സ്വന്തമായി ഒരു 'എയർപോർട്ടും', വിമാനവും, പട്ടണവുമുള്ളൊരാൾ; ആ പ്രേതനഗരത്തിലെ ഏക മനുഷ്യന്‍

By Web TeamFirst Published Oct 9, 2020, 10:34 AM IST
Highlights

1997 -ലാണ് ലൂസിന എന്ന പട്ടണം വിൽക്കാനിട്ടിരിക്കുന്ന വാർത്ത സഡാർസ്‌കി കണ്ടത്. ലൂസിന ഒരു മുൻ റെയിൽ‌വേ കമ്മ്യൂണിറ്റിയായിരുന്നു. 1970 -കൾ വരെ കുറച്ചു റെയിൽ‌വേ തൊഴിലാളികൾ അവിടെ താമസിച്ചിരുന്നു. എന്നാൽ, അതിനുശേഷം 50 വർഷത്തോളം അത് പൂർണ്ണമായും ഒഴിഞ്ഞുകിടന്നു.

ഒരു വീട്ടിൽ തന്നെ തനിച്ചു കഴിയാൻ പലർക്കും പ്രയാസമാണ്. അപ്പോൾ ഒരു പട്ടണത്തിൽ ഒറ്റയ്ക്ക് കഴിയേണ്ടി വന്നാലോ? ഒരുപക്ഷേ ഒന്നോരണ്ടോ ദിവസം നമ്മൾ ഒരു കൗതുകത്തിന്റെ പേരിൽ അവിടെ താമസിച്ചെന്നിരിക്കും. എന്നാൽ, പതുക്കെ നമുക്ക് ആ ജീവിതത്തോട് മടുപ്പ് തോന്നിയേക്കാം. എന്ത് സഹായത്തിനും നമുക്ക് കൂടെയുണ്ടാകാറുള്ള സുഹൃത്തുക്കളെയും, അയൽക്കാരെയും എല്ലാം നമ്മൾ അറിയാതെ ഓർത്തുപോകാം. എന്നാൽ, ഏകാന്തതയെ പ്രണയിച്ച ഒരാളുണ്ട്, ഇവോ സെഡാർസ്കൈ. അമേരിക്കയിലെ യൂട്ടാ സംസ്ഥാനത്തെ ഒരു പ്രേതനഗരമായ ലുസിനിലെ ഏക താമസക്കാരനാണ് അദ്ദേഹം. അവിടെ എണ്ണപ്പെട്ട കുറച്ചു മരങ്ങളും, കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിയുമാണുള്ളത്. ഏകാന്തതയും, കാറ്റുംചൂടും മാത്രമാണ് അദ്ദേഹത്തിന് അവിടെ കൂട്ട്. എന്നാൽ, സഡാർസ്‌കിയെ സംബന്ധിച്ചിടത്തോളം, അതാണ് തന്റെ വീട്.   

