Latest Videos

ലോകത്തിലെ ആദ്യത്തെ ഇരട്ടക്കുട്ടികള്‍ ഇവരാണോ? ഭൗതികാവശിഷ്‍ടങ്ങള്‍ കണ്ടെത്തി

By Web TeamFirst Published Nov 12, 2020, 12:41 PM IST
Highlights

ഈ വസ്‍തുക്കൾ മരണാനന്തര ജീവിതത്തിൽ അവർക്ക് ഉപയോഗിക്കാനെന്ന വിശ്വാസത്തില്‍ കല്ലറയിൽ നിക്ഷേപിച്ചതായിരിക്കാം. അല്ലെങ്കിൽ അവ ദേവന്മാർക്കുള്ള ഒരു വഴിപാടായിരുന്നിരിക്കാമെന്നും കരുതുന്നു.

ഓസ്ട്രിയയിൽ 30,000 വർഷം പഴക്കമുള്ള ഇരട്ടക്കുട്ടികളുടെ അസ്ഥികൂടം കണ്ടെത്തി. ലോകത്തെ ആദ്യത്തെ അറിയപ്പെടുന്ന ഇരട്ടകളാണ് ഇവർ. Krems-Wachtberg -ലെ ഗ്രേവെട്ടിയൻ സൈറ്റിലെ ഒരു ശവക്കുഴിയിൽ നിന്നാണ് ഈ കുഞ്ഞുങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അവർ അപ്പർ പാലിയോലിത്തിക് കാലഘട്ടത്തിലുള്ളവരാണ് എന്ന് വിശ്വസിക്കുന്നു. 

ഡി‌എൻ‌എ വിശകലനം ചെയ്‍തതിൽ നിന്ന്, അവരെ മാസം തികഞ്ഞാണ് പ്രസവിച്ചതെങ്കിലും, ജനിച്ച് അധികമാകുന്നതിന് മുൻപ് തന്നെ മരണപ്പെട്ടുവെന്നും ഗവേഷകർ കണ്ടെത്തി. ഒരാൾ ഏഴുമാസം വരെ ജീവിച്ചു, മറ്റെയാൾ നാല് മാസത്തോളവും എന്നാണ് കരുതുന്നത്. നേച്ചറിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ലഭിക്കുന്ന പുരാവസ്‍തു രേഖകളുടെ അടിസ്ഥാനത്തിൽ അവ ഇരട്ടകൾ തന്നെയാണ് എന്ന് ഗവേഷകർ സ്ഥിരീകരിച്ചു. ഓവൽ ആകൃതിയിലുള്ള കുഴിമാടത്തിൽ ചുമന്ന മണ്ണ് പൂശിയാണ് മൃതദേഹങ്ങളെ അടക്കിയിരുന്നത്. ശവക്കുഴിക്കുള്ളിൽ കിഴക്കോട്ട് അഭിമുഖമായിട്ടായിരുന്നു തലകൾ കിടന്നിരുന്നത്. ഈ മൃതദേഹങ്ങള്‍ക്കൊപ്പം ചില വസ്‍തുക്കളും ശവക്കുഴിയിൽ നിന്ന് ഗവേഷകർ കണ്ടെത്തുകയുണ്ടായി. ഇളയ കുഞ്ഞിന്‍റെ അരക്കെട്ടിന് ചുറ്റും മാമത്തിന്റെ കൊമ്പിൽ നിന്നുണ്ടാക്കിയ മുത്തുകൾ ഉണ്ടായിരുന്നു. മൂത്ത കുഞ്ഞിന്റെ ശരീരത്തിൽ കുറുക്കന്റെ പല്ലുകൾ കൊണ്ട് നിർമ്മിച്ചതെന്ന് കരുതുന്ന മാലയും ഉണ്ടായിരുന്നു.  

ഈ വസ്‍തുക്കൾ മരണാനന്തര ജീവിതത്തിൽ അവർക്ക് ഉപയോഗിക്കാനെന്ന വിശ്വാസത്തില്‍ കല്ലറയിൽ നിക്ഷേപിച്ചതായിരിക്കാം. അല്ലെങ്കിൽ അവ ദേവന്മാർക്കുള്ള ഒരു വഴിപാടായിരുന്നിരിക്കാമെന്നും കരുതുന്നു. ഈ കരകൗശല വസ്‍തുക്കളുടെ സാന്നിധ്യം ഏതെങ്കിലും തരത്തിലുള്ള ആദ്യകാല മതത്തെയോ അമാനുഷികതയിലുള്ള വിശ്വാസത്തെയോ സൂചിപ്പിക്കുന്നു. അതേസമയം, ശവക്കുഴി ബാക്ക്ഫിൽ ചെയ്‍തിട്ടില്ലായിരുന്നു. കുഴിയെടുക്കുമ്പോൾ ശേഖരിച്ച മണ്ണ് തിരിച്ച് കുഴി നിറയ്ക്കാൻ ഉപയോഗിക്കുന്ന ഒരു പ്രക്രിയയാണ് ബാക്ക്ഫില്ലിംഗ്. അതിന് പകരം, ശവക്കുഴി ഒരു മാമത്തിന്റെ തോളെല്ലുകൊണ്ട് തുറക്കാൻ പാകത്തിന് മൂടിയിരിക്കുകയായിരുന്നു. 2005 മുതൽ പുരാവസ്‍തു ഗവേഷണത്തിന്റെ പ്രധാന മേഖലയാണ് Krems-Wachtberg പ്രദേശത്തെ ഗ്രേവെട്ടിയൻ സൈറ്റ്. പതിറ്റാണ്ടുകളായി നിരവധി ശവക്കുഴികളും പാലിയോലിത്തിക് ക്യാമ്പുകളും അവിടെ കണ്ടെത്തിയിട്ടുണ്ട്.
 

click me!