
കൊല്‍ക്കത്ത: സ്നേഹിച്ച പെണ്ണിനെ കണ്ടെത്താനും സ്വന്തമാക്കാനും പലതും ചെയ്യുന്നത് പല സിനിമകളിലും കണ്ടിട്ടുണ്ട്. എന്നാല്‍, അതിനെയൊക്കെ വെല്ലുന്ന കഥയാണ് ബിശ്വജിത് പഠാര്‍ എന്ന ഇരുപത്തിയൊമ്പതുകാരന്‍റേത്. കൊല്‍ക്കത്തക്കാരനായ ബിശ്വജിത് ട്രെയിനില്‍ വച്ചാണ് ആ പെണ്‍കുട്ടിയെ കാണുന്നത്. അതോടെ മുടിഞ്ഞ ഇഷ്ടമായി. പെണ്‍കുട്ടിയെ വീണ്ടും കണ്ടെത്താന്‍ ഇയാള്‍ ചെയ്തതാകട്ടെ കുറച്ച് മെനക്കെട്ട പണിയാണ്. കോന്നഗര്‍ മുതല്‍ ബാലി വരെ 4000 പോസ്റ്ററുകളാണ് ഇയാള്‍ പതിച്ചത്. തീര്‍ന്നില്ല, തന്‍റെ പ്രണയം തുറന്നു പറയുന്ന ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രവും നിര്‍മ്മിച്ചു. തന്‍റെ ഷോര്‍ട്ട് ഫിലിമിന്‍റെ ലിങ്കും, മൊബൈല്‍ നമ്പറും ഉള്‍പ്പടെയാണ് ബിശ്വജിത് പോസ്റ്റര്‍ പതിച്ചത്.
സര്‍ക്കാര്‍ ജീവനക്കാരനാണ് ബിശ്വജിത് പഠാര്‍. താന്‍ ചെയ്യുന്നത് സ്വല്‍പം വട്ടാണെന്ന് ഇയാള്‍ക്ക് തന്നെ നല്ല ബോധ്യമുണ്ട്. '' ഈ വട്ടല്ലാതെ എനിക്ക് വേറൊന്നും ചെയ്യാനില്ല. ഒറ്റക്കാഴ്ചയില്‍ തന്നെ എനിക്കവളോട് പ്രണയം തോന്നിയിരുന്നു. അവളില്‍ നിന്ന് തന്‍റെ മനസിനെ പറിച്ചുമാറ്റാനും ആവുന്നില്ല. '' ബിശ്വജിത്ത് പറയുന്നു.
ജൂലൈ 23നാണ് ബിശ്വജിത്ത് ആ പെണ്‍കുട്ടിയെ കാണുന്നത്. അന്നല്ലാതെ പിന്നീടൊരിക്കലും അവളെ കണ്ടിട്ടില്ല. അവളെ എന്നെങ്കിലും കാണുമെന്നും അവള്‍ തന്നെ തിരിച്ചറിയുമെന്ന പ്രതീക്ഷയില്‍ അവളെ ആദ്യമായി കാണുമ്പോള്‍ ധരിച്ച അതേ ടീ ഷര്‍ട്ടിട്ട് ജോലി സമയത്തിന് ശേഷം അതേ റെയില്‍വേ സ്റ്റേഷനില്‍ ബിശ്വജിത്ത് കാത്തുനില്‍ക്കും.
അവളെ അപമാനിക്കാനോ ഏതെങ്കിലും പ്രശ്നത്തിലേക്ക് തള്ളിവിടാനോ തനിക്ക് താല്‍പര്യമില്ല. അവളെ കണ്ടെത്താനും അവളാരാണ് എന്ന് തിരിച്ചറിയാനും അവള്‍ക്ക് കൂടി ഇഷ്ടമുണ്ടെങ്കില്‍ അവള്‍ തന്നെ വിളിക്കാനുമാണ് താനിങ്ങനെയെല്ലാം ചെയ്യുന്നതെന്നും ബിശ്വജീത് പറയുന്നു.
ഏതായാലും തന്‍റെ ഈ പ്രയത്നങ്ങളൊന്നും വെറുതെയാവില്ലെന്നും അവള്‍ തന്നെ തേടിയെത്തുമെന്നുമുള്ള പ്രതീക്ഷയിലാണ് ബിശ്വജിത്ത്.