പ്രാവ് വഴി കൊടുത്തയച്ചതെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തി, കത്തിന്‍റെ പഴക്കം നൂറു വര്‍ഷത്തിലധികം

By Web TeamFirst Published Nov 10, 2020, 4:04 PM IST
Highlights

കുറിപ്പ് എഴുതിയെന്ന് കരുതുന്ന പട്ടാളക്കാരൻ അന്നത്തെ ജർമ്മനിയുടെ ഭാഗമായ ഇംഗർഷൈമിലായിരുന്നിരിക്കണം എന്നാണ് കരുതുന്നത്. 

ഒരുനൂറ്റാണ്ടെങ്കിലും മുമ്പ് ജര്‍മ്മന്‍ സൈനികന്‍ പ്രാവ് വഴി കൊടുത്തയച്ചത് എന്ന് കരുതുന്ന സന്ദേശം കണ്ടെത്തി. സപ്‍തംബറിലാണ് ഫ്രഞ്ച് അല്‍സേസ് പ്രദേശത്ത് വച്ച് ഒരു ദമ്പതികള്‍ക്ക് വയലില്‍ കിടക്കുന്ന അലുമിനിയം പേടകം കിട്ടിയത്. അതിനകത്ത് വ്യക്തമായ ജര്‍മ്മന്‍ ഭാഷയിലെഴുതിയ ഒരു സന്ദേശവുമുണ്ടായിരുന്നു. അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന തീയതി 1910 അല്ലെങ്കില്‍ 1916 ആണ്. 

കുറിപ്പ് കണ്ടെത്തിയതിന് സമീപത്തുള്ള മ്യൂസിയം ക്യുറേറ്ററായ ഡൊമിനിക് ജാര്‍ഡി പറയുന്നത് തീയതി 1910 ആവാനാണ് സാധ്യത എന്നാണ്. ഒന്നാം ലോക മഹായുദ്ധകാലത്തെ ശേഷിപ്പുകള്‍ പലതും മണ്ണിനടിയിലുണ്ടാവാമെന്നും അതിലൊന്നായിരിക്കണം ഈ കുറിപ്പ് വച്ചിരിക്കുന്ന കുഞ്ഞുപെട്ടിയെന്നും ജാര്‍ഡി പറയുന്നു. 

കുറിപ്പ് എഴുതിയെന്ന് കരുതുന്ന പട്ടാളക്കാരൻ അന്നത്തെ ജർമ്മനിയുടെ ഭാഗമായ ഇംഗർഷൈമിലായിരുന്നിരിക്കണം എന്നാണ് കരുതുന്നത്. പക്ഷേ, ഇപ്പോൾ അത് ഫ്രാൻസിന്‍റെ ഭാഗമാണ്. ഏതായാലും ദമ്പതികള്‍ കുറിപ്പ് മ്യൂസിയത്തില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇപ്പോഴത് അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കുറിപ്പ് വിശദമായി വിവർത്തനം ചെയ്യാൻ ജാർഡി ഒരു ജർമ്മൻ സുഹൃത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ജർമ്മൻ സൈനികനീക്കങ്ങൾ വിശദമാക്കുന്ന കുറിപ്പാണ് എന്നും ജർമ്മൻ ഗോതിക് ലിപിയിലാണ് എഴുതിയിരിക്കുന്നതെന്നുമാണ് കരുതുന്നത്. അത് ലക്ഷ്യസ്ഥാനത്തെത്തും മുമ്പ് നഷ്‍ടപ്പെട്ടിരിക്കാം എന്നും കരുതുന്നു. 

click me!