രാത്രിയിൽ മുഖമില്ലാതെ തെരുവുകളിൽ അലഞ്ഞുനടക്കാറുള്ള 'ഗ്രീൻ മാൻ' ആരാണ് ?

By Web TeamFirst Published Feb 11, 2021, 12:22 PM IST
Highlights

ചില ആളുകൾ അദ്ദേഹത്തെ കണ്ട് ഭയപ്പെടുകയോ, അദ്ദേഹത്തോട് ക്രൂരത കാണിക്കുകയോ ചെയ്തിരുന്നുവെങ്കിലും മറ്റുള്ളവർ അദ്ദേഹവുമായി ചങ്ങാത്തം കൂടുകയും രാത്രിയിൽ ബിയറുകളും സിഗരറ്റും അദ്ദേഹത്തിന് കൊണ്ടുവന്ന് കൊടുക്കുകയും ചെയ്യുമായിരുന്നു. 

ഗ്രീൻ മാനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? രാത്രിയിൽ വഴികളിൽ പ്രത്യക്ഷപ്പെടുന്ന മുഖമില്ലാതെ മനുഷ്യൻ? 1950 -കളിലും 60 -കളിലും വെസ്റ്റേൺ പെൻ‌സിൽ‌വാനിയയിലാണ് അയാൾ ജീവിച്ചിരുന്നത്. അദ്ദേഹത്തിന്റെ മുഖത്ത് ആസിഡ് വീണതാണെന്നും, അതല്ല ശസ്ത്രക്രിയ വഴി അയാൾ സ്വയം മുഖം നീക്കിയതാണെന്നും,  ഇടിമിന്നലേറ്റതാണെന്നും ഒക്കെ പല കഥകളുമുണ്ട്. എന്തായിരുന്നാലും, ആളുകൾ അയാളെ ഗ്രീൻ മാൻ അല്ലെങ്കിൽ ചാർലി നോ ഫെയ്സ് എന്ന് വിളിച്ചു. പക്ഷേ, പേര് സൂചിപ്പിക്കും പോലെ അദ്ദേഹം യഥാർത്ഥത്തിൽ പച്ചയായിരുന്നില്ല. റെയ്മണ്ട് റോബിൻസൺ എന്നാണ് അയാളുടെ ശരിക്കുള്ള പേര്. കുട്ടിക്കാലത്ത് നടന്ന ഒരു അപകടത്തിൽ അയാളുടെ മുഖം കത്തിക്കരിഞ്ഞു പോയി. രാത്രിയിൽ വെളിച്ചം തട്ടുമ്പോൾ അയാളുടെ മുഖം പച്ച നിറത്തിൽ തിളങ്ങുമെന്നും, പെൻ‌സിൽ‌വാനിയയിലെ വഴികളിൽ രാത്രി സഞ്ചരിക്കുന്ന ആളുകളെ അയാൾ പേടിപ്പിക്കാറുണ്ടെന്നും മറ്റുമുള്ള കഥകൾ അയാളെ ചുറ്റിപ്പറ്റി ഇപ്പോഴും നിലനിൽക്കുന്നു. എന്നാൽ, അതിൽ പലതും കെട്ടുകഥകൾ മാത്രമാണ്.

 

1910 ഒക്ടോബർ 29 -ന് പെൻ‌സിൽ‌വാനിയയിലെ ബീവർ കൗണ്ടിയിലാണ് റോബിൻസൺ ജനിച്ചത്. തന്റെ ജീവിതത്തിലെ ആദ്യത്തെ ഒമ്പത് വർഷക്കാലം അവൻ ഒരു സാധാരണ കുട്ടിയായിരുന്നു. സുഹൃത്തുക്കളോടൊപ്പം കളിച്ചും, കുറുമ്പുകൾ കാട്ടിയും അവൻ വളർന്നു. എന്നാൽ, 1919 ജൂൺ 18 -ന് അവന്റെ ജീവിതം മാറിമറിഞ്ഞു. അന്ന്, റോബിൻസണും സുഹൃത്തുക്കളും ന്യൂ കാസിൽ റെയിൽ‌വേ കമ്പനി പാലത്തിൽ കളിക്കാൻ പോയി. ഒരു കിളി കൂട് വച്ചിരിക്കുന്നത് കാണാൻ 11,000 വോൾട്ട് വൈദ്യുതി പ്രവഹിക്കുന്ന പോസ്റ്റിൽ അവൻ കയറി. എന്നാൽ, അവൻ ഷോക്കടിച്ച് പെട്ടെന്ന് നിലത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. ഉയർന്ന വോൾട്ടേജ് ഷോക്ക് റോബിൻസന്റെ മുഖവും കൈകളും കത്തിച്ചു. ഒരിക്കൽ കണ്ണും മൂക്കും ഉണ്ടായിരുന്നിടത്ത് ദ്വാരങ്ങൾ മാത്രമായി. ജീവൻ തിരിച്ചുകിട്ടിയെങ്കിലും, അവന്റെ മുഖം പൂർണ്ണമായും നശിച്ചിരുന്നു. കണ്ണുകളോ മൂക്കോ വലതു കൈയോ ഇല്ലാതെ ജീവിതകാലം മുഴുവൻ ജീവിക്കാൻ അവൻ നിർബന്ധിതനായി.  

എന്നാൽ, ശാരീരിക വൈകല്യത്തെക്കുറിച്ച് വിലപിച്ച് ജീവിതം തള്ളിനീക്കാൻ റോബിൻസൺ ഒരിക്കലും ശ്രമിച്ചില്ല. അടുത്ത 65 വർഷക്കാലം, പെൻസിൽവേനിയയിലെ കോപ്പലിലുള്ള തന്റെ കുടുംബവീട്ടിൽ അദ്ദേഹം താമസിക്കുകയും, ബെൽറ്റുകൾ, വാലറ്റുകൾ, വാതിൽപ്പടികൾ എന്നിവ നിർമ്മിച്ച് വിറ്റ്, പണമുണ്ടാക്കുകയും ചെയ്തു. തന്റെ രൂപം കണ്ട് ആളുകൾ ഭയപ്പെടാതിരിക്കാൻ രാത്രിയിൽ മാത്രം അദ്ദേഹം വീട് വിട്ടിറങ്ങി. ഈ വഴികളിൽ വച്ചാണ് ഗ്രീൻ മാന്റെ ഇതിഹാസം വികസിക്കാൻ തുടങ്ങിയത്. രാത്രിയിൽ കാർ ലൈറ്റുകൾ അദ്ദേഹത്തിന്റെ മുഖത്ത് തട്ടുമ്പോൾ മുഖം പച്ച നിറമാകുമെന്ന പ്രചാരത്തെ തുടർന്നാണ് അദ്ദേഹത്തിന്  “ഗ്രീൻ മാൻ” എന്ന പേര് വന്നത്. മുഖമില്ലാത്ത ഒരാൾ അർദ്ധരാത്രിയിൽ കോപ്പൽ-ന്യൂ ഗലീലി റോഡിൽ നടക്കുന്നുണ്ടെന് അറിഞ്ഞ ആളുകൾ അദ്ദേഹത്തെ കാണാൻ അവിടെ എത്തുമായിരുന്നു. എന്നാൽ, പലപ്പോഴും, അപരിചിതരുമായുള്ള സമ്പർക്കം അദ്ദേഹം ഒഴിവാക്കി.  

ചില ആളുകൾ അദ്ദേഹത്തെ കണ്ട് ഭയപ്പെടുകയോ, അദ്ദേഹത്തോട് ക്രൂരത കാണിക്കുകയോ ചെയ്തിരുന്നുവെങ്കിലും മറ്റുള്ളവർ അദ്ദേഹവുമായി ചങ്ങാത്തം കൂടുകയും രാത്രിയിൽ ബിയറുകളും സിഗരറ്റും അദ്ദേഹത്തിന് കൊണ്ടുവന്ന് കൊടുക്കുകയും ചെയ്യുമായിരുന്നു. റോബിൻസണിന്റെ അവസാനം ഒരു നഴ്സിംഗ് ഹോമിൽ വച്ചായിരുന്നു. 1985 -ൽ 74 -ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തെ ബീവർ കൗണ്ടിയിൽ അടക്കം ചെയ്തു. എന്നാൽ മരണശേഷവും അദ്ദേഹത്തിനെ കുറിച്ചുള്ള പേടിപ്പിക്കുന്ന കഥകൾ തുടർന്നു. റോബിൻസൺ പെൻ‌സിൽ‌വാനിയ പ്രദേശത്ത് ഒരു മിത്തായും, ഇതിഹാസവുമായി വളർന്നു. പൈനി ഫോർക്ക് റോഡിലെ ഒരു തുരങ്കത്തിന് ദി ഗ്രീൻ മാൻ ടണൽ എന്നാണ് പേര്. വിജനമായ ആ സ്ഥലത്ത് ആ പച്ച മനുഷ്യന്റെ പ്രേതത്തെ കാണാറുണ്ടെന്ന് ആളുകൾ അവകാശപ്പെടുന്നു.  

(ആദ്യചിത്രം പ്രതീകാത്മകം, കടപ്പാട്: ഫേസ്ബുക്ക്/ Raymond Robinson (Green Man))

click me!