ഹാഗിയ സോഫിയ കത്തീഡ്രലോ, മ്യൂസിയമോ അതോ മുസ്ലിം പള്ളിയോ? വിവാദത്തിനു പിന്നിലെ കഥ ഇങ്ങനെ

By Web TeamFirst Published Jul 11, 2020, 2:44 PM IST
Highlights

തന്റെ ജനപ്രീതിയിൽ ഉണ്ടായ ഇടിവാണ് പ്രസിഡന്റ് എർദോഗനെക്കൊണ്ട് ഇങ്ങനെ യാഥാസ്ഥിതികസമൂഹത്തെ പ്രീണിപ്പിക്കുന്ന തീരുമാനങ്ങൾ എടുപ്പിക്കുന്നതെന്നാണ് വിമർശകർ ആരോപിക്കുന്നത്.

തുർക്കിയുടെ തലസ്ഥാന നഗരമായ ഇസ്‌താംബുളിൽ ചരിത്രമുറങ്ങുന്ന ഒരിടമുണ്ട്. അതാണ് ഹാഗിയ സോഫിയ മ്യൂസിയം. 1500 വർഷങ്ങൾക്കുമുമ്പ് അത് നിർമ്മിക്കപ്പെട്ടത് ഒരു ഓർത്തഡോക്സ് ക്രിസ്ത്യൻ കത്തീഡ്രൽ ആയിട്ടാണ്. 1453 -ലെ ഓട്ടോമൻ സാമ്രാജ്യത്തിന്റെ തേരോട്ട സമയത്ത് ആ കത്തീഡ്രൽ ഒരു മുസ്ലിം പള്ളിയായി പരിവർത്തനം ചെയ്യപ്പെട്ടു. 1934 -ൽ ഒരു മ്യൂസിയമായി മാറിയ ആ കെട്ടിടസമുച്ചയം യുനെസ്‌കോ ഇന്ന് വേൾഡ് ഹെറിറ്റേജ് സൈറ്റുകളിൽ ഒന്നായി കണക്കാക്കുന്ന ചരിത്രസ്മാരകങ്ങളിൽ ഒന്നാണ്.  

ഈ കെട്ടിടത്തെ വീണ്ടും ഒരു മുസ്ലിം പള്ളി ആക്കി മാറ്റണം എന്ന ആവശ്യം തുർക്കിയിലെ പരമ്പരാഗത മുസ്ലിംകളിൽ നിന്നുയരാൻ തുടങ്ങിയിട്ട് കാലമേറെയായിരുന്നു എങ്കിലും മതേതര നിലപാട് സ്വീകരിച്ച പ്രതിപക്ഷത്തിന്റെ സമ്മർദ്ദവുംലോകത്തെമ്പാടുമുള്ള വിശിഷ്ട വ്യക്തിത്വങ്ങളിൽ നിന്നുയർന്ന എതിർപ്പുകളും കാരണം ആ 'മാറ്റം' ഇത്രയും നാൾ നടപ്പിലാക്കാതെ വൈകിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ, ആ തീരുമാനം നടപ്പിലാക്കാൻ ഉറച്ചിരിക്കുകയാണ് ഇപ്പോഴത്തെ തുർക്കി പ്രസിഡന്റായ എർദോഗാൻ.  ഹാഗിയ സോഫിയ മ്യൂസിയം തങ്ങളുടെ മാത്രം സ്വത്താണെന്നും, അതിനെ തിരികെ മുസ്ലിം പള്ളിയാക്കി മാറ്റണം എന്ന തങ്ങളുടെ തീരുമാനം അന്തിമമാണ് എന്നും പ്രസിഡന്റ് പറഞ്ഞു.

