ബെംഗളൂരു സ്വദേശിയായ യുവതിയുടെ എക്സ് (ട്വിറ്റർ) പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയൊരു ചർച്ചയ്ക്ക് വഴിതുറന്നിരിക്കുന്നത്. സ്വന്തമായി അധ്വാനിച്ചു വാങ്ങിയ ഐഫോൺ കാമുകൻ സമ്മാനമായി നൽകിയതാണെന്ന് സുഹൃത്ത് കരുതിയതിനെ കുറിച്ചാണ് പോസ്റ്റ്.
സ്വന്തം അധ്വാനത്തിലൂടെ നേടുന്ന വിജയങ്ങൾ പോലും ഒരു പുരുഷന്റെ സഹായത്തോടെ ഉണ്ടായതാണെന്ന് സമൂഹം വിധിയെഴുതുന്നത് എത്രത്തോളം വേദനാജനകമാണെന്ന് പറയുകയാണ് ബെംഗളൂരു സ്വദേശിയായ അനു എന്ന യുവതി. തന്റെ പുതിയ ഐഫോൺ കണ്ടപ്പോൾ സുഹൃത്ത് നടത്തിയ പ്രതികരണമാണ് ഇവരെ ഇത്തരമൊരു കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത്. താൻ ഐഫോൺ വാങ്ങിയ വിവരം അറിഞ്ഞ സുഹൃത്ത്, 'കൊള്ളാം ഭായ്, നിന്റെ ആൾ ഫോൺ വാങ്ങിത്തന്നല്ലേ' എന്നാണ് ആദ്യം ചോദിച്ചതെന്ന് അനു പറയുന്നു. ഇത് കേട്ട് അമ്പരന്ന അനു, എന്തുകൊണ്ടാണ് ഇത് താൻ വാങ്ങിയതാണെന്ന് നിനക്ക് തോന്നാത്തത് എന്ന് ചോദിച്ചപ്പോൾ, 'നിന്റെ കാമുകൻ പണക്കാരനാണ്, അപ്പോൾ പിന്നെ ഇതിൽ കൂടുതൽ എന്ത് ചിന്തിക്കാൻ' എന്നായിരുന്നത്രെ അയാളുടെ മറുപടി.
വർഷങ്ങളായി തന്നെ അറിയുന്ന, പലപ്പോഴും ഒരുമിച്ച് പുറത്തുപോകുമ്പോൾ ബില്ലുകൾ താൻ നൽകുന്നത് കാണാറുള്ള ആ സുഹൃത്തിൽ നിന്ന് ഇത്തരമൊരു മറുപടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് അനു കുറിച്ചു. വിലകൂടിയ സമ്മാനങ്ങൾ ആരോടും ചോദിച്ചു വാങ്ങുന്ന സ്വഭാവം തനിക്കില്ലെന്ന് അറിഞ്ഞിട്ടും ഇത്തരമൊരു മുൻവിധി തന്നെ ഞെട്ടിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. വിവാഹിതയായ മറ്റൊരു സുഹൃത്തിനോട് സംസാരിച്ചപ്പോഴും സമാനമായ അനുഭവങ്ങൾ അവർക്കും പങ്കുവെക്കാനുണ്ടായിരുന്നു. 'ഒരു പുരുഷൻ ജീവിതത്തിലേക്ക് കടന്നുവന്നാൽ സ്ത്രീകളുടെ നേട്ടങ്ങൾ എന്തുകൊണ്ടാണ് ഇങ്ങനെ മാഞ്ഞുപോകുന്നത്? സ്വന്തമായി വീടും കാറും വാങ്ങുന്ന, യാത്രകൾ നടത്തുന്ന, കുടുംബത്തെ നോക്കുന്ന എത്രയോ സ്ത്രീകളെ എനിക്കറിയാം. എന്നിട്ടും എപ്പോഴാണ് നമ്മൾ ഈ മനോഭാവം മാറ്റുക?' എന്നാണ് അനു ചോദിക്കുന്നത്.
നിരവധിപ്പേരാണ് അനുവിന്റെ പോസ്റ്റിന് കമന്റുകളുമായി വന്നത്. 'പുരുഷന്മാർ പണം മുടക്കാൻ തുടങ്ങിയാൽ നമ്മൾ വിലയിരുത്തപ്പെടുമോ എന്ന ഭയം കാരണമാണ് ഡേറ്റുകളിൽ പോലും സ്വന്തമായി പണം നൽകാൻ പലരും ശ്രമിക്കുന്നത്' എന്ന് ഒരു യുവതി കുറിച്ചു. ഇതൊരുതരം അസൂയയാണെന്നും ഇത്തരം സുഹൃത്തുക്കളെ ഒഴിവാക്കുന്നതാണ് നല്ലതെന്നും ചിലർ അഭിപ്രായപ്പെട്ടു.
