ഓട്ടോറിക്ഷ വീടായി രൂപം മാറിയപ്പോള്‍; ഈ മോഡല്‍ പാവപ്പെട്ടവര്‍ക്കുവേണ്ടിയെന്ന് അരുണ്‍

By Web TeamFirst Published Jul 19, 2020, 12:33 PM IST
Highlights

ഒരു ഓട്ടോറിക്ഷയുടെ പിൻഭാഗത്ത് വേർപെടുത്താവുന്ന രീതിയിലാണ് ഈ വീട് രൂപകൽപ്പന ചെയ്‍തിട്ടുള്ളത്. ഒരാൾക്ക് മാത്രം താമസിക്കാനുള്ള സൗകര്യമേ ഉള്ളൂവെങ്കിലും അതിനകത്ത് ആവശ്യത്തിന് വലുപ്പമുള്ള കിടപ്പുമുറിയും മാന്യമായി സജ്ജീകരിച്ച മോഡുലാർ അടുക്കളയും കുളിമുറിയുമുണ്ട്. 

ഭൂമിക്ക് പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ പൊന്നിൻവിലയാണ്. ഇന്നത്തെ സാമ്പത്തികസാഹചര്യം വച്ച് കൂടുതൽ ആളുകളും ഒരു തുണ്ട് ഭൂമി വാങ്ങാൻ പോലും പാടുപെടുകയാണ്. എന്നാൽ, ഭൂമിയ്ക്ക് പകരം ഓട്ടോയിൽ ഒരു വീടങ്ങ് പണിതാലോ? അരുൺ പ്രഭു എൻ‌ജി എന്ന ആർക്കിടെക്റ്റ് വിദ്യാർത്ഥിയാണ് ഈ നവീന ആശയവുമായി മുന്നോട്ട് വന്നത്. എന്തിനാ ഭൂമി അന്വേഷിച്ച് സമയം കളയുന്നത് എന്ന് ചിന്തിച്ച് അദ്ദേഹം ഒരു ഓട്ടോ തന്നെ വീടാക്കി മാറ്റി. പോകുന്നിടത്തെല്ലാം കൂടെ കൊണ്ടുപോകാം എന്നതും ഇതിന്‍റെ ഒരു ഗുണമാണ്.

അരുണിന്‍റെ സ്വദേശം തമിഴ്‌നാട് പട്ടണമായ നാമക്കലാണ്. ലോറി ബോഡി ബിൽഡിംഗ് വ്യവസായങ്ങൾക്കും കോഴിഫാമുകൾക്കും പേരുകേട്ടതാണ് ആ പട്ടണം. അദ്ദേഹത്തിന് ചെറുപ്പം മുതലേ കലയോടും, രൂപകൽപ്പനയോടും അതിയായ താല്‍പര്യമുണ്ടായിരുന്നു. ഒരു വ്യാപാരിയുടെ കുടുംബത്തിൽ ജനിച്ച അരുൺ തന്‍റെ കുടുംബത്തിലെ ആദ്യത്തെ ബിരുദധാരിയാണ്. ചെന്നൈ കോളേജിൽ നിന്ന് ബിരുദം നേടുന്നതിനിടയിൽ നിരവധി ചേരിനിവാസികളെയും ഭവനരഹിതരെയും അരുൺ കാണാൻ ഇടയായി. പകൽ മുഴുവൻ ജോലിചെയ്‍ത് രാത്രി വിശ്രമിക്കാൻ ഒരു കിടപ്പാടമില്ലാതെ കഷ്‍ടപ്പെടുന്ന വഴിയോര കച്ചവടക്കാരുടെ ദുരവസ്ഥയും അദ്ദേഹത്തെ വല്ലാതെ സ്‍പർശിച്ചു. അങ്ങനെയാണ് ഇത്തരത്തിൽ ഒരു പാവങ്ങളുടെ കാരവൻ നിർമ്മിക്കാൻ അദ്ദേഹം പദ്ധതിയിട്ടത്. പോർട്ടബിൾ വീട് പണിയുന്നതിനായി ഒരു ഓട്ടോറിക്ഷ തന്നെ തെരഞ്ഞെടുക്കാൻ കാരണമുണ്ട്. "പാവപ്പെട്ടവരുടെയും, നാടോടികളുടെയും ജീവിതശൈലിയ്ക്ക് ഇണങ്ങുന്നതും, അവർക്ക് താങ്ങാനാവുന്നതുമായ ഒന്നെന്ന നിലയിലാണ് ഓട്ടോ തെരഞ്ഞെടുത്തത്. ഈ ത്രീ വീലർ ഘടന താമസിക്കാനും കച്ചവടത്തിനും ഒരുപോലെ ഉപയോഗിക്കാം'' അരുൺ പറയുന്നു.

