ഒരു യുവതി പങ്കുവെച്ച വീഡിയോ പ്രകാരം, അമേരിക്കയിലെ ഒരു കമ്പനി മലം ദാനം ചെയ്യുന്നവർക്ക് വർഷത്തിൽ 1.5 കോടി രൂപ വരെ വാഗ്ദാനം ചെയ്യുന്നു. ആരോഗ്യവാന്മാരുടെ മലത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന നല്ല ബാക്ടീരിയകൾ ഉപയോഗിച്ച് അമിതവണ്ണം, ഐബിഎസ് പോലുള്ള രോഗങ്ങൾ ചികിത്സിക്കുന്ന ഫീക്കൽ മൈക്രോബയോണ ട്രാൻസ്പ്ലാൻ്റ് എന്ന പ്രക്രിയക്കായാണ് ഇത് ഉപയോഗിക്കുന്നത്.
പണം സമ്പാദിക്കാനുള്ള വിചിത്രമായ വഴികളെക്കുറിച്ചുള്ള ചർച്ചകൾ ഓൺലൈനിൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. മനുഷ്യന്‍റെ ആരോഗ്യവും വൈദ്യശാസ്ത്ര ഗവേഷണങ്ങളും തമ്മിലുള്ള അവിശ്വസനീയമായ ബന്ധത്തെക്കുറിച്ച് ഒരു യുവതി പങ്കുവെച്ച വീഡിയോ ക്ലിപ്പ് ഇപ്പോൾ, സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടെയിൽ വലിയ കൗതുകം ഉണർത്തിയിരിക്കുകയാണ്. മിക്ക ആളുകളും ഒരിക്കലും വിൽക്കാൻ ചിന്തിക്കാത്ത ഒരു കാര്യം വാങ്ങാൻ ചില കമ്പനികൾ തയ്യാറാണെന്നാണ് ആ വീഡിയോയിൽ അവകാശപ്പെടുന്നത്.
മലം വില്പന
ഈ ക്ലിപ്പിലെ അവകാശവാദം പലരെയും അമ്പരപ്പിക്കുകയും അതേസമയം കൗതുകത്തിലാഴ്ത്തുകയും ചെയ്തു. ചിലർ ഇതിനെ തമാശയായി കണ്ടപ്പോൾ, മറ്റുള്ളവർ ഈ ആശയത്തിന് പിന്നിലെ ശാസ്ത്രത്തെക്കുറിച്ചും അത് ആധുനിക വൈദ്യശാസ്ത്രവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചും അറിയാൻ താല്പര്യം കാണിച്ചു. “നിങ്ങളുടെ മലം വിറ്റാൽ നിങ്ങൾക്ക് 1.5 കോടി രൂപ ലഭിക്കുമെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്ന ചോദ്യത്തോടെയാണ് യുവതി വീഡിയോ ആരംഭിക്കുന്നത്. തുടർന്ന്, അമേരിക്കയിലെ ഒരു കമ്പനി മലം ദാനം ചെയ്യുന്നവർക്ക് പണം നൽകാൻ തയ്യാറാണെന്ന് അവർ വിശദീകരിക്കുന്നു. ഓരോ തവണ മലം ദാനം ചെയ്യുമ്പോഴും 41,000 രൂപ വരെ ലഭിക്കുമെന്നും, തുടർച്ചയായി ദാനം ചെയ്താൽ വർഷത്തിൽ ഏകദേശം 1.5 കോടി രൂപ വരെ സമ്പാദിക്കാൻ കഴിയുമെന്നുമാണ് അവരുടെ അവകാശവാദം.
പണം സമ്പാദിക്കൂ, ജീവൻ രക്ഷിക്കൂ.
ആ യുഎസ് കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്നുള്ള വിവരങ്ങളും ഇവർ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. "പണം സമ്പാദിക്കൂ, ജീവൻ രക്ഷിക്കൂ. ഗവേഷണത്തിനായി ഒരു സ്റ്റൂൾ ഡോണർ (മലം ദാതാവ്) ആകുക." എന്ന കമ്പനി വെബ്സൈറ്റിലെ വാചകമാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വളരെ ഫിറ്റും ആരോഗ്യവാനുമായ ആളുകൾക്ക് ഇതിലും കൂടുതൽ തുക ലഭിക്കുമെന്നും ആ യുവതി അവകാശപ്പെടുന്നു. ഇത് തമാശയല്ലന്നും അവർ കൂട്ടിച്ചേർക്കുന്നു.
