ഐസിസ് തടവുകാരന്‍റെ മൃതദേഹത്തിനടുത്തുനിന്ന് കത്തിയുമായി ഫോട്ടോയെടുത്തു, വിചാരണ നേരിട്ട ഉദ്യോഗസ്ഥന്‍ പറയുന്നത്

Web Desk   | others
Published : Mar 04, 2020, 02:48 PM IST
ഐസിസ് തടവുകാരന്‍റെ മൃതദേഹത്തിനടുത്തുനിന്ന് കത്തിയുമായി ഫോട്ടോയെടുത്തു, വിചാരണ നേരിട്ട ഉദ്യോഗസ്ഥന്‍ പറയുന്നത്

Synopsis

ഏതായാലും കേസില്‍ കുടുങ്ങിയ ഗല്ലഗറിനെ രക്ഷിക്കാന്‍ ഒരാള്‍ മുന്നോട്ടുവന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കമാൻഡർ-ഇൻ-ചീഫ് എന്ന തന്റെ അധികാരം ഉപയോഗിച്ചാണ് ട്രംപ് ഗല്ലഗറിന്‍റെ രക്ഷക്കെത്തിയത്.

2017 -ൽ ഇറാഖിൽ അമേരിക്കയുടെ സീൽ സേനയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു നേവി സ്‌പെഷ്യൽ ഓപ്പറേഷൻസ് ചീഫ് എഡ്വേർഡ് ഗല്ലഗർ. വിദഗ്ധ പരിശീലനം നേടിയവരാണ് സീൽ സേനയിലെ സൈനികർ. ഒരു ദിവസം ഗല്ലഗർ ഒരു കൗമാരക്കാരനായ ഇസ്ലാമിക് സ്റ്റേറ്റുകാരന്‍റെ മൃതദേഹവുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയുണ്ടായി. ആ ചിത്രം ഒരു തമാശയായി മാത്രം കണ്ട അദ്ദേഹം അതൊരു സുഹൃത്തിന് അയച്ചും കൊടുത്തു. ഒപ്പം ആ ഫോട്ടോയ്ക്ക് താഴെ, "എന്റെ വേട്ടക്കത്തി ഉപയോഗിച്ച് അവനെ ഞാൻ വീഴ്ത്തി" എന്നും അദ്ദേഹം എഴുതിച്ചേര്‍ത്തിരുന്നു. 

യാഥാർത്ഥത്തിൽ അമേരിക്കൻ വ്യോമാക്രമണത്തിലാണ് ആ കൗമാരക്കാരന് പരിക്കേറ്റത്. അരമണിക്കൂറിനുശേഷം അവൻ മരിക്കുകയും ചെയ്‍തു. മരിച്ചശേഷം താനാണ് കൊന്നത് എന്ന് കാണിക്കാൻ ഗല്ലഗർ കൈയിൽ കത്തി പിടിച്ച് ആ മരിച്ച കൗമാരക്കാരന്റെ സമീപത്ത് നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. എന്നാൽ, അടിക്കുറുപ്പോടെ ആ ഫോട്ടോ സാമൂഹ്യ മാധ്യമത്തിൽ വൈറലായതോടെ കൗമാരക്കാരനെ കുത്തിക്കൊലപ്പെടുത്തി എന്നാരോപിച്ച് ഗല്ലഗറിനെ വിചാരണയ്ക്ക് വിധേയനാക്കി. 

അടുത്തകാലത്തായി സിബിഎസ് വാർത്താ പ്രോഗ്രാമായ '60 മിനുട്ട്സി'ല്‍ ഈ സംഭവം റിപ്പോർട്ട് ചെയ്‍തിരുന്നു. ഗല്ലഗറുമായി നടന്ന ആ അഭിമുഖത്തിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് അദ്ദേഹം തന്നെ വിശദീകരിക്കുകയാണ്. "ആ ചിത്രം വെറുമൊരു തമാശയായിരുന്നു. സൂക്ഷിച്ചു നോക്കിയാൽ നിങ്ങൾക്കും കാണാം. ആ കത്തിയിൽ രക്തം പറ്റിയിരുന്നില്ല. കത്തിയിലെന്നല്ല എവിടെയും രക്തമിലായിരുന്നു..." ഗല്ലഗർ പറഞ്ഞു. 

