മരണക്കിണറിലെ വനിതാ റൈഡര്‍, പഠിച്ചത് പന്ത്രണ്ടാമത്തെ വയസ്സില്‍; ഫെസ്റ്റിവലുകളെ ആവേശം കൊള്ളിച്ച പെണ്‍കുട്ടി

By Web TeamFirst Published Jul 19, 2020, 10:08 AM IST
Highlights

കര്‍മിലയുടെ കുടുംബത്തില്‍ നിന്നും ഒരു സര്‍ക്കസ് കമ്പനിയില്‍ ജോലി ചെയ്യുന്ന ആദ്യത്തെ ആളാണ് അവള്‍. തന്‍റെ മാതാപിതാക്കളെ സഹായിക്കാന്‍ കൂടിയാണ് താനിത് ചെയ്യുന്നതെന്നും ഈ ജോലി വഴി കുടുംബത്തിന് എന്തെങ്കിലും നല്‍കാന്‍ തനിക്ക് കഴിയുന്നുണ്ട് എന്നും കര്‍മില പറയുന്നു. 

ഇന്തോനേഷ്യന്‍ ദ്വീപായ സുമാത്രയിലെ മരണക്കിണറില്‍ ബൈക്കോടിക്കുന്ന ആദ്യ വനിതയാണ് കര്‍മില പര്‍ബ. ദ്വീപിലെല്ലായിടത്തും സഞ്ചരിച്ച് പരിപാടികളവതരിപ്പിക്കുന്നവരുടെ കൂടെ ആദ്യമായി അവള്‍ ചേരുന്നത് തന്‍റെ പന്ത്രണ്ടാമത്തെ വയസ്സിലാണ്. ഇപ്പോള്‍ 20 -കാരിയായ കര്‍മില മരണക്കിണറില്‍ തന്‍റെ മോട്ടോര്‍ബൈക്ക് പായിച്ച് ഓരോ ഫെസ്റ്റിവലുകളിലും ആള്‍ക്കാരെ ആവേശം കൊള്ളിച്ചുകൊണ്ടേയിരുന്നു.  

ചെറുതായിരിക്കുമ്പോള്‍ തന്നെ മരണക്കിണറില്‍ ബൈക്കോടിക്കുന്നവരെ താന്‍ നോക്കിനിന്നിട്ടുണ്ടെന്നും അത് തന്നെ വളരെയേറെ ആകര്‍ഷിച്ചിട്ടുണ്ടെന്നും കര്‍മില പറയുന്നു. ''എങ്ങനെയാണ് ബൈക്കും കൊണ്ട് അത്രയും മുകളില്‍ ചെന്നെത്തുന്നത് എന്ന് അന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. അതിന്‍റെ രഹസ്യം കണ്ടെത്തണമല്ലോ എന്ന ജിജ്ഞാസ എനിക്കെപ്പോഴും ഉണ്ടായിരുന്നു'' എന്ന് കര്‍മില ബിബിസിയോട് പറഞ്ഞിരുന്നു . അങ്ങനെയാണവള്‍ പന്ത്രണ്ടാമത്തെ വയസ്സില്‍ അത് പഠിച്ചു തുടങ്ങുന്നത്. 

കര്‍മിലയെ പരിശീലിപ്പിച്ച ടോറ പലേവിക്കും ഏറെ അഭിമാനമാണ് അവളെയോര്‍ത്ത്. ''സുമാത്രയിലെ ആദ്യത്തെ വനിതാ റൈഡറാണവള്‍. ഈ ദ്വീപിലെ ആദ്യത്തെ റൈഡര്‍... ഒരു പെണ്‍കുട്ടിയെ മരണക്കിണറിലെ റൈഡ് പഠിപ്പിച്ചുവെന്നതിലെനിക്കേറെ അഭിമാനമുണ്ട്. ഇന്ന് വേറെയും പല സ്ത്രീകളും ഇത് ചെയ്യുന്നുണ്ട്. പക്ഷേ, ഇതൊട്ടും എളുപ്പമല്ല. അതിന് അസാമാന്യ ധൈര്യം വേണം. തന്നെക്കൊണ്ടിത് കഴിയും എന്ന് ആത്മവിശ്വാസം വേണം. അതാണ് വിജയത്തിലേക്കുള്ള വഴി'' എന്നും പലേവി നേരത്തെ ബിബിസി -യോട് പറഞ്ഞിരുന്നു. 

