കപ്പലണ്ടി വിറ്റ് തുടങ്ങിയ ജീവിതം, ഒടുവില്‍ ബിസിനസ് സാമ്രാജ്യത്തിന്‍റെ അധിപനിലേക്ക്, ഒരു വിജയഗാഥ ​

By Web TeamFirst Published Nov 8, 2020, 11:30 AM IST
Highlights

താമസിയാതെ അദ്ദേഹത്തിന് ഒരു സൈക്കിൾ സ്വന്തമാക്കാനായി. പിന്നീട് അതിൽ സാധനങ്ങൾ വച്ച് ചന്തയിൽ കൊണ്ട് പോയി വിൽക്കാൻ ആരംഭിച്ചു ജോൺ. അത്യാവശ്യ സാധനങ്ങളായ സോപ്പ്, മെഴുകുതിരി, തുന്നുന്ന നൂൽ എന്നിവ അദ്ദേഹം കച്ചവടം ചെയ്‍തു.

ഫിലിപ്പിനോയിലെ ഏറ്റവും ധനികരായ വ്യവസായികളിൽ ഒരാളായിരുന്നു ജോൺ ഗൊകോങ്‌വെയ്, ജൂനിയർ. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച അദ്ദേഹത്തിന് പക്ഷേ അധികനാൾ ആ സമ്പന്നതയിൽ കഴിയാൻ ഭാഗ്യമുണ്ടായിരുന്നില്ല. ഒരുഘട്ടത്തിൽ കുടുംബത്തിന്‍റെ ബിസിനസ് പാടെ തകർന്നപ്പോൾ, വീടും സകല സ്വത്തുക്കളും അദ്ദേഹത്തിന്റെ കുടുംബത്തിന് നഷ്‍ടമായി. എന്നാൽ, അപ്പോഴും തോൽക്കാൻ മനസ് വരാതിരുന്ന ജോൺ സ്വന്തമായി അധ്വാനിച്ച് നഷ്ടപ്പെട്ടതിനേക്കാൾ ഇരട്ടി സമ്പാദിക്കുകയുണ്ടായി. തെരുവിലെ കപ്പലണ്ടിക്കച്ചവടത്തിൽ നിന്ന് ആരംഭിച്ച ആ ജൈത്രയാത്ര ഒടുവിൽ ചെന്നവസാനിച്ചത് രാജ്യം കണ്ട ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായിട്ടായിരുന്നു. ഏഷ്യയിൽ എക്കാലവും ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നായിരുന്നു അദ്ദേഹത്തിന്‍റെ വിജയഗാഥ.  

ഒരു ചൈനീസ്-ഫിലിപ്പിനോ സമ്പന്ന കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹം സിബുവിലാണ് കുട്ടിക്കാലം ചെലവഴിച്ചത്. ആദ്യത്തെ എയർ കണ്ടീഷൻ ചെയ്‍ത സിനിമാ കൊട്ടകയുൾപ്പെടെ നിരവധി സിനിമാ കൊട്ടകകൾ അദ്ദേഹത്തിന്റെ പിതാവിനുണ്ടായിരുന്നു. ആറ് മക്കളിൽ മൂത്തവനായ ജോൺ കൊട്ടാര സമാനമായ ഒരു വലിയ വീട്ടിലാണ് താമസിച്ചിരുന്നത്. ചുറ്റും കൂട്ടുകാരൊക്കെയായി, സന്തോഷം നിറഞ്ഞ അന്തരീക്ഷത്തിൽ അദ്ദേഹം വളർന്നു. എന്നാൽ, ആ ആഡംബരജീവിതം 13 വയസ്സുവരെ മാത്രമേ നീണ്ടുനിന്നുള്ളൂ. അപ്രതീക്ഷിതമായി ടൈഫോയ്ഡ് പിടിപെട്ട് അദ്ദേഹത്തിന്റെ അച്ഛൻ മരണപ്പെട്ടു. അച്ഛന്റെ മരണത്തോടെ പടിപടിയായുള്ള തകർച്ചയ്ക്ക് ആ കുടുംബം സാക്ഷിയായി. "ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു. ഞങ്ങളുടെ വലിയ വീട്, കാറുകൾ, ബിസിനസ്സ്, ബാങ്കുകളിൽ നിന്ന് ബാങ്കുകളിലേക്ക് ഞങ്ങൾ ഓടിക്കൊണ്ടിരുന്നു. എന്റെ പിതാവിനെക്കൊണ്ടുപോയതിനും ഞങ്ങളുടെ കൈയിൽ നിന്ന് എല്ലാം എടുത്തുകളഞ്ഞതിനും എനിക്ക് ആരോടെന്നില്ലാതെ ദേഷ്യം തോന്നി. എല്ലാം നഷ്‍ടമായ കൂട്ടത്തിൽ എന്റെ സുഹൃത്തുക്കളെയും എനിക്ക് നഷ്‍ടമായി" അദ്ദേഹം പറഞ്ഞു.




