ഈ വിജയത്തിന് തിളക്കമേറെ; അഗിആവിൽ അരലക്ഷത്തോളം വോട്ടിനു ജയിച്ചത് ദളിത് ഇഷ്ടികത്തൊഴിലാളിയുടെ മകൻ മനോജ് മൻസിൽ

Published : Nov 11, 2020, 03:50 PM ISTUpdated : Nov 11, 2020, 03:51 PM IST
ഈ വിജയത്തിന് തിളക്കമേറെ; അഗിആവിൽ അരലക്ഷത്തോളം വോട്ടിനു ജയിച്ചത് ദളിത് ഇഷ്ടികത്തൊഴിലാളിയുടെ മകൻ മനോജ് മൻസിൽ

Synopsis

നാമനിർദേശ പത്രിക സമർപ്പിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ, മനോജിനെ സർക്കാർ ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നാരോപിച്ചുകൊണ്ട്‌ കേസെടുത്ത് ജയിലിൽ തള്ളിയിരുന്നു. 

മനോജ് മൻസിൽ എന്നത് ബിഹാറിൽ നിന്നുള്ള ഒരു തീപ്പൊരി ദളിത് നേതാവിന്റെ പേരാണ്. ഇന്ന് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലങ്ങൾ വന്നപ്പോൾ, മഹാസഖ്യത്തിന്റെ ഭാഗമായി സിപിഐ(എംഎൽ) ടിക്കറ്റിൽ മത്സരിച്ച മനോജ്, ഭോജ്പൂർ പ്രവിശ്യയിലെ അഗിആവ് മണ്ഡലത്തിൽ നിന്ന്,  തൊട്ടടുത്ത എതിർ സ്ഥാനാർഥി ജെഡിയുവിന്റെ പ്രഭുനാഥ് പ്രസാദിനെക്കാൾ 48, 550 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചു കയറിയിരിക്കുന്നത്. 

മനോജിന്റെ അച്ഛനമ്മമാർ ഇന്നും പ്രദേശത്തെ ഒരു ഇഷ്ടികക്കളത്തിൽ തൊഴിലെടുക്കുന്ന കൂലിപ്പണിക്കാരാണ്. ഒക്ടോബർ എട്ടാം തീയതി, നാമനിർദേശ പത്രിക സമർപ്പിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ, മനോജിനെ സർക്കാർ ഉദ്യോഗസ്ഥന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തി എന്നാരോപിച്ചുകൊണ്ട്‌ കേസെടുത്ത് ജയിലിൽ തള്ളിയിരുന്നു. കുറച്ചു ദിവസം ആരാ ജയിലിൽ ചെലവിട്ട ശേഷമാണ് മനോജിന് ജാമ്യം കിട്ടിയത്.  അതിനു ശേഷമാണ് അദ്ദേഹത്തിന് പ്രചാരണത്തിൽ മുഴുകാനായത്. 

ഇതിനു മുമ്പ് 2015 -ൽ ഇതേ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു മനോജ് എങ്കിലും, അന്ന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു അദ്ദേഹത്തിന്. ഇത്തവണ മനോജിന് ബലമായത് പ്രദേശത്ത് സ്വാധീനമുള്ള രാഷ്ട്രീയ ജനതാ ദളുമായുള്ള തെരഞ്ഞെടുപ്പ് സഖ്യമാണ്. ആർജെഡി നേതാവ്, ലാലുപ്രസാദ് യാദവിന്റെ മകൻ തേജസ്വി യാദവ് നേരിട്ട് വന്ന് മനോജ് മൻസിലിന് വേണ്ടി പ്രചാരണം നടത്തുകയും ചെയ്തിരുന്നു. 

2018 -ൽ ബിഹാറിലെ പ്രൈമറി വിദ്യാഭ്യാസത്തിന്റെ ദയനീയാവസ്ഥ കണക്കിലെടുത്ത് മനോജ് മൻസിൽ നടത്തിയ 'സഡക് കെ സ്‌കൂൾ' അഥവാ തെരുവുവിദ്യാലയം എന്ന പദ്ധതി ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. മനോജിന്റെ നേതൃത്വത്തിൽ നടന്ന പലവിധ പ്രക്ഷോഭങ്ങൾക്കും ഇടപെടലുകൾക്കും ശേഷമാണ് പ്രൈമറി വിദ്യാഭ്യാസരംഗത്ത് മുന്നേറ്റം നടത്താൻ ലക്ഷ്യമാക്കി ചില പദ്ധതികളെങ്കിലും തുടങ്ങാൻ നിതീഷ് കുമാർ സർക്കാർ നിർബന്ധിതമായത് എന്നും പറയപ്പെടുന്നു. 

എന്തായാലും, സമൂഹത്തിൽ സാമ്പത്തിക വ്യവസ്ഥയുടെ അടിത്തട്ടിൽ നിന്ന് ഒരു ദളിത് സ്ഥാനാർഥി, അതും രണ്ടു കൂലിപ്പണിക്കാരുടെ മകൻ, അരലക്ഷത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിച്ചു കയറുക എന്നത് എന്തുകൊണ്ടും പ്രതീക്ഷ പകരുന്ന ഒരു ട്രെൻഡ് തന്നെയാണ്. 

PREV
click me!

Recommended Stories

'അവൾ ഒടുക്കത്തെ തീറ്റയാണ്, ആ പണം തിരികെ വേണം'; വിവാഹം നിശ്ചയിച്ചിരുന്ന സ്ത്രീക്കെതിരെ യുവാവ് കോടതിയിൽ
വെള്ളിയാഴ്ച 'ട്രഡീഷണൽ വസ്ത്രം' ധരിച്ചില്ലെങ്കിൽ 100 രൂപ പിഴ; കമ്പനിയുടെ നിയമത്തിനെതിരെ ജീവനക്കാരി