
വ്യത്യസ്തമായ പാരമ്പര്യങ്ങളുടെ നാടാണ് ഇന്ത്യ. നമ്മളെ ഭയപ്പെടുത്തുന്ന എല്ലാത്തിനും പ്രത്യേക ശക്തി നൽകി ആരാധിക്കുന്ന ഒരു സംസ്കാരം നമ്മുടെ പൂർവികരുടെ ഇടയിൽ നിലനിന്നിരുന്നു. നാഗാരാധനയും അത്തരത്തിൽ രൂപപ്പെട്ടതായിരിക്കാം. എന്ത് തന്നെയായാലും പാമ്പുകൾ നമ്മിൽ വല്ലാത്ത ഒരു ഭയം എല്ലാകാലത്തും സൃഷ്ടിച്ചിരുന്നു. കുട്ടിയായിരിക്കുമ്പോൾ തന്നെ പറഞ്ഞു കേൾക്കുന്ന ഒരു കാര്യമാണ് പാമ്പുകൾ വളരെ അപകടകാരികളാണ് എന്നത്. ഇന്ത്യയിൽ പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും, പാമ്പാട്ടികളും, പാമ്പ് പിടുത്തക്കാരും വളരെയുള്ള നാടാണ് നമ്മുടേത്. പല ഗോത്രവർഗ്ഗക്കാരുടെയും ഉപജീവനമാർഗ്ഗവും പാമ്പുകൾ തന്നെയാണ്. തമിഴ് നാട്ടിലെ ഇരുളർ അത്തരത്തിലൊരു ഗോത്രമാണ്. പരമ്പരാഗത ഔഷധത്തിലും, ചികിത്സയിലും ഇരുളസമൂഹം വളരെ കഴിവുറ്റവരാണ്. 320 ഓളം ഔഷധ സസ്യങ്ങൾ ഉപയോഗിച്ച് പരമ്പരാഗത സമ്പ്രദായങ്ങളിലൂടെ അവർ ആളുകളെ ചികിത്സിക്കുന്നു. വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള അറിവ് മാത്രമല്ല, പാമ്പുകളെ, പ്രത്യേകിച്ച് വിഷമുള്ളവയെ പിടികൂടുന്നതിനുള്ള അവരുടെ കഴിവും എടുത്തു പറയേണ്ടതാണ്.
മുൻപ് പാമ്പുകളെ വേട്ടയാടിയാണ് അവർ ഉപജീവനം കഴിച്ചിരുന്നത്. അവർ മാംസം കഴിക്കുകയില്ല. പകരം അത് യൂറോപ്പിലേക്കും യുഎസ്എയിലേക്കും കയറ്റി അയക്കപ്പെടുമായിരുന്നു. എന്നിരുന്നാലും, 1972 -ൽ പാസാക്കിയ വന്യജീവി സംരക്ഷണ നിയമപ്രകാരം, പാമ്പുകൾ ഉൾപ്പെടെ നിരവധി മൃഗങ്ങളെ വേട്ടയാടുന്നത് നിരോധിച്ചു. അതോടെ അവരുടെ വരുമാനമാർഗ്ഗം ഇല്ലാതായി. എന്നാൽ, പാമ്പുകളെ കുറിച്ചുള്ള അവരുടെ സ്വാഭാവിക അറിവ് ഇപ്പോൾ സ്വദേശത്തും വിദേശത്തും വീണ്ടും വലിയ രീതിയിൽ ആവശ്യമായി വരികയാണ്. ഇന്ത്യയിൽ മാത്രമല്ല, ലോകത്തിന്റെ പലഭാഗത്തും പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. അതുകൊണ്ട് തന്നെ ആന്റി വെനം കണ്ടെത്തുക എന്നത് വളരെ അത്യാവശ്യമായ ഒന്നായി മാറുകയാണ്. എന്നാൽ ഇത് ഉൽപാദിപ്പിക്കുന്നതിന് ധാരാളം പാമ്പുകളുടെ വിഷം ആവശ്യമാണ്. ഇതിനായി പാമ്പുകളെ പിടിച്ചു കൊടുക്കാൻ ഇരുളർ ഇപ്പോൾ മുന്നോട്ട് വരികയാണ്.
