മുംബൈ നഗരത്തെ കിടുകിടാ വിറപ്പിച്ചിരുന്ന ചില അധോലോക നായകന്മാര്‍...

By Web TeamFirst Published May 25, 2020, 2:07 PM IST
Highlights

ഹാജി മസ്‍താനും, വരദരാജൻ മുദാലിയാറുമൊത്ത് മുംബൈ കപ്പലുകളിൽ ജോലി ആരംഭിച്ചു അയാൾ. പിന്നീട് അവർ എതിരാളികളായി.


മുംബൈ എല്ലായ്‌പ്പോഴും അധോലോക നായകന്മാരുടെ ഇഷ്‍ടസ്ഥലമാണ്. മുംബൈ തെരുവുകൾ അവരുടെ പോരിൽ രക്തകലുഷിതമായി. കൊലപാതകങ്ങളുടെ നീണ്ട പകലുകളും, രാത്രികളും അവിടത്തെ അന്തരീക്ഷത്തെ കൂടുതൽ ഭയാനകമാക്കി. നിരവധിപേർ ആ മുംബൈ അധോലോകത്തിന്റെ ചുക്കാൻ പിടിച്ചിട്ടുണ്ട്‌. എന്നാൽ, സംഘട്ടനത്തിലും, പൊലീസിന്റെ അക്രമണത്തിലും പലരും മരിച്ചുവീണു. മറ്റ് ചിലർ പിടിക്കപ്പെട്ടു. ചിലർ ഇപ്പോഴും മറ്റൊരു രാജ്യത്തിരുന്ന് നഗരത്തെ ഭരിക്കുന്നു. അത്തരം ചില അധോലോക നായകന്മാർ ഇതാ.

ദാവൂദ് ഇബ്രാഹിം

ദാവൂദ് ഇബ്രാഹിമിനെ പരാമർശിക്കാതെ മുംബൈ അധോലോകത്തെ കുറിച്ച് പറയാൻ സാധിക്കില്ല. ഇപ്പോഴും തന്റെ സഹായികളോടും ഗുണ്ടകളോടും ചേർന്ന് മുംബൈ നഗരം ഭരിക്കുന്നു അയാൾ. മുംബൈയിൽ സ്ഥാപിതമായ ഇന്ത്യൻ ക്രൈം സംഘടന, ഡി-കമ്പനിയുടെ നേതാവാണ് ദാവൂദ് ഇബ്രാഹിം. വഞ്ചന, ക്രിമിനൽ ഗൂഡാലോചന, സംഘടിത കുറ്റകൃത്യങ്ങൾ തുടങ്ങിയവയുടെ പേരിൽ അയാൾ ഇപ്പോൾ ലോകത്തിലെ 10 മോസ്റ്റ് വാണ്ടഡിൽ മൂന്നാം സ്ഥാനത്താണ് ഉള്ളത്. 
 


