ന്യൂസിലന്‍ഡിലെ പാര്‍ലമെന്‍റ് അംഗമായി ഇനി ഈ ഇന്ത്യക്കാരനുമുണ്ട്...

By Web TeamFirst Published Oct 21, 2020, 12:11 PM IST
Highlights

ഗൗരവിന്റെ അച്ഛന് ആറ് വർഷത്തോളം ജോലി അന്വേഷിച്ച് നടക്കേണ്ടിവന്നു. കയറിക്കിടക്കാൻ ഒരു വീടുപോലുമില്ലാതെ പലപ്പോഴും വഴിയരികിലെ ബെഞ്ചുകളിലാണ് അന്തിയുറങ്ങിയിരുന്നത്.

ലോകത്തെവിടെയായാലും ഒരു ഇന്ത്യക്കാരന്‍ വിജയിച്ചെന്നറിഞ്ഞാല്‍ നമുക്ക് ഏറെ അഭിമാനമുണ്ടാകാറുണ്ട്. ഇപ്പോഴിതാ, ന്യൂസിലന്‍ഡ് തെരഞ്ഞെടുപ്പിൽ പാർലമെന്റ് അംഗമായി ഒരു ഇന്ത്യക്കാരന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഹിമാചലുകാരനായ ഡോ. ഗൗരവ് ശർമയാണത്. 20 വർഷം മുമ്പ് ന്യൂസിലൻഡിലേക്ക് കുടിയേറിയ ഡോ. ഗൗരവ് ശർമ ഹാമിൽട്ടൺ വെസ്റ്റിൽ നിന്നുള്ള ലേബർ പാർട്ടി സ്ഥാനാർത്ഥിയായിട്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. 

ഗൗരവിന് 15,873 വോട്ടും എതിരാളിക്ക് 11,487 വോട്ടുമാണ് ലഭിച്ചത്. ഹിമാചൽ പ്രദേശിലെ ഹാമിർപൂർ സ്വദേശിയായ ഈ 33 -കാരന് വൈദ്യശാസ്ത്രത്തില്‍ ബിരുദമുണ്ട്. ഹാമിൽട്ടണിലെ നാവ്ടണിൽ ജനറൽ പ്രാക്ടീഷണറായി ജോലി ചെയ്യുകയാണ് അദ്ദേഹം. ഹിമാചലിലെ ഇലക്ട്രിക് ബോർഡിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന അച്ഛൻ കുടുംബത്തോടൊപ്പം ന്യൂസിലൻഡിലേക്ക് കുടിയേറിയപ്പോൾ ഗൗരവ് ഒൻപതാം ക്ലാസിൽ പഠിക്കുകയായിരുന്നു. ഉണ്ടായിരുന്ന സർക്കാർ ജോലി ഉപേക്ഷിച്ച് അച്ഛൻ ഒരു പുതിയ രാജ്യത്തേക്ക് മാറാൻ തീരുമാനിച്ചപ്പോൾ ഒരുപാട് പേര്‍ എതിർത്തു. എന്നിരുന്നാലും അദ്ദേഹം ആ വെല്ലുവിളി ഏറ്റെടുക്കാൻ തന്നെ തീരുമാനിച്ചു. വെറും 18000 രൂപയുമായി രാജ്യത്ത് എത്തിയ അദ്ദേഹവും, കുടുംബവും ആദ്യകാലത്ത് നല്ലപോലെ കഷ്ടപ്പെട്ടു.

ഗൗരവിന്റെ അച്ഛന് ആറ് വർഷത്തോളം ജോലി അന്വേഷിച്ച് നടക്കേണ്ടിവന്നു. കയറിക്കിടക്കാൻ ഒരു വീടുപോലുമില്ലാതെ പലപ്പോഴും വഴിയരികിലെ ബെഞ്ചുകളിലാണ് അന്തിയുറങ്ങിയിരുന്നത്. ഓക്ക്ലാൻഡ് സിറ്റി മിഷൻ, ഹരേ കൃഷ്ണ പോലുള്ള സാമൂഹ്യസംഘടനകൾ വിതരണം ചെയ്‍തിരുന്ന സൗജന്യ ഭക്ഷണമാണ് കഴിച്ചിരുന്നത്. എന്നാൽ, അച്ഛന് ഒരു ജോലി കിട്ടിയശേഷം അദ്ദേഹത്തിന്റെ കുടുംബം പതുക്കെ പച്ചപിടിക്കാൻ തുടങ്ങി. ജീവിതത്തിന്റെ കയ്പ്പ് നിറഞ്ഞ അനുഭവങ്ങൾ ആ കൊച്ചുഗൗരവിനെ കൂടുതൽ കരുത്തനാക്കി. ആ കഷ്ടപ്പാടിൽ നിന്ന് എഴുന്നേറ്റ് അവൻ നടന്നുകയറിയത് ഒരു ഡോക്ടറുടെ കർമ്മ മണ്ഡലത്തിലേക്കാണ്. ഒരിക്കൽ കിടന്നുറങ്ങാൻ സ്വന്തമായി ഒരു വീടുപോലുമില്ലാതിരുന്ന, കഷ്ടപ്പാടിന്റെ വഴികളിൽ കാലിടറിയ ഗൗരവ് ഇന്ന് ഒരു ഡോക്ടറാണ്, സർവോപരി ന്യൂസിലന്‍ഡ് രാഷ്ട്രീയത്തിലെ പുതിയ താരമാണ്.

ഗൗരവ്, ഓക്ക്ലാൻഡ് മെഡിക്കൽ സ്കൂളിൽ നിന്ന് മെഡിസിൻ ആന്‍ഡ് സർജറിയിൽ ബിരുദം നേടിയിട്ടുണ്ട്. പിന്നീട് വാഷിംഗ്ടൺ ഡിസിയിലെ ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. അവിടെ അദ്ദേഹം ഫുൾബ്രൈറ്റ് സ്കോളറായിരുന്നു. പല രാജ്യങ്ങളുടെയും, പൊതുജനാരോഗ്യം, നയം, കൺസൾട്ടിംഗ് എന്നിവയിൽ ഗൗരവ് പങ്കാളിയാണെന്ന് ലേബർ പാർട്ടി അഭിപ്രായപ്പെട്ടു. അഭയാർഥികൾക്കുള്ള അവകാശങ്ങൾക്കായി വാദിക്കുകയും 2015 -ലെ ഭൂകമ്പത്തെത്തുടർന്ന് നേപ്പാളിലെ ഗ്രാമങ്ങൾ പുനർനിർമിക്കാൻ സഹായിക്കുകയും ചെയ്‍തിരുന്നു അദ്ദേഹം. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ ഈ വിജയത്തിൽ ഗൗരവിനെ അഭിനന്ദിക്കുകയുണ്ടായി. സംസ്ഥാനത്തെ ജനങ്ങൾ അദ്ദേഹത്തിന്റെ വിജയത്തിൽ അഭിമാനിക്കുന്നുവെന്ന് താക്കൂർ പറഞ്ഞു. "ഹാമിർപൂരിലെ ഗലോദ് സ്വദേശിയായ ഡോ. ഗൗരവ് സംസ്ഥാനത്തിനും, രാജ്യത്തിനും ഒരുപോലെ പേര് നേടിക്കൊടുത്തിരിക്കുകയാണ്. ഹിമാചൽ പ്രദേശിലെ ജനങ്ങൾ ഈ നേട്ടത്തിൽ അഭിമാനിക്കുന്നു” താക്കൂർ പറഞ്ഞു.
 

click me!