
ദില്ലി: ദില്ലി നഗരത്തെ സ്വപ്നഭൂമിയാക്കുകയാണ് വഴിയോരങ്ങളിൽ മഴവിൽ ചാലിച്ചതു പോലെ വിടർന്നുനിൽക്കുന്ന തുലിപ് പുഷ്പങ്ങൾ. ചരിത്രവും പ്രണയവും പൂത്ത് നിൽക്കുന്ന ദില്ലിയിലെ തുലിപ് വസന്തം കാണാൻ നിരവധി പേരാണ് എത്തുന്നത്. ഇന്ത്യ - നെതർലൻഡ്സ് സൗഹൃദത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട ഊഷ്മളത വിളിച്ചോതുന്ന നയതന്ത്ര മുദ്രകൾ കൂടിയാണ് ഈ തുലിപ് പുഷ്പങ്ങൾ.
നൂറ്റാണ്ടുകൾക്ക് മുൻപ്, മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ അഫ്ഗാനിസ്ഥാനിലെ മലനിരകളിൽ നിന്നൊരു പ്രണയസമ്മാനം ഇന്ത്യൻ മണ്ണിലേക്കെത്തിച്ചു. അതായിരുന്നു തുലിപ്. പതിനാറാം നൂറ്റാണ്ടിൽ കാശ്മീരിലെ താഴ്വരകളിൽ വിരിഞ്ഞ ഈ പുഷ്പം പതുക്കെ മുഗൾ ചക്രവർത്തിമാരുടെ ഹൃദയം കീഴടക്കി. കാലങ്ങൾ മാറിയതിനനുസരിച്ച് സാമ്യാജ്യങ്ങളിലും ഭരണത്തിലും മാറ്റങ്ങൾ വന്നു. പക്ഷേ ബാബർ നട്ട പ്രണയത്തിൻ്റെ വിത്തുകൾ ഇന്നും ഓരോ വസന്തത്തിലും ദില്ലിയുടെ മണ്ണിൽ പുനർജനിക്കുന്നു.
പ്രണയാതുരമായി മിടിക്കുന്ന ഹൃദയം പോലെയാണ് ഓരോ തുലിപ് മൊട്ടും വിരിയുന്നത്. ഈ പൂക്കൾക്കിടയിലൂടെ കൈകോർത്തുപിടിച്ചു നടക്കുന്ന കമിതാക്കൾക്ക് ഇത് വെറുമൊരു കാഴ്ചയല്ല, അതൊരു അനുഭൂതിയാണ്. ചുവപ്പും മഞ്ഞയും പർപ്പിളും നിറങ്ങളിൽ അഞ്ചിതളുകൾ വിടർത്തി നിൽക്കുന്ന ഈ പുഷ്പങ്ങൾ സംസാരിക്കുന്നത് സ്നേഹത്തിന്റെ പുതിയ ഭാഷയാണ്. ശാന്തിപഥിലെ വഴിയോരങ്ങളിലും, കൊണാട്ട് പ്ലേസിലെ തിരക്കുകളിലും, ചാണക്യപുരിയിലെ ശാന്തതയിലും ഇപ്പോൾ നിറഞ്ഞ് നിൽക്കുന്നത് തുലിപ്പിൻ്റെ വർണങ്ങളാണ്. നെതർലൻഡ്സിൽ നിന്നും കടൽ കടന്നെത്തിയ 2.5 ലക്ഷം തുലിപ്പുകളാണ് ഇക്കുറി ദില്ലി മുനിസിപ്പൽ കൗൺസിൽ നഗരത്തിനായി നട്ടുവളർത്തിയത്. തുലിപ്പുകൾക്കൊപ്പം സെൽഫിയെടുത്തും ഫോട്ടോകൾ പകർത്തിയും ഈ വസന്തത്തെ നെഞ്ചിലേറ്റുകയാണ് സന്ദർശകർ. മറ്റിടങ്ങളിലും തുലിപ് വസന്തം തീർക്കാറുണ്ടെങ്കിലും ദില്ലിയിലെ വസന്തത്തിന് ചരിത്രത്തിന്റെ ഗന്ധമുള്ള, പ്രണയത്തിന്റെ നിറമുള്ള ഒരു പ്രത്യേക ചാരുതയുണ്ട്.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം