കന്യാസ്ത്രീകളുടെ പ്രതിഷേധത്തിന് പിന്നിൽ വേറെയും കാരണങ്ങളുണ്ട്

By Sumam ThomasFirst Published Sep 16, 2018, 5:08 PM IST
Highlights

മഠം എന്ന ക്രൈസ്തവവ്യവസ്ഥയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ സന്യസ്തര്‍ നേരിടുന്ന ചില വന്‍ പ്രതിസന്ധികളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ആ പരാതി. ഒരു രക്ഷാമാര്‍ഗം അന്വേഷിച്ചാണ് അവര്‍ സഭാവസ്ത്രം ഉപേക്ഷിക്കുന്നത്. സമൂഹം നല്‍കുക ചാട്ടവാറടികളാണെന്ന് ഉത്തമബോധ്യമുള്ളപ്പോഴും ഇറങ്ങിപ്പോരുന്നത്. 

ഈ കന്യാസ്ത്രീകള്‍ക്ക് വേണ്ടത് നീതിയാണ്. നിരന്തരമായി പീഡനപരാതികൾ പുറത്ത് വരുന്ന സഭയിൽ എന്ത് സുരക്ഷിതത്വമാണ് തങ്ങൾ പ്രതീക്ഷിക്കേണ്ടതെന്നാണ് ഇവരുടെ ചോദ്യം. പൊതുസമൂഹം ഇത്രയധികം പിന്തുണ നൽകണമെങ്കിൽ, കന്യാസ്ത്രീകൾ ധൈര്യത്തോടെ സമരം ചെയ്യാൻ ഒരുമ്പെട്ടെങ്കിൽ മഠങ്ങളില്‍ എന്തോ ചിലത് തീവ്രമായി കത്തിനില്‍ക്കുന്നുണ്ട്. അത് എന്താണ്? എന്താണ് മാറേണ്ടത്? ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ അന്വേഷണം തുടങ്ങുന്നു.

ക്രൈസ്തവ സഭയിലെ ലൈം​ഗിക പീഡന പരാതികൾ പുതിയ കാര്യമല്ല. ഇതിന് മുമ്പും സഭയിലെ വൈദികർ‌ക്കെതിരെ പീഡന പരാതികൾ ഉയർന്നു വന്നിട്ടുണ്ട്. സഭാവസ്ത്രത്തിന്റെയും പൗരോഹിത്യത്തിന്റെയും വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്ത സംഭവമായിരുന്നു ഫാദർ റോബിൻ മാത്യു പ്രതിയായ കൊട്ടിയൂർ പീഡനം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയതിന്റെ പേരിൽ പൊലീസ് ഫാദർ റോബിനെ അറസ്റ്റ് ചെയ്തിരുന്നു. ഓർത്തഡോക്സ് സഭാ വൈദികർ കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈം​ഗികമായി ഉപയോ​ഗിച്ചതായിരുന്നു മറ്റൊരു സംഭവം. പതിനാല് വയസ്സുകാരിയായ പെൺകുട്ടിയെ പള്ളിമേടയിൽ വിളിച്ചു വരുത്തി പീഡിപ്പിപ്പിച്ചതിനാണ് പുത്തൻവേലിക്കര പള്ളി വികാരിയായ ഫാദർ എഡ്വിൻ റോഡ്രി​ഗ്സിന് കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചത്. 

കഴിഞ്ഞ ജൂലൈയിൽ കൃത്യമായി പറഞ്ഞാൽ എണ്‍പത് ദിവസങ്ങള്‍ക്ക് മുമ്പാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സഭയിലെ ഒരു കന്യാസ്ത്രീ ലൈംഗിക പീഡന പരാതി ഉന്നയിച്ചത്. 2013 മുതല്‍ 2016 വരെ തന്നെ പതിമൂന്ന് പ്രാവശ്യം ബിഷപ്പ് ഫ്രാങ്കോ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഇത്രയും നാൾ എന്തിനാണ് ഇവര്‍ സഹിച്ചു നിന്നത് എന്ന സാദാ ചോദ്യത്തെ മാറ്റിനിര്‍ത്തിയാല്‍ മഠം എന്ന ക്രൈസ്തവവ്യവസ്ഥയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ സന്യസ്തര്‍ നേരിടുന്ന ചില വന്‍ പ്രതിസന്ധികളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ആ പരാതി. ഒരു രക്ഷാമാര്‍ഗം അന്വേഷിച്ചാണ് അവര്‍ സഭാവസ്ത്രം ഉപേക്ഷിക്കുന്നത്. സമൂഹം നല്‍കുക ചാട്ടവാറടികളാണെന്ന് ഉത്തമബോധ്യമുള്ളപ്പോഴും ഇറങ്ങിപ്പോരുന്നത്. 