ഹാജി മസ്‍താൻ 

മുംബൈയിലെ ഇതുവരെയുള്ള ഏറ്റവും വലിയ ഡോണുകളിലൊരാളാണ് ഹാജി മസ്‍താൻ.  ഹാജി ഒറ്റയ്ക്ക് മുംബൈയെ ഭരിച്ചിരുന്നു. മുംബൈ അധോലോക സംഘടനയുടെ പിതാവെന്നാണ് ഹാജി അറിയപ്പെടുന്നത്. 1926 -ൽ തമിഴ്‌നാട്ടിലെ രാമനാഥപുരത്തിനടുത്തുള്ള പന്നൈകുളത്ത് ജനിച്ച ഹാജി മസ്‍താൻ എട്ടാമത്തെ വയസ്സിൽ പിതാവിനൊപ്പം മുംബൈയിൽ വന്നു. അദ്ദേഹത്തിന്റെ ശരിയായ പേര് മസ്‍താൻ ഹൈദർ മിർസ എന്നാണ്. അവിടെ എത്തിയ അച്ഛനും മകനും ക്രോഫോർഡ് മാർക്കറ്റിൽ ഒരു ചെറിയ സൈക്കിൾ റിപ്പയർ ഷോപ്പ് ആരംഭിച്ചു. എന്നാൽ, കുടുംബത്തെ പോറ്റാൻ അത് പര്യാപ്‍തമായിരുന്നില്ല. 10 വർഷത്തിനുശേഷം 1944 -ൽ അദ്ദേഹം ഒരു പോർട്ടറായി ബോംബെ കപ്പലിൽ ജോലിക്ക് ചേർന്നു. ഇത് അദ്ദേഹത്തിന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ചു. കരീം ലാലയുമായി സഹകരിച്ച് പ്രവർത്തിച്ച അദ്ദേഹം 1960 -കളോടെ ഒരു ധനികനായി. ബോളിവുഡിൽ പണം മുടക്കാൻ തുടങ്ങിയ അദ്ദേഹം ചലച്ചിത്ര നിർമ്മാതാവായി. അമിതാഭ് ബച്ചൻ അഭിനയിച്ച ദീവാറിലെ കഥാപാത്രം മസ്‍താനിനെ ആസ്‍പദമാക്കിയായിരുന്നു. മസ്താൻ ഭയങ്കരനായിരുന്നുവെങ്കിലും അദ്ദേഹം ആരെയും കൊന്നിട്ടില്ല, ആരെയും കാര്യമായി വേദനിപ്പിച്ചിട്ടില്ല.

കരീം ലാല

അക്കാലത്ത് മസ്‍താന്റെ ഒരേയൊരു എതിരാളിയായിരുന്നു കരീം ലാല. 70 -കളില്‍ മുംബൈയിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ ദാതായായിരുന്നു കരീം. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പഷ്തൂൺ വംശജനായിരുന്നു അദ്ദേഹം. ഹാജി മസ്‍താനും, വരദരാജൻ മുദാലിയാറുമൊത്ത് മുംബൈ കപ്പലുകളിൽ ജോലി ആരംഭിച്ചു അയാൾ. പിന്നീട് അവർ എതിരാളികളായി. 2002 ഫെബ്രുവരി 19 -ന് 90 -ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കരീം ലാലയെ കാണാനായി മുംബൈയിൽ വരാറുണ്ടായിരുന്നു എന്നൊരു അഭ്യുഹം പരക്കെ ഉണ്ട്.

  

ചോട്ട ഷക്കീൽ

ഡി-കമ്പനിയുടെ സമ്പൂർണ്ണ ഇടപാടുകൾ നോക്കുന്ന ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന സഹായിയാണ് ചോട്ട ഷക്കീൽ. ദാവൂദിനെ അധോലോകത്തിന്റെ രാജാവാക്കാനുള്ള പ്രധാന ശക്തി ചോട്ട ഷക്കീലാണ്. ദാവൂദിന്റെ സമ്പൂർണ്ണ ഷൂട്ടർ ശൃംഖല ഷക്കീൽ പരിപാലിക്കുന്നു. ക്രിമിനൽ ഗ്രൂപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തവും അയാൾക്കാണ്. 2001 -ൽ ഇന്ത്യാ ടുഡേ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഹിന്ദി സിനിമകൾക്ക് ധനസഹായം അയാൾ നൽകുന്നു എന്ന് വ്യക്തമാക്കിയിരുന്നു. ഇയാൾ ഭാവിയിൽ ദാവൂദ് ഇബ്രാഹീമിന്റെ പിൻഗാമിയാകാം. 1993 -ലെ ബോംബെ ബോംബാക്രമണത്തിൽ പങ്കെടുത്തതിന് ശേഷം ഷക്കീൽ ഇന്ത്യയിലെ വാണ്ടഡ് ക്രിമിനൽസിൽ ഒരാളായി മാറി. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തിന് യുഎസ് സർക്കാർ അയാളെ തിരയുന്നു.

