18 വര്‍ഷം കഴിഞ്ഞത് വിമാനത്താവളത്തില്‍, പാരീസ് വിമാനത്താവളം 'ദത്തെ'ടുത്ത ഈ വ്യക്തി ആരാണ്?

By Web TeamFirst Published Feb 20, 2020, 3:28 PM IST
Highlights

സ്വന്തമായി ഒരു മേശയും കസേരയും അദ്ദേഹത്തിന് അവിടെ ഉണ്ടായിരുന്നു. അവിടെ യാത്രക്കാർ നീങ്ങുന്നതും വിമാനങ്ങൾ പറക്കുന്നതും ദിവസങ്ങൾ കടന്നുപോകുന്നതും അദ്ദേഹം നോക്കിയിരുന്നു. 

യാത്രയ്ക്ക് മുൻപുള്ള താൽകാലിക വിശ്രമകേന്ദ്രങ്ങളാണ് നമുക്ക് വിമാനത്താവളങ്ങൾ. എന്നാൽ, മെഹ്‌റാൻ കരിമി നാസേരി എന്ന ഇറാനിയൻ അഭയാർത്ഥി 18 വർഷമാണ് പാരിസിലെ ഒരു വിമാനത്താവളത്തിൽ വിശ്രമിച്ചത്. അക്ഷരാർത്ഥത്തിൽ അത് അദ്ദേഹത്തിൻ്റെ സ്വന്തം വീടായിത്തീർന്നു. 1988 ഓഗസ്റ്റ് മുതൽ 2006 ജൂലൈ വരെ പാരീസിലെ ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ നാസേരി താമസിച്ചു. സർ, ആൽഫ്രഡ് മെഹ്‌റാൻ എന്നറിയപ്പെടുന്ന നാസേരിയുടെ കഥ വളരെ വിചിത്രമാണ്. വിമാനത്താവളത്തിൽ അങ്ങനെ ആർക്കും താമസിക്കാൻ സാധിക്കില്ല എന്ന് നമുക്കറിയാം. പിന്നെങ്ങനെ രണ്ട് പതിറ്റാണ്ടോളം അദ്ദേഹം അവിടെ താമസിച്ചു? അദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്ന് പുറത്തുകടക്കാൻ അധികാരികൾ അനുവദിച്ചില്ല എന്നതാണ് സത്യം. സ്വന്തമായി ഒരു വീടില്ലാത്ത, പോകാൻ ഒരു രാജ്യമില്ലാത്ത, കാത്തിരിക്കാൻ ആരും തന്നെയില്ലാത്ത അദ്ദേഹം ആ വിമാനത്താവളത്തിൽ വർഷങ്ങളോളം ഏകാന്ത ജീവിതം നയിച്ചു. 

സ്വന്തം നാടായ ഇറാനിലുണ്ടായ ഒരു ചെറിയ കലാപത്തെ തുടർന്ന് രാഷ്ട്രീയ അഭയം നേടാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തോടെയാണ് കഥ ആരംഭിക്കുന്നത്. 1970 -കളുടെ തുടക്കത്തിൽ, അദ്ദേഹം യുണൈറ്റഡ് കിംഗ്‍ഡത്തിലെ ബ്രാഡ്‌ഫോർഡ് സർവകലാശാലയിൽ പഠിക്കുകയായിരുന്നു. അവിടെ ഒരു  വിദ്യാർത്ഥി പ്രക്ഷോഭത്തിൽ അദ്ദേഹം പങ്കെടുക്കുകയുണ്ടായി. ഇറാനിയൻ സർക്കാർ അത് കണ്ടെത്തുകയും, 1977 -ൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്‍തു. അതിനുശേഷം സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അദ്ദേഹം നാടുകടത്തപ്പെട്ടു. ഒരുപാട് നാളത്തെ പോരാട്ടത്തിനുശേഷം, ബെൽജിയത്തിലെ ഐക്യരാഷ്ട്ര അഭയാർഥികൾക്കായുള്ള ഹൈക്കമ്മീഷണറിൽനിന്നും (യുഎൻ‌എച്ച്‌സി‌ആർ) അദ്ദേഹം ഒരു അഭയാർത്ഥി പദവി നേടിയെടുത്തു. യൂറോപ്പിലുടനീളം താമസിക്കാനും യാത്ര ചെയ്യാനുമുള്ള അവകാശം അദ്ദേഹത്തിന് ലഭിച്ചു. അങ്ങനെ അദ്ദേഹം യുകെയിൽ താമസിക്കാൻ തീരുമാനിച്ചു. 1986 -ൽ യുകെയിലേക്ക് താമസം മാറിയ അദ്ദേഹം 1988 -ഓടെ ലണ്ടനിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചു.

പക്ഷേ, അവിടെ അദ്ദേഹത്തെ കാത്തിരുന്നത് ദുരന്തങ്ങളായിരുന്നു. പാരീസിൽ വച്ച് നാസേരിയുടെ സ്യൂട്ട്കേസ് മോഷണം പോയി. അദ്ദേഹത്തിന്റെ സ്യൂട്ട്കേസിലായിരുന്നു പാസ്‌പോർട്ടും മറ്റ് നിയമ രേഖകളും. പേപ്പറുകൾ നഷ്ടപ്പെട്ടുവെങ്കിലും, അധികാരികൾ അദ്ദേഹത്തിന്റെ അപേക്ഷ കേൾക്കുമെന്നും ഒരു പരിഹാരം കണ്ടെത്തുമെന്നുമുള്ള പ്രതീക്ഷയിലാണ് അദ്ദേഹം ലണ്ടനിലേക്ക് പോയത്. എന്നാൽ, ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് അന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നടന്നത്. ആവശ്യമായ രേഖകളൊന്നും ഇല്ല എന്നപേരിൽ അദ്ദേഹത്തെ അവർ പാരീസിലേക്ക് തിരിച്ചയക്കുകയായിരുന്നു. അദ്ദേഹം അങ്ങനെ പാരീസ് വിമാനത്താവളത്തിലേക്ക് മടങ്ങി. പിന്നീടുണ്ടായത് തീർത്തും വിചിത്രമായ ഒരു സാഹചര്യമാണ്. 