ചരിത്രത്തിലാദ്യമായിട്ടാണ് കന്യാസ്ത്രീകൾ ഇങ്ങനെയൊരു സമരവുമായി തെരുവിലിറങ്ങി ഇരിക്കുന്നത്

കര്‍ത്താവിന്റെ മണവാട്ടിമാര്‍ ബഹുമാനിക്കപ്പെടേണ്ടവരാണെന്നും അവരത് അര്‍ഹിക്കുന്നുണ്ടെന്നും സഭ തന്നെ പഠിപ്പിക്കുന്നു.  കേരളത്തില്‍ പല സഭകളിലായി പതിനായിരക്കണക്കിന് സന്യസ്തരാണ് കന്യാവ്രതവും ബ്രഹ്മചര്യവും അനുസരിച്ച് ജീവിക്കുന്നത്. 'മഠത്തിലമ്മ' എന്നൊരു നാട്ടുവിശേഷണം കൂടിയുണ്ടവര്‍ക്ക്. ഭൂമിയിലെ എല്ലാ ഭൗതിക സന്തോഷങ്ങളും ത്യജിച്ച് അവര്‍ ജീവിക്കുന്നത്, മറ്റുള്ളവര്‍ക്കായി നന്‍മ ചെയ്ത്, അതിലൂടെ സ്വന്തം ആത്മീയതാന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കുവാനാണ്. ആ കൂട്ടത്തിലെ അഞ്ച് കന്യാസ്ത്രീകളാണ് കൊച്ചിയില്‍ ഹൈക്കോര്‍ട്ടിന് അടുത്തുളള വഞ്ചി സ്‌ക്വയറില്‍ 'പീഢകന്‍ ഫ്രാങ്കോയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമെന്ന മുദ്രാവാക്യ'വുമായി തെരുവിലിറങ്ങി സമരം ചെയ്യുന്നത്. അതും കൂട്ടത്തിലുള്ള മറ്റൊരുവള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി. അവരുടെ സമരം ഒന്‍പത് ദിവസം പൂര്‍ത്തിയായിരിക്കുന്നു.

ചരിത്രത്തിലാദ്യമായിട്ടാണ് കന്യാസ്ത്രീകൾ ഇങ്ങനെയൊരു സമരവുമായി തെരുവിലിറങ്ങി ഇരിക്കുന്നത്. മറ്റൊരു അഭയ ഇനി ഉണ്ടാകാതിരിക്കാൻ, ഒരു സ്ത്രീയും പീഡിപ്പിക്കപ്പെടാതിരിക്കാൻ കൂടി വേണ്ടിയാണ് ഈ സമരം. ജാതിമതകക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും കൊച്ചിയിലെ വഞ്ചി സ്ക്വയറിലുണ്ട്. വിശ്വാസ സമൂഹം ഒന്നടങ്കം ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തെരുവിലിറങ്ങിയിട്ടുണ്ട്. അതുപോലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രം​ഗത്തുള്ളവർ മുതൽ സാധാരണക്കാർ വരെ ഈ സമരപ്പന്തലിൽ അഞ്ച് കന്യാസ്ത്രീമാർക്ക് പിന്തുണയുമായി ഒപ്പം നിൽക്കുന്നുണ്ട്. ഇതിനർത്ഥം പൊതുസമൂഹം സഭയിലെ അനീതികളോട് മനസ്സിൽ കലഹിച്ചിരുന്നവരായിരുന്നു എന്നല്ലേ? അതുകൊണ്ട് തന്നെയാണ് ഫ്രാങ്കോ മുളയ്ക്കൽ കേസ് അസാധാരണമായി തീരുന്നത്. 
 