 

 

സ്വദേശികളും വിദേശികളുമായ മുസ്ലിംകൾക്കും, അമുസ്ലിംകൾക്കും എല്ലാം തന്നെ ഏതുനേരവും കയറിവരാൻ വേണ്ടി ഈ പള്ളിയുടെ വാതിലുകൾ തുറന്നുതന്നെ ഇരിക്കും എന്ന് എർദോഗാൻ അറിയിച്ചു. ഹാഗിയ സോഫിയയെ ഒരു മുസ്ലിം പള്ളി ആക്കി മാറ്റുമെങ്കിലും അതിനുള്ളിലെ ക്രിസ്തീയ ചിഹ്നങ്ങളും അനുബന്ധ സംവിധാനങ്ങളും ഒന്നും മാറ്റുകയില്ല എന്നും പ്രസിഡന്റ് പറഞ്ഞു. ഈ അവസരത്തിൽ വരുന്ന ഇത്തരത്തിലൊരു മാറ്റത്തിന് പല പ്രതീകാത്മക മാനങ്ങളുമുണ്ട്. ഹാഗിയ സോഫിയ  പള്ളിക്കു  പകരം ഒരു മ്യൂസിയം ആക്കി നിലനിർത്തിയാൽ മതി എന്ന നിർണായകമായ തീരുമാനം കൈക്കൊണ്ടത് ആധുനിക തുർക്കിയുടെ ശില്പിയായ കെമാൽ അതാതുർക്ക് ആണ്. അതാതുർക്ക് സ്വപ്നം കണ്ട തുർക്കിയുടെ അന്തസ്സത്തയെ അല്പാല്പമായി പൊളിച്ചടുക്കിക്കൊണ്ടിരിക്കുകയാണ് എർദോഗാൻ ഭരണത്തിലേറിയ നിമിഷം തൊട്ട് ചെയ്തിട്ടുള്ളത്. 

മൂന്നു പതിറ്റാണ്ടു മുമ്പാണ് എർദോഗാൻ തുർക്കിയിൽ രാഷ്ട്രീയത്തിലിറങ്ങുന്നത്. അന്നൊന്നും ഇങ്ങനെയൊരാഗ്രഹം എർദോഗന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. മറിച്ച് അത് അങ്ങനെ ചെയ്യരുത് എന്നായിരുന്നു എർദോഗന്റെ പക്ഷം. എർദോഗന്റെ രാഷ്ട്രീയചിന്താധാരയിൽ കാര്യമായ മാറ്റമുണ്ടാകുന്നത് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ പരാജയം നേരിട്ട 2019 -ലായിരുന്നു. അധികം താമസിയാതെ ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവം വരുന്നതിനടുപ്പിച്ചാണ് ഹാഗിയ സോഫിയയെ തിരികെ പള്ളിയാക്കാൻ പോവുകയാണ് എന്ന പ്രഖ്യാപനം എർദോഗാൻ നടത്തിയത്. കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞെടുപ്പിലേറ്റ പരാജയം തന്റെ ജനപ്രീതിയിൽ ഉണ്ടായ ഇടിവിന്റെ സൂചനയാണ് എന്ന വസ്തുത ഗ്രഹിച്ച പ്രസിഡന്റ് അത് തിരിച്ചു പിടിക്കാൻ വേണ്ടിയാണ് യാഥാസ്ഥിതിക സമൂഹത്തിന്റെ പ്രീതി പിടിച്ചു പറ്റാൻ വേണ്ടിയുള്ള നിലപാടുകൾ സ്ഥിരീകരിച്ചത് എന്ന് വിമർശകർ പറയുന്നു. 