പ്രശസ്ത ഹെർപറ്റോളജിസ്റ്റും വന്യജീവി സംരക്ഷണ വിദഗ്ധനുമായ റോമുലസ് വിറ്റേക്കർ 50 വർഷത്തോളം ഇരുള സമൂഹവുമായി ചേർന്നു പ്രവർത്തിച്ച ഒരാളാണ്. അവരുടെ കഴിവുകളെക്കുറിച്ചും ഇരുളർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹത്തിന് നല്ലപോലെ അറിയാമായിരുന്നു. 1978 -ൽ ചെന്നൈയുടെ പ്രാന്തപ്രദേശത്ത് ഇരുള സ്നേക്ക്-ക്യാച്ചേഴ്സ് കോഓപ്പറേറ്റീവ് എന്ന പേരിൽ ഒരു സഹകരണ സ്ഥാപനം ആരംഭിക്കാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ, അവരുടെ അറിവ് പാമ്പുകളുടെ സംരക്ഷണത്തിനും പാമ്പ് വിഷം ശേഖരിക്കുന്നതിനും വേണ്ടി ഉപയോഗിക്കാൻ അദ്ദേഹം തുനിഞ്ഞു. ഇരുള സ്നേക്ക്-കോ-ഓപ്പറേറ്റീവ് ഇന്ത്യയിൽ പാമ്പുവിഷ ചികിത്സയിൽ വിപ്ലവം സൃഷ്ടിക്കുകയും ഇന്ന് രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ വിതരണം ചെയ്യുന്നതിന് ആവശ്യമായ ആന്റി വെനം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
എന്നാൽ, ഇത് എളുപ്പമുള്ള ജോലിയല്ല. പാമ്പുകൾ ഇഴഞ്ഞുനീങ്ങിയ വഴികൾ നോക്കിയും, എലിയുടെ മാളങ്ങളിൽ തിരഞ്ഞും, പാമ്പുകൾ പുറന്തള്ളുന്ന ഉറകൾ നോക്കിയും, ചിതൽപുറ്റുകൾ പൊളിച്ചും, പൊത്തുകളിൽ നോക്കിയുമാണ് അവയെ ഇരുളർ പ്രധാനമായും കണ്ടെത്തുന്നത്. ഒരു ദിവസം ഒന്നു മുതൽ മൂന്നുവരെ വലിയ പാമ്പുകളെ അവർക്ക് ഈ വിധം പിടിക്കാൻ കഴിയും. ആരോഗ്യമുള്ള മുതിർന്ന പാമ്പുകളെ മാത്രമേ അവർ ഇതിനായി ഉപയോഗിക്കുകയുള്ളൂ. ഒരു പാമ്പിനെ പിടിച്ചാൽ 500 മുതൽ 2500 രൂപ വരെ അവർക്ക് ലഭിക്കും. പിടിച്ചുകഴിഞ്ഞാൽ, പാമ്പുകൾ ആ അവസ്ഥയിൽ ഏതാനും ആഴ്ചകൾ മാത്രമേ നിലനിൽക്കൂ. അതുകൊണ്ട് തന്നെ മൂന്നാഴ്ചത്തേക്ക് മാത്രമേ അവയെ അവിടെ പാർപ്പിക്കുകയുള്ളു. ആ സമയത്ത് മൂന്നോ നാലോ പ്രാവശ്യം വിഷം വേർതിരിച്ചെടുക്കൽ നടക്കുന്നു. പിന്നീട്, ഇരുളർ അവയെ ചുറ്റുമുള്ള വനത്തിലേക്ക് വിട്ടയക്കുന്നു. ഇങ്ങനെ വിടുന്ന പാമ്പുകളുടെ അതിജീവന നിരക്ക് വളരെ ഉയർന്നതാണെന്ന് സർവേകൾ സൂചിപ്പിക്കുന്നു.
ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആന്റി വെനം ഉൽപാദിപ്പിക്കുന്ന സ്ഥാപനമാണ് ഇത്. വൈദ്യശാസ്ത്രം പോലുള്ള മേഖലകളെ മുന്നോട്ട് കൊണ്ടുപോകുന്നതിന് പരമ്പരാഗത അറിവ് എത്രത്തോളം സഹായകമാണ് എന്നതിന് മികച്ച ഉദാഹരണമാണ് ഈ സ്ഥാപനം. കൂടാതെ, ഒരു ഗോത്ര സമൂഹം തങ്ങളുടെ സേവനത്തിലൂടെ രാജ്യത്തിന് മുഴുവൻ സഹായകമാകുയാണ്. പുരാതന അറിവും പാരമ്പര്യവും നിലനിർത്തിയിട്ടുള്ള ചുരുക്കം ചില സമുദായങ്ങളിൽ ഒന്നായി ഇരുള മാറുകയാണ്. ഇത് തീർച്ചയായും അവരെ ലോകത്തിലെ ഏറ്റവും വ്യത്യസ്‍തമായ ഒരു ഗോത്രമാക്കി മാറ്റുന്നു.