പട്ടണത്തിലെ മൂന്ന് റൺ‌വേകളാൽ ചുറ്റപ്പെട്ട ഒരു വിമാന ഹാംഗറിലാണ് പുള്ളിക്കാരന്റെ താമസം. വിമാന പ്രൊപെല്ലെർസ് നിർമ്മിക്കുന്ന അദ്ദേഹം തന്റെ വീടിനെ ലുസിൻ ഇന്റർനാഷണൽ എയർപ്പോർട്ട് എന്നാണ് വിളിക്കുന്നത്. എന്നാൽ, ആ എയർപോർട്ടിൽ വന്നിറങ്ങുന്ന ഒരേയൊരു വിമാനം അദ്ദേഹത്തിന്റേതാണ് എന്ന് മാത്രം. അദ്ദേഹത്തിന്റെ വീട് രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു: ഒന്ന് അദ്ദേഹത്തിന്റെ വിമാനങ്ങൾക്കുള്ളതാണ്, മറ്റൊന്ന് അദ്ദേഹത്തിന്റെ താമസസ്ഥലവും. അതും ഒരു ബാത്ത്റൂമും, വിശാലമായ ഒരു മുറി എന്നിവ മാത്രമാണ് അതിലുള്ളത്. “എന്റെ മുറിയേക്കാൾ ചെറുതാണ് പലരുടെയും വീടെന്ന് എനിക്ക് തോന്നാറുണ്ട്. ഈ വീടിനുള്ളിൽ ചുവരുകളില്ല. കിടപ്പുമുറി, സ്വീകരണമുറി എന്നിങ്ങനെയുള്ള വേർതിരിവില്ല. ആ ഒരു മുറിയിൽ ഇരുന്ന് എനിക്ക് ടിവി കാണാം, കമ്പ്യൂട്ടർ ഉപയോഗിക്കാം, കഴിക്കാം" അദ്ദേഹം പറഞ്ഞു. വീട്ടിനുള്ളിൽ 90 ഇഞ്ച് ഫ്ലാറ്റ് സ്ക്രീൻ ടിവി, നാലടി ഉയരമുള്ള സ്പീക്കറുകൾ, ഒരു കമ്പ്യൂട്ടർ, രണ്ട് കട്ടിൽ, തലകീഴായി തിരിക്കാന്‍ കഴിയുന്ന ഒരു ഹോട്ട് ടബ് സോഫ എന്നിവ ഉൾപ്പെടുന്നു. 

എന്നാൽ, ഇത്തരമൊരു ജീവിതം നയിക്കുന്നതിന് മുൻപ്, ഒരുപാട് ദൂരം താണ്ടിയൊരാളാണ് അദ്ദേഹം. 

ഐവോ സഡാർസ്‌കി തന്റെ ജീവിതം ആരംഭിച്ചത് കമ്മ്യൂണിസ്റ്റ് ചെക്കോസ്ലോവാക്യയിലാണ്. സോവിയറ്റ് യൂണിയൻ ഭരണകാലത്ത് വളർന്ന സഡാർസ്‌കി, കടുത്ത നിയന്ത്രങ്ങളിലാണ് ജീവിച്ചു പോന്നത്. എല്ലാം സർക്കാർ നിയന്ത്രിക്കുന്ന ഒരു ലോകമായിരുന്നു അത്. ഒടുവിൽ 24 -ാം വയസ്സിൽ ഒരു എയറോനോട്ടിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരിക്കുമ്പോൾ അദ്ദേഹം തന്റെ രാജ്യം വിട്ടു. 1984 ഓഗസ്റ്റ് 4 -ന്, അർദ്ധരാത്രിയിൽ സ്വയം നിർമ്മിച്ച ഗ്ലൈഡറിൽ അദ്ദേഹം ഒളിച്ചോടുകയായിരുന്നു. വീട്ടുകാരോട് പോലും ഒന്നും പറയാതെ അദ്ദേഹം പറന്നു. വിയന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അദ്ദേഹം ചെന്നിറങ്ങിയത്. കാലഹരണപ്പെട്ട പാസ്‌പോർട്ട് കാണിച്ച് അവിടെ അഭയം തേടി അദ്ദേഹം. ഓസ്ട്രിയയ്ക്ക് ശേഷം, സഡാർസ്കി ലോസ് ഏഞ്ചൽസിലേയ്ക്ക് പോയി. അവിടെ അദ്ദേഹം വിമാന പ്രൊപ്പല്ലർ ബിസിനസ്സിൽ ഏർപ്പെട്ടു. 1986 -ൽ ഇവൊപ്രോപ് എന്ന കമ്പനി ആരംഭിച്ചതിനുശേഷം, അദ്ദേഹം ഏകദേശം 20,000 പ്രൊപ്പല്ലറുകളോളം വിറ്റു. അവയെല്ലാം യു‌എസ്‌എസ്‌ആറിലേക്ക് രക്ഷപ്പെടാനായി 1984 ൽ അദ്ദേഹം നിർമ്മിച്ച ആദ്യത്തെ പ്രൊപ്പല്ലറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചവയായിരുന്നു.

