
പോര്‍ട്സ് മൗത്ത്: തികച്ചും അപരിചിതരായ ഒരാള്‍ നമ്മുടെ അവയവവുമായി ജീവിക്കുന്നത് എത്ര നല്ല കാര്യമാണ്. പക്ഷെ, അവയവദാനം ഇപ്പോഴും പൂര്‍ണമായി പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. എന്നാല്‍, ഈ യുവാവ് തന്‍റെ കിഡ്നി നല്‍കിയിരിക്കുന്നത് ഒരു അപരിചിതനാണ്. ജാക്ക് ബ്ലൂംഫീല്‍ഡ് എന്ന ഇരുപത്തിയെട്ടുകാരനാണ് അപരിചിതനായ ആള്‍ക്ക് തന്‍റെ കിഡ്നി നല്‍കിയത്.
തന്‍റെ മകന്‍ അവന്‍റെ ശരീരത്തില്‍ ഒരുതരത്തിലുമുള്ള സര്‍ജറിയും നടത്തുന്നത് തനിക്കിഷ്ടമല്ലെന്നാണ് ജാക്കിന്‍റെ അമ്മ പോലും പറഞ്ഞത്. പക്ഷെ, ജാക്ക് തീരുമാനിച്ചിരുന്നു, ഒരാളുടെ എങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ തന്‍റെ കിഡ്നി നല്‍കുമെന്ന്.
യു.കെയില്‍, 5,000 പേരാണ് ഇപ്പോള്‍ തന്നെ ജീവന്‍ നിലനിര്‍ത്താന്‍ കിഡ്നിക്കായി കാത്തിരിക്കുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 1466 പേര്‍ക്കാണ് കിഡ്നി ലഭിക്കാത്തതിനാല്‍ ജീവന്‍ വെടിയേണ്ടി വന്നത്. അതുതന്നെയാണ്, ജാക്കിനെ കൊണ്ട് ഈ തീരുമാനമെടുപ്പിച്ചത്. ഇതുപോലെ ഇനിയും ആളുകള്‍ കിഡ്നി നല്‍കാന്‍ തയ്യാറാവണമെന്നാണ് ജാക്ക് പറയുന്നത്.
ജാക്കിന്‍റെ കിഡ്നി സര്‍ജറി ചിത്രീകരിച്ചിട്ടുമുണ്ട്. തന്നെ അഭിനന്ദിക്കാനെത്തുന്നവരോടും ജാക്കിന് പറയാനുണ്ട്. തനിക്ക് അഭിനന്ദനങ്ങള്‍ ആവശ്യമില്ല, താനിത് ചെയ്തത് യാതൊരു സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെയും ഭാഗമല്ല. പകരം, ഇത്തരം അവയവദാനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നുമാണ്.
കടപ്പാട്: ബിബിസി