 

ഒരു ഓട്ടോറിക്ഷയുടെ പിൻഭാഗത്ത് വേർപെടുത്താവുന്ന രീതിയിലാണ് ഈ വീട് രൂപകൽപ്പന ചെയ്‍തിട്ടുള്ളത്. ഒരാൾക്ക് മാത്രം താമസിക്കാനുള്ള സൗകര്യമേ ഉള്ളൂവെങ്കിലും അതിനകത്ത് ആവശ്യത്തിന് വലുപ്പമുള്ള കിടപ്പുമുറിയും മാന്യമായി സജ്ജീകരിച്ച മോഡുലാർ അടുക്കളയും കുളിമുറിയുമുണ്ട്. ഒരുനിലയിൽ അടുക്കള, ബാത്ത്‍ടബ്ബ്, ടോയ്‌ലറ്റ്, ഫോയർ, ലിവിംഗ് ഏരിയ, കിടപ്പ് മുറിയുമുണ്ട്. കൂടാതെ, സോളാർ പാനൽ (600W), വാട്ടർ ടാങ്ക് (250 ലിറ്റർ), ടെറസിൽ തണലുള്ള ഒരു വിശ്രമസ്ഥലം എന്നിവയുണ്ട്. ഒരു ഓട്ടോയുടെ ഘടന ഇത്ര ഭാരമൊക്കെ താങ്ങുമോ എന്ന് ചിന്തിക്കുന്നുണ്ടാകും. എന്നാൽ, അദ്ദേഹം ഭാരം തുല്യമായി വിഭാഗിച്ചിരിക്കുകയാണ് അതിനകത്ത്.  

വായുസഞ്ചാരത്തിനായി 45 ശതമാനം തുറന്ന സ്ഥലമുണ്ട് അതിനകത്ത്. ചൂട് കുറയ്ക്കുന്നതിനും വായുസഞ്ചാരത്തിനും അതു സഹായകമാകുന്നു. മോഡുലാർ അടുക്കളയിൽ പാത്രങ്ങൾ, ഒരു ചെറിയ ഗ്യാസ് സിലിണ്ടർ, ഡിഷ് വാഷ്, തുണി ഉണക്കാനുള്ള പാനലുകൾ എന്നിവയ്ക്കുള്ള സ്ഥലവുമുണ്ട്. പോർട്ടിക്കോ പ്രധാന കവാടമായി പ്രവർത്തിക്കുന്നു. അകത്ത് ചെറിയ വിശദാംശങ്ങൾ ക്രോസ്-വെന്‍റിലേഷനും ഈർപ്പം കുറയ്ക്കാനും സഹായിക്കുന്നു” അദ്ദേഹം പറയുന്നു. 70 ലിറ്റർ കൊള്ളുന്ന ഒരു വലിയ കണ്ടെയ്‍നർ മലിനജലം ശേഖരിക്കുന്നു. അതുപക്ഷേ സ്വമേധയാ നീക്കം ചെയ്യണം.  


 

സോളോ .01 എന്ന് വിളിക്കുന്ന ഇതിന്‍റെ പണി 2019 ഓഗസ്റ്റിൽ അദ്ദേഹം ആരംഭിച്ചു. സ്ക്രാപ്പ് മെറ്റീരിയലുകൾ ഉപയോഗിച്ച് വീട് മുഴുവൻ നിർമ്മിക്കാൻ അദ്ദേഹത്തിന് അഞ്ച് മാസമെടുത്തു. പഴയ ബസിന്‍റെ ഭാഗങ്ങൾ, വലിച്ചെറിയപ്പെട്ട മെറ്റൽ സ്ക്രാപ്പ് പോലുള്ള ഉപേക്ഷിക്കപ്പെട്ട വസ്‍തുക്കളാണ് ഇതിൽ കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. അതേസമയം, ആറ് ബോൾട്ടുകൾ ഉപയോഗിച്ച് ഘടിപ്പിച്ചിട്ടുള്ള അത്  അഴിച്ചുമാറ്റാനാവുന്നതുമാണ്. ഇന്ന്, അരുൺ തന്റെ വാസ്‍തുവിദ്യാ സ്ഥാപനമായ ബിൽബോർഡ്‍സ് കളക്ടീവിൽ സമാനമായ നാല് പുതിയ പദ്ധതികളിൽ പ്രവർത്തിക്കുന്നു. കൂടാതെ, തന്‍റെ പോർട്ടബിൾ ഭവനത്തിൽ ഡിസൈൻ പേറ്റന്റിനായി അപേക്ഷ നൽകി കാത്തിരിക്കുകയാണ് അദ്ദേഹം.  

click me!