സൂററ്റിലെ ഡ്യൂമസ് ബീച്ചിൽ രാത്രികാലങ്ങളിൽ ആളുകൾ പോകാൻ ഭയക്കുന്നതെന്ത് ?

By Web TeamFirst Published Jun 26, 2020, 12:23 PM IST
Highlights

ഒരിക്കൽ സൂറത്ത് സ്വദേശിയായ ഒരു കൂട്ടം സുഹൃത്തുക്കൾ ഇത് സത്യമാണോ എന്നറിയാൻ ഒരു രാത്രി ബീച്ചിൽ ചെലവഴിക്കാൻ തീരുമാനിച്ചു. അവർ അവിടെ ചെന്നപ്പോൾ പ്രത്യേകിച്ച് അസാധാരണമായി ഒന്നും തന്നെ കണ്ടെത്തിയില്ലെങ്കിലും, അന്ന് അവർ എടുത്ത ഫോട്ടോഗ്രാഫുകൾ മറ്റൊരു കഥ പറഞ്ഞു.

യാത്രപോകാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും. പ്രത്യേകിച്ച് ബീച്ചുകളിൽ പോയി കാറ്റേറ്റ് ഇരിക്കാൻ ഇഷ്ടപ്പെടാത്തവർ ആരും തന്നെ ഉണ്ടാകില്ല. എന്നാൽ, അതിനൊപ്പം കുറച്ച് സാഹസികതയും കൂടി വേണമെന്നാഗ്രഹിക്കുന്നവർ ഒരിക്കലെങ്കിലും പോകേണ്ട ഇടമാണ് സൂററ്റിലെ ഡ്യൂമസ് ബീച്ച്. അവിടെ എന്താണ് പ്രത്യേകത എന്ന് ചോദിച്ചാൽ പകൽ ആളുകളെക്കൊണ്ട് നിറഞ്ഞ അവിടം രാത്രികാലങ്ങളിൽ ശൂന്യമാണ്. ഒരുമാതിരിപ്പെട്ട ആളുകൾക്കെല്ലാം അവിടെ പോകാൻ ഭയമാണ്. കൂറ്റാക്കൂറ്റിരുട്ടിൽ അവിടെ കരച്ചിലുകളും ചില അവ്യക്തരൂപങ്ങളും കാണാം എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ അവിടെ പ്രേതബാധയുണ്ട് എന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു.  

സൂറത്ത് നഗരത്തിന് തെക്ക് പടിഞ്ഞാറ് 21 കിലോമീറ്റർ അകലെയുള്ള അറേബ്യൻ കടലിനടുത്തുള്ള ഒരു ബീച്ചാണ് ഡ്യൂമസ് ബീച്ച്. അസാധാരണമായ സംഭവങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ളതു കാരണം ഈ കറുത്ത മണൽ ബീച്ച് വളരെ പ്രസിദ്ധമാണ്. ഇന്ത്യയിലെ ഏറ്റവും 'പ്രേതബാധയുള്ള' സ്ഥലങ്ങളിൽ ഒന്നായി ഇത് അറിയപ്പെടുന്നു. ഇന്ത്യയിലെ മറ്റ് ബീച്ചുകളിൽ നിന്ന് വ്യത്യസ്‍തമായി ഇവിടത്തെ മണ്ണിനു കറുത്ത നിറമാണ്. ഉയർന്ന ഇരുമ്പിന്‍റെ സാന്നിധ്യമാണ് മണലിന് ഈ കറുത്ത നിറം നൽകുന്നത്. ഇത് ഡ്യൂമസ് ബീച്ചിനെ കൂടുതൽ ഭയാനകമാക്കുന്നു. ബീച്ചിനെ കുറിച്ചുള്ള കഥകളിൽ ഒന്ന്, ഈ ബീച്ച് മുൻപ് ശ്‍മശാന ഭൂമിയായിരുന്നുവെന്നും ആളുകളെ ഇവിടെ കുഴിച്ചിട്ടിരിക്കുന്നതുകൊണ്ടാണ് മണലിന് കറുത്ത നിറമുണ്ടായതെന്നുമാണ്. കൂടാതെ, വേർപിരിഞ്ഞ ദുരാത്മാക്കൾ അർദ്ധരാത്രിയിൽ കടൽത്തീരത്ത് ചുറ്റിക്കറങ്ങുന്നുവെന്നും പറയപ്പെടുന്നു.  

വിചിത്രമായ ശബ്‍ദങ്ങളും ഉച്ചത്തിലുള്ള ചിരിയും രാത്രികാലങ്ങളിൽ കടൽത്തീരത്ത് കേൾക്കാമെന്നു സന്ദർശകർ അവകാശപ്പെടുന്നു. വെളുത്ത രൂപങ്ങളും, നീങ്ങുന്ന വെളിച്ചവും കണ്ടുവെന്നും, മറ്റ് വിശദീകരിക്കാനാകാത്ത പ്രവർത്തനങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. അർദ്ധരാത്രിയിൽ കടൽത്തീരത്ത് സഞ്ചരിക്കുമ്പോൾ നിരവധി സഞ്ചാരികളെ കാണാതായതായും പറയുന്നവരുണ്ട്. അക്കൂട്ടത്തിൽ റിപ്പോർട്ടുചെയ്‌ത മറ്റൊരു സംഭവം, ഈ പ്രദേശത്തെ നായ്ക്കൾ രാത്രിയായാൽ വിചിത്രമായി പെരുമാറുന്നു എന്നതാണ്. അവ ഓരിയിടുകയും, നിർത്താതെ കുരക്കുകയും ചെയ്യുന്നതിനോടൊപ്പം വളരെ അസ്വസ്ഥരായി കാണപ്പെടുന്നുവെന്നും പറയുന്നു. ഇതും കൂടിയായതോടെ ഇരുട്ടിയാൽ കടൽത്തീരത്തേയ്ക്ക് ആളുകൾ വരാതായി.  

ഒരിക്കൽ സൂറത്ത് സ്വദേശിയായ ഒരു കൂട്ടം സുഹൃത്തുക്കൾ ഇത് സത്യമാണോ എന്നറിയാൻ ഒരു രാത്രി ബീച്ചിൽ ചെലവഴിക്കാൻ തീരുമാനിച്ചു. അവർ അവിടെ ചെന്നപ്പോൾ പ്രത്യേകിച്ച് അസാധാരണമായി ഒന്നും തന്നെ കണ്ടെത്തിയില്ലെങ്കിലും, അന്ന് അവർ എടുത്ത ഫോട്ടോഗ്രാഫുകൾ മറ്റൊരു കഥ പറഞ്ഞു. ഫോട്ടോകളിൽ സ്‍പിരിറ്റ് ഓർബുകൾ ഉണ്ടായിരുന്നതായി അവർ കണ്ടെത്തി. ഓർ‌ബുകൾ‌ ആത്മാക്കൾ‌ ഉണ്ടെന്നതിന്‍റെ തെളിവാണ് എന്ന് പാരനോർമൽ പ്രവർത്തകർ പറയുന്നു. എന്നാലും ആ കൂട്ടുകാരും പറയുന്നത് അത് വേറെ എന്തെങ്കിലും ആവാനും സാധ്യതയുണ്ട്. അന്തരീക്ഷം ഭയപ്പെടുത്തുന്നുവെന്ന് തോന്നിപ്പിക്കുമെങ്കിലും അസാധാരണമായതൊന്നും അവിടെ കാണാനില്ല എന്നുതന്നെയാണ്. എന്നിരുന്നാലും, ഇത് വെറും കെട്ടുകഥ അല്ലെങ്കിൽ അന്ധവിശ്വാസമായി കരുതുന്നവരാണ് കൂടുതൽ. കൂടുതല്‍ പേരും പറയുന്നത് പേടിക്കേണ്ടതായി ഒന്നുമില്ല ഈ ബിച്ചീല്‍ എന്ന് തന്നെയാണ്. 


 

click me!