
നൂറുകണക്കിന് വവ്വാലുകൾക്കൊപ്പം കഴിയുന്ന വീട്ടമ്മ. സിനിമയിലല്ല, ജീവിതത്തിലെ ബാറ്റ് വുമാണായി മാറിയിരിക്കുകയാണ് ഇന്ത്യയിൽ നിന്നുമുള്ള ശാന്താബെൻ പ്രജാപതി. ഇവർ വീട്ടിൽ വളർത്തുന്നത് 500 മുതൽ 1,000 വരെ വവ്വാലുകളെയാണ്. ശാന്താബെന്നിന്റെ കളിമണ്ണ് കൊണ്ട് നിർമിച്ച വീട്ടിൽ കഴിഞ്ഞ ഇരുപതു വർഷമായി ഈ വവ്വാലുകളുണ്ട്. മറ്റുള്ളവർക്ക് ശല്യമായി മാറുന്ന വവ്വാലുകൾ തനിക്ക് പ്രിയപ്പെട്ടവരാണെന്നാണ് പ്രജാപതി ബെൻ പറയുന്നത്.
"ആദ്യം ഒരു വവ്വാൽ മാത്രമാണ് ഈ വീട്ടിലുണ്ടായിരുന്നത്. ഇത് എന്നെ വളരെയധികം അലോസരപ്പെടുത്തിയിരുന്നു. അതുകൊണ്ട് ഈ വവ്വാലിനെ ഇവിടെ നിന്നും ഒഴിവാക്കാൻ ഞാൻ പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ അത് പാപമായാണ് എല്ലാവരും വിശ്വിസിക്കുന്നത്. തുടർന്ന് ഇവിടെ താമസിക്കാൻ ഞാൻ ഈ വവ്വാലിനു അനുവാദം നൽകി. പിന്നീട് ഓരോദിവസവും ഇവിടേക്ക് വരുന്ന വവ്വാലുകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു...' -ശാന്താബെൻ പറയുന്നു.
എഴുപത്തിമൂന്നുകാരിയായ ശാന്താബെന്നിന്റെ ഭർത്താവ് നേരത്തെതന്നെ മരിച്ചു പോയിരുന്നു. ഒറ്റപ്പെടലിന്റെ വിരസത ഇവർ മറക്കുന്നത് ഈ വവ്വാലുകളെ പരിപാലിച്ചും ഇവരോടു സംസാരിച്ചുമാണ്. വവ്വാലുകൾ താമസിക്കുന്ന ഈ വീട് എല്ലാ ദിവസവും ശാന്താബെൻ വൃത്തിയാക്കും. ഇടയ്ക്കൊക്കെ മടുപ്പ് തോന്നാറുണ്ടെങ്കിലും അതിന് ഒരിക്കലും മുടക്കം വരുത്തിയിട്ടില്ലെന്നും ഇവർ പറയുന്നു. ഇവർ താമസിക്കുന്ന ഗ്രാമത്തിൽ ബാറ്റ് വുമൺ എന്ന വിളിപ്പേരാണ് എല്ലാവരും ഇവർക്കു നൽകിയിരിക്കുന്നത്.
നാലുമക്കളുടെ അമ്മയായ ശാന്താ ബെൻ അവരിലൊരാൾക്ക് ജന്മം നൽകിയതും വവ്വാലുകൾ ജീവിക്കുന്ന ഈ മുറിക്കുള്ളിലായിരുന്നു. ഈ സമയം കുറച്ച് വവ്വാലുകളും മുറിക്കുള്ളിലുണ്ടായിരുന്നു. വവ്വാലുകളോടുള്ള പേടി കാരണം തന്റെ മക്കളും കൊച്ചുമക്കളും ഈ മുറിയ്ക്കുള്ളിലേക്ക് പ്രവേശിക്കില്ലെന്നാണ് ശാന്താബെൻ പറയുന്നത്. സമയമാകുന്പോൾ ഈ വവ്വാലുകൾ ഇവിടം വിട്ട് പോകുമെന്നും അവർക്ക് ഇഷ്ടമുള്ള നാൾ വരെ ഇവിടെ താമസിക്കട്ടെയെന്നും ശാന്താബെൻ പറയുന്നു.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന് വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം