ഒരു പ്രാവിന് വില 11 കോടിക്ക് മുകളിലോ? ലോകത്തിലെ ഏറ്റവും വില കൂടിയ പ്രാവ് ഇതാണോ?

By Web TeamFirst Published Nov 10, 2020, 4:33 PM IST
Highlights

കഴിഞ്ഞ തിങ്കളാഴ്ച പിപ, പിജിയൻ പാരഡൈസ് വെബ്‌സൈറ്റിൽ ലേലം തത്സമയം ആരംഭിച്ച് ഒന്നര മണിക്കൂറിനുള്ളിൽ, ന്യൂ കിമ്മിന് 226 ബിഡ്ഡുകൾ ലഭിച്ചു.

പ്രാവുകൾ പണ്ടുമുതലേ മനുഷ്യന്‍റെ പ്രിയപ്പെട്ട വളർത്തുപക്ഷികളിലൊന്നാണ്. പല നിറത്തിലുള്ളതും വലുപ്പത്തിലുമുള്ള പ്രാവുകളെ ഇന്ന് വിപണിയിൽ വാങ്ങാൻ കിട്ടും. ചിലത് വളരെ വിലയേറിയതുമാണ്. എന്നിരുന്നാലും ഒരു പ്രാവിനെ വാങ്ങാൻ 11 കോടി ചെലവാക്കുന്നത് ആർക്കെങ്കിലും ചിന്തിക്കാൻ സാധിക്കുമോ? ബെൽജിയത്തിൽ നിന്നുള്ള രണ്ട് വയസുള്ള റേസിംഗ് പ്രാവായ ന്യൂ കിമിനെയാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയായ ഒരു വ്യക്തി ഓൺലൈനിൽ 11 കോടി 41 ലക്ഷത്തിന് ലേലം വിളിച്ചിരിക്കുന്നതെന്ന് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.   

ഒരു പ്രാവിന് ഇത്ര വിലയോ എന്ന് അത്ഭുതപ്പെടുന്നുണ്ടാകും എല്ലാവരും. എന്നാൽ ഇവൾ അത്ര നിസ്സാരക്കാരിയല്ല. ഒരുപാട് മത്സരങ്ങളിൽ വിജയിച്ചിട്ടുള്ള ഇവൾ റേസിങ് ലോകത്തെ താരമാണ്. ബെൽജിയത്തിലെ പ്രശസ്‍ത പ്രാവ് വളർത്ത് കൂട്ടായ്‍മയായ ഹോക് വാൻ ഡി വൗവർ  അടുത്തിടെ തങ്ങളുടെ കൈയിലുള്ള റേസിംഗ് പ്രാവുകളുടെ മുഴുവൻ ശേഖരവും വിൽപ്പനയ്ക്ക് വയ്ക്കുകയുണ്ടായി. അച്ഛൻ ഗാസ്റ്റണും, മകൻ കേർട്ട് വാൻ ഡി വൗവറും ചേർന്നാണ് പ്രാവുകളെ ലേലത്തിന് വച്ചത്. അവരുടെ കൈയിൽ ദേശീയതലത്തിൽ കിരീടമണിഞ്ഞ നിരവധി പ്രാവുകളുണ്ട്. എന്നിരുന്നാലും, ഏറ്റവും വിലപിടിപ്പുള്ള പ്രാവിനുള്ള ലോക റെക്കോർഡ് തകർത്തത് ന്യൂ കിം എന്ന രണ്ട് വയസുകാരിയാണ്. 

കഴിഞ്ഞ തിങ്കളാഴ്ച പിപ, പിജിയൻ പാരഡൈസ് വെബ്‌സൈറ്റിൽ ലേലം തത്സമയം ആരംഭിച്ച് ഒന്നര മണിക്കൂറിനുള്ളിൽ, ന്യൂ കിമ്മിന് 226 ബിഡ്ഡുകൾ ലഭിച്ചു. അതിൽ ഏറ്റവും ഉയർന്നത് 1.3 ദശലക്ഷം യൂറോയായിരുന്നു. ബിഡിങ് ഇനിയും അഞ്ചുദിവസം കൂടി നീളും. അങ്ങനെയെന്നാൽ വില ഇനിയും കൂടാനാണ് സാധ്യത. 2019 -ൽ മറ്റൊരു ബെൽജിയം പ്രാവായ അർമാണ്ടോയെ ഒരു ചൈനീസ് കൺസ്ട്രക്ഷൻ മുതലാളി വാങ്ങിയത് 10 കോടിക്കാണ്. ആ റെക്കോർഡാണ് ന്യൂ കിം തകർത്തത്. അസാധാരണമായ ഈ ഉയർന്ന വില കാരണം, പുതിയ ഉടമയുടെ കൈവശം അവളെ ഏല്പിക്കുന്നത് വരെ ഒന്നും സംഭവിക്കാതിരിക്കാൻ അവൾക്ക് ചുറ്റും ബോഡി ഗാർഡുകളെ വിന്യസിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
 

click me!