എന്താണ്  ഈ കന്യാസ്ത്രീകള്‍ വാസ്തവത്തില്‍ ആവശ്യപ്പെടുന്നത്? അവർക്ക് വേണ്ടത് നീതിയാണ്. അടിമുടി ജീർണ്ണതയിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുന്ന സഭയ്ക്ക് മാറ്റം വേണമെന്ന ആവശ്യം. നിരന്തരമായി പീഡനപരാതികൾ പുറത്ത് വരുന്ന സഭയിൽ എന്ത് സുരക്ഷിതത്വമാണ് തങ്ങൾ പ്രതീക്ഷിക്കേണ്ടതെന്നാണ് ഇവരുടെ ചോദ്യം. പൊതുസമൂഹം ഇത്രയധികം പിന്തുണ നൽകണമെങ്കിൽ, കന്യാസ്ത്രീകൾ ധൈര്യത്തോടെ സമരം ചെയ്യാൻ ഒരുമ്പെട്ടെങ്കിൽ മഠങ്ങളില്‍ എന്തോ ചിലത് തീവ്രമായി കത്തിനില്‍ക്കുന്നുണ്ട്. അത് എന്താണ്? എന്താണ് മാറേണ്ടത്?ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ അന്വേഷിക്കുന്നത് ഇക്കാര്യമാണ്. 

'എന്റെ മുറിയിലേക്കുള്ള  വൈദ്യുതി ബന്ധം അവര്‍ ഇല്ലാതാക്കി. എനിക്ക് ഭക്ഷണമോ വെള്ളമോ നല്‍കാന്‍ അവര്‍ തയ്യാറായില്ല. ആ കോണ്‍വെന്റിലെ ഒരാള്‍ പോലും എന്നോട് സംസാരിക്കുന്നുണ്ടായിരുന്നില്ല. പുറത്തുള്ളവരുമായി സംസാരിക്കാനോ കാണാനോ സാധ്യമല്ലായിരുന്നു. ആറുമാസം  ഈ ദുരിതങ്ങളെല്ലാം സഹിച്ച് ഞാനവിടെ ജീവിച്ചു. പിന്നീടാണ് പുറത്തു വന്നത്.- സന്യാസ ജീവിതത്തില്‍ സഹികെട്ട്  സഭാവസ്ത്രം ഉപേക്ഷിച്ച് തിരിച്ചിറങ്ങിയ സന്യസ്തരിലൊരാള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് നടത്തിയ വെളിപ്പെടുത്തലാണിത്.

ആത്മഹത്യയല്ലാതെ എന്റെ മുന്നില്‍ മറ്റൊരു വഴിയില്ലായിരുന്നു

ഈ പറയുന്നത് ഒരു വൈദികന്റെ കാര്യമാണ്. എന്നാല്‍ കന്യാസ്ത്രീകളുടെ അവസ്ഥ അതുപോലുമല്ല. ഇറങ്ങിപ്പോരാനുള്ള ധൈര്യമില്ലാതെ നിരന്തരം സഹിച്ചും തന്നെത്തന്നെ വെറുത്തും ജീവിതം കഴിച്ചു കൂട്ടുന്ന എത്രയോ പേരാണ് ഓരോ കന്യാസ്ത്രീമഠങ്ങളിലുള്ളതെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. സന്യാസിനികള്‍ കര്‍ത്താവിന്റെ മണവാട്ടിമാരാണ്. പുരോഹിതര്‍ ദൈവത്തിന്റെ പ്രതിപുരുഷന്‍മാരും. എന്നാല്‍ ഇതേ പ്രതിപുരുഷന്‍മാര്‍ തന്നെ കര്‍ത്താവിന്റെ മണവാട്ടിമാരോട് സാത്താനേക്കാള്‍ നികൃഷ്ടമായി പെരുമാറുന്നതായാണ് ബിഷപ്പ് ഫ്രാങ്കോ കേസിലടക്കം പുറത്തുവരുന്നത്. 

