയൽക്കാർ അവളെ കാണാൻ ഇടയായി. അവർ ഉടനെ തന്നെ ഈ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.  

അധികൃതർ ഒക്സാനയെ  ഒഡെസയിലെ മകരെങ്ക കറക്ഷണൽ അനാഥാലയത്തിലേക്ക് കൊണ്ടുപോയി. അവിടെ സാവധാനം അവളെ പുനരധിവസിപ്പിക്കുകയും ചെയ്തു. അവർ അവളെ ഒരു മനുഷ്യനെപ്പോലെ സംസാരിക്കാനും പെരുമാറാനും പഠിപ്പിച്ചു. അവർ അവളെ നിവർന്ന് നടക്കാനും കൈകൊണ്ട് ഭക്ഷണം കഴിക്കാനും ഒരു മനുഷ്യനെപ്പോലെ ആശയവിനിമയം നടത്താനും പരിശീലിപ്പിച്ചു. എന്നിരുന്നാലും അവളുടെ സ്വരം പരന്നതും വികാരരഹിതവുമാണ്. താളമില്ലാത്ത സംസാര രീതിയാണ് അവളുടെത്. അവൾക്ക് നേരിയ പഠന വൈകല്യമുണ്ട്, അതുകൊണ്ട് തന്നെ സ്വതന്ത്രമായി ജീവിക്കാൻ കഴിയില്ല. ഓക്സാന മലയയ്ക്ക് ഇപ്പോൾ ഏകദേശം 37 വയസ്സായി, മാനസിക വൈകല്യമുള്ളവർക്കുള്ള ഒരു ആതുരാലയത്തിലാണ് അവൾ താമസിക്കുന്നത്. അവിടെ താമസക്കാർ ഒരു ഫാം പ്രവർത്തിപ്പിക്കുന്നുണ്ട്. അവിടെ അവൾ പശുക്കളെ പരിപാലിക്കുന്നു. ഒക്സാനയ്ക്ക് ഒരു വളർത്തുമൃഗമുണ്ട്. എന്നാൽ ഇന്ന് അവൾ ആളുകളുമായി ഇടപഴകാനാണ് ഇഷ്ടപ്പെടുന്നത്.  

അവൾക്ക് ബോറടി സഹിക്കാനുള്ള ശേഷിയും, നിർദ്ദേശങ്ങൾ നന്നായി പിന്തുടരാനുള്ള കഴിവും, ശ്രദ്ധാകേന്ദ്രമാകാൻ ഇഷ്ടപ്പെടുന്ന ഒരു മനസ്സുമുണ്ട്. എന്തെങ്കിലും നൽകുമ്പോൾ, നായയെപ്പോലെ അത് ഒളിക്കാനും അവൾ പരിശ്രമിച്ചിരുന്നു. ആറ് വയസുള്ള കുട്ടിയുടെ മാനസികശേഷിയാണ് അവൾക്ക്. കൂടാതെ ഒക്‌സാനയ്ക്കു എണ്ണാൻ കഴിയുമെങ്കിലും, കൂട്ടാനാകില്ല. അവൾക്ക് അവളുടെ പേര് ശരിയായി വായിക്കാനോ ഉച്ചരിക്കാനോ കഴിയില്ല. എന്നിരുന്നാലും 'ഡോഗ് ഗേൾ' എന്ന് ലോകം വിളിക്കുന്ന അവൾ തമാശ പറയാനും മറ്റുള്ളവരെ ചിരിപ്പിക്കാനും ആഗ്രഹിക്കുന്നു. ഇപ്പോൾ അവളുടെ ഏറ്റവും വലിയ ആഗ്രഹം വീണ്ടും സ്വന്തം അമ്മയെ ഒരു നോക്ക് കാണുകയെന്നതാണ്.  2013 -ല്‍ അവള്‍ നാഷണല്‍ ഉക്രൈനിയന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് എല്ലാ മനുഷ്യരെയും പോലെയാകാനാണ് ഇഷ്‍ടം ഡോഗ് ഗേള്‍ എന്ന് വിളിക്കുന്നത് തന്നില്‍ അലോസരമുണ്ടാക്കുന്നുവെന്നും അവള്‍ പറഞ്ഞിരുന്നു. 

click me!