Latest Videos

ആനകള്‍ മേയുന്ന കാട്ടില്‍ ക്യാമ്പ്, വ്യത്യസ്‍തത തേടുന്ന ടൂറിസം മേഖല...

By Web TeamFirst Published Jun 16, 2020, 2:02 PM IST
Highlights

ആനകൾ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശത്താണ് ഈ ക്യാമ്പ് ഉള്ളത്. അവിടെ കുമിളകൾക്കകത്ത് കിടന്ന് ആനകൾ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ചുറ്റിനടക്കുന്നത് കാണാം.

ടൂറിസം അതിന്‍റേതായ പല പരീക്ഷണങ്ങളും നടത്തിവരുന്ന കാലമാണിത്. കൊവിഡിനെ തുടര്‍ന്ന് ഈ മേഖലകള്‍ക്ക് കോട്ടം തട്ടിയെങ്കിലും അതിന് മുമ്പ് പലപല പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട് ഈ മേഖല. പ്രകൃതിയോടിണങ്ങി ജീവിക്കാനുള്ള പാക്കേജുകള്‍ പലരും മുന്നോട്ടുവെക്കാറുണ്ട്. കാടിന്‍റെ സൗന്ദര്യം ആസ്വദിക്കാന്‍, അതിന്‍റെ നടുക്ക് ആകാശവും മരങ്ങളും നക്ഷത്രങ്ങളും കണ്ടു കിടന്നുറങ്ങാൻ എന്ത് രസമായിരിക്കും. കൂട്ടിനു കുട്ടിക്കുറുമ്പന്മാരായ ആനക്കുട്ടികളും ഉണ്ടെങ്കിലോ? തായ്‌ലൻഡിലെ അനന്താര ഗോൾഡൻ ട്രയാംഗിൾ എലഫന്‍റ് ക്യാമ്പ് ആന്‍ഡ് റിസോർട്ട് ആണ് ഈ അവസരം ഒരുക്കുന്നത്. അവിടത്തെ കുമിളകൾ പോലുള്ള ടെന്‍റുകളിൽ കിടന്ന് പ്രകൃതി സൗന്ദര്യം ആസ്വദിക്കാം, കൂടെ കുട്ടിയാന കുറുമ്പന്മാർക്കൊപ്പം ഒരു രാത്രിയും ചെലവഴിക്കാം. അവിടെ പ്രകൃതിയുടെ മടിത്തട്ടിൽ കിടന്ന് ആനക്കുട്ടികളുടെ കളികളും കുറുമ്പുകളും ആവോളം ആസ്വദിക്കാം. 
 

ആനകൾ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശത്താണ് ഈ ക്യാമ്പ് ഉള്ളത്. അവിടെ കുമിളകൾക്കകത്ത് കിടന്ന് ആനകൾ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ചുറ്റിനടക്കുന്നത് കാണാം. ഈ ജംഗിൾ കുമിളകൾ പോലെയുള്ള ടെന്‍റുകള്‍ ചെറുതാണെന്ന് കരുതി തീരെ സൗകര്യമില്ല എന്ന് കരുതരുത്. 22 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള അതിനകത്ത് എയർ കണ്ടീഷനിംഗ്, കിംഗ്-സൈസ് ബെഡ്, ലിവിംഗ് ഏരിയ, സുതാര്യമല്ലാത്ത ഒരു കുളിമുറി എന്നിവയുണ്ട്. അത്താഴം റിസോർട്ടിന്റെ സ്റ്റാഫാണ് നൽകുന്നത്, അത് എല്ലാ വൈകുന്നേരവും ഒരു ഫാൻസി ബാസ്‌ക്കറ്റിനുള്ളിലാക്കി അതിഥികളുടെ അടുത്തെത്തിക്കുന്നു. ഈ ഗ്ലാമറസ് റിസോർട്ടിൽ താമസിക്കുന്ന 60 ആനകളെയും തായ്‌ലൻഡിലെ തെരുവുകളിൽ നിന്ന് രക്ഷപ്പെടുത്തിയതാണ് എന്നതും ഇതിന്‍റെ പ്രത്യേകതയാണ്. അവയെ പരിപാലിക്കാൻ പ്രത്യേക സ്റ്റാഫുമുണ്ട് അവിടെ. റിസോർട്ടിൽ അതിഥികൾക്കായി ഒരു നടത്ത ടൂറും അവിടെ സംഘടിപ്പിച്ചിട്ടുണ്ട്. അതിനെ വാക്കിംഗ് വിത്ത് ജയന്‍റ്സ് എന്നാണ് വിളിക്കുന്നത്. ഈ സമയത്ത് ഒരു മൃഗഡോക്ടറോ ബയോളജിസ്റ്റോ അവിടെ താമസിക്കുന്ന ആനകളുടെ ജീവിതത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ വിശദമായി പറഞ്ഞുതരുന്നു..  

ഈ “ജംഗിൾ ബബിൾസിൽ” ഒരു രാത്രി ചെലവഴിക്കുന്നത് അത്യാവശ്യം ചെലവുള്ള സംഗതിയാണ്. രണ്ട് വ്യക്തികൾക്ക് 44 ,000 രൂപയാണ് നല്‍കേണ്ടത്. വടക്കൻ തായ്‌ലാൻഡിലെ ഒരു  കാടിനകത്താണ് 650,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ റിസോർട് ഉള്ളത്. മെക്കോംഗ്, റുവാക് നദികൾക്ക് അഭിമുഖമായി ഒരു കുന്നിൻ മുകളിലാണ് ഇതുള്ളത്. ഹൈടെക് പോളിസ്റ്റർ ഫാബ്രിക് ഉപയോഗിച്ചാണ് കുമിളകൾ നിർമ്മിച്ചിരിക്കുന്നത്. ലോകത്തിന്റെ ബഹളങ്ങളിൽ നിന്നൊക്കെ വിട്ട് പ്രകൃതിയോട് ഇണങ്ങിക്കഴിയാൻ ഇവിടെ അവസരം ലഭിക്കുന്നു.  
 

click me!