കാടും കടലും കാറ്റും പാട്ടും, ടാര്‍സനെപ്പോലെ ജീവിതം, അതിന് പ്രതിഫലവും; വ്യത്യസ്‍‍ത ജീവിതവുമായി ജേസണ്‍

By Web TeamFirst Published Jul 27, 2020, 12:41 PM IST
Highlights

കുട്ടിക്കാലത്ത് കളികളും, സന്തോഷവും നഷ്ടപ്പെട്ട ജേസന് ഇത് സ്വപ്‍നതുല്യവുമായ ജീവിതമാണ്. ആടിയും പാടിയും ഡ്രംസ് വായിച്ചും രസിച്ചും അദ്ദേഹം തന്റെ ജീവിതം ആസ്വദിക്കുന്നു.

കുട്ടിക്കാലത്തെ ഓർമ്മകളിൽ എന്നും നിറഞ്ഞുനിന്നിരുന്ന ഒരു കഥാപാത്രമാണ് ടാർസൻ. വള്ളികളിൽ തൂങ്ങിയും കടലിന്റെ ഇരമ്പലിനൊപ്പം അലറിയും മൃഗങ്ങളോട് കൂട്ടുകൂടിയും കാടിന്റെ ജീവനായി മാറിയ ടാർസന്‍. ഒരുപക്ഷേ, നാമെല്ലാവരും ആഗ്രഹിക്കുന്ന ഒരു ജീവിതമാണ് അത്. എന്നാൽ, പലരെയും മോഹിപ്പിച്ച ആ ജീവിതം യഥാർത്ഥത്തിൽ സ്വന്തമാക്കിയ ഒരു വ്യക്തിയുണ്ട്. ജേസൺ എന്നാണ് അദ്ദേഹത്തിന്റെ പേര്. ഹോങ്കോങ്ങിലെ കടൽത്തീരത്തിനടുത്തുള്ള കാട്ടിലാണ് അദ്ദേഹം താമസിക്കുന്നത്. പലർക്കും സ്വപ്‍നം കാണാൻ മാത്രം കഴിയുന്ന ഒരു ജീവിതമാണ് അദ്ദേഹം അവിടെ നയിക്കുന്നത്. അത് മാത്രമവുമല്ല, അതിന് അദ്ദേഹത്തിന് നല്ല പ്രതിഫലവും ലഭിക്കുന്നുണ്ട്. ടാർസന്‍റെ ജീവിതം ജീവിക്കുന്നതിന് ശമ്പളമോ എന്ന് വിചാരിക്കുന്നുണ്ടാകും. അതെ, അദ്ദേഹത്തിന്റെ രസകരമായ ജീവിതം കണ്ട് ഡിസ്‌നിയാണ് അദ്ദേഹത്തിന് ഈ ജോലി വാഗ്ദ്ധാനം ചെയ്‍തത്.

നൃത്തം ചെയ്യുന്നതും, പാട്ടുകൾ പാടുന്നതും, പാറകളിൽ കയറി കസർത്ത് കാട്ടുന്നതും, വിശാലമായ തുറന്ന കടലിൽ നീന്തുന്നതും എല്ലാം അദ്ദേഹത്തിന് ഇഷ്ടപ്പെട്ട വിനോദങ്ങളാണ്. അദ്ദേഹത്തിന്റെ പകലുകൾ ഇത്തരം രസകരമായ കാര്യങ്ങൾക്ക് വേണ്ടിയുള്ളതാണ്. അദ്ദേഹം വേഷത്തിലും ഒരു ടാർസൺ തന്നെയാണ്. മുടി നീട്ടി വളർത്തി, കഴുത്തിൽ മുത്തും, കല്ലുകളും കൊണ്ട് തീർത്ത മാലയും ധരിച്ച് നടക്കുന്ന അദ്ദേഹത്തെ കണ്ടാൽ ടാർസനാന്നെനെ പറയൂ. മുടിയാണ് അദ്ദേഹത്തിന്റെ ശക്തി. കഴിഞ്ഞ 24 വർഷമായി അദ്ദേഹം തന്റെ മുടി മുറിച്ചിട്ടില്ല. ''എന്റെ മുടി എന്റെ ഊർജ്ജസ്രോതസ്സാണ്, ഞാൻ ഒരിക്കലും അത് മുറിക്കുകയില്ല” അദ്ദേഹം പറഞ്ഞു.