"ആദ്യമായി എനിക്ക് സ്‍കൂളിലേക്ക് നടന്നു പോകേണ്ടി വന്നു. രണ്ട് മൈലോളം നടന്ന ആദ്യദിവസം ഞാൻ അമ്മയുടെ അടുത്ത് പോയി ഒരുപാട്  കരഞ്ഞു. വെറും 32-ാം വയസ്സിൽ വിധവയായ എന്റെ അമ്മയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കാനാണ്. അമ്മ ഒന്നും മിണ്ടിയില്ല. പക്ഷേ, ആ കണ്ണിൽ നിന്ന് കണ്ണുനീർ ഇറ്റുവീണുകൊണ്ടിരുന്നത് ഞാൻ കണ്ടു. ഈ വിഷമഘട്ടത്തിൽ അമ്മയെ സഹായിക്കേണ്ടത് എന്റെ കടമയാണ് എന്നെനിക്ക് അപ്പോൾ തോന്നി. ഞാൻ ജോലിചെയ്യാൻ തീരുമാനിച്ചു. ജീവിതനിലവാരം കുറവുള്ള ചൈനയിലേക്ക് എന്റെ അമ്മ സഹോദരങ്ങളെ അയച്ചു. ഞാനും അമ്മയും ജോലി ചെയ്യുന്നതിനായി സിബുവിൽ താമസിച്ചു. അമ്മയുടെ കൈയിലുള്ള ആഭരണങ്ങൾ എല്ലാം വിറ്റ് അമ്മ സഹോദരങ്ങൾക്ക് പതിവായി പണം അയച്ചു. എന്നാൽ, ആ പണവും വിചാരിക്കുന്നതിലും വേഗത്തിൽ തീർന്നു. ഒടുവിൽ കുടുംബത്തെ പോറ്റാനായി ഞാൻ തെരുവിൽ കപ്പലണ്ടിക്കച്ചവടം തുടങ്ങി" ജോൺ ഒരിക്കല്‍ പറഞ്ഞിരുന്നു. താമസിയാതെ അദ്ദേഹത്തിന് ഒരു സൈക്കിൾ സ്വന്തമാക്കാനായി. പിന്നീട് അതിൽ സാധനങ്ങൾ വച്ച് ചന്തയിൽ കൊണ്ട് പോയി വിൽക്കാൻ ആരംഭിച്ചു ജോൺ. അത്യാവശ്യ സാധനങ്ങളായ സോപ്പ്, മെഴുകുതിരി, തുന്നുന്ന നൂൽ എന്നിവ അദ്ദേഹം കച്ചവടം ചെയ്‍തു. പതിയെ കച്ചവടം പച്ചപിടിക്കാൻ ആരംഭിച്ചു. അതിൽ നിന്ന് കിട്ടുന്ന ലാഭം അദ്ദേഹം സ്വരുക്കൂട്ടി വച്ചു. രണ്ടാം ലോക മഹായുദ്ധം അവസാനിച്ച സമയം, ഫിലിപ്പിൻസിൽ ചരക്ക് വ്യാപാരം നടത്താനുള്ള നല്ലൊരു അവസരമായിരുന്നു. തന്റെ ഇരുപതാമത്തെ വയസ്സിൽ അദ്ദേഹം കപ്പലിൽ ചരക്കുകൾ കയറ്റി അയക്കാൻ തുടങ്ങി. അമാസിയ ട്രേഡിങ്ങ് എന്ന പേരിൽ ഒരു കമ്പനി തുടങ്ങാനും, അമേരിക്കയിൽ നിന്ന് ഉള്ളിയും, മൈദയും, പഴങ്ങളും ഇറക്കുമതി ചെയ്യാനും അദ്ദേഹത്തിനായി. അതിൽനിന്ന് അത്യാവശ്യം മിച്ചം പിടിക്കാൻ തുടങ്ങിയപ്പോൾ സഹോദരങ്ങളെ ചൈനയിൽ നിന്ന് നാട്ടിലേയ്ക്ക് അദ്ദേഹം കൊണ്ടുവന്നു.