 

അരുൺ ഗാവ്‌ലി

മുംബൈയിലെ ഒരു ഗുണ്ടാ രാഷ്ട്രീയക്കാരനായ ഗാവിലിന്റെ മുഴുവൻ പേര് അരുൺ ഗുലാബ് അഹിരെന്നാണ്. അയാൾ മുംബൈയിലെ  ബൈക്കുല്ല, ചിഞ്ച്പോക്ലി പ്രദേശത്തെ വലിയ ഡോണായിരുന്നു. മുംബൈയിലെ മറാത്തി ഗുണ്ടാനേതാവ് എന്നറിയപ്പെട്ടിരുന്ന അയാൾ ഒരു കാലത്ത് ദാവൂദിന്റെ ഡി കമ്പനിയെ വിറപ്പിച്ചിരുന്നു. അയാളും സഹോദരൻ കിഷോറും 1970 -കളിലാണ് മുംബൈ അധോലോകത്തിലേക്ക് കാലെടുത്തുവച്ചത്. അയാൾ രാമ നായിക്, ബാബു രേഷിം എന്നിവരുടെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘമായ "ബൈക്കുല്ല കമ്പനി" യിൽ ചേരുകയായിരുന്നു. 1988 -ൽ, പൊലീസ് ഏറ്റുമുട്ടലിൽ രാമ നായിക് കൊല്ലപ്പെട്ടതിനുശേഷം, ഗാവ്‌ലി സംഘത്തെ ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ വസതിയായ ദഗ്ദി ചാവലിൽ നിന്ന് അതിനെ നയിക്കുകയും ചെയ്തു. മധ്യ മുംബൈ പ്രദേശത്തെ മിക്ക ക്രിമിനൽ പ്രവർത്തനങ്ങളും ഈ സംഘമാണ് നിയന്ത്രിച്ചിരുന്നത്. മഹാരാഷ്ട്ര ആസ്ഥാനമായുള്ള അഖിൽ ഭാരതീയസേന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ കൂടിയാണ് ഗാവ്‌ലി. 90 -കളിൽ ഒരു പൊതുറാലിയിൽ ബാൽ താക്കറെ അയാളെ ഇങ്ങനെ പ്രശംസിച്ചു, “കോൺഗ്രസിന് ദാവൂദ് ഉണ്ടെങ്കിൽ, ഞങ്ങൾക്ക് അരുൺ ഗാവ്‌ലി ഉണ്ട്”

ഛോട്ടാ രാജൻ 

ഛോട്ടാ രാജൻ മുംബൈയിലെ ഒരു താഴ്ന്ന മധ്യവർഗ കുടുംബമായ മറാത്തി ബുദ്ധ കുടുംബത്തിലാണ് ജനിച്ചത്. ആദ്യകാലങ്ങളിൽ സിനിമാ ടിക്കറ്റ് വിൽപ്പനയായിരുന്നു ജോലി. അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളായ ബഡാ രാജനിൽ നിന്നും, ഹൈദരാബാദിലെ യാദഗിരിയിൽനിന്നും വ്യാപാരത്തിന്റെ തന്ത്രങ്ങൾ അയാൾ പഠിച്ചു. ബഡാ രാജൻ കൊല്ലപ്പെട്ടപ്പോൾ, രാജൻ അയാളുടെ സാമ്രാജ്യവും ഛോട്ടാ രാജൻ എന്ന സ്ഥാനപ്പേരും നേടി. കുറച്ചു കാലം രാജൻ, ദാവൂദ്, ഗാവ്‌ലി എന്നിവരോടൊപ്പം മുംബൈയിൽ പ്രവർത്തിച്ചു. മുംബൈ സ്ഫോടനം വരെ അവർ കൂട്ടായിരുന്നു. അതിന് ശേഷം, ചോട്ട രാജൻ ഡി കമ്പനി വിട്ട് ബാങ്കോക്കിലേക്ക് മാറി. നല്ലൊരു ഷൂട്ടർ ശൃംഖലയുണ്ടായിരുന്ന രാജൻ ദാവൂദിനെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ദാവൂദിനെ കൊല്ലാനുള്ള ആസൂത്രണത്തിൽ രാജൻ പങ്കാളിയായിരുന്നുവെന്നും ചിലർ പറയുന്നു. ഇപ്പോൾ ദില്ലിയിലെ തിഹാർ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് അയാൾ.  