കൂടാതെ, ജേസൺ തനിക്കുള്ള ആഹാരം സ്വയം കൃഷിചെയ്യുകയാണ്. ഇത് ആരോഗ്യകരമായ ഒരു ജീവിതം നയിക്കാൻ അദ്ദേഹത്തെ സഹായിക്കുന്നു. താമസിക്കാനായി, അദ്ദേഹം കടൽ തീരത്ത് ഒരു വീടും വച്ചിട്ടുണ്ട്. സുഹൃത്തിന്റെ സഹായത്തോടെ തീർത്ത ആ വീട് നിർമ്മിക്കാൻ അദ്ദേഹം ഒരു മരം പോലും മുറിച്ചിട്ടില്ല എന്നത് എടുത്ത് പറയേണ്ട ഒരു കാര്യമാണ്. സമുദ്രത്തില‍െ മാലിന്യങ്ങളും, പ്ലാസ്റ്റിക് കുപ്പികളും ഒടിഞ്ഞുവീണ മരക്കൊമ്പുകളും ഉപയോഗിച്ചാണ് അദ്ദേഹം വീട് വച്ചത്.  ഇപ്പോൾ ജേസണും ഒരു സുഹൃത്തും കൂടിയാണ് അവിടെ താമസിക്കുന്നത്.

ജേസന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. ഫിലിപ്പൈൻസിൽ ജനിച്ച അദ്ദേഹത്തിന്റെ കുട്ടിക്കാലം അനാഥമായിരുന്നു. ഒരു കൊച്ചുകുട്ടിയായിരിക്കുമ്പോൾ തന്നെ ജേസന്റെ അമ്മ മരിച്ചു. പിന്നീടുള്ള കാലം മുഴുവൻ അദ്ദേഹം തെരുവിലാണ് ചെലവഴിച്ചത്. തണുപ്പ് കാലത്ത്  ജേസൺ പള്ളികളിലും മെട്രോ സ്റ്റേഷനുകളിലും അഭയം പ്രാപിച്ചു. വിശപ്പടക്കാൻ ഒരു ജോലി വേണമെന്ന് ആശിച്ച് അതിനായി അദ്ദേഹം ഒരുപാടലഞ്ഞു. പക്ഷേ, കാര്യമുണ്ടായില്ല.  

എന്നിരുന്നാലും, തന്റെ കഷ്ടപ്പാടുകളെ അതിജീവിച്ചു, ഒടുവിൽ ജേസൺ വിജയിക്കുക തന്നെ ചെയ്‌തു. ഡിസ്‍നി ചാനൽ അദ്ദേഹത്തിന്റെ അതുല്യമായ കഴിവുകൾ തിരിച്ചറിഞ്ഞു, ആ ജീവിതം തന്നെ തുടരാൻ ആവശ്യപ്പെട്ടു. അവരുടെ ഡിസ്‍നി ഷോകളിൽ അഭിനയിക്കാൻ അദ്ദേഹത്തെ നിയമിച്ചു. ഒരിക്കലും ഈ ജോലി തനിക്ക് മടുക്കില്ലെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പറയുന്നു. കുട്ടിക്കാലത്ത് കളികളും, സന്തോഷവും നഷ്ടപ്പെട്ട ജേസന് ഇത് സ്വപ്‍നതുല്യവുമായ ജീവിതമാണ്. ആടിയും പാടിയും ഡ്രംസ് വായിച്ചും രസിച്ചും അദ്ദേഹം തന്റെ ജീവിതം ആസ്വദിക്കുന്നു. നഗരജീവിതം അദ്ദേഹത്തെപ്പോലുള്ളവർക്കല്ലെന്നും, നഗരത്തിൽ താമസിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. യഥാർത്ഥ ജീവിതത്തിലെ ഈ ടാർസൻ പരിസ്ഥിതിയെ സ്നേഹിക്കുകയും, സംഗീതത്തെ സ്നേഹിക്കുകയും ചെയ്യുന്ന ഒരു പച്ചയായ മനുഷ്യനാണ്. മറ്റുള്ളവരോട് അദ്ദേഹത്തിന് ഒന്നേ പറയാനുള്ളൂ. “എപ്പോഴും സന്തോഷമായിരിക്കുക.” അദ്ദേഹത്തിന്റെ ജീവിത മന്ത്രവും അത് തന്നെയാണ്. 

click me!