തുടർന്ന് ഒരു രണ്ട് നില വീട് സ്വന്തമാക്കാനും ജോണിന് സാധിച്ചു. അത് അദ്ദേഹത്തിന്റെ വീടും, വെയർ ഹൗസും, ഓഫീസുമെല്ലാമായിരുന്നു. കച്ചവടത്തിൽ നിന്ന് കിട്ടിയ ലാഭം ഉപയോഗിച്ച് അദ്ദേഹം മറ്റ് ബിസിനസ്സ് സംരംഭങ്ങളിലും ഏർപ്പെട്ടു: കോൺസ്റ്റാർച്ച് നിർമ്മാണം, ഭക്ഷ്യ ഉൽപാദനം, 70 -കളിലെ അന്നത്തെ പ്രമുഖ ബിസിനസായ സാൻ മിഗുവൽ കോർപ്പറേഷനിൽ ഓഹരികൾ വാങ്ങുന്നത് വരെ അത് എത്തിനിന്നു. പിന്നീട് ടെലികമ്മ്യൂണിക്കേഷൻ, എയർലൈൻ ബിസിനസ്സിലേയ്ക്കും അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം വളർന്നു.  2016 -ലെ ഫോബ്‍സ് മാസികയുടെ കണക്കനുസരിച്ച്, 2016 -ലെ രണ്ടാമത്തെ സമ്പന്നനായ ഫിലിപ്പിനോയായിരുന്നു ജോൺ ഗോകോങ്‌വേ ജൂനിയർ. ഒരു ബിസിനസ് മാഗ്നറ്റ് എന്നതിനപ്പുറം, അദ്ദേഹം ഒരു മനുഷ്യസ്‌നേഹി കൂടിയായിരുന്നു. രാജ്യത്ത് തന്റെ ഉടമസ്ഥതയിലുള്ള എല്ലാ ബിസിനസ്സുകളിലും ആയിരക്കണക്കിന് ആളുകൾക്ക് അദ്ദേഹം ജോലി നൽകി. കൂടാതെ ഒരുപാട് കുട്ടികളുടെ വിദ്യാഭ്യാസത്തിന് ജോൺ പണം നൽകി. 2019 -ൽ അദ്ദേഹം തന്‍റെ 93 -ാമത്തെ വയസ്സിൽ അന്തരിച്ചു.  


ജോൺ ഗോകോങ്‌വെയുടെ 90-ാം ജന്മദിനത്തിൽ, അദ്ദേഹത്തിന്റെ മകൻ ലാൻസ്, പിതാവിന്‍റെ ജീവിതവീക്ഷണങ്ങളെ കുറിച്ച് ഒരു പുസ്‍തകം എഴുതുകയുണ്ടായി. ജോൺ ഗോകോങ്‌വെയ്, ജൂനിയർ എന്ന ആ പുസ്‍തകത്തിൽ 'തെറ്റുകൾ വരുത്തുന്നതിൽ തെറ്റില്ല', 'അനുഭവങ്ങൾക്കായി പണം ചെലവഴിക്കുക', 'വിജയത്തിലേക്കുള്ള പാത പരാജയങ്ങൾ നിറഞ്ഞതാണ്' എന്നിവയുൾപ്പെടെ നിരവധി പ്രചോദനമുണർത്തുന്ന വാചകങ്ങൾ ഉൾപ്പെടുന്നു.   
 

click me!