1997 -ലാണ് ലൂസിന എന്ന പട്ടണം വിൽക്കാനിട്ടിരിക്കുന്ന വാർത്ത സഡാർസ്‌കി കണ്ടത്. ലൂസിന ഒരു മുൻ റെയിൽ‌വേ കമ്മ്യൂണിറ്റിയായിരുന്നു. 1970 -കൾ വരെ കുറച്ചു റെയിൽ‌വേ തൊഴിലാളികൾ അവിടെ താമസിച്ചിരുന്നു. എന്നാൽ, അതിനുശേഷം 50 വർഷത്തോളം അത് പൂർണ്ണമായും ഒഴിഞ്ഞുകിടന്നു. അത് വിൽക്കുന്ന വാർത്ത കണ്ടപ്പോൾ തന്നെ, രണ്ടാമതൊന്ന് ആലോചിക്കാതെ അദ്ദേഹം കമ്പനിയും മറ്റെല്ലാം ഉപേക്ഷിച്ചു ആ പട്ടണം സ്വന്തമാക്കി. 2008 മുതൽ, പ്രേതനഗരത്തിലെ ഏക താമസക്കാരനായി അദ്ദേഹം. തീർത്തും ഒറ്റപ്പെട്ട അവിടെ അടുത്തൊരു പലച്ചരക്ക് കടയിൽ പോകണമെങ്കിൽ 160 മൈൽ ദൂരം സഞ്ചരിക്കണം. എന്നാൽ, അദ്ദേഹം ഈ പ്രേതനഗരം വാങ്ങാൻ ഒരു കാരണമുണ്ട്. പുതിയ കണ്ടുപിടിത്തങ്ങൾ പരീക്ഷിക്കാൻ വിശാലമായ ഒരു ഇടം അദ്ദേഹത്തിന് ആവശ്യമായിരുന്നു. ഒരു പുതിയ പ്രൊപ്പല്ലർ വിമാനമാണ് ആ കണ്ടുപിടുത്തങ്ങളിലൊന്ന്. വിമാനങ്ങൾ മാത്രമല്ല, തോക്കുകളും അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളില്‍ ഉൾപ്പെടുന്നു.  

ഇങ്ങനെയൊക്കെ ആണെങ്കിലും ഇടക്കെല്ലാം അദ്ദേഹത്തിന് ഏകാന്തത അനുഭവപ്പെടും. അങ്ങനെയുള്ള സന്ദർഭങ്ങളിൽ അദ്ദേഹം ടിവിയിലേക്ക് തിരിയും. പക്ഷേ, വ്യക്തിപരമായ തലത്തിൽ നോക്കിയാൽ അദ്ദേഹം പൂർണസ്വതന്ത്രനാണ്. അദ്ദേഹത്തിന് ഇഷ്ടമുള്ളത് മാത്രം ചെയ്താൽ മതി. എല്ലാം അദ്ദേഹത്തിന്റേതാണ്. ജീവിതത്തിന്റെ നിയന്ത്രണം അദ്ദേഹത്തിന്റെ മാത്രം കൈയിലാണ്. തോന്നുമ്പോൾ വിമാനം നിർമ്മിക്കാം, പുറത്തേക്ക് പോകാം, ഉറങ്ങാം, ടിവി കാണാം. ഇനി അഥവാ ഒന്ന് കറങ്ങണം എന്നും, ആളുകളുമായി ഒന്ന് സംവദിക്കണമെന്നും തോന്നുകയാണെങ്കിൽ തന്റെ ഗ്ലൈഡറിൽ കയറി 45 മിനിറ്റ് യാത്രചെയ്ത് അടുത്തുള്ള പട്ടണത്തിൽ പോകാം.  

click me!