ഹാഗിയ സോഫിയ എന്ന ഈ പുരാതന മ്യൂസിയത്തിന്റെ രൂപമാർജിച്ചിരിക്കുന്ന ക്രിസ്തീയ ദേവാലയത്തിനുള്ളിൽ ഖുർആൻ സൂക്തങ്ങൾ  പാരായണം ചെയ്യുന്നതിനെ പരസ്യമായി അപലപിച്ചുകൊണ്ട് ഗ്രീസ് രംഗത്തു വന്നിരുന്നു. ഇപ്പോൾ ഈ പുതിയ മാറ്റത്തെയും ഗ്രീസ് പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നുണ്ട്. തുർക്കിയുടെ ഈ നീക്കം യുനെസ്‌കോ കൺവെൻഷന്റെ ലംഘനവുമാണ് എന്ന് ഗ്രീസിന്റെ വിദേശകാര്യ വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ഹാഗിയ സോഫിയ തങ്ങളുടെ ആഭ്യന്തര കാര്യമാണ് എന്നും അക്കാര്യത്തിൽ തല്ക്കാലം ഒരു അന്താരാഷ്ട്ര ഉപദേശവും വേണമെന്നില്ല എന്നുമാണ് അന്ന് തുർക്കി ഗ്രീസിന്റെ ഇടപെടലിനോട് പ്രതികരിച്ചത്. 

 

 

ജൂലൈ 15 -ന് എർദോഗനെ അട്ടിമറിക്കാൻ ശ്രമം നടന്നതിന്റെ നാലാം വാർഷികദിനമാണ്. അന്നേ ദിവസം ഹാഗിയ സോഫിയയിൽ ഖുർആൻ പാരായണം  നടത്താൻ വേണ്ടത് ചെയ്യണം എന്നും എർദോഗാൻ പറഞ്ഞിട്ടുണ്ട്. ഈ വിഷയത്തിൽ തുർക്കിക്കെതിരെ പരാതിയുമായി ഗ്രീസ് യുണെസ്‌കോയെ സമീപിച്ചിട്ടുണ്ട്. യുനെസ്‌കോ ആകട്ടെ ഈ വിഷയത്തിൽ തങ്ങൾക്കുള്ള കടുത്ത അതൃപ്തി തുർക്കിയെ ഔദ്യോഗികമായിത്തന്നെ അറിയിച്ചിട്ടുമുണ്ട്.  രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് കൊവിഡ് 19 ഏല്പിച്ച ആഘാതത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇപ്പോൾ എർദോഗാൻ ഇങ്ങനെ ഒരു വിവാദവുമായി വന്നെത്തിയിരിക്കുന്നത് എന്നാണ് എതിരാളികളുടെ പരാതി. ഈസ്റ്റേൺ ഓർത്തഡോക്സ് സഭയും തുർക്കിയുടെ ഈ പുതിയ പരിഷ്കരണത്തെ പരസ്യമായി എതിർത്തുകൊണ്ട് മുന്നോട്ടു വന്നിട്ടുണ്ട്. 

 

ഈ പ്രവൃത്തിയിലൂടെ എർദോഗാൻ തുർക്കിയെ ചുരുങ്ങിയത് ആറു നൂറ്റാണ്ടെങ്കിലും പിന്നോട്ടടിച്ചതായും വിമർശകർ പറഞ്ഞു. വലിയൊരു മിനാരമുള്ള ഈ കെട്ടിടമാണ് ഇന്ന് ലോകത്തുള്ള ഏറ്റവും വലിയ പള്ളിക്കെട്ടിടം എന്ന് കരുതപ്പെടുന്നു. വർഷാവർഷം പത്തുനാല്പതു ലക്ഷം വിനോദ സഞ്ചാരികളെങ്കിലും വന്നു പോകുന്ന ഹാഗിയ സോഫിയ തുർക്കിയുടെ സാമ്പത്തിക സ്രോതസ്സുകളിൽ ഒന്നുകൂടിയാണ്. ഹാഗിയ സോഫിയ മ്യൂസിയം ഒരു മുസ്ലിം പള്ളിയായി മാറ്റപ്പെടുമ്പോൾ അതോടൊപ്പം അസ്തമിക്കുന്നത് അതിനെ ചുറ്റിപ്പറ്റിയുള്ള ചരിത്രം കൂടിയാണ്. 

click me!