മലത്തിൽ നിന്നും മരുന്ന്
മലം ദാനത്തിന് പിന്നിലെ ശാസ്ത്രത്തെക്കുറിച്ചും യുവതി സംസാരിക്കുന്നുണ്ട്. “ഇതിലെ ശാസ്ത്രം ഇതാണ്: നിങ്ങളുടെ മലത്തിന്‍റെ പകുതിയോളം ഭാഗം കുടലിലെ ബാക്ടീരിയകളാണ്. ദഹനം മുതൽ മെറ്റബോളിസം, മാനസികാരോഗ്യം വരെയുള്ള കാര്യങ്ങളിൽ ഇവ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ആരോഗ്യവാന്മാരായ ആളുകളിൽ നിന്ന് ഈ നല്ല ബാക്ടീരിയകളെ വേർതിരിച്ചെടുത്ത്, അവയെ ക്യാപ്സൂളുകളാക്കി മാറ്റി, അമിതവണ്ണം, ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS), ബൈപോളാർ ഡിസോർഡർ തുടങ്ങിയ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് നൽകുകയാണ് ഈ കമ്പനികൾ ചെയ്യുന്നത്. ഈ പ്രക്രിയയെ ഫീക്കൽ മൈക്രോബയോണ ട്രാൻസ്പ്ലാൻറ് എന്ന് വിളിക്കുന്നു, ഇതിന് ധാരാളം വിജയഗാഥകളുമുണ്ട്. ശാസ്ത്രരംഗത്തിന് വളരെ കൗതുകകരമായ ഒരു കാലഘട്ടമാണിതെന്ന പ്രസ്താവനയോടൊണ് വീഡിയോ അവസാനിപ്പിക്കുന്നത്.
മാർച്ച് 8-ന് പങ്കുവെച്ച ഈ വീഡിയോ ക്ലിപ്പ് ഇതിനകം നാല് ലക്ഷത്തിലധികം പേരാണ് കണ്ടത്. ഇത് സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടയിൽ വലിയ ചർച്ചകൾക്കും രസകരമായ പ്രതികരണങ്ങൾക്കും വഴിവെച്ചു. വീഡിയോ കണ്ട പലരും അമ്പരപ്പ് രേഖപ്പെടുത്തിയപ്പോൾ, മറ്റു ചിലർ രസകരമായ കുറിപ്പുകളുമായെത്തി. "ഇതൊന്ന് കാണാൻ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്," എന്ന് ഒരാൾ കുറിച്ചു. "ദൈവമേ, എന്തുകൊണ്ടാണ് ഈ വീഡിയോ ഇത്ര വൈകി എന്‍റെ മുന്നിലെത്തിയത്," എന്ന് മറ്റൊരു ഉപയോക്താവ് കമന്റ് ചെയ്തു.
ഹ്യൂമൻ മൈക്രോബ്സ്
2020-ൽ മൈക്കൽ ഹാരോപ്പ് (Michael Harrop) സ്ഥാപിച്ച 'ഹ്യൂമൻ മൈക്രോബ്സ്' (Human Microbes) എന്ന സംഘടനയാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പ്രധാനമായും അമേരിക്കയിലും കാനഡയിലുമാണ് ഇവർ പ്രവർത്തിക്കുന്നതെങ്കിലും, മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരിൽ നിന്നും മലം ദാനമായി സ്വീകരിക്കാറുണ്ട്. സാധ്യമാകുമ്പോൾ അന്താരാഷ്ട്ര തലത്തിലുള്ള ഷിപ്പിംഗ് സൗകര്യങ്ങളും ഇവർ ക്രമീകരിക്കുന്നു.
വൈദ്യശാസ്ത്ര ചികിത്സകൾക്കും ഗവേഷണങ്ങൾക്കും സഹായകമായേക്കാവുന്ന വളരെ ആരോഗ്യവാനായ ദാതാക്കളെ കണ്ടെത്താനാണ് ഈ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഹാരോപ്പിന്‍റെ സ്വന്തം ആരോഗ്യപ്രശ്നങ്ങളെ തുടർന്നും, ഇന്നത്തെ കാലത്ത് മോശം ആരോഗ്യാവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെ ആളുകളെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നുമാണ് അദ്ദേഹം ഈ പദ്ധതി ആരംഭിച്ചത്.
മൈക്രോബയോമിനെക്കുറിച്ചും (microbiome), ഫീക്കൽ മൈക്രോബയോണ ട്രാൻസ്പ്ലാൻറിനെക്കുറിച്ചും (FMT), മനുഷ്യന്‍റെ ആരോഗ്യത്തെക്കുറിച്ചും അദ്ദേഹം നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഇതുകൂടാതെ, മൈക്രോബയോമിനെക്കുറിച്ചുള്ള ഗവേഷണങ്ങൾ ശേഖരിക്കുകയും വിദഗ്ധർക്കും സാധാരണ വായനക്കാർക്കും മനസ്സിലാകുന്ന രീതിയിൽ വിശദീകരിക്കുകയും ചെയ്യുന്ന 'HumanMicrobiome.info' എന്ന വലിയൊരു ഓൺലൈൻ ഡാറ്റാബേസും അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്.