ഓരോ മണിക്കൂറിലും ബൈക്ക് പായേണ്ടത് 40 കിലോമീറ്ററാണ്. എങ്കില്‍ മാത്രമേ നിയന്ത്രണം വിടാതെ, താഴെ വീഴാതെ റൈഡ് തുടരാനാവൂ. ദ്വീപിലാകെ സഞ്ചരിച്ച് പരിപാടികള്‍ നടത്തുന്ന സംഘത്തിനൊപ്പമാണ് കര്‍മില പ്രകടനം നടത്തുന്നത്. അവര്‍ സുമാത്രയിലാകമാനം സഞ്ചരിക്കുന്നു, ഓരോ രണ്ട് ആഴ്‍ചകളിലും പുതിയ പുതിയ നഗരങ്ങളില്‍ പ്രകടനം നടത്തുന്നു. ആളുകള്‍ കയ്യടിച്ച് അവരെ പ്രോത്സാഹിപ്പിക്കുന്നു. സുമാത്രയിലുടനീളം പ്രശസ്‍തയാണ് ഈ വനിതാ റൈഡര്‍. 

''ഈ ബൈക്ക് റൈഡിംഗ് പേടിപ്പെടുത്തുന്നത് തന്നെയാണ്. പക്ഷേ, നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് നമുക്ക് വേണം. ആളുകളെ രസിപ്പിക്കാനാണ് നമ്മളീ പ്രകടനങ്ങളെല്ലാം നടത്തുന്നത്. അതാണെന്‍റെ ജോലി. അതില്‍ ഞാന്‍ സന്തോഷവതിയാണ്. അത് രസകരവുമാണ്...'' കര്‍മില പറയുന്നു. ഇതില്‍നിന്നും കിട്ടുന്ന പണം അവള്‍ക്ക് വീട്ടിലേക്കുള്ള അവളുടെ പങ്ക് കൂടിയാണ്. ചില നേരങ്ങളില്‍ ആളുകള്‍ അവരെ കളിപ്പിക്കും. പണം വച്ചുനീട്ടുകയും റൈഡിനിടയില്‍ കൈനീട്ടുമ്പോള്‍ നല്‍കാതിരിക്കുകയും വീണ്ടും വച്ചുനീട്ടുകയും പിന്‍വലിക്കുകയും ഒക്കെ ചെയ്യും. 'എത്ര അപകടമേറിയ കാര്യമാണ് ചെയ്യുന്നത് എന്നറിയാതെയാണ് ആളുകള്‍ നമ്മളെ കളിപ്പിക്കുന്നത്' എന്ന് കര്‍മില ഓര്‍മ്മിപ്പിക്കുന്നു. ചിലപ്പോള്‍ കഷ്‍ടപ്പെട്ട് ജോലി ചെയ്യുന്ന അവര്‍ക്ക് വളരെ കുഞ്ഞു തുകകള്‍ നല്‍കുമെന്നും. 

പ്രകടനം നടത്തുമ്പോള്‍ ഹെല്‍മറ്റ് പോലും കര്‍മില വയ്ക്കാറില്ല. അത് ഷോയുടെ രസം കളയുമെന്നാണ് അവളുടെ പക്ഷം. കര്‍മിലയുടെ കുടുംബത്തില്‍ നിന്നും ഒരു സര്‍ക്കസ് കമ്പനിയില്‍ ജോലി ചെയ്യുന്ന ആദ്യത്തെ ആളാണ് അവള്‍. തന്‍റെ മാതാപിതാക്കളെ സഹായിക്കാന്‍ കൂടിയാണ് താനിത് ചെയ്യുന്നതെന്നും ഈ ജോലി വഴി കുടുംബത്തിന് എന്തെങ്കിലും നല്‍കാന്‍ തനിക്ക് കഴിയുന്നുണ്ട് എന്നും കര്‍മില പറയുന്നു. അവരൊരിക്കലും തന്നെ ഇതു ചെയ്യാന്‍ നിര്‍ബന്ധിച്ചിട്ടില്ല. ഈ ജോലി ചെയ്യണമെന്നും പറഞ്ഞിട്ടില്ല. താന്‍ സ്വയം ഈ റിസ്‍ക് ഏറ്റെടുത്തതാണ്. അതുകൊണ്ട് എനിക്കെന്‍റെ മാതാപിതാക്കളെ സഹായിക്കാനാവുന്നുണ്ടല്ലോ കര്‍മില കൂട്ടിച്ചേര്‍ക്കുന്നു. 

സുമാത്രയിലുടനീളം പ്രകടനം നടത്താനെത്തുന്ന കര്‍മില ഒരുപാട് പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാണ്. അവളെ ഏറെ ആവേശത്തോടെയാണ് അവരെല്ലാം സ്വീകരിച്ചതും. 

കേരളത്തിലെ വനിതാ മരണക്കിണര്‍ റൈഡര്‍, കാണാം മരണക്കിണറിലെ ബേബി ഖാന്‍

click me!