ഗല്ലഗറിന്റെ കേസിലെ ഒരു പ്രധാന സാക്ഷി മൊഴിമാറ്റി ആ കൗമാരക്കാരനെ കൊന്നത് താനാണ്, ഗല്ലഗർ അല്ല എന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു പിന്നീട്. അതിനാല്‍, ജൂലൈയിൽ ഗല്ലഗറിനെ കൊലപാതകത്തിൽ നിന്ന് കുറ്റവിമുക്തനാക്കി. പക്ഷേ, കൗമാരക്കാരന്റെ മൃതദേഹത്തിന് അടുത്തുനിന്ന് തെറ്റായി പോസ് ചെയ്‍തതിന് അദ്ദേഹം ശിക്ഷിക്കപ്പെട്ടു. ഗല്ലഗർ മോചിതനാകുന്നതിനുമുമ്പ് ഏകാന്ത തടവ് ഉൾപ്പെടെ ഒൻപത് മാസം തടവും അനുഭവിച്ചു. "സൈനികരിൽ ഒരു ചിത്രമെടുത്തിന് പൊതുകോടതിയിൽ ശിക്ഷിക്കപ്പെട്ട ആദ്യ വ്യക്തി ഞാനായിരിക്കും" ഗല്ലഗർ പറഞ്ഞു.  

ഏതായാലും കേസില്‍ കുടുങ്ങിയ ഗല്ലഗറിനെ രക്ഷിക്കാന്‍ ഒരാള്‍ മുന്നോട്ടുവന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കമാൻഡർ-ഇൻ-ചീഫ് എന്ന തന്റെ അധികാരം ഉപയോഗിച്ചാണ് ട്രംപ് ഗല്ലഗറിന്‍റെ രക്ഷക്കെത്തിയത്. വിചാരണയെത്തുടർന്ന്, നാവികസേനയുടെ ശിക്ഷകൾ ഇളവ് ചെയ്യാനും, ഗല്ലഗറുടെ പദവി പുനഃസ്ഥാപിക്കാനും തുടർന്ന് എലൈറ്റ് സീൽ സേനയിൽ നിന്ന് അദ്ദേഹത്തെ നീക്കം ചെയ്യുന്നത് തടയാനും ട്രംപ് കാര്യമായ ഇടപെടൽ തന്നെ നടത്തി. പ്രസിഡന്റിനെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ച നാവികസേന സെക്രട്ടറി റിച്ചാർഡ് സ്പെൻസറിനെ ട്രംപ് പുറത്താക്കുകയും ചെയ്തു. 

ഗല്ലഗറിന്റെ മോചനത്തിൽ ഒരാൾക്കുകൂടി പങ്കുണ്ട്. അത് അദ്ദേഹത്തിന്റെ ഭാര്യ ആൻഡ്രിയ ഗല്ലഗറിനാണ്. അദ്ദേഹത്തെ സൈനിക ജയിലിൽ നിന്ന് പുറത്ത് കൊണ്ടുവരാൻ സാമൂഹ്യ മാധ്യമങ്ങളിൽ ആൻഡ്രിയ പ്രചരണപരിപാടികൾ നടത്തിയിരുന്നു. മാത്രമല്ല ഗല്ലഗറിനെ തെര‍ഞ്ഞെത്തിയ ഉദ്യോഗസ്ഥര്‍ തന്‍റെ മക്കളെ ഭയപ്പെടുത്തിയെന്നും ആന്‍ഡ്രിയ ആരോപിച്ചിരുന്നു.

വിരമിച്ചശേഷം, ഫ്ലോറിഡയിലാണ് ഗല്ലഗര്‍ ഇപ്പോള്‍ താമസിക്കുന്നത്. ആ വീട്ടിൽ യുദ്ധസ്‍മാരകങ്ങള്‍ക്കായി ഒരു മുറി തന്നെയുണ്ട്. അവിടെ ചുമരിൽ തൂങ്ങിക്കിടക്കുന്ന അദ്ദേഹത്തിന്റെ പ്ലാറ്റൂണിന്റെ മുദ്രാവാക്യം, 'എല്ലാവരെയും കൊല്ലുക' എന്നതാണ്. 60 മിനുട്ട്സിലെ പരിപാടി അവസാനിക്കുന്നതിന് മുൻപ് ആ മുറി പ്രേക്ഷകർക്കായി 60 മിനുട്‍സ് കാണിച്ചിരുന്നു. 


 

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!