ഓരോ കന്യാസ്ത്രീ മഠവും പുരുഷാധിപത്യത്തിന്റെ കീഴിലാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ബിഷപ്പാണ് എല്ലാത്തിനും മേലധികാരി. ഇവരുടെ അധികാരത്തിന് പരിധികളോ ആജ്ഞകള്‍ക്ക് മറുവാക്കോ ഇല്ല. 'മഠംചാടികള്‍' എന്ന് ഓരോ കന്യാസ്ത്രീയെയും വിശേഷിപ്പിക്കുന്നതിന് മുന്പ് അവര്‍ ചെയ്യുന്നതെന്താണെന്ന് അറിയാനുള്ള മനുഷ്യത്വം കൈ മോശം വരരുത്. ആത്മഹത്യയ്ക്ക് തൊട്ടു മുമ്പ് ജീവിക്കാനുള്ള ഒരു അവസാന ശ്രമമായിരിക്കും അവര്‍ നടത്തുന്നത്. 

ഞാന്‍ സഭ വിട്ടിറങ്ങിയതാണെന്ന് ഞങ്ങളുടെ താമസസ്ഥലത്തെ ആര്‍ക്കും അറിയില്ല

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സഭാ വസ്ത്രം ഉപേക്ഷിച്ചിറങ്ങി വന്ന ഒരു കന്യാസ്ത്രീ പറയുന്നത് കേള്‍ക്കൂ: ''ആത്മഹത്യയല്ലാതെ എന്റെ മുന്നില്‍ മറ്റൊരു വഴിയില്ലായിരുന്നു. ഞാന്‍ എന്റെ ദൈവത്തില്‍ വിശ്വസിക്കുന്നു. അവന്‍ എനിക്ക് നല്‍കിയ ജീവിതം ആത്മഹത്യയില്‍ നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഞാന്‍ ഇറങ്ങിപ്പോന്നത്. തിരികെ വീട്ടിലെത്തിയപ്പോള്‍ എന്നെ സ്വീകരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. സ്വത്തുക്കളെല്ലാം മറ്റ് സഹോദരങ്ങള്‍ വീതിച്ചെടുത്തു. കയറിക്കിടക്കാന്‍ ഒരു വീടു പോലുമില്ല. ദുരിതം അറിഞ്ഞ് എന്നെ സ്വീകരിക്കാന്‍ ഒരാള്‍ തയ്യാറായി. കഷ്ടപ്പാടിലും ഞങ്ങളിപ്പോള്‍ സന്തോഷത്തോടെ ജീവിക്കുന്നു. ഞാന്‍ സഭ വിട്ടിറങ്ങിയതാണെന്ന് ഞങ്ങളുടെ താമസസ്ഥലത്തെ ആര്‍ക്കും അറിയില്ല. തൊഴിലുറപ്പിന് പോയിട്ടാണ് കുടുംബം കഴിയുന്നത്'' മഠത്തില്‍ നിന്നിറങ്ങി വന്നശേഷമുള്ള ജീവിതത്തെ അവര്‍ ഇങ്ങനെ കണ്ണീരുകൊണ്ട് അടയാളപ്പെടുത്തുന്നു. 

സഭയെ എതിർത്ത് ഇറങ്ങിപ്പോകുന്നവരുടെ അവസ്ഥ ഇതാണെന്ന് ഇവരുടെ വാക്കുകളിലൂടെ അറിയാൻ സാധിക്കും. ജലന്ധർ ബിഷപ്പിനെതിരെ പരാതി പുറത്ത് വന്നതിന് ശേഷം പതിനെട്ടോളം കന്യാസ്ത്രീകൾ സഭ വിട്ടു പോയതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. 'സഭയില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ പുറത്തു വരട്ടെ. വ്യക്തിപരമായി എനിക്കൊരുപാട് സന്തോഷമുണ്ട്. ധൈര്യത്തോടെ ആ കന്യാസ്ത്രീകള്‍ പുറത്തു വന്നില്ലേ? അതൊരു നല്ല ലക്ഷണമാണ്. - ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള പീഡന പരാതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ സഭ വിട്ടിറങ്ങിയ കന്യാസ്ത്രീ  നിര്‍ത്താതെ പറഞ്ഞുകൊണ്ടേയിരുന്നു.

(തുടരും)

click me!