രേഖകളില്ലാത്തതിന്റെ പേരിൽ അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ അമ്മ സ്കോട്ട്ലൻഡിൽ നിന്നുള്ള ഒരു നഴ്സാണെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നുവെങ്കിലും, തന്റെ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിന് തെളിവുകളൊന്നും അദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നില്ല. എന്നാൽ, നിയമപരമായ നിബന്ധനകളോടെ അദ്ദേഹം പാരീസിലേക്ക് പോയതാണ് എന്നതിനാൽ അദ്ദേഹത്തെ അവർ വിട്ടയച്ചു. പക്ഷേ, പ്രശ്‌നം തീരുകയല്ല, മറിച്ച് തുടങ്ങുകയാണുണ്ടായത്. നിയമപരമായ രേഖകൾ ഇല്ലാത്ത അദ്ദേഹത്തിന് എങ്ങനെ വിമാനത്താവളം വിട്ട് ഫ്രാൻസിലേക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും രാജ്യത്തേക്കോ പ്രവേശിക്കാൻ കഴിയും?  അദ്ദേഹത്തിന്റെ അഭയാർത്ഥി പദവി കാരണം അദ്ദേഹത്തിന് ഇനി ഇറാനിയൻ പൗരനാകാനും കഴിയില്ല. അദ്ദേഹത്തിന് നാട്ടിലേക്ക് എന്നല്ല, എവിടേക്കും പോകാൻ കഴിഞ്ഞില്ല. അങ്ങനെ ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിലെ ടെർമിനലിന്റെ 'പുറപ്പെടൽ ലോഞ്ചിൽ' അദ്ദേഹം ഒരു സ്ഥിരതാമസക്കാരനായി മാറി.  

എയർപോർട്ട് അദ്ദേഹത്തെ അക്ഷരാർത്ഥത്തിൽ ദത്തെടുക്കുകയായിരുന്നു. നീണ്ട 18 വർഷം അദ്ദേഹം അവിടെ കഴിഞ്ഞു. ദിവസവും കാലത്ത് 5.30 -ന് എഴുന്നേൽക്കുന്ന അദ്ദേഹം, യാത്രക്കാരുടെ വരവിനു മുമ്പ് വാഷ്‌റൂം ഉപയോഗിക്കും. പല്ല് തേക്കാനും, താടിവെട്ടാനും അദ്ദേഹം യാത്രാ കിറ്റുകൾ ഉപയോഗിച്ചു. എയർപോർട്ട് ഉദ്യോഗസ്ഥർ ഭക്ഷണവും ഭക്ഷണ വൗച്ചറും അദ്ദേഹത്തിന് നൽകുമായിരുന്നു. സ്വന്തമായി ഒരു മേശയും കസേരയും അദ്ദേഹത്തിന് അവിടെ ഉണ്ടായിരുന്നു. അവിടെ യാത്രക്കാർ നീങ്ങുന്നതും വിമാനങ്ങൾ പറക്കുന്നതും ദിവസങ്ങൾ കടന്നുപോകുന്നതും അദ്ദേഹം നോക്കിയിരുന്നു. തിരക്കൊഴിഞ്ഞ് രാത്രി വളരെ വൈകുമ്പോൾ മാത്രമാണ് അദ്ദേഹം വസ്ത്രങ്ങൾ കഴുകാൻ വാഷ്‌റൂം ഉപയോഗിച്ചിരുന്നത്. പുസ്തകം വായിച്ചും, ഡയറി എഴുതിയും, ഇക്കണോമിക്സ് പഠിച്ചും അദ്ദേഹം സമയം ചിലവഴിച്ചു. 

ടെർമിനൽ 1 -ൽ 2006 വരെ അദ്ദേഹം കഴിഞ്ഞു. 2006 -ൽ അസുഖം വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ എയർപോർട്ട് ഫ്രഞ്ച് റെഡ്ക്രോസാണ് പരിപാലിച്ചത്. അതിനുശേഷം അദ്ദേഹത്തെ പാരീസിലെ ഒരു ചാരിറ്റി സെന്ററിലെയ്ക്ക് മാറ്റി. അങ്ങനെ വിമാനത്താവളം വിട്ട് ആദ്യമായി അദ്ദേഹം പുറംലോകത്തേക്ക് കാലെടുത്ത് വച്ചു. വിമാനങ്ങളുടെ ഒച്ചയില്ലാത്ത, തിരക്കുകളിലാത്ത ശാന്തമായ ഒരിടത്ത് അദ്ദേഹം അവസാനം എത്തിപ്പെടുകയായിരുന്നു. ഒരുപാട് പുസ്തകങ്ങളും, ഒരു സിനിമയും അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ടിട്ടുണ്ട്.   

click me!