പത്രം വിറ്റും പട്ടിണി കിടന്നും പഠിച്ചു, ഒടുവിൽ ഐഎഫ്എസ് നേടി; ബാലമുരുകൻ സിവിൽ സർവീസ് നേടാൻ കാരണമിതാണ്

By Web TeamFirst Published Nov 28, 2020, 10:47 AM IST
Highlights

ഒരിക്കൽ പത്രം വേണമെന്ന ആവശ്യവുമായി ബാലമുരുകൻ ഒരു പത്രം വിൽപ്പനക്കാരനെ സമീപിച്ചു. എന്നാൽ, അതിനായി പണം കൈവശമില്ലെന്ന് സങ്കടപ്പെട്ട അദ്ദേഹത്തിന് വിൽപ്പനക്കാരൻ ഒരു ജോലി വാഗ്ദാനം ചെയ്‌തു. 

പി ബാലമുരുകൻ... ഏഴ് സഹോദരങ്ങൾക്കിടയിലാണ് അദ്ദേഹം ജനിച്ചത്. മദ്യപാനിയായ പിതാവായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ അദ്ദേഹം തീരെ ചെറുപ്പത്തിൽ തന്നെ പത്രം വിറ്റും, മറ്റ് ചില്ലറ ജോലികൾ ചെയ്തുമാണ് ജീവിച്ചിരുന്നത്. എന്നാൽ, ഇതൊന്നും അദ്ദേഹത്തെ തളർത്തിയില്ല. അദ്ദേഹം മുന്നോട്ട് പോവുക തന്നെ ചെയ്‌തു. അദ്ദേഹം പഠിച്ചു, എഞ്ചിനീയറിംഗ് ബിരുദം നേടി, ഒടുവിൽ ഐഎഫ്എസും നേടി.    

രാജസ്ഥാനിലെ ദുൻഗർപൂർ ഫോറസ്റ്റ് ഡിവിഷനിൽ പ്രൊബേഷണറി ഓഫീസറായി പരിശീലനം നേടിക്കൊണ്ടിരിക്കുന്ന ബാലമുരുകന്റെ ജീവിതം ഒരു നീണ്ട പോരാട്ടമായിരുന്നു. മദ്യപാനിയായ അച്ഛൻ ഒരിക്കലും അവരെ നോക്കിയിട്ടില്ലെന്നും അമ്മ കാരണമാണ് താൻ ഇന്ന് ഈ നിലയിൽ എത്തിച്ചേർന്നതെന്നും ഈ 31 -കാരൻ പറയുന്നു. പത്താം തരം മാത്രം പഠിച്ച പളനിയമ്മാൾ എല്ലായ്പ്പോഴും മകനെ പഠിപ്പിക്കാൻ താല്പര്യം കാട്ടിയിരുന്നു. "ഞാൻ പഠിക്കാതെ നടന്ന് എന്റെ ജീവിതം ഈ നിലയിലായി. നിങ്ങൾ എല്ലാവരും സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണം എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു” അദ്ദേഹം പറഞ്ഞു. 1994 -ലാണ് പിതാവ് കുടുംബത്തെ പാടെ ഉപേക്ഷിക്കുന്നത്. ചെന്നൈയുടെ പ്രാന്തപ്രദേശത്ത് 4,800 ചതുരശ്രയടിയുള്ള സ്ഥലം വാങ്ങാൻ അദ്ദേഹത്തിന്റെ അമ്മ ആഭരണങ്ങൾ വിറ്റു. രണ്ട് മുറികളുള്ള ഒരു വീട്ടിലായിരുന്നു കുടുംബം പിന്നീട് താമസിച്ചിരുന്നത്. ഒടുവിൽ മക്കളുടെ പഠിപ്പിനായി അമ്മയ്ക്ക് 1997-98 -ൽ അതിൽ നിന്ന് 1,200 ചതുരശ്ര അടി സ്ഥലം 1.25 ലക്ഷം രൂപയ്ക്ക് വിൽക്കേണ്ടി വന്നു.    

ഒരിക്കൽ പത്രം വേണമെന്ന ആവശ്യവുമായി ബാലമുരുകൻ ഒരു പത്രം വിൽപ്പനക്കാരനെ സമീപിച്ചു. എന്നാൽ, അതിനായി പണം കൈവശമില്ലെന്ന് സങ്കടപ്പെട്ട അദ്ദേഹത്തിന് വിൽപ്പനക്കാരൻ ഒരു ജോലി വാഗ്ദാനം ചെയ്‌തു. 300 രൂപയായിരുന്നു ശമ്പളം. അങ്ങനെ, നാലാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ അദ്ദേഹം പത്രങ്ങൾ വിതരണം ചെയ്യാൻ തുടങ്ങി. “എന്നാൽ ഈ സംഭവമറിഞ്ഞ എന്റെ അധ്യാപകർ മാസികകളും മറ്റ് വായനാ സാമഗ്രികളും എനിക്ക് വായിക്കാൻ തന്നു. സ്കൂൾ ചിലപ്പോൾ ഫീസും ഒഴിവാക്കിയിരുന്നു" അദ്ദേഹം പറയുന്നു. ചില സമയങ്ങളിൽ കുടുംബം വിശന്നു കിടന്നുറങ്ങും, അപ്പോഴും പക്ഷേ അദ്ദേഹവും സഹോദരങ്ങളും പഠിപ്പ് ഉപേക്ഷിച്ചില്ല.

വർഷങ്ങളുടെ അധ്വാനത്തിനൊടുവിൽ 2011 -ൽ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷൻ എഞ്ചിനീയറായി ബിരുദം നേടി അദ്ദേഹം. ടാറ്റാ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) കാമ്പസ് റിക്രൂട്ട്മെൻറ് വഴി ജോലിയും ലഭിച്ചു. മൂത്ത സഹോദരിയും, ബാലമുരുകനും സമ്പാദിക്കാൻ തുടങ്ങിയതോടെ 2012 ആയപ്പോഴേക്കും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. അഞ്ച് മുറികളുള്ള സ്വന്തം വീട്ടിലേയ്ക്ക് കുടുംബം താമസം മാറി. എന്നാൽ, ഒരു വർഷം കൂടി കഴിഞ്ഞാണ് ഐഎഫ്എസ് സ്വപ്നം അദ്ദേഹത്തിന്റെ മനസ്സിൽ കയറിക്കൂടിയത്.

അതിന് പിന്നിൽ ഒരു കാരണമുണ്ട്. 2013 -ൽ രാഷ്ട്രീയ സ്വാധീനമുള്ള ഒരാൾ അവരുടെ ഭൂമി കൈയേറാൻ ശ്രമിച്ചു. ഭൂമി കൈയേറിയാൽ, വീട്ടിലേയ്ക്ക് കടക്കാൻ പിന്നെ പത്ത് അടി സ്ഥലം മാത്രമേ ലഭിക്കൂ. എന്നാൽ, പൊലീസ് ഇതിൽ ഇടപെടുമെന്ന് അദ്ദേഹം വിശ്വസിച്ചില്ല. ഇനി എന്ത് ചെയ്യുമെന്ന് ചിന്തിച്ചപ്പോഴാണ് തമിഴ് നാട്ടിലെ മിടുക്കിയായ ഒരു ഐ‌എ‌എസ് ഉദ്യോഗസ്ഥയെക്കുറിച്ചുള്ള വാർത്ത കണ്ടത്. അവരുടെ ഓഫീസിൽ പോയി പരാതി കൊടുത്ത് കൃത്യം 45 ദിവസത്തിനുള്ളിൽ പ്രശ്‌നം പരിഹരിക്കപ്പെട്ടു. ആ സംഭവം അദ്ദേഹത്തെ വല്ലാതെ സ്പർശിച്ചു. ഒരു നല്ല ഭരണത്തിന് കീഴിൽ എന്തെല്ലാം കാര്യങ്ങൾ പരിഹരിക്കപ്പെടാം എന്ന് ചിന്തിച്ചപ്പോൾ തന്റെ ലക്ഷ്യം അതായിരിക്കണമെന്ന് അദ്ദേഹത്തിന് തോന്നി. “അതേ വർഷം തന്നെ എനിക്ക് ജോലിക്ക് ഓസ്‌ട്രേലിയയിലേക്ക് പോകാനുള്ള അവസരം ലഭിച്ചു. പക്ഷേ, അപ്പോഴേക്കും ഞാൻ സിവിൽ സർവീസുകൾ പരീക്ഷിച്ചുനോക്കാൻ തീരുമാനിച്ചു” അദ്ദേഹം പറഞ്ഞു. അങ്ങനെ ലക്ഷങ്ങൾ നേടാവുന്ന ആ ജോലി ഉപേക്ഷിച്ച് അദ്ദേഹം രാജ്യത്തെ സേവിക്കാൻ തീരുമാനിച്ചു. 2018 -ൽ ഒടുവിൽ അദ്ദേഹം ഐ‌എഫ്‌എസ് കേഡറിലെ പരീക്ഷ പൂർത്തിയാക്കി 2019 -ൽ പ്രവേശനവും നേടി. സ്വന്തം നാടിന് വേണ്ടി ഒരുപാട് കാര്യങ്ങൾ തനിക്ക് ചെയ്യാനാവുമെന്ന പ്രതീക്ഷയിലാണ് ബാലമുരുകൻ ഇന്ന്.

(വിവരങ്ങൾക്ക് കടപ്പാട്: ബെറ്റർ ഇന്ത്യ)

click me!