അബു സലിം 

അബു സലിം, അഖിൽ അഹമ്മദ് അസ്മിയെന്നും, ക്യാപ്റ്റൻ എന്നും, അബു സമാൻ എന്നും അറിയപ്പെടുന്നു. ഉത്തർപ്രദേശ് സംസ്ഥാനത്തെ ആസംഗഡ് ജില്ലയിൽ നിന്നുള്ള ഗുണ്ടാനേതാവാണ് അയാൾ. ദാവൂദ് സംഘത്തിന് കീഴിൽ ചേരുന്നതിന് മുൻപ് അയാൾ വിവിധ തൊഴിലുകളിൽ ഏർപ്പെട്ട് ജീവിതം കഴിച്ചു. തന്റെ സ്വന്തം പട്ടണമായ ആസാംഗീരിൽ നിന്ന് തൊഴിലില്ലാത്ത യുവാക്കളെ മുംബൈയിലേക്ക് കൊണ്ടുവന്ന് വെടിവയ്പുകൾ നടത്താനും പിറ്റേന്ന് യാതൊരു തെളിവും ബാക്കി വയ്ക്കാതെ ആസാംഗഡിലേക്ക് മടങ്ങാനുമുള്ള ഒരു പുതിയ തന്ത്രം ആവിഷ്കരിച്ചയാളാണ് സലിം. ചലച്ചിത്ര നിർമ്മാതാക്കളിൽ നിന്ന് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയും വിദേശ വിതരണാവകാശം കവർന്നെടുക്കുകയും ചെയ്‍ത അയാൾ ബോളിവുഡിനെ ഭയപ്പെടുത്തി. ബോളിവുഡ് ചലച്ചിത്ര നിർമ്മാതാക്കളായ ഗുൽഷൻ കുമാർ, സുഭാഷ് ഗായ്, രാജീവ് റായ്, രാകേഷ് റോഷൻ എന്നിവരെ ഭീഷണിപ്പെടുത്തിയതിന്റെ സൂത്രധാരൻ സലിമാണെന്ന് വിശ്വസിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ഗുണ്ടാസംഘം 1997 -ൽ ഗുൽ‌ഷൻ കുമാറിനെ വധിച്ചപ്പോൾ, രാജീവ് റായ്, രാകേഷ് റോഷൻ എന്നിവരെ വധിക്കാൻ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തു. സംഗീത സംവിധായകരുടെയും ചലച്ചിത്ര നിർമ്മാതാവിന്റെയും കൊലപാതകത്തിനുശേഷം നിരവധി കൊലപാതകം, കൊള്ളയടിക്കൽ, മറ്റ് കേസുകൾ അയാളുടെ പേരിലുണ്ട്. പിന്നീട് 2002 ൽ അയാളെ പോർച്ചുഗലിൽ അറസ്റ്റു ചെയ്യപ്പെടുകയും ഇന്ത്യയിലേക്ക് നാടുകടത്തപ്പെടുകയും ചെയ്തു. വ്യാജ പാസ്‌പോർട്ടുണ്ടാക്കി എന്ന് ആരോപിച്ചും ഇയാളെ അറസ്റ്റ് ചെയ്‍തിരുന്നു. ചില കേസുകളിൽ വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത അയാൾക്ക് 2015 -ൽ ജീവപര്യന്തം തടവും ലഭിച്